കുടുംബങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് സഹായിക്കുന്ന നാല് മാർഗ്ഗങ്ങൾ

ഒരു കുടുംബം ദൈവഹിതപ്രകാരം മുന്നോട്ട് പോകണമെങ്കിൽ പരിശുദ്ധാത്മാവ് ആ കുടുംബത്തിൽ പ്രവർത്തിച്ചേ മതിയാകൂ. ഒരു കുടുംബം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുമ്പോൾ ആ കുടുംബം വിശുദ്ധമാകും; സമൂഹത്തിന് മാതൃകയാകും. കുടുംബങ്ങളുടെ ആത്മീയവളർച്ചയാണ് സഭയുടെ, സമൂഹത്തിന്റെ യഥാർത്ഥ വളർച്ച. പരിശുദ്ധാത്മാവിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ സഹായകമാകുന്ന ഏതാനും കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക

കുടുംബം ഒരുമിച്ച് പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന ചൊല്ലുന്നത് ഉചിതമായിരിക്കും. എന്നും രാവിലെ കുടുംബാംഗങ്ങൾ എല്ലാവരും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ച് ദിവസം തുടങ്ങണം. പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും ശുശ്രൂഷിക്കാനും പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് കൂടിയേ തീരൂ.

2. പരിശുദ്ധാത്മാവിന്റെ ഏഴ് ദാനങ്ങളെക്കുറിച്ചും 12 ഫലങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുക

പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും അറിയാതെയുള്ള ദൈനംദിന കുടുംബജീവിതം അർത്ഥശൂന്യമാണ്. മാമ്മോദീസ, തൈലാഭിഷേകം, വിശുദ്ധ കുർബാന, പ്രാർത്ഥനാജീവിതം എന്നിവയിലൂടെ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കാനും നമുക്കു വേണ്ടി മദ്ധ്യസ്ഥത വഹിക്കാനും അവന്റെ ദാനങ്ങളും ഫലങ്ങളും നൽകി നമ്മെ അനുഗ്രഹിക്കാനും ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനും നിങ്ങളുടെ സംഭാഷണങ്ങളിൽ അവയെ ഉൾപ്പെടുത്താനും ഒരു കുടുംബം എപ്പോഴും സമയം ചിലവഴിക്കണം. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായിരിക്കണം ഓരോ കുടുംബവും മുന്നോട്ട് പോകേണ്ടത്.

3. കുടുംബാംഗങ്ങൾ ഒരുമിച്ച് എല്ലാ ദിവസവും സമയം ചിലവഴിക്കണം

പരിശുദ്ധ ത്രീത്വത്തിൽ, പിതാവ് സ്നേഹിക്കുന്നവനും പുത്രൻ സ്നേഹിക്കപ്പെടുന്നവനും പരിശുദ്ധാത്മാവ് അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നേഹവുമാണ്. നിങ്ങളുടെ കുടുംബം ഒരു ചെറിയ ത്രീത്വമാണ്. നിങ്ങൾ ഒരുമിച്ചു ചെലവഴിക്കുന്ന സമയമാണ് നിങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ബന്ധങ്ങൾ ആഴത്തിലാക്കുന്നത്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമായി കുറഞ്ഞ സമയമാണ് ചെലവഴിക്കുന്നതെങ്കിൽ ആ കുടുംബത്തിലേക്ക് പരിശുദ്ധാത്മാവിനെ ക്ഷണിക്കേണ്ടത് അത്യാവശ്യമാണ്. തീർച്ചയായും കുടുംബത്തിൽ മാറ്റം വന്നിരിക്കും.

4. കുടുംബത്തിൽ വിശുദ്ധ ജലം ഉപയോഗിക്കുക

വിശുദ്ധ ഗ്രന്ഥത്തിലുടനീളം ജലം, പരിശുദ്ധാത്മാവിന്റെ പ്രതീകമാണെന്ന് നാം കാണുന്നു. നിങ്ങളുടെ ഭവനത്തിലേക്കുള്ള പ്രവേശന കവാടത്തിൽ വിശുദ്ധ ജലം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഭവനത്തിലേക്കു പ്രവേശിക്കുന്ന എല്ലാവരും ആദ്യം വിശുദ്ധ ജലം കൊണ്ട് കുരിശ് വരച്ച് സ്വയം ആശീർവദിക്കട്ടെ. മാത്രമല്ല, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെയും ഭവനത്തെയും വിശുദ്ധ ജലം ഉപയോഗിച്ച് ആശിർവദിക്കുന്നതും ഉചിതമാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.