ആത്മീയ ജീവിതത്തിൽ മുന്നേറാൻ നാല് മാർഗ്ഗങ്ങൾ

ആത്‌മീയ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും സർവ്വസാധാരണമാണ്. എന്നാൽ അതിൽ വീണുപോകാതെ മുന്നോട്ട് നീങ്ങേണ്ടത് നമ്മുടെ കടമയാണ്. ദൈവത്തിലേക്കുള്ള യാത്രയാണ് ഒരു മനുഷ്യന്റെയും ജീവിതം. ദൈവത്തിലുള്ള പരിപൂർണ വിശ്വാസത്തെ മുറുകെപിടിച്ചുകൊണ്ട് വിശുദ്ധ ജീവിതത്തിനായി നാം എപ്പോഴും പരിശ്രമിക്കണം. ആത്മീയ വളർച്ച ഒരു ദിവസം കൊണ്ട് മാത്രം നേടിയെടുക്കാവുന്ന ഒന്നല്ല. ശാരീരിക, മാനസിക വളർച്ചപോലെ തന്നെ, ഘട്ടം ഘട്ടമായി മാത്രമേ ഒരുവന് ആത്മീയമായും വളരാൻ സാധിക്കു. അതിന് സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാ ചുവടെ ചേർക്കുന്നു.

1. സമാധാനം പുനഃസ്ഥാപിക്കുക

മനുഷ്യമനസ്സിനെ എപ്പോഴും സമാധാനത്തിൽ നിലനിർത്തണം. കാരണം മനസ്സ് ശാന്തമല്ലെങ്കിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾക്ക് പോലും തെറ്റുപറ്റും. മാത്രമല്ല, നന്മയേത് തിന്മയേത് എന്ന് തിരിച്ചറിയാൻ പോലും നമുക്ക് സാധിക്കാതെ വരും. ശാന്തമായ മനസ്സോടു കൂടെയായിരുന്നാൽ മാത്രമേ, നമുക്ക് ആത്മീയമായി ഉയരാൻ കഴിയു. മനസ്സിനെ ശാന്തമാക്കി, ആത്മീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും വന്നുപോയ വീഴ്ചകളെക്കുറിച്ചും ഇടയ്ക്കിടയ്ക്ക് വിചിന്തനം ചെയ്യേണ്ടത് ആത്മീയ പുരോഗതിയ്ക്ക് അത്യാവശ്യമാണ്.

2. ആത്മീയ വളർച്ച തീവ്രമായി ആഗ്രഹിക്കണം

ആത്മീയ ജീവിതത്തിൽ വന്നുപോയ വീഴ്ചകളെക്കുറിച്ച് വിചിന്തനം ചെയ്താൽ മാത്രം പോരാ. പിന്നെയോ അവയെ എങ്ങനെ പരിഹരിക്കാമെന്നും ആത്‌മീയ യാത്രയിൽ എങ്ങനെ കൂടുതൽ അഭിവൃദ്ധി പ്രാപിക്കാമെന്നും കണ്ടെത്തണം. ക്രിസ്തുവിന്റെ സ്നേഹത്തിൽ കൂടുതൽ അടിയുറയ്ക്കണം. ഇരട്ടി തീക്ഷണതയോടെ ദൈവത്തിലേക്ക് മടങ്ങിവരണം.

3. പ്രാർത്ഥന

ആത്മീയ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് പ്രാർത്ഥന. പ്രാർത്ഥനയിലൂടെയും ധ്യാനങ്ങളിലൂടെയുമാണ് ഒരുവന് ദൈവത്തോട് അടുക്കാൻ കഴിയുന്നത്. പ്രാർത്ഥനയും ഉപവാസവും പരിഹാരപ്രവർത്തികളുമാണ് ദൈവത്തിലേക്കുള്ള മാർഗ്ഗങ്ങൾ. പ്രാർത്ഥനയിലൂടെ എപ്പോഴും ദൈവസാന്നിധ്യത്തിൽ ആയിരിക്കാൻ ഒരുവന് സാധിക്കും. അതുപോലെ തുടരെത്തുടരെയുള്ള കൂദാശകളുടെ സ്വീകരണവും ആത്മീയ ഉണർവിലേക്ക് നമ്മെ നയിക്കും.

4. ‘വിശുദ്ധി’ ലക്‌ഷ്യം വയ്ക്കുക

പാപകരമായ ജീവിതത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുമെന്ന് ദൈവത്തിന് വാക്കുകൊടുക്കണം. ദൈവത്തോട് ജീവിതാവസാനം വരെ വിശ്വസ്തത പുലർത്തുകയും വേണം. വിശുദ്ധ ജീവിതം മാത്രമായിരിക്കണം നമ്മുടെ ലക്‌ഷ്യം. പ്രലോഭനങ്ങളും പാപസാഹചര്യങ്ങളും ഉണ്ടാകുമ്പോൾ ‘അരുത്’, ‘വേണ്ട’ എന്ന് ധൈര്യത്തോടെ പറയണം. അങ്ങനെ ദൈവത്തോടുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാം. പ്രാർത്ഥന എന്ന ആയുധത്തെ മുറുകെപ്പിടിച്ചുകൊണ്ട് എപ്പോഴും ദൈവസാന്നിദ്ധ്യ ബോധത്തോടെ ജീവിക്കാൻ നാം പരിശ്രമിക്കണം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.