
കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ വിശുദ്ധന്മാരിൽ നാലുപേരുമായി വ്യക്തിപരമായി ബന്ധമുണ്ടായിരുന്ന മാർപാപ്പയാണ് ലെയോ പതിമൂന്നാമൻ പാപ്പ. ലെയോ പതിമൂന്നാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആധുനിക യുഗത്തിൽ കത്തോലിക്കാ സഭയിൽ പ്രശസ്തി നേടിയ നിരവധി വിശുദ്ധന്മാരുമായി അദ്ദേഹം സംവദിച്ചിട്ടുണ്ട്. ആ നാലുവിശുദ്ധർ ആരൊക്കെയാണെന്ന് നോക്കാം:
1. ലിസ്യൂവിലെ വി. കൊച്ചുത്രേസ്യ
കുട്ടിയായിരിക്കെ, ഒരു കർമ്മലീത്ത മഠത്തിൽ പ്രവേശിക്കാൻ വി. കൊച്ചുത്രേസ്യ ആഗ്രഹിച്ചിരുന്നു. പക്ഷേ അവൾക്ക് പ്രായം വളരെ കുറവായിരുന്നു. മഠത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് അവൾ നിർബന്ധിച്ചെങ്കിലും ബിഷപ്പ് അനുവാദം നൽകിയില്ല. അങ്ങനെയിരിക്കെ കൊച്ചുത്രേസ്യയുടെ കുടുംബം റോമിലേക്ക് ഒരു തീർഥാടനത്തിന് പോകുകയായിരുന്നു. അവിടെ ലെയോ പതിമൂന്നാമൻ മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഉണ്ടായിരുന്നു.
മാർപാപ്പ കടന്നുപോയപ്പോൾ, കൊച്ചുത്രേസ്യ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, “പരിശുദ്ധ പിതാവേ, 15 വയസ്സുള്ളപ്പോൾ എന്നെ കാർമലിൽ പ്രവേശിക്കാൻ അനുവദിക്കണമേ!”
ലെയോ മാർപാപ്പ പ്രതികരിച്ചു, “പോകൂ… പോകൂ… ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ നീ പ്രവേശിക്കും!”
ഈ കൂടിക്കാഴ്ച അവളെ കാർമ്മൽ മഠത്തിൽ ചെറുപ്പത്തിലേ ചേരാൻ വഴിയൊരുക്കി.
2. വി. ജോൺ ഹെൻറി ന്യൂമാൻ
ലെയോ പതിമൂന്നാമൻ പാപ്പ, മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തെ അന്ന് വൈദികനായിരുന്ന ഫാ. ജോൺ ഹെൻറി ന്യൂമാനെ പരിചയപ്പെടുത്തി. ദി ഓറട്ടറീസ് ഓഫ് ഇംഗ്ലണ്ട് പറയുന്നതനുസരിച്ച്, “ന്യൂമാന്റെ കടുത്ത മതയാഥാസ്ഥിതികതയെ പാപ്പ അഭിനന്ദിക്കുകയും 1879-ൽ അദ്ദേഹത്തെ ഒരു കർദിനാളായി നിയമിക്കുകയും ചെയ്തു. അദ്ദേഹം ഒരു കർദിനാളായെന്ന വാർത്ത അദ്ദേഹത്തിന്റെ യാഥാസ്ഥിതികതയുടെയും കത്തോലിക്കാ സഭയോടുള്ള വിശ്വസ്തതയുടെയും നിർണ്ണായകമായ ഒരു തെളിവായിരുന്നു.”
തന്നെ ബിഷപ്പായി നിയമിക്കരുതെന്ന് അദ്ദേഹം പ്രത്യേകം അഭ്യർഥിച്ചു. കൂടാതെ ബർമിംഗ്ഹാമിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് അഭ്യർഥനകളും അംഗീകരിക്കപ്പെട്ടു, ബർമിംഗ്ഹാം ഓറട്ടറിയിൽ അദ്ദേഹം ഒരു കർദിനാളായി തുടർന്നു.
3. വി. ഫ്രാൻസിസ് സേവ്യർ കാബ്രിനി
1880-ൽ, മദർ കാബ്രിനി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സ്ഥാപിച്ചു. അവർ ഒരു മിഷനറിയാകാൻ ആഗ്രഹിച്ചു, മാർഗനിർദേശത്തിനായി ലെയോ പതിമൂന്നാമൻ മാർപാപ്പയെ സമീപിച്ചു.
അവരുടെ ഓർഡറിന്റെ വെബ്സൈറ്റ് അനുസരിച്ച്, “അവളും സഹോദരിമാരും ചൈനയിൽ മിഷനറിമാരാകാൻ ആഗ്രഹിച്ചു; ലെയോ പതിമൂന്നാമൻ മാർപാപ്പയെ കാണുന്നതിനായി അവർ റോം സന്ദർശിച്ചു. ഫ്രാൻസിസ് പ്രതീക്ഷിച്ചതുപോലെ ചൈനയിലേക്ക് പോകുന്നതിനു പകരം ‘കിഴക്കോട്ട് അല്ല, പടിഞ്ഞാറോട്ട്’ ന്യൂയോർക്കിലേക്ക് പോകാൻ പാപ്പ പറഞ്ഞു. അമേരിക്കയിലുള്ള ആയിരക്കണക്കിന് ഇറ്റാലിയൻ കുടിയേറ്റക്കാരെ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം.”
4. വി. ഡോൺ ബോസ്കോ
തന്റെ വിവിധ മിഷൻ പ്രവർത്തനങ്ങൾക്ക് വി. ഡോൺ ബോസ്കോ മാർപാപ്പയുടെ പിന്തുണ ആശ്രയിച്ചിരുന്നു. അതിനാൽ ലെയോ പതിമൂന്നാമൻ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന് ഒരു സ്വകാര്യ കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നു.
“വി. ഡോൺ ബോസ്കോ 1878 മാർച്ച് 16 ന് ലെയോ പതിമൂന്നാമൻ പാപ്പയുമായി തന്റെ ആദ്യത്തെ സ്വകാര്യ കൂടിക്കാഴ്ച നടത്തി; ആദ്യത്തെ സലേഷ്യൻ സഹകാരിയാകാൻ പാപ്പ സമ്മതിച്ചു. അദ്ദേഹം എപ്പോഴും വിശുദ്ധനോട് ഊഷ്മളമായി ഇടപെട്ടു” – സലേഷ്യൻ വെബ്സൈറ്റ് വിശദീകരിക്കുന്നു.