ജപമാല പ്രാർത്ഥനയുടെ നാല് ഗുണങ്ങൾ

ക്രൈസ്തവർക്ക് ഏറെ സുപരിചിതമായ പ്രാർത്ഥനയാണ് ജപമാല. കത്തോലിക്കർ അവരുടെ കുടുംബ പ്രാർത്ഥനയായി ചൊല്ലുന്നത് പോലും ജപമാലയാണ്. എന്നാൽ നമ്മളെല്ലാവരും ജപമാല പ്രാർത്ഥനയുടെ ശക്തിയറിഞ്ഞുകൊണ്ടാണോ അത് ദിവസേന ഉരുവിടുന്നത്? ജപമാലയിലൂടെ ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങളെയാണ് നാം ധ്യാനിക്കുന്നത്. ജപമാല പ്രാർത്ഥനയുടെ സുപ്രധാനമായ നാല് ഗുണങ്ങൾ ചുവടെ ചേർക്കുന്നു.

1. കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു

എല്ലാവരും തിരക്കുപിടിച്ച് ഓടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പലപ്പോഴും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാനും ഭക്ഷണം ആസ്വദിക്കാനും കുടുംബാംഗങ്ങൾക്ക് സമയമില്ല. അങ്ങനെ കുടുംബബന്ധങ്ങൾ പലതും ശിഥിലമാകുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. ഇവിടെയാണ് ജപമാല പ്രാർത്ഥനയുടെ ശക്തി നാം തിരിച്ചറിയേണ്ടത്. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ജപമാല പ്രാർത്ഥന ഉരുവിടുന്നത് കുടുംബത്തിൽ സ്‌നേഹം നിറയാനും കുടുംബബന്ധങ്ങൾ ശക്തിപ്പെടാനും സഹായിക്കുന്നു. ജപമാല പ്രാർത്ഥന ലോകത്തിന്റെ കറ ഏൽക്കാതെ കുടുംബത്തെ ദൈവഹിതപ്രകാരം മുന്നോട്ട് നയിക്കുന്നു.

2. തിന്മയ്‌ക്കെതിരെ പോരാടാൻ നമ്മെ ശക്തരാക്കുന്നു

ക്രൈസ്തവ ജീവിതം എപ്പോഴും തിന്മയ്‌ക്കെതിരെയുള്ള യുദ്ധമാണ്. അതുകൊണ്ട് തന്നെ പ്രാർത്ഥനയും കൂദാശകളും വഴി നാം നമ്മെ തന്നെ സ്വയം ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രലോഭനങ്ങളെ തിരിച്ചറിയാനും അവയെ അതിജീവിക്കാനും പ്രാർത്ഥന നമുക്ക് കൂടിയേ തീരൂ. ജപമാല എപ്പോഴും പൈശാചിക ശക്തികൾക്കെതിരെയുള്ള ശക്തമായ ആയുധമാണ്. സാത്താന്റെ തല തകർത്തവളായ പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണം ജപമാല പ്രാർത്ഥന ഉരുവിടുന്നവർക്ക് ഉണ്ടാവും. ജീവിത വിശുദ്ധിയിൽ നിലനിൽക്കാൻ ദിവസേനയുള്ള ജപമാല പ്രാർത്ഥന മുടക്കരുത്.

3. ജപമാല സഭയ്ക്കുവേണ്ടിയുള്ള ഏറ്റവും ഉചിതമായ പ്രാർത്ഥന

സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസികൾ ഒരുമയോടെ ജപമാല പ്രാർത്ഥന ഉരുവിടുന്നത് ഉചിതമാണ്. സഭയുടെ അധികാരികൾക്കുവേണ്ടിയും അവരുടെ സമയോചിതമായ തീരുമാനങ്ങൾക്കുവേണ്ടിയും നമുക്ക് പരിശുദ്ധ അമ്മയുടെ സഹായം തേടാം.

4. ലോക സമാധാനത്തിനായി ജപമാല ചൊല്ലുക

ദിവസേന ലോകത്തിൽ സമാധാനം നിറയാൻ വേണ്ടി ജപമാല പ്രാർത്ഥന ചൊല്ലുന്നത് മുടക്കരുത്. യുദ്ധവും പട്ടിണിയും മറ്റും ലോകരാഷ്ട്രങ്ങളെ തകർത്തുകൊണ്ടിരിക്കുകയാണ്. അനേകരാണ് യുദ്ധത്തിനും പട്ടിണിയ്ക്കും ഇരയായി ജീവൻ വെടിയുന്നത്. ജപമാലയ്ക്ക് യുദ്ധങ്ങളെ പോലും നിർത്തിയ ചരിത്രമുണ്ടെന്ന് വിശ്വാസികൾ മറക്കരുത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.