നക്ഷത്രങ്ങളിൽ നിന്ന് ക്രിസ്തുവിലേക്ക്: ഒരു മുൻ ജ്യോതിഷിയുടെ വിശ്വാസത്തിലേക്കുള്ള മടക്കം

ജീവിതത്തിന്റെ ഉത്തരങ്ങൾക്കായി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ആശ്രയിച്ചിരുന്ന മോളി കർട്ടിസ് എന്ന മുൻ ജ്യോതിഷി, 2026-ലെ ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങിയെത്തുന്നു. മിഷിഗണിലെ ലേക്ക് ഓറിയോൺ സ്വദേശിയായ മോളി, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജ്യോതിഷത്തെ ഒരു കരിയറായി സ്വീകരിച്ച വ്യക്തിയായിരുന്നു. എന്നാൽ നക്ഷത്രദൂരങ്ങളിൽ താൻ തിരഞ്ഞ സമാധാനം ഒടുവിൽ ക്രിസ്തുവിലാണ് അടങ്ങിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് അവരുടെ ജീവിതം മാറിമറിഞ്ഞത്.

ചെറുപ്പത്തിൽ കത്തോലിക്കാ സഭയിൽ ജ്ഞാനസ്നാനം സ്വീകരിച്ചെങ്കിലും എട്ടാം വയസ്സിൽ കുടുംബത്തോടൊപ്പം വിശ്വാസത്തിൽ നിന്ന് അകന്നുപോയ വ്യക്തിയായിരുന്നു മോളി. പിന്നീട് ന്യൂ ഏജ് ആത്മീയതയിലേക്കും പൗരസ്ത്യ തത്ത്വചിന്തകളിലേക്കും ആകൃഷ്ടയായ അവൾ, ജ്യോതിഷം ഒരു ബിസിനസ്സായി തന്നെ ആരംഭിച്ചു. ബി.സി. 500 മുതലുള്ള ഗ്രന്ഥങ്ങൾ പഠിച്ചും ഗ്രഹങ്ങളുടെ ചലനം നോക്കിയും തന്റെ ക്ലയന്റുകൾക്ക് ദിശാബോധം നൽകിയിരുന്നെങ്കിലും, സ്വന്തം ഉള്ളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല. ജ്യോതിഷം ഒരാളെ എപ്പോഴും തന്നിലേക്ക് തന്നെ നോക്കാൻ പ്രേരിപ്പിക്കുന്നുവെന്നും എന്നാൽ അവിടെ സമാധാനം ലഭിക്കുന്നില്ലെന്നും മോളി സാക്ഷ്യപ്പെടുത്തുന്നു.

മോളി കർട്ടിസ് എപ്പോഴും ഒരു ആത്മീയ വ്യക്തിയായിരുന്നു, ബൈബിൾ വായിക്കുക, മറ്റ് മതഗ്രന്ഥങ്ങൾ പഠിക്കുക, ബുദ്ധമതത്തിലും മറ്റ് പൗരസ്ത്യ തത്ത്വചിന്തകളിലും ജ്ഞാനം കണ്ടെത്തുക എന്നിവയായിരുന്നു അവളുടെ ലക്ഷ്യം. എന്നാൽ ജ്ഞാനം കണ്ടെത്തിയെങ്കിലും, അവൾക്ക് സമാധാനം കണ്ടെത്താൻ കഴിഞ്ഞില്ല.

ലോകത്തുണ്ടാകുന്ന അക്രമങ്ങളും ഭിന്നതകളും മോളിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ഈ ഇരുട്ടിനപ്പുറം ഒരു വഴി തേടി നടന്ന അവൾക്ക് തന്റെ ചുറ്റുമുള്ള ക്രൈസ്തവരുടെ ജീവിതമാണ് മാതൃകയായത്. മറ്റുള്ളവർ നിസ്സംഗത പാലിക്കുമ്പോൾ, സ്നേഹത്തോടെയും കരുതലോടും കൂടി ജീവിക്കുന്ന വിശ്വാസി സമൂഹത്തെ കണ്ടപ്പോൾ അത് തന്നെയും ആ ഒഴുക്കിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചുവെന്ന് അവൾ പറയുന്നു. തന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു താനല്ല, മറിച്ച് ദൈവമാണെന്ന തിരിച്ചറിവ് അവളെ ലേക്ക് ഓറിയോണിലെ സെന്റ് ജോസഫ് ഇടവകയിലെത്തിച്ചു.

ഓർഡർ ഓഫ് ക്രിസ്ത്യൻ ഇനിഷ്യേഷൻ ഓഫ് അഡൽറ്റ്‌സ് (OCIA) ക്ലാസുകളിലൂടെ വിശ്വാസത്തിന്റെ പവിത്രതയും ആഴവും മോളി മനസ്സിലാക്കി. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിച്ച വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിനെയാണ് അവൾ തന്റെ പ്രത്യേക മധ്യസ്ഥയായി തിരഞ്ഞെടുത്തത്. നക്ഷത്രങ്ങളെ നോക്കുന്നതിനേക്കാൾ ക്രിസ്തുവിനെ നോക്കുന്നത് ലോകത്തെക്കുറിച്ച് മികച്ച കാഴ്ചപ്പാട് നൽകുന്നുവെന്ന് മോളി വിശ്വസിക്കുന്നു. മോളിയുടെ പാത പിന്തുടർന്ന് അവളുടെ 14 വയസ്സുള്ള മകൾ എൽവുഡും ഈ മെയ് മാസത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്.

ഈ ഈസ്റ്ററിൽ ആദ്യ കുർബാന സ്വീകരിക്കാൻ ഒരുങ്ങുന്ന മോളി, തന്റെ ഉള്ളിലെ നിസ്സംഗതയെ ക്രിസ്തുവിന്റെ സ്നേഹാഗ്നി കത്തിച്ചുകളഞ്ഞുവെന്ന് ഉറച്ചു വിശ്വസിക്കുന്നു. നക്ഷത്രങ്ങളിലൂടെ ഭാവി പ്രവചിച്ചിരുന്ന പഴയ ജ്യോതിഷി ഇന്ന് ക്രിസ്തുവിന്റെ തിരുഹൃദയത്തിൽ തന്റെ സമാധാനം കണ്ടെത്തിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.