ആനന്ദത്തിനുള്ള അഞ്ച് വഴികൾ

‘നോക്ക്ഡ് അപ്പ്’ (Knocked Up) എന്ന സിനിമയിൽ ഒരു രംഗമുണ്ട്. കുമിളകൾ ഊതിവീർപ്പിച്ച് പാർക്കിൽ കളിക്കുന്ന കുട്ടികളെ നോക്കി ഒരു പിതാവ് ഇരിക്കുകയാണ്. അവരുടെ മുഖത്ത് വളരെയധികം സന്തോഷം നിറഞ്ഞുനിന്നിരുന്നു. എന്നാൽ അതു കണ്ട പിതാവിന് വളരെയധികം ദുഃഖം തോന്നി. “ഈ കുട്ടികൾ കുമിളകൾ പറത്തി സന്തോഷിക്കുന്നതു പോലെ എനിക്കും ആനന്ദിക്കാൻ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ” എന്ന് അദ്ദേഹം പറയുകയാണ്. എന്നാൽ ഉടൻ തന്നെ അദ്ദഹത്തിന്റെ ചിന്താഗതി മാറുകയാണ്. “ഈ കുട്ടികളുടെ മുഖത്തെ സന്തോഷം കാണാനോ, ആസ്വദിക്കാനോ സാധിക്കാത്ത എനിക്ക് മറ്റൊന്നിലും ആനന്ദിക്കാൻ സാധിക്കില്ല” – ഇത് വളരെ വലിയൊരു കാര്യമാണ്.

ഭൂമിയിലെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ആസ്വദിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് സാധിക്കുന്നുണ്ടെങ്കിൽ എല്ലാവിധ സ്വാതന്ത്ര്യവുമുള്ള നമുക്ക് എന്തുകൊണ്ട് സന്തോഷിച്ചുകൂടാ? യഥാർത്ഥ ക്രൈസ്തവർ എപ്പോഴും സന്തോഷത്തെ മുറുകെ പിടിക്കേണ്ടവരാണെന്ന് ദൈവശാസ്ത്രജ്ഞർ പറയുന്നു.

ആനന്ദത്തിനുള്ള അഞ്ചു മാർഗ്ഗങ്ങൾ വായിച്ചറിയാം.

1. ദൈവത്തിന്റെ കുടുംബത്തിലെ അംഗമായിരിക്കുക

സിനിമയിലെ കുട്ടികൾ സന്തുഷ്ടരായിരിക്കുന്നതിന്റെ കാരണം, അവർക്ക് ആവശ്യമായതെല്ലാം നൽകിയ ഒരു കുടുംബത്തിൽ അവർ തികച്ചും സുരക്ഷിതരും സംതൃപ്തരുമാണ് എന്നതാണ്. നാമും അത്തരത്തിലുള്ള ഒരു കുടുംബത്തിലാണ് – ദൈവത്തിന്റെ കുടുംബം. കൂദാശകളിലൂടെ നമുക്ക് ലഭ്യമാകുന്ന ഏറ്റവും വലിയ കൃപയായ ആനന്ദത്തിന് ഉടമകളാകാം. നമ്മെ സ്വീകരിച്ച യഥാർത്ഥ ദൈവത്തെ നമുക്കും സ്വീകരിക്കാം. കുമ്പസാരത്തെ ഹൃദയത്തിന്റെ മുറിവുകളെ ഉണക്കുന്ന ഔഷധമായി കാണുക. നിങ്ങളുടെ കുടുംബത്തെ യേശുക്രിസ്തു വസിക്കുന്ന ഇടമാക്കി മാറ്റുക. സന്തോഷം നിങ്ങളെ തേടിവരും.

2. മറ്റുള്ളവർക്ക് സന്തോഷം നൽകുക

കുട്ടികൾ അവർക്ക് ലഭ്യമായ എന്തിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. അവരെപ്പോലെ സന്തോഷിക്കണമെങ്കിൽ നാം അവരുടെ അടുക്കൽ എത്തണം. സ്വാഭാവികമായും വളരെയധികം പരിശ്രമം അതിനു ആവശ്യമാണ്. മറ്റുള്ളവരെ വിധിക്കരുത്, അവരുടെ പ്രവർത്തികളെ വിശകലനം ചെയ്യരുത്. പക്ഷേ അവരെ സേവിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും കുട്ടികളെപ്പോലെയാകാം. മറ്റുള്ളവരെ സഹായിക്കുക. അവർക്കു ആവശ്യമുള്ളത് നൽകുക, അല്ലെങ്കിൽ അവരെ അഭിനന്ദിക്കുക. അപ്പോൾ അവരുടെ സന്തോഷം നിങ്ങളെയും പിന്തുടരും.

3. എല്ലാ സാഹചര്യങ്ങളിലും സന്തോഷം കണ്ടെത്തുക

നമ്മുടെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലും എവിടെയെങ്കിലും സന്തോഷം മറഞ്ഞിരിക്കുന്നുണ്ടാകും. അതിനാൽ നാം നമ്മുടെ എല്ലാ സാഹചര്യങ്ങളിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കണം. എത്ര വലിയ ഇരുട്ടാണെങ്കിൽ പോലും അതിലും ഒരു പ്രകാശം ഉണ്ടാകും. അതുപോലെയാണ് നമ്മുടെ ജീവിതവും. നാം ഏത് അവസ്ഥയിലായിരുന്നാലും അതിലെ നന്മയിലും സൗന്ദര്യത്തിലും ആനന്ദിക്കുക.

4. മറ്റുള്ളവരോട് ക്ഷമിക്കുക

ഹൃദയത്തിന്റെ ഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ക്ഷമിക്കുക എന്നത്. മറ്റുള്ളവരോട് വിരോധം വച്ചുപുലർത്തുക എന്നത് നമ്മുടെ ആരോഗ്യത്തെയും മനഃസമാധാനത്തെയും നശിപ്പിക്കുന്ന ഒന്നാണ്. എത്ര വലിയ ക്രൂരതയാണെങ്കിലും നാം മറ്റുള്ളവരോട് വിദ്വേഷം വച്ചുപുലർത്തേണ്ട ആവശ്യമില്ലെന്ന് ഓർമ്മിക്കുക. കാരണം ക്ഷമിക്കാൻ സാധിക്കുക എന്നത് തികച്ചും ദൈവികമായ ഒന്നാണ്. ക്ഷമിക്കുമ്പോൾ നാമും ദൈവത്തോട് ചേർത്തുനിന്നു കൊണ്ട് അവിടുത്തോട് താദാത്മ്യം പ്രാപിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ക്ഷമിച്ചുകൊണ്ട് നമ്മുടെ മനസിന്റെ ഭാരം കുറച്ചു നോക്കൂ, ഹൃദയത്തിൽ സന്തോഷം വന്നു നിറയും.

5. സന്തോഷം ചോദിക്കുക

നമുക്ക് ആവശ്യമുള്ളത് നമ്മുടെ പ്രിയപ്പെട്ടവരോട് നാം ചോദിക്കാറുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് നമുക്ക് ആവശ്യമായ സന്തോഷവും ദൈവത്തോട് ചോദിച്ചുവാങ്ങുക എന്നത്. നാം സന്തോഷവാന്മാർ ആയിരിക്കണമെന്ന് അവിടുത്തേക്കും അതിയായ ആഗ്രഹമുണ്ടെന്ന് അറിയുമ്പോൾ നിങ്ങളും ആശ്ചര്യപ്പെട്ടേക്കാം. മടി കൂടാതെ നാം നമ്മുടെ ദൈവത്തോട് ചോദിക്കുമ്പോൾ അത് എവിടെ കണ്ടെത്തണമെന്ന് അവിടുന്ന് നമുക്ക് പറഞ്ഞുതരും.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.