ആത്മീയജീവിതത്തിലേക്ക് വെളിച്ചം വീശാൻ അഞ്ചു കാര്യങ്ങൾ

ആത്മീയമായി ഒരു മാറ്റം വരണമെന്ന് നാം പല തവണയായി ആലോചിച്ചിട്ടുണ്ടാകും. നമ്മുടെ പ്രാർത്ഥനാജീവിതത്തിലും ആത്മീയകാര്യങ്ങളിലും കുറച്ചു കൂടി നന്മ കൊണ്ടുവരണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ നിങ്ങളെ സഹായിക്കും…

1. നടന്നുകൊണ്ട് പ്രാർത്ഥിക്കുക

ഇരുന്നു പ്രാർത്ഥിക്കുമ്പോൾ നമുക്ക് ചിലപ്പോൾ മടുപ്പ് അനുഭവപ്പെടാം. ശ്രദ്ധ മാറിപ്പോകുന്ന അനുഭവങ്ങളും വിരളമല്ല. ഉടൻ തന്നെ പോക്കറ്റിലിരിക്കുന്ന ഫോണിലേക്കോ, അടുക്കളയിലെ കാര്യങ്ങളിലേക്കോ ചിന്ത പോകാം. എന്നാൽ പ്രാർത്ഥനയിൽ മറ്റൊരു ലോകത്തിലേക്ക് എത്തിച്ചേരുമെന്ന് നമുക്ക് അനുഭവത്തിലൂടെ തന്നെ അറിയാവുന്നതുമാണ്. നിരന്തരമായി ഏകാഗ്രതയോടെ പ്രാർത്ഥിക്കാന്‍ ഇരിക്കാതെ എഴുന്നേറ്റു നടക്കുക; നടന്നുകൊണ്ട് പ്രാർത്ഥിക്കുക. ‘പ്രാർത്ഥനയിൽ നടക്കുക’ എന്നത് വളരെ മനോഹരമായ കാര്യമാണ്.

2. സായാഹ്നത്തിൽ ക്ഷീണിതരാണോ? രാവിലെ പ്രാർത്ഥിക്കാം

ദിവസം മുഴുവൻ പ്രാർത്ഥിക്കണം. എങ്കിലും പകലിലെ അലച്ചിലുകൾ രാത്രിയിലെ പ്രാർത്ഥനയെ ബാധിച്ചേക്കാം. ഉണർവ്വിലാണ് നാം പ്രാർത്ഥിക്കേണ്ടത്. അതിനാൽ ദിനാരംഭത്തിൽ ഏറ്റവും ഉന്മേഷഭരിതരായിരിക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകൾ പൂർത്തിയാക്കാം. പ്രഭാതത്തിലെ പ്രശാന്തമായ അന്തരീക്ഷം നമുക്ക് പ്രാർത്ഥനക്കായി ഉപയോഗപ്പെടുത്താം.

3. പ്രാർത്ഥിക്കാൻ ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടുക്കുക

നമ്മുടെ ശ്രദ്ധ തിരിക്കുന്ന സാധനങ്ങളില്ലാത്ത ഇടങ്ങളിൽ വേണം നാം പ്രാർത്ഥിക്കേണ്ടത്. കമ്പ്യൂട്ടറോ, ടെലിവിഷനോ ഇല്ലാത്ത ഒരിടം. കുട്ടികളുടെ ബഹളങ്ങളോ, തെരുവിലെ ശബ്ദമോ ഇല്ലാത്ത ഒരിടം. അത് ചിലപ്പോൾ തൊടിയിലെ ഒരു മരച്ചുവടാകാം, മറ്റു ചിലപ്പോൾ വീട്ടിലെ ഇടനാഴിയാകാം. ഏറ്റവും ലളിതമായ അവസ്ഥകളിൽ ആയിരുന്നുകൊണ്ട് അവിടുത്തോട് സംവദിക്കുക.

4. പ്രാർത്ഥനയുടെ ചെറിയ ശീലങ്ങൾ

വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴോ, സ്റ്റെപ്പുകൾ കയറുമ്പോഴോ നമുക്ക് ചെറിയ പ്രാർത്ഥനകൾ ഉരുവിടാം. ഇത്തരം ശീലങ്ങൾ രൂപപ്പെടുത്തിയെടുക്കാന്‍ എളുപ്പമാണ്. അത് പിന്തുടർന്നാൽ ദിനം മുഴുവൻ പ്രാർത്ഥിക്കുന്ന ഒരു ശീലം ഉണ്ടാകുന്നു. ചെറിയ ശീലങ്ങളിൽ നിന്നും വലിയ ഒരു പ്രാർത്ഥനാനുഭവമാണ് നമുക്ക് ഉണ്ടാകുക.

5. നിങ്ങളുടെ യാത്രാസമയം വിവേകത്തോടെ ഉപയോഗിക്കുക

ഒരു കാർ ഓടിക്കുക എന്നത് അത്രയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്. യാത്രയുടെ സമയം വ്യർത്ഥമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു പകരം പ്രാർത്ഥനക്കായി ഉപയോഗിക്കാം. ഒരു സുവിശേഷപ്രഘോഷണമോ, ഭക്തിഗാനങ്ങളോ നിങ്ങളുടെ വാഹനത്തിൽ വയ്ക്കുക. പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മനസ്സിൽ ജപമാല ചൊല്ലുകയോ, കരുണകൊന്ത ചൊല്ലുകയോ ലളിതമായ മറ്റു പ്രാർത്ഥനകൾ ചൊല്ലുകയോ ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.