വി. ഡോൺ ബോസ്‌കോ നിർദേശിക്കുന്ന, നല്ല വിദ്യാഭ്യാസത്തിനുവേണ്ട അഞ്ചു ഗുണങ്ങൾ

ജനുവരി 31-ന് കത്തോലിക്കാസഭ, വിശുദ്ധനും അധ്യാപകനും സലേഷ്യൻ സഭയുടെ സ്ഥാപകനുമായ വി. ഡോൺ ബോസ്കോയുടെ ഓർമ്മദിനം കൊണ്ടാടുന്നു. ഇറ്റലിയിലെ ടൂറിനിൽ 1815-ൽ ജനിച്ച ഡോൺ ബോസ്കോയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടമായി. പിന്നീട് അമ്മയാണ് ജോണിനെ വളർത്തിയത്.

വിദ്യാഭ്യാസം തുടരുന്നതിനായി നിരവധി ജോലികൾ ചെയ്ത ജോൺ, വൈദികനായതിനുശേഷം യുവജനങ്ങളെയും കുട്ടികളെയും പരിശീലിപ്പിക്കുന്നതിനായി ബോർഡിങ്ങ് സ്കൂളുകളും ഓററ്റോറിയങ്ങളും പള്ളികളോടുചേർന്നു സ്ഥാപിച്ചു. 1854-ൽ സലേഷ്യൻ സഭയ്ക്ക് ആരംഭംകുറിച്ചു.1888-ൽ ഡോൺ ബോസ്കോ മരിക്കുന്നതിനു മുമ്പുതന്നെ സലേഷ്യൻ സഭയുടെ മിഷനറി പ്രവർത്തനം ഇറ്റലിക്കു പുറത്തേക്കു വ്യാപിച്ചിരുന്നു.

നല്ലൊരു അധ്യാപകനായിരുന്ന ഡോൺ ബോസ്കോയുടെ ഈ പഞ്ചശീലതത്വങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ക്രൈസ്തവ അധ്യാപകർക്കും മാതാപിതാക്കൾക്കും ഉത്തമ മാതൃകകളാണ്.

1. ആത്മാർഥതയുള്ള പൗരന്മാരും നല്ല ക്രിസ്ത്യാനികളും ആകുക

അധ്യാപനത്തിൽ എല്ലാ വികാരങ്ങളും ഉൾക്കൊള്ളുന്നു. വാത്സല്യം, സ്നേഹം, വിശ്വാസപരം, മതപരം, സാങ്കേതികപരം തുടങ്ങി എല്ലാ വിഭാഗങ്ങളിലൂടെയും കടന്നുപോകുന്ന ഒന്നാണ് വിദ്യാഭ്യാസം. നമ്മുടെ വിദ്യാഭ്യാസം, കുട്ടികളെ നല്ല പൗരന്മാരും നല്ല ക്രൈസ്തവരുമാക്കി മാറ്റുന്നതാകണം. നല്ല പൗരനാക്കി മാറ്റുക എന്നാൽ സഹജീവികളെ സ്നേഹിച്ചുകൊണ്ട് ഒരു കുടക്കീഴിൽ അണിനിരക്കാൻ പ്രാപ്തരാക്കുക എന്നതാണ്. നല്ല ക്രിസ്ത്യാനിയാകുക എന്നാൽ ക്രിസ്തീയമൂല്യങ്ങൾക്കനുസരിച്ചു ജീവിക്കാൻ പഠിപ്പിക്കുക എന്നതാണ്.

2. മറ്റുള്ളവരിലുള്ള വിശ്വാസവും ആത്മവിശ്വാസവും വർധിപ്പിക്കുക

വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യം ഒരു കുട്ടിയിലെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നതാണ് – വിശുദ്ധൻ ഓർമ്മിപ്പിക്കുന്നു. വിദ്യാർഥിക്ക് തന്റെതന്നെ കഴിവിലുള്ള വിശ്വാസത്തോടൊപ്പം മറ്റുള്ളവരെ ആശ്രയിക്കാനും അവരെ വിശ്വസിക്കാനുമുള്ള പരിശീലനം നൽകാം. നല്ല ബന്ധങ്ങൾ വളർത്താനും സാമൂഹ്യജീവിതം മെച്ചപ്പെടുത്താനും മറ്റുള്ളവരിലുള്ള വിശ്വാസം പ്രധാനപ്പെട്ടതുതന്നെ.

3. അവരെ നാം സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം

കുഞ്ഞുങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ടെന്ന തോന്നൽ അവരിൽ വളർത്തിയെടുക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം. ഒപ്പം ശരിയായ സ്നേഹത്തെ മനസ്സിലാക്കാനും പല പ്രായത്തിലും നമ്മുടെ ഉള്ളിൽ തോന്നുന്ന വികാരങ്ങളെ ശരിയായി മനസ്സിലാക്കാനും വിദ്യാഭ്യാസത്തിലൂടെ സാധിക്കണം. അപ്പോഴേ വിദ്യാഭ്യാസം അതിന്റെ പൂർണ്ണമായ ലക്ഷ്യത്തിൽ എത്തുകയുള്ളൂ.

4. വിനോദവും കളികളും ഒഴിവാക്കരുത്

കുട്ടികളെ കളികളിൽനിന്നും വിനോദങ്ങളിൽനിന്നും ഒരിക്കലും പിന്തിരിപ്പിക്കരുത്. കാരണം, കളികളിലൂടെ കുട്ടികൾ വളരുകയാണ്. മറ്റുള്ളവരെ ബഹുമാനിക്കാനും നിയമങ്ങൾ പഠിക്കാനും സമൂഹത്തോട് ഒന്നുചേർന്നു ജീവിക്കാനും വിനോദങ്ങളും കളികളും കുട്ടികളെ സഹായിക്കും.

5. വിദ്യാഭ്യാസം കൃപയെക്കുറിച്ചു പഠിപ്പിക്കുന്നതാകണം

വിദ്യാഭ്യാസം ദൈവത്തെക്കുറിച്ചും അവിടുത്തെ കൃപകളെക്കുറിച്ചും അറിവ് പകരുന്നതായിരിക്കണം. ദൈവവുമായി ചേർന്നുനിൽക്കാൻ, ദൈവത്തെ കൂട്ടുപിടിച്ചു ജീവിക്കാൻ ശരിയായ വിദ്യാഭ്യാസം ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു. ഈ അഞ്ചു ഘടകങ്ങൾ വിദ്യാഭ്യാസത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ സഹായിക്കുന്നുവെന്ന് വി. ഡോൺ ബോസ്‌കോ തന്റെ അധ്യാപനജീവിതംകൊണ്ട് തെളിയിച്ചു.