ഉത്കണ്ഠകളെ ദൈവത്തിനു സമർപ്പിക്കുക; ജീവിതം സമാധാനപൂർണ്ണമാക്കാം

ജീവിതത്തിൽ അനാവശ്യമായ ഉത്കണ്ഠകളും ആശങ്കകളും പേറിനടക്കുന്നവരാണ് ഭൂരിഭാഗം വ്യക്തികളും. കുടുംബത്തിലെയോ,  ജോലിസ്ഥലങ്ങളിലെയോ, വ്യക്തിജീവിതത്തിലെയോ ഒക്കെ പ്രശ്നങ്ങളാകാം നമ്മെ അലട്ടുന്നത്. അതിൽ നിന്നുള്ള ശാശ്വതപരിഹാരം ദൈവത്തിന്റെ പക്കൽ മാത്രമേ ഉള്ളൂ. അതിനാൽ, പ്രശ്നങ്ങൾ എന്തുമാകട്ടെ, ദൈവത്തിന്റെ പക്കൽ നിന്നും സമാധാനം സ്വീകരിക്കാൻ നമുക്ക് ശ്രമിക്കാം.

നമ്മെ അലട്ടുന്ന എല്ലാ വികാരങ്ങളേയും ദൈവത്തിന് വിട്ടുകൊടുക്കാം. ഉത്കണ്ഠ ശരീരത്തെ മുഴുവൻ ബാധിക്കുന്ന ഒന്നാണ്. അത് നമ്മുടെ ആരോഗ്യത്തെപ്പോലും നശിപ്പിക്കും. അതിനാൽ നമ്മുടെ ആത്മാവിലും ശരീരത്തിലും സമാധാനം നിലനിർത്താനുള്ള ഏക പരിഹാരമാർഗ്ഗം നമ്മെത്തന്നെ ദൈവത്തിനു സമർപ്പിക്കുക എന്നതാണ്. നമ്മെ അലട്ടുന്ന പ്രശ്നങ്ങളിൽ നാം ഒരിക്കലും തനിച്ചല്ല. നമ്മെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുന്നവനാണ് അവിടുന്ന്. അവിടുന്ന് നമ്മോട് കൂടെയുണ്ട്.

ബാഹ്യമായി നമ്മെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്നും സ്വയം പുറത്തുകടക്കാൻ എത്രയൊക്കെ ശ്രമിച്ചാലും യഥാർത്ഥ സമാധാനം ലഭിക്കുകയില്ല. അതിനാൽ ദൈവത്തിന്റെ സമാധാനവും ശാന്തിയും നമ്മെ ഭരിക്കാൻ ഇടവരട്ടെ. അതിനായി നമ്മെ സഹായിക്കുന്ന ഒരു ചെറിയ പ്രാർത്ഥന ഇതാ…

“ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ടെന്ന് അരുളിച്ചെയ്ത രക്ഷകനായ ഈശോയേ, അങ്ങാണ് യഥാർത്ഥ നന്മയെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതാനുഭവങ്ങളെ അങ്ങ് കണ്ടതുപോലെ ശാന്തമായി അഭിമുഖീകരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ഹിതം സ്വർഗത്തിലേപ്പോലെ ഭൂമിയിലും നിറവേറാൻ ഇടവരുത്തണമേ. അതിനുള്ള കൃപ എനിക്ക് പ്രദാനം ചെയ്യണമേ. ജീവിതത്തിലെ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള പ്രകാശം എന്നിൽ നിറയ്ക്കണമേ. ആമ്മേൻ.”