മെയ് മാസത്തിലെ മാതാവിന്റെ തിരുനാളുകള്‍

മെയ് മാസം മാതാവിനായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന സമയമാണ്. മാതാവിന്റെ വണക്കമാസം എന്നറിയപ്പെടുന്ന മെയ് മാസം നാം പ്രത്യേകമായി മാതാവിനോട് മാദ്ധ്യസ്ഥ്യം യാചിച്ച് പ്രാര്‍ത്ഥിക്കുന്നു.

മെയ് മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മാതാവിന്റെ തിരുനാളുകള്‍ ആചരിക്കുന്നുണ്ട്. പ്രാദേശികതലത്തില്‍ ആചരിക്കുന്ന ഈ തിരുനാളുകള്‍ അധികമാര്‍ക്കും അറിയില്ല. അത്തരത്തില്‍ മെയ് മാസം ആചരിക്കുന്ന മാതാവിന്റെ തിരുനാളുകള്‍ ഇതാ…

1. പോളണ്ടിന്റെ മദ്ധ്യസ്ഥയായ മാതാവിന്റെ തിരുനാള്‍ 

പോളണ്ടിന്റെ മദ്ധ്യസ്ഥയായ മാതാവിന്റെ തിരുനാള്‍ മെയ് മാസം മൂന്നാം തീയതിയാണ് ആചരിക്കുന്നത്. 1923-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പായാണ് പോളണ്ടിന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ മെയ് മാസം മൂന്നാം തീയതി ആചരിക്കാന്‍ അനുവാദം നല്‍കിയത്.

2. ലബനോനിലെ പരിശുദ്ധ അമ്മയുടെ തിരുനാള്‍

ലബനോനിലെ പരിശുദ്ധ അമ്മയുടെ തിരുനാള്‍ മെയ് മാസത്തെ ആദ്യ ഞായറാഴ്ചയാണ് ആചരിക്കുന്നത്. 1908-ല്‍ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം പണികഴിപ്പിച്ചതിനെ തുടര്‍ന്നാണ് മെയ്‌ മാസത്തിലെ ആദ്യ ഞായറാഴ്ച മാതാവിന്റെ തിരുനാള്‍ ദിനമായി ആചരിച്ചു തുടങ്ങിയത്.

3. യൂറോപ്പിലെ പരിശുദ്ധ അമ്മയുടെ തിരുനാള്‍    

യൂറോപ്പിലെ പരിശുദ്ധ അമ്മയുടെ തിരുനാള്‍ മെയ് അഞ്ചാം തീയതിയാണ് ആചരിക്കുന്നത്. ഗ്രിബ്രാള്‍ട്ടറിലെ ദേവാലയം മാതാവിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മെയ് അഞ്ചാം തീയതി ആചരിച്ചു തുടങ്ങിയത്. ആ ദിവസം യൂറോപ്യന്‍ ഡേ എന്നാണ് അറിയപ്പെടുന്നത്.

4. പോംപീയിലെ ജപമാല മാതാവിന്റെ തിരുനാള്‍ 

മെയ് എട്ടാം തീയതിയാണ് പോംപീയിലെ ജപമാല മാതാവിന്റെ തിരുനാള്‍  ആചരിക്കുന്നത്. 1883-ലാണ് ഒരു ദേവാലയം നിര്‍മ്മിക്കുകയും അവിടെ ഒരു മാതാവിന്റെ ചിത്രം സ്ഥാപിക്കുകയും ചെയ്തത്. ഇതേ തുടര്‍ന്ന് ഇവിടെ നിരവധി അത്ഭുതങ്ങള്‍ നടക്കുകയും ഈ ദേവാലയം അറിയപ്പെടുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമാവുകയും ചെയ്തു.

5. ചൈനയിലെ മാതാവിന്റെ തിരുനാള്‍ 

ചൈനയിലെ മാതാവിന്റെ തിരുനാള്‍ മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ആചരിക്കുന്നത്. 1924-ല്‍ ചൈനയിലെ ബിഷപ്പുമാര്‍ രാജ്യത്തെ മാതാവിന് സമര്‍പ്പിച്ചിരുന്നു. അന്നു മുതലാണ് ചൈനയിലെ മാതാവിന്റെ തിരുനാള്‍ മെയ് രണ്ടാം ശനിയാഴ്ച്ച ആചരിക്കാന്‍ തുടങ്ങിയത്.

6. കരുണയുടെ മാതാവിന്റെ തിരുനാള്‍ 

കരുണയുടെ മാതാവിന്റെ തിരുനാള്‍ മെയ് 22-നാണ് ആചരിക്കുന്നത്. 1527-ല്‍ ഇറ്റലിയിലെ ബവേഗ്‌നോയില്‍ വച്ച് മാതാവ് ഒരു സാധുപെണ്‍കുട്ടിക്ക് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മക്കായാണ് മെയ് 22-ന് കരുണയുടെ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്നത്. മാതാവിന്റെ പ്രത്യക്ഷപ്പെടലിലൂടെ നിരവധി ആളുകള്‍ക്ക് സൗഖ്യം ലഭിച്ചു. ശേഷം ഈ സ്ഥലത്ത് ഒരു ദേവാലയം പണിതു.

7. ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാള്‍ 

മെയ് ഇരുപത്തിനാലാം തീയതിയാണ് ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികളുടെ സഹായമായ മാതാവേ… എന്ന പ്രാര്‍ത്ഥന പ്രചരിപ്പിച്ചത് വി. ഡോണ്‍ ബോസ്‌കോയും പിയൂസ് അഞ്ചാമന്‍ പാപ്പായും ചേര്‍ന്നാണ്. ക്രിസ്ത്യാനികളുടെ സാഹായമായ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്നതിനായി അനുമതി നല്‍കിയത് പിയൂസ് ഏഴാമന്‍ പാപ്പായും.

8. സുഖപ്രസവങ്ങളുടെ മാതാവിന്റെ തിരുനാള്‍ 

മെയ് 29-നാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് സുഖപ്രസവം നടക്കുന്നതിനും കുഞ്ഞിന് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കുന്നതിനും മാതാവിനോട് മാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ടു നടക്കുന്ന ഈ തിരുനാള്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് സാധാരണയായി ആചരിക്കപ്പെടുന്നത്.