
ഓർമവച്ചപ്പോൾ മുതൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു പുണ്യാളനാണ് വി. സെബസ്ത്യാനോസ്. അമ്പുകളേറ്റ് മരത്തിൽ കെട്ടപ്പെട്ടവനായി നിൽക്കുന്ന ആ രൂപം തികച്ചും അസാധാരണമാണ്. കഴുന്ന് എഴുന്നളളിക്കലാണ് ഈ തിരുനാളിന്റെ ഏറ്റവും വലിയസവിശേഷത. പള്ളിയിൽ നിന്നോ, കപ്പേളയിൽ നിന്നോ അമ്പ് (കഴുന്ന്) എഴുന്നളളിച്ചു കൊണ്ടുവരാൻ ഞങ്ങൾ മക്കളെയാണ് അമ്മച്ചി നിയോഗിക്കാറ്. വെള്ളശീലയിൽ പൊതിഞ്ഞ്, താലത്തിൽ അമ്പും പേറിയുള്ള ഭക്തിപൂർവകമായ ആ വരവിന് അകമ്പടി സേവിക്കാൻ ചെണ്ടയുമായി കൊട്ടുകാരും മുത്തുക്കുടവാഹകരായി ഞങ്ങളിൽ ആരെങ്കിലുമോ ഉണ്ടാകും.
വയലാർ രചിച്ച ‘വിശുദ്ധനായ സെബസ്ത്യാനോസേ’ എന്ന പാട്ട് എല്ലായിടത്തു നിന്നും കേട്ടിരുന്നു. വീട്ടിൽ ദീപങ്ങൾ തെളിയിച്ച രൂപക്കൂടിനു മുന്നിൽ അലങ്കരിച്ചൊരുക്കിയ പീഠത്തിൽ കഴുന്ന് എഴുന്നള്ളിച്ചുവച്ച് കുറച്ചുനേരം പ്രാർഥിച്ച് വീട്ടിനകത്തെല്ലാം കഴുന്ന് കൊണ്ടുനടന്ന് തിരികെ പള്ളിയിലേക്ക് അഥവാ കപ്പേളയിലേക്ക് കൊണ്ടുപോയിവയ്ക്കുന്ന ആ ഓർമകൾ തികച്ചും സജീവവും സന്തോഷപ്രദവുമാണ്. മാരകവ്യാധികൾ പടർന്ന കാലത്ത് പൂർവീകരെ രക്ഷിച്ചത് ഇത്തരം പ്രദക്ഷിണങ്ങളായിരുന്നു എന്നാണ് കാർന്നോന്മാർ പറഞ്ഞുകേട്ടിട്ടുള്ളത്.
‘കൊച്ചുപുണ്യാളന്റെ’ കൊച്ചച്ചൻ
പട്ടം കിട്ടി ആദ്യമായി നിയോഗിക്കപ്പെട്ടത് തോപ്പുംപടി കൊച്ചുപള്ളിയിലേക്കാണ്. വി. സെബസ്ത്യാനോസ് പുണ്യാളന്റെ വിശേഷപ്പെട്ട കൊച്ചുരൂപം അൾത്താരക്കു മുകളിലായി ഉയരത്തിൽ മതിലിനോടു ചേർത്ത് പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണത്രേ അത്രയും വലിയ പള്ളിക്ക് ‘കൊച്ചുപള്ളി’ എന്ന പേരു വീണത്! അങ്ങനെ, ഒരു വർഷം കൊച്ചുപള്ളിയിലെ കൊച്ചച്ചനായി മറക്കാനാവാത്ത അനുഭവം.
പക്ഷേ, പുണ്യാളന്റെ പെരുന്നാളിന് ഒരാഴ്ചക്കുശേഷം കൊച്ചച്ചനായി നിയമിതനായ എനിക്ക് പെരുന്നാളിനു രണ്ടാഴ്ചമുമ്പ് ഫോർട്ട് കൊച്ചി മൈനർ സെമിനാരിയിലേക്ക് സ്ഥലം മാറിപ്പോകേണ്ടി വന്നു. അത് പുണ്യാളന്റെ പ്രത്യേക ഇടപെടൽ കൊണ്ടായിരുന്നെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. അവിടെ പെരുന്നാൾ ആഘോഷങ്ങൾ പലപ്പോഴും കശപിശയിൽ അവസാനിച്ചിരുന്ന കാലമായിരുന്നു അത്. അമ്മൻകുടവും താഴ്ത്തിക്കെട്ടിയ തോരണങ്ങളുമൊക്കെ പെരുന്നാളിന് വെടിക്കെട്ട് തീർത്തുകൊണ്ടിരുന്ന കാലം.
പ്രഘോഷകനും പാട്ടുകാരും
മറ്റൊരു ഓർമ, ഏതാണ്ട് ഇരുപത്തിയഞ്ചു വർഷങ്ങൾക്കുമുമ്പ് സ്വന്തം ഇടവകപ്പള്ളിയായ വൈപ്പിൻ പ്രത്യാശാമാതാ ദൈവാലയത്തിലെ തിരുനാൾ ദിനത്തിലെ പ്രസംഗമാണ്. അന്നുവരെ അധികമാരും ശ്രദ്ധിച്ചിട്ടില്ലാതിരുന്ന ഒരു വിഷയം ദിവ്യബലിമധ്യേയുള്ള വചനപ്രഘോഷണത്തിനിടയിൽ ഞാൻ വ്യക്തമാക്കി. അനുഗൃഹീത കവിയായ വയലാർ രചിച്ച പുണ്യവാളന്റെ ഗീതത്തിലെ ഗുരുതരമായ ഒരു തെറ്റാണ് ഞാൻ ചൂണ്ടിക്കാണിച്ചത്:
‘പാപികൾ ഞങ്ങളെ പരിശുദ്ധരാക്കുവാൻ പണ്ട് നർബോണയിൽ ജനിച്ചവനേ’ എന്നതാണ് ആ വരി. ഒരു അക്രൈസ്തവനായ വയലാറിന് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് വ്യക്തതയില്ലാതിരുന്നതിനാൽ വന്നുപോയ ഒരു പിഴവാണ് അതെന്നു വ്യക്തം. പാപികളെ പരിശുദ്ധനാക്കുവാൻ ജനിച്ചത് യേശുക്രിസ്തു മാത്രമാണെന്ന് ക്രൈസ്തവ വിശ്വാസമുള്ള എല്ലാവർക്കും ബോധ്യമുള്ള കാര്യമാണല്ലോ. അതിനാൽ, വിശ്വാസപരമായ കൃത്യതയില്ലാത്ത ആ പാട്ട് പരിശുദ്ധ കുർബാനക്കിടയിൽ പാടുന്നത് ആരാധനക്രമ വിരുദ്ധമാണ് എന്നതായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. പരിശുദ്ധ കുർബാന സ്വീകരണ സമയമായപ്പോൾ എന്റെ പ്രസംഗം ശ്രദ്ധിക്കാതിരുന്നതിനാലാകണം, ഗായകസംഘം പാടിത്തുടങ്ങി: “വിശുദ്ധനായ സെബസ്ത്യാനോസേ…”
ദിവ്യകാരുണ്യനാഥനെ സ്വീകരിക്കുമ്പോൾ, ഏതു തിരുനാളായാലും വിശുദ്ധരുടെ ഗീതമല്ല ദിവ്യകാരുണ്യഗീതമാണ് പാടേണ്ടത് എന്ന അടിസ്ഥാനവിവരം പോലും ആ ഗായകസംഘത്തിന് ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ഏതായാലും, വികാരിയായിരുന്ന ബഹു. പീറ്റർ ചടയങ്ങാട്ട് അച്ചൻ ഉടൻ ഇടപെട്ട് പാട്ട് നിർത്തിച്ചു. കുർബാനക്കുശേഷം എനിക്ക് ഏതാനും ചിലരുടെ അസ്വാരസ്യ വാക്കുകൾ കേൾക്കാനിടയായെങ്കിലും, ആ ഗായകസംഘത്തിലുണ്ടായിരുന്നവരെങ്കിലും പിന്നീട് അക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം.
ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുത്തുന്ന വിശുദ്ധൻ
വിശ്വാസത്തിൽ നമ്മുടെ പ്രിയപ്പെട്ട ജ്യേഷ്ഠനാണ് വി. സെബസ്ത്യാനോസ്. ക്രിസ്തുവിൽ വിശ്വസിച്ചതിന്റെയും ക്രിസ്തുവിനെ പ്രഘോഷിച്ചതിന്റെയും പേരിലാണ് അദ്ദേഹം രക്തസാക്ഷിയായത്. അമ്പേറ്റ് മൃതപ്രായനായിട്ടും ആ വിശ്വാസത്തിൽ നിന്നും പ്രേഷിതത്വത്തിൽ നിന്നും ഒളിച്ചോടാൻ അദ്ദേഹം തയ്യാറായില്ല. ആ വിശ്വാസധീരതയാണ് ഓരോ അമ്പെഴുന്നള്ളിപ്പു തിരുനാളും നമ്മിൽ ആഴപ്പെടുത്തേണ്ടത്.
ജാഗ്രത ആവശ്യമുള്ള കാലം
അനാവശ്യമായ പെരുപ്പിക്കലുകൾക്കും പുതുമകൾക്കു പിന്നാലെയുള്ള നെട്ടോട്ടങ്ങൾക്കും സാധ്യതയുള്ള ഒരു കാലഘട്ടമാണിത്. കച്ചവടതാല്പര്യങ്ങളുടെ പ്രലോഭനത്തിൽ എളുപ്പത്തിൽ വീണുപോകാനിടയുള്ള കാലം. അതിനാൽ, ക്രിസ്തുവിശ്വാസത്തിന് ക്ഷീണം തട്ടുന്ന ശൈലികളോ, രീതികളോ, ആചാരങ്ങളോ പൂർണ്ണമായും ഒഴിവാക്കാൻ മെത്രാന്മാരും പുരോഹിതരും അത്മായനേതാക്കളും ജാഗ്രത പുലർത്തണം.
നമ്മൾ വണങ്ങുന്ന വിശുദ്ധർ ഒരു ചിത്രത്തിലും ഒരു രൂപത്തിലും കുടിയിരിക്കുന്നതായി ക്രൈസ്തവരായ നമ്മൾ കരുതുന്നില്ല. അങ്ങനെ കരുതുന്ന ക്രൈസ്തവർ വിഗ്രഹാരാധകരും ഒന്നാം പ്രമാണലംഘകരുമാണ്. വിഗ്രഹാരാധനക്ക് ഇടയാക്കാവുന്ന കാര്യങ്ങളിൽ സഭ ഏറെ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
ഫാ. ജോഷി മയ്യാറ്റിൽ