മക്കളെ വിശുദ്ധരായി വളർത്തിയ വിശുദ്ധരായ എട്ട് അമ്മമാർ

അമ്മമാരുടെ വിശുദ്ധമായ ജീവിതംകൊണ്ടും ത്യാഗനിർഭരമായ പ്രാർഥനകൊണ്ടും വിശുദ്ധരായിത്തീർന്ന മക്കളുടെ നിരവധി സാക്ഷ്യങ്ങൾ കത്തോലിക്കാസഭയ്ക്ക് കൈമുതലായുണ്ട്. ദൈവവിശ്വാസവും കൂട്ടായ്മയും ഉള്ള കുടുംബങ്ങളെ വാർത്തെടുക്കുന്നതും വിശുദ്ധിയുള്ള കുഞ്ഞുങ്ങളിലൂടെ ഒരു സമൂഹത്തെ തന്നെ വിശുദ്ധിയിൽ രൂപപ്പെടുത്തുന്നതും ദൈവാശ്രയത്വവും വിശുദ്ധിയുമുള്ള അമ്മമാരുടെ ജീവിതങ്ങളിലൂടെയാണ്. ഇത്തരത്തിൽ വിശുദ്ധിയിൽ ജീവിച്ചുകൊണ്ട് തങ്ങളുടെ കുടുംബത്തിനും മക്കൾക്കും ഈ ലോകത്തിനു തന്നെയും അനുഗ്രഹമായി മാറിയ എട്ട് അമ്മമാരെ ഈ മാതൃദിനത്തിൽ പരിചയപ്പെടാം.

 1. വി. അന്നയും പരിശുദ്ധ കന്യകാമറിയവും

പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയായ വിശുദ്ധ അന്നയെ നമുക്ക് സുപരിചിതമാണ്. ദീർഘനാളത്തെ കാത്തിരിപ്പിനും പ്രാർഥനയ്ക്കുമൊടുവിൽ ദൈവം സമ്മാനിച്ച കുഞ്ഞിനെ ദൈവത്തിനായി സമർപ്പിച്ചുകൊണ്ട് പരിത്യാഗത്തിന്റെ വലിയ മാതൃകയായി വിശുദ്ധ അന്ന മാറി. രക്ഷകനായ ഈശോയ്ക്ക് ജന്മം നൽകാൻ തന്റെ ജീവിതവും ഇഷ്ടങ്ങളും സ്വപ്നങ്ങളും ബലിചെയ്ത് ദൈവഹിതത്തിന് ആമേൻ പറഞ്ഞ വ്യക്തിയാണ് പരിശുദ്ധ മറിയം. യഥാർഥ മാതൃത്വത്തിന്റെയും പരിശുദ്ധമായ ജീവിതത്തിന്റെയും സഹനങ്ങളുടെയും മുൻപിലും കരുത്തുറ്റ വിശ്വാസത്തിന്റെ ഉടമയായി ഇന്നും പരിശുദ്ധ മറിയം തിരുസഭയെ സംരക്ഷിക്കുന്നു.

2. വി. മോനിക്കയും വി. അഗസ്റ്റിനും

വിശുദ്ധ മോനിക്കയുടെ നിരന്തരമായ പ്രാർഥനയുടെയും കണ്ണുനീരിന്റെയും ഫലമാണ് വിശുദ്ധരിൽ വിജ്ഞനായ അഗസ്റ്റിന്റെ ഹൃദയ പരിവർത്തനത്തിനു കാരണം. നിരന്തരമായ പ്രാർത്ഥനയുടെ സാന്നിധ്യമായി തിരുസഭയിൽ ഇന്നും അനേകരെ പ്രചോദിപ്പിക്കുകയാണ് വിശുദ്ധ മോനിക്ക. ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷം മുതൽ പഴയ ജീവിതത്തെ പൂർണ്ണമായും ഉപേക്ഷിച്ചുകൊണ്ട് അഗസ്റ്റിൻ പുതിയ വ്യക്തിയായിത്തീർന്നു. ഒരു നല്ല അമ്മ എങ്ങനെയായിരിക്കണമെന്നും ദുർനടപ്പുകാരായ മക്കളെ നിരന്തരമായ പ്രാർഥനയും ത്യാഗങ്ങളും മാനസാന്തരപ്പെടുത്തുമെന്നും ഇവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

3. വി. സെലിഗ്വരിനും വി. കൊച്ചുത്രേസ്യായും

നല്ല അമ്മയും ഭാര്യയുമായ വിശുദ്ധ സെലിഗ്വരിന്റെയും ഭർത്താവ് ലൂയി മാർട്ടിന്റെയും ജീവിതം തങ്ങളുടെ അഞ്ചു പെൺമക്കളെ സന്യാസ ജീവിതത്തിലേക്ക് ആനയിച്ചു. ആധ്യാത്മിക ശിശുത്വത്തിലൂടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴി കണ്ടെത്തിയ വിശുദ്ധ കൊച്ചുത്രേസ്യ ഈ നല്ല അമ്മയുടെ മകളാണ്.

4. വി. മാർഗരറ്റ് ഒച്ചീനയും വി. ഡോൺ ബോസ്കോയും

ദശലക്ഷക്കണക്കിന് ആളുകൾ ഇന്നും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വിശുദ്ധന്റെ അമ്മയായിരുന്നു മാർഗരറ്റ്. മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും സന്മാർഗ ബോധത്തിലും വളർത്താൻ മാർഗരറ്റ് എന്നും ശ്രദ്ധിച്ചിരുന്നു. തെരുവു കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ജീവിതം സമർപ്പിച്ച ഡോൺ ബോസ്കോയുടെ ഒരു സഹചാരി കൂടിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ മാർഗരറ്റ്. ഒരമ്മയുടെ വാത്സല്യവും സ്നേഹവും പകർന്ന് മകനോടൊപ്പം ശുശ്രൂഷ ചെയ്ത മാർഗരറ്റ് ‘മമ്മ മാർഗരറ്റ്’ എന്നാണ് കുട്ടികളുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്.

5. വി. ഫെലിസിദാദും മക്കളായ ഏഴു രക്തസാക്ഷികളും

റോമൻ രക്തസാക്ഷികളുടെ ലിസ്റ്റിൽ ഏറ്റവും പഴക്കമേറിയതും തിരുസഭ ഇന്നും അനുസ്മരിക്കുന്നതുമായ വിശുദ്ധയാണ് വിശുദ്ധ ഫെലിസിദാദും രക്തസാക്ഷികളായ ഏഴു മക്കളും. താനൊരു ക്രിസ്ത്യാനിയാണെന്ന് ചക്രവർത്തിക്കും നിയമസംവിധാനത്തിന് മുൻപിൽ ഏറ്റു പറഞ്ഞുകൊണ്ട് അവൾ മരണം വരിക്കുകയായിരുന്നു. തന്റെ ഏഴു മക്കളുടെയും രക്തസാക്ഷിത്വം കാണേണ്ടി വന്നപ്പോഴും വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാൻ മക്കളെ ധൈര്യപ്പെടുത്തിക്കൊണ്ട് വിശുദ്ധ ഫെലിസിദാദ് ശക്തമായി നിലകൊണ്ടു. ഒടുവിൽ ക്രിസ്തുവിൽ ഉള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഫെലിസിദാദും മരണം വരിച്ചു.

6. വി. സിൽവിയയും വി. ഗ്രിഗറിയും

മഹാനായ വിശുദ്ധ ഗ്രിഗറിയുടെ അമ്മയായിരുന്നു വിശുദ്ധ സിൽവിയ. വിശുദ്ധിയിലും ദൈവഭക്തിയിലും വളർന്നുവന്ന വിശുദ്ധ സിൽവിയ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും ഭർത്താവിന്റെ മരണശേഷം ഒരു സന്യാസിയെപ്പോലെ ജീവിക്കുകയും ചെയ്തു.

വിവർത്തനം: സി. നിമിഷറോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.