കുട്ടികൾക്ക് മൊബൈൽ ഫോണുകൾ ആവശ്യമോ?

സാങ്കേതികവിദ്യകൾ ഇന്ന് നിരവധി ആളുകൾക്ക് വലിയ സഹായമാണ്. എന്നിരുന്നാലും ഈ സാങ്കേതിക ഉപകരണങ്ങൾ, തലച്ചോറിന്റെ സാധാരണ പ്രവർത്തനങ്ങളായ ശ്രദ്ധ, ഏകാഗ്രത അല്ലെങ്കിൽ ആത്മനിയന്ത്രണം പോലെയുള്ളവയെ സാരമായി തന്നെ ബാധിക്കാൻ കെല്പുള്ളതാണ്. അതുകൊണ്ടു തന്നെ മിക്ക വിദഗ്ധരും, കുട്ടികൾ അവ ഉപയോഗിക്കരുതെന്ന് ശുപാർശ ചെയ്യുന്നുമുണ്ട്.

എന്നാൽ ചെറിയ കുട്ടികളിൽ സ്‌മാർട്ട്‌ ഫോണുകളുടെ ഉപയോഗം ആ ഉപകരണത്തോട് കൂടുതൽ ആസക്തിയുണ്ടാക്കുന്നു. മുതിർന്നവരിലും ഈ പ്രവണത തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സ്‌മാർട്ട്‌ ഫോണുകൾ ചെറിയ കുട്ടികളിൽ എത്തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും കുട്ടികളുടെ മസ്തിഷ്കം എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ അവയ്ക്ക് ഇതിലും വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചെറിയ കുട്ടികൾ കുറച്ചു ദിവസങ്ങളിൽ തുടർച്ചയായി സ്‌മാർട്ട്‌ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ തുടർന്നുള്ള ദിവസങ്ങളിലും അവർ ഫോൺ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. സ്‌മാർട്ട്‌ ഫോണുകളോട് കുട്ടികൾക്ക് എളുപ്പത്തിൽ തന്നെ ആസക്തിയുണ്ടാവുന്നു എന്നതിന്റെ ലക്ഷണമാണിത്. ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള ചില നിർദ്ദേശങ്ങളാണ് ചുവടെ ചേർക്കുന്നത്…

1. നിശ്ചിത സമയത്തു മാത്രം ഫോൺ നൽകുക 

കുട്ടികൾ സ്‌മാർട്ട്‌ ഫോണുകൾ ഉപയോഗിക്കാൻ എടുക്കുമ്പോൾ അവരോട് ‘മേലിൽ ഉപയോഗിക്കരുത്’, ‘ഇനി ഇത് ഉപയോഗിക്കുന്നതു കണ്ടാൽ’ തുടങ്ങിയ വാചകങ്ങൾ ഉപയോഗിക്കാതിരിക്കുക. പകരം ഒരു നിശ്ചിത സമയം പറയുക. അപ്പോൾ മാത്രമേ ഫോൺ തരികയുള്ളൂ എന്നും പറയുക.

2. അവധി ദിവസങ്ങളിൽ കുട്ടികളുമായി ഇടപഴകുക

സാധാരണയായി, കുട്ടികൾ വീട്ടിലായിരിക്കുമ്പോൾ സ്മാർട്ട് ഫോണുമായി കൂടുതൽ സമയം ചെലവഴിക്കാറുണ്ട്. ഈ ശീലത്തിൽ നിന്ന് അവരെ വിടുവിക്കുന്നതിന്, അവധി ദിവസങ്ങളിൽ വീട്ടിൽ നിന്ന് പുറത്തു പോകുന്നതും വ്യത്യസ്ത പരിസ്ഥിതികളിൽ ആയിരിക്കുകയോ ചെയ്യുന്നതും വളരെ സഹായകരമാണ്.

3. പ്രലോഭനം ഒഴിവാക്കുക

കുട്ടികൾ എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന സ്ഥലത്ത് സ്‌മാർട്ട്‌ ഫോണുകൾ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചിലപ്പോൾ അത് കാണുമ്പോഴായിരിക്കും അതെടുത്തു ഉപയോഗിക്കാനുള്ള പ്രലോഭനം അവർക്കുണ്ടാവുക. മാതാപിതാക്കൾ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം.

4. മുതിർന്നവർ ചെയ്തുകാണുന്നത് കുട്ടികൾ പഠിക്കും

പലപ്പോഴും മാതാപിതാക്കൾ മുഴുവൻ സമയവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് കുട്ടികൾ കാണുന്നത്. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും കുട്ടികൾക്കും അതു തന്നെ ചെയ്യാനുള്ള പ്രവണത ഉണ്ടാവുന്നു. അതുകൊണ്ട് കുട്ടികളുടെ മുമ്പിൽ വച്ച് മൊബൈൽ ഫോണുകൾ കഴിവതും ഉപയോഗിക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

5. കുട്ടികൾക്കായി വിനോദങ്ങൾ കണ്ടുപിടിക്കുക

സൈക്കിൾ ചവിട്ടുക, നീന്തുക, കളിക്കുക, മാതാപിതാക്കളും സഹോദരങ്ങളുമായി സംസാരിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക; അതിനായി അവരെ പ്രോത്സാഹിപ്പിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികൾ അനാവശ്യമായി ഫോൺ ഉപയോഗിക്കുന്ന ശീലം പതിയെ കുറച്ചു കൊണ്ടുവരാനാകും.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.