പാചകവാതകം ലാഭിച്ചുകൊണ്ട് കുറഞ്ഞ തീയിൽ തയ്യാറാക്കാവുന്ന ഏഴ് ഇന്ത്യൻ വിഭവങ്ങൾ

മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ കൂടുതലായും ബാധിച്ചിരിക്കുന്നത് ഓരോ കുടുംബത്തിന്റെയും അടുക്കളയിലാണ്. പാചകവാതക ക്ഷാമം അത്രത്തോളമാണ് ഓരോ കുടുംബത്തെയും ബാധിച്ചിരിക്കുന്നത്. എന്നാൽ അൽപം ബുദ്ധിപരമായി ചിന്തിച്ചാൽ, അൽപം ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാൽ അടുക്കളയിൽ ​ഗ്യാസിന്റെ ആയുസ് അൽപം കൂടി നമുക്ക് കൂട്ടാം. അതിനായി ഈ അവരസരത്തിൽ ബുദ്ധിപരമായ പാചകരീതികൾ ശീലമാക്കേണ്ടത് ഓരോ കുടുംബത്തിന്റെയും ആവശ്യമാണ്. രുചിയോ ഗുണമോ കുറയാതെ തന്നെ ഗ്യാസ് ലാഭിക്കാൻ സഹായിക്കുന്ന ഏഴ് വിഭവങ്ങളെ പരിചയപ്പെട്ടാലോ:

പോഹ (അവൽ ഉപ്പുമാവ്)

ഇന്ത്യൻ അടുക്കളകളിൽ ഏറ്റവും വേഗത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണ് അവൽ ഉപ്പുമാവ്. അവൽ നേരത്തെ തന്നെ പ്രോസസ്സ് ചെയ്ത ഒന്നായതിനാൽ, കഴുകി എടുക്കുമ്പോൾ തന്നെ അത് മൃദുവാകുന്നു. അതിനാൽ വളരെ കുറഞ്ഞ സമയം മാത്രം ഇത് അടുപ്പത്ത് വച്ചാൽ മതിയാകും. ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, പച്ചമുളക്, സവാള എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത ശേഷം കുതിർത്തു വെച്ചിരിക്കുന്ന അവൽ ചേർക്കുക. രണ്ട് മുതൽ മൂന്ന് മിനിറ്റ് വരെ നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനം അല്പം നാരങ്ങാനീര്, വറുത്ത നിലക്കടല, മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളമ്പാം. അഞ്ച് മിനിറ്റിൽ താഴെ മാത്രം ഗ്യാസ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ വിഭവമാണിത്.

ബേസൻ ചില്ല

കടലമാവ് ഉപയോഗിച്ച് വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു സ്വാദിഷ്ടമായ വിഭവമാണ് ബേഷൻ ചില്ല. ചൂടുള്ള പാനിൽ ഇത് പെട്ടെന്ന് വെന്തു കിട്ടുമെന്നതിനാൽ പാചകവാതകം വളരെ കുറച്ചു മാത്രമേ ചിലവാകൂ. ഒരു പാത്രത്തിൽ ഒരു കപ്പ് കടലമാവ് എടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടകളില്ലാതെ നന്നായി കലക്കിയെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, തക്കാളി, പച്ചമുളക്, മല്ലിയില, ഉപ്പ്, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. അല്പം എണ്ണ പുരട്ടിയ ദോശക്കല്ല് ചൂടാക്കുക. ഒരു തവി മാവ് ഒഴിച്ച് ദോശ പോലെ പരത്തുക. ഓരോ വശവും ഏകദേശം ഒരു മിനിറ്റ് വീതം സ്വർണ്ണ നിറമാകുന്നത് വരെ വേവിക്കുക. ഓരോ ദോശയും വളരെ വേഗത്തിൽ വെന്തു കിട്ടുന്നതിനാൽ മൊത്തത്തിലുള്ള ഗ്യാസ് ഉപയോഗം വളരെ കുറവായിരിക്കും.

ചെറുപയർ പരിപ്പ് കിച്ചടി കുക്കറിൽ

പ്രഷർ കുക്കർ ഉപയോഗിച്ച് വളരെ വേഗത്തിലും കുറഞ്ഞ ഗ്യാസ് ഉപയോഗിച്ചും തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ചെറുപയർ പരിപ്പ് കിച്ചടി. അരിയും പരിപ്പും പച്ചക്കറികളും ഒന്നിച്ച് വേവിക്കുന്നത് വഴി ​ഗ്യാസ് ലാഭിക്കാം. അരിയും പരിപ്പും നന്നായി കഴുകി 20-30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കുക. ഇത് വേഗത്തിൽ വേവാൻ സഹായിക്കും. പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക. അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. തുടർന്ന് തക്കാളിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക. കുതിർത്തു വച്ച അരിയും പരിപ്പും ഇതിലേക്ക് ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. 3-4 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കിയ ശേഷം കുക്കർ അടയ്ക്കുക. ഇടത്തരം തീയിൽ 2 വിസിൽ വരുന്നത് വരെ വേവിക്കുക. രണ്ടാമത്തെ വിസിൽ വന്നാലുടൻ ഗ്യാസ് ഓഫ് ചെയ്യുക. കുക്കറിലെ വിസിൽ തനിയെ പോകുന്നത് വരെ കാത്തിരിക്കുക. ഈ സമയം കൊണ്ട് ബാക്കി ഭാഗം വെന്തിരിക്കും. പ്രഷർ കുക്കറിലെ ആവി ഉപയോഗിച്ച് ബാക്കി വേവ് പൂർത്തിയാക്കുന്നത് വഴി ഗ്യാസ് വലിയ രീതിയിൽ ലാഭിക്കാം.

തൈര് സാദം

പാചകവാതകം ഒട്ടും തന്നെ ചെലവാക്കാതെ അല്ലെങ്കിൽ വളരെ കുറഞ്ഞ സമയം മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏറ്റവും മികച്ച വിഭവമാണ് തൈര് സാദം. ഇതിനായി തലേദിവസത്തെ ചോറോ അല്ലെങ്കിൽ നേരത്തെ വേവിച്ചു വച്ച ചോറോ ഉപയോഗിക്കാം. വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് നൽകാനും ദഹനം എളുപ്പമാക്കാനും ഈ വിഭവം സഹായിക്കുന്നു. ഇത് തയ്യാറാക്കാനായി വേവിച്ചു വച്ചിരിക്കുന്ന ചോർ ഒരു പാത്രത്തിലിട്ട് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് തൈര്, പാൽ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മിശ്രിതം നല്ലപോലെ കുഴഞ്ഞിരിക്കണം. ഒരു ചെറിയ പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഉഴുന്നുപരിപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഈ വറുത്തിട്ട മിശ്രിതം തയ്യാറാക്കി വച്ചിരിക്കുന്ന തൈര്-ചോർ കൂട്ടിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. മുകളിൽ മല്ലിയിലയോ മാതളനാരങ്ങയോ കാരറ്റോ വിതറി വിളമ്പാം. കടുക് വറുക്കാൻ വേണ്ടി മാത്രം ഒരു മിനിറ്റിൽ താഴെ സമയം ഗ്യാസ് ഉപയോഗിച്ചാൽ മതിയാകും.

മസാല ഓംലെറ്റ് വിത്ത് ബ്രെഡ്

മുട്ട ഉപയോഗിച്ചുള്ള വിഭവങ്ങൾ വളരെ വേഗത്തിൽ പാകം ചെയ്യാവുന്നതും ഉയർന്ന പ്രോട്ടീൻ അടങ്ങിയതുമാണ്. വളരെ കുറഞ്ഞ സമയം മാത്രം അടുപ്പ് കത്തിച്ചാൽ മതിയെന്നതിനാൽ ഗ്യാസ് ലാഭിക്കാൻ ഇത് സഹായിക്കുന്നു. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഒരു ദോശക്കല്ലിലോ പാനിലോ അല്പം എണ്ണ പുരട്ടി ചൂടാക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട മിശ്രിതം പാനിലേക്ക് പരത്തി ഒഴിക്കുക. ഓരോ വശവും ഏകദേശം ഒരു മിനിറ്റ് വീതം വേവിക്കുക. ബ്രെഡിനോടൊപ്പമോ അല്ലെങ്കിൽ വെറുതെയോ കെച്ചപ്പ് ചേർത്ത് കഴിക്കാം.

ലെമൺ റൈസ്

ബാക്കി വന്ന ചോറ് ഉപയോഗിച്ച് അതിവേഗത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ലെമൺ റൈസ്. ചോറ് നേരത്തെ തന്നെ വേവിച്ചതായതുകൊണ്ട് ഇതിന് വളരെ കുറഞ്ഞ പാചകസമയം മാത്രമേ ആവശ്യമുള്ളൂ. നാരങ്ങയുടെ പുളിയും വറുത്ത നിലക്കടലയുടെ മൊരിഞ്ഞ രുചിയും ഈ വിഭവത്തിന് പ്രത്യേക രുചി നൽകുന്നു. ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് നിലക്കടല, കറിവേപ്പില, അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്ത് കുറച്ചു സമയം വഴറ്റുക. ഇതിലേക്ക് 1-2 കപ്പ് വേവിച്ചു വച്ചിരിക്കുന്ന ചോറും ആവശ്യത്തിന് ഉപ്പും ചേർക്കുക. രണ്ട് മിനിറ്റ് നേരം കുറഞ്ഞ തീയിൽ ചോർ നന്നായി ഇളക്കി യോജിപ്പിക്കുക. ഗ്യാസ് ഓഫ് ചെയ്ത ശേഷം ആവശ്യത്തിന് നാരങ്ങാനീരും അരിഞ്ഞ മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക.

മുളപ്പിച്ച പയർ ചാട്ട്

പാചകവാതകം ഒട്ടും തന്നെ ആവശ്യമില്ലാത്തതും എന്നാൽ അതീവ പോഷകഗുണമുള്ളതുമായ ഒരു വിഭവമാണ് മുളപ്പിച്ച പയർ ചാട്ട്. ഒരു വലിയ പാത്രത്തിൽ മുളപ്പിച്ചു വച്ചിരിക്കുന്ന ചെറുപയറോ കടലയോ എടുക്കുക. (പയർ അല്പം മൃദുവാകണമെന്ന് നിർബന്ധമുണ്ടെങ്കിൽ മാത്രം തിളച്ച വെള്ളത്തിൽ 2 മിനിറ്റ് ഇട്ടു വെക്കാം, ഗ്യാസ് കത്തിക്കേണ്ടതില്ല). ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ചേർക്കുക. ചാട്ട് മസാല, ഉപ്പ്, കുരുമുളക് പൊടി എന്നിവ വിതറി നന്നായി ഇളക്കുക. അവസാനം നാരങ്ങാനീര് ചേർത്ത് ഒരിക്കൽ കൂടി ഇളക്കി വിളമ്പാം. വേണമെങ്കിൽ മുകളിൽ അല്പം വറുത്ത നിലക്കടല ചേർക്കുന്നത് രുചി വർധിപ്പിക്കും. ഇതിന് ഒട്ടും തന്നെ പാചകവാതകം ആവശ്യമില്ല. വേനൽക്കാലത്ത് അടുക്കളയിലെ ചൂടേൽക്കാതെ തന്നെ ആരോഗ്യകരമായ ഒരു ഭക്ഷണം ഇതിലൂടെ ലഭിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.