വ്യത്യസ്തമായൊരു റൂട്ട് മാപ്പ്!

മനുഷ്യമനസാക്ഷിയെ മരണ ഭീതിയിൽ ആഴ്ത്തിയ കോവിഡ് 19 ഇന്നൊരു പഴങ്കഥയായി. ഇന്നിപ്പോൾ ആർക്കും ആ കൊറോണ വൈറസിനെ പേടിയില്ല. എന്നാൽ ഭീതിജനകമായ അക്കാലത്ത് അങ്ങനെയല്ലായിരുന്നു. ഒരു ചാറ്റൽ മഴപോലെ വന്ന് കൊടുങ്കാറ്റായ് വീശിയ വൈറസ് ഒരുപാട് പേരുടെ പ്രാണനപഹരിച്ചാണ് മടങ്ങിയത്. കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസും
ചൈനയിൽ നിന്നും വന്ന ആ വ്യക്തിയുടെ സഞ്ചാരപഥങ്ങളും ഒരാവർത്തികൂടി വായിക്കുന്നത് നല്ലതാണ്.

ചൈനയിലെ വുഹാൻ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന 23 കാരന്റെ അന്നത്തെ യാത്ര, മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. ആ യുവാവിന്റെ യാത്രയിലൂടെയാണ് റൂട്ട് മാപ്പ് എന്ന വാക്കിന്റെ പ്രശസ്തിക്ക് ആരംഭം കുറിച്ചത്!

2020 ജനുവരി 22 നാണ് അയാൾ ചൈനയിൽ നിന്നും യാത്ര തിരിച്ചത്. വുഹാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒരു ടാക്സിയിൽ റെയിൽവേ സ്റ്റേഷനിലേക്ക്. ട്രെയിൻ മാർഗം ജനുവരി 23 ന് ഗ്വാങ്‌ഷൂവിൽ എത്തുന്നു. ഇന്ത്യയിൽ നിന്നുള്ള മറ്റ് 16 വിദ്യാർത്ഥികളോടൊപ്പം ജനുവരി 25 വരെ അവിടെ താമസിച്ചു.

ജനുവരി 25 ന് ഗ്വാങ്‌ഷൂവിൽ നിന്ന് കൊൽക്കത്തയിലേക്ക്. അവിടെ നിന്ന് മറ്റൊരു വിമാനത്തിൽ അന്നു തന്നെ ബെംഗളൂരുവിലേക്ക്. തുടർന്ന് ടാക്സിയിൽ ബെംഗളൂരുവിലെ ഹോട്ടൽ മുറിയിലേക്ക്. ജനുവരി 26 ന് ബെംഗളൂരുവിൽ നിന്നും വിമാനത്തിൽ നെടുമ്പാശേരിയിലെത്തുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ടാക്സിയിൽ. അവിടെ നിന്നും കാസർഗോട്ടേക്ക് പോകുന്ന ട്രെയിനിന്റെ സ്ലീപ്പർ കമ്പാർട്ടുമെന്റിൽ കയറിയെങ്കിലും ബെർത്ത് ലഭിക്കാത്തതിനാൽ അങ്കമാലി സ്റ്റേഷനിൽ ഇറങ്ങുന്നു. ഓട്ടോറിക്ഷയിൽ ഒരു ഹോട്ടലിലെത്തുന്നു. ജനുവരി 27 വരെ ഹോട്ടലിൽ താമസം. തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷനിലേക്കൊരു ബസ് യാത്ര. അവിടെ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുന്ന ട്രെയിനിൽ കയറി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റ് രണ്ട് പേരോടൊപ്പം ഒരു സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്ത് ജനുവരി 27 ന് രാത്രി വീട്ടിലെത്തുന്നു.

വുഹാനിൽ നിന്ന് കൊൽക്കത്ത വരെ സംരക്ഷണ മാസ്കുകൾ ധരിച്ചിരുന്നെങ്കിലും പിന്നീട് ധരിച്ചിരുന്നില്ലത്രെ! ജനുവരി 28 ന് ജില്ലാ കൊറോണ നിയന്ത്രണ കേന്ദ്രവുമായി ബന്ധപ്പെടുകയും താൻ എത്തിയ വിവരം അറിയിക്കുകയും ചെയ്തു. തുടർ പരിശോധനയിൽ അദ്ദേഹത്തിന് കൊറോണയാണെന്ന് ഉറപ്പിച്ചു. തുടർന്ന് ക്വാറൻ്റൈൻ പൂർത്തീകരിച്ച ആ യുവാവ് ഒരുമാസത്തിന് ശേഷമാണ് പുറംലോകം കണ്ടത്!

അദ്ദേഹത്തിൻ്റെ റൂട്ട് മാപ്പനുസരിച്ച് ആദ്യത്തെ കോൺടാക്ട് ലിസ്റ്റിൽ 189 പേരും രണ്ടാമത്തേതിൽ 305 പേരുമാണ് ഉൾപ്പെട്ടിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ആ യുവാവേറ്റ പഴികളും വിമർശനങ്ങളും ഊഹിക്കാവുന്നതിൽ അധികമാണ്.

പെട്ടന്നിത് ഓർത്തെടുക്കാൻ കാരണം മറ്റൊരു റൂട്ട് മാപ്പിനെക്കുറിച്ചുള്ള ചിന്തയാണ്. മറ്റാരുടേതുമല്ല ദൈവപുത്രനായ ക്രിസ്തുവിന്റെ. ലോകരക്ഷയ്ക്കു വേണ്ടി സ്വർഗ്ഗം വിട്ട് ഭൂമിയിൽ വരികയും നസ്രത്തിലെ ഒരു കുഗ്രാമത്തിൽ ജനിക്കുകയും കേവലം മുപ്പത്തിമൂന്ന് വർഷങ്ങൾക്കു ശേഷം തിരികെ മടങ്ങുകയും എന്നാൽ ഇന്നും സജീവ സാനിധ്യമായ് നമുക്കിടയിൽ വസിക്കുകയും ചെയ്യുന്ന ക്രിസ്തുവിൻ്റെ റൂട്ട് മാപ്പാണ് നാം ഓർക്കേണ്ടത്.

നീ എവിടെ നിന്ന് വരുന്നു. എവിടേക്ക് പോകുന്നു എന്ന് ചോദിച്ച ശിഷ്യരോട് അവിടുന്ന് പറയുന്ന ഉത്തരം ശ്രദ്ധേയമാണ്: “വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” (യോഹ 14: 6). അനേകം വാസസ്ഥലങ്ങളുള്ള പിതാവിന്റെ വസതിയിലേക്ക് നമ്മെ കൊണ്ടുപോകാനാണ് അവിടുന്ന് വന്നതെന്ന് പറയുമ്പോൾ നമ്മോടുള്ള അവിടുത്തെ സ്നേഹം എത്രയോ വലുതാണ്!

മറ്റുള്ളവരുടെ കാര്യങ്ങൾ ചികഞ്ഞെടുക്കാനുള്ള ജിജ്ഞാസയുടെ ചെറിയൊരു ശതമാനമെങ്കിലും ക്രിസ്തുവിനെക്കുറിച്ചോ അവിടുത്തെ വഴികളെക്കുറിച്ചോ അറിയാൻ നാം കാണിച്ചിരുന്നെങ്കിൽ നമ്മിൽ എത്രമാത്രം മാറ്റം സംഭവിക്കുമായിരുന്നു.

അവിടുന്ന് സഞ്ചരിച്ച വഴി സഹനത്തിന്റെ, ത്യാഗത്തിന്റെ, സ്നേഹത്തിന്റെ, പരോപകാരത്തിന്റെ വഴികളാണ്. ആ വഴികളിലൂടെയല്ലാതെ ആർക്കും അവിടുന്നൊരുക്കിയ വാസസ്ഥലത്ത് എത്തിച്ചേരുവാനാകില്ലെന്ന തിരിച്ചറിവ് നമ്മെ നയിക്കട്ടെ.

ഫാദർ ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.