ക്രിസ്തുമസ് കാലത്തെ ചില വ്യത്യസ്ത പാരമ്പര്യങ്ങൾ

ആഗമനകാലത്തിൽ വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും വ്യത്യസ്ത പാരമ്പര്യങ്ങൾ ആചരിക്കാറുണ്ട്. ക്രിസ്തുവിന്റെ ജനനം ആഘോഷിക്കാൻ കാത്തിരിക്കുന്ന ഈ അവസരത്തിൽ ആഗമനകാലത്തിൽ ആചരിക്കുന്ന വ്യത്യസ്ത പാരമ്പര്യങ്ങളിൽ ചിലത് നമുക്കൊന്ന് പരിചയപ്പെടാം.

1. ജനലിനരികിൽ കത്തിച്ച മെഴുകുതിരി

1970 -കളിൽ അയർലണ്ടിലെ ഗ്രാമീണമേഖലകളിൽ സാധാരയായി ആചരിച്ചുപോന്നിരുന്ന ഒരു രീതിയാണ്, ജനലിനരികിൽ മെഴുകുതിരി കത്തിച്ചുവയ്ക്കുക എന്നത്. ജോസഫിനെയും മറിയത്തെയും സ്വാഗതംചെയ്യുന്നതിനായിട്ടാണ് ജനലിനരികിൽ മെഴുകുതിരി സ്ഥാപിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള ബഹുമാനാർഥം കുടുംബനാഥയാണ് മെഴുകുതിരി തെളിക്കുകയും അണയ്ക്കുകയും ചെയ്യുന്നത്.

2. ഫിർ കൊണ്ട് നിർമ്മിച്ച ആഗമന കലണ്ടർ

ജർമ്മനിയിൽ, 24 പെട്ടികളാൽ അലങ്കരിച്ച്, സരളവൃക്ഷത്തിന്റെ ശാഖകൾകൊണ്ടാണ് ആഗമനകാലത്തിന്റെ കലണ്ടർ നിർമ്മിച്ചിരിക്കുന്നത്. ഓരോ പെട്ടിക്കുള്ളിലും ചെറിയ ഒരു സമ്മാനവും ഒരുക്കിയിട്ടുണ്ട്.

3. ക്രിസ്റ്റ്കിൻഡ് അഥവാ ക്രൈസ്റ്റ് ചൈൽഡ്

ജർമ്മനിയിലെ ന്യൂറെൻബെർഗിൽ, ഒരു പെൺകുട്ടിയെ ക്രിസ്റ്റ്കിൻഡ് അല്ലെങ്കിൽ ക്രൈസ്റ്റ് ചൈൽഡ് എന്ന് വിളിക്കുന്നു. അവൾ ഒരു മാലാഖയെപ്പോലെ, വെള്ളയും സ്വർണവും കലർന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് തലയിൽ സ്വർണകിരീടവും ധരിച്ചിട്ടുണ്ടാകും. ക്രിസ്തുമസിനുമുമ്പുള്ള വെള്ളിയാഴ്ച ആരംഭിക്കുന്ന ക്രിസ്തുമസ് മാർക്കറ്റ് തുറക്കുന്നതിനുമുമ്പ് നടക്കുന്ന പരേഡിൽ ഈ പെൺകുട്ടി പങ്കെടുക്കുന്നു.

4. പാസ്റ്റററ്റ്‌സ്

സ്പെയിനിലെ വിവിധ പ്രദേശങ്ങളിൽ, ക്രിസ്തുമസ് നാടകത്തിൽ പങ്കെടുക്കാൻ പ്രദേശവാസികൾ ഒത്തുകൂടുന്നു. ഇതിനെയാണ് പാസ്റ്ററെറ്റ് എന്ന് വിളിക്കുന്നത്. ബൈബിളിൽനിന്നുള്ള വായനയും പാട്ടുകളും ഉപയോഗിച്ച് വിവിധ പട്ടണങ്ങളിൽ ക്രിസ്തുവിന്റെ ജനനത്തെ ജീവസുറ്റതാക്കുന്നു.

5. നൊവേനയും കരോൾ ഗാനവും

ഇറ്റലിയിൽ ആഗമനകാലത്തിൽ ജപമാലയുമായി ബന്ധിപ്പിച്ചിരിക്കുന്ന നൊവേന  ചൊല്ലുന്ന പതിവുണ്ട്. നവംബർ 30 -ന് വി. അന്ത്രയോസിന്റെ തിരുനാൾമുതൽ ക്രിസ്തുമസ് ദിനംവരെ 15 തവണ ഈ പ്രാർഥന ആവർത്തിക്കുന്നു. പരമ്പരാഗതമായി, ക്രിസ്മസിനുമുമ്പുള്ള ഒമ്പതുദിവസങ്ങളിൽ എല്ലാദിവസവും ജപമാല ചൊല്ലാറുണ്ട്. ഇക്കാലത്ത് കുട്ടികൾ കരോൾ പാടാനും മിഠായികൾ സ്വീകരിക്കാനും പ്രാർഥനയ്ക്കുശേഷം തെരുവിലിറങ്ങുന്നു.

6. പുൽക്കൂടിനു മുൻപിൽ പ്രത്യേക പ്രാർഥനകൾ

ഇറ്റലിയിൽ, വീട്ടിൽതന്നെ ഈശോയുടെ ജനനരംഗങ്ങൾ ആവിഷ്കരിക്കുന്നു. ആഗമനകാലത്തിന്റെ ആരംഭംമുതൽ എല്ലാദിവസവും രാവിലെ വീട്ടുകാർ അവയുടെ മുൻപിൽ പ്രാർഥിക്കാനും മെഴുകുതിരി കത്തിക്കാനും ഒത്തുകൂടുന്നു.

7. നോമ്പ്

കേരളത്തിൽ, കത്തോലിക്കർ ഡിസംബർ ഒന്നുമുതൽ ക്രിസ്തുമസ് രാത്രിയിലെ പരിശുദ്ധ കുർബാനവരെ നോമ്പെടുക്കുന്ന രീതിയുണ്ട്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.