സെന്റ്‌ തോമസ് അപ്പസ്‌തോലിക് സെമിനാരിയും പൗരസ്ത്യ വിദ്യാപീഠവും ജൂബിലി നിറവില്‍

1962 ജൂലൈ 3-ന് ഉദ്ഘാടനം ചെയ്യപ്പെട്ട കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി ഡയമണ്ട് ജൂബിലി ആഘോഷിക്കുകയാണ്. ഒപ്പം, 1982-ൽ സ്ഥാപിതമായ പൗരസ്ത്യ ദൈവശാസ്ത്ര വിഷയങ്ങളുടെ പഠനകേന്ദ്രമായ പൗരസ്ത്യ വിദ്യാപീഠം റൂബി ജൂബിലിയുടെ നിറവിലാണ്. സീറോമലബാര്‍ സഭയുടെ വൈദികപരിശീലന കേന്ദ്രവും വൈജ്ഞാനിക ശിക്ഷണകേന്ദ്രവുമായ ഈ സ്ഥാപനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ മാത്രം ഉല്പന്നങ്ങളല്ല, മറിച്ച് നൂറ്റാണ്ടുകളായി ഭാരത മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ ചരിത്രത്തിലും പാരമ്പര്യത്തിലും നിലനിന്നിരുന്ന ക്രമത്തിന്റെ കാലോചിതമായ തുടര്‍ച്ചയാണ്.

വൈദികപരിശീലനത്തിന്റെ നാള്‍വഴികള്‍

മാര്‍ത്തോമ്മ നസ്രാണികള്‍ ഭാരതീയ സംസ്‌കാരത്തിലൂന്നിയ ജീവിതം നയിച്ചിരുന്ന കാലത്തും സുറിയാനി അനുഭവസമ്പന്നനും അഭ്യസ്തവിദ്യനുമായ മുതിര്‍ന്ന വൈദികരുടെ അടുക്കല്‍ അര്‍ത്ഥികള്‍ പരിശീലനം നേടുകയും അവര്‍ സ്വീകരിക്കുന്ന വൈദികാന്തസിന് ആവശ്യമായ അറിവ് സമ്പാദിക്കുകയും ചെയ്യുന്ന രീതിയാണ് ഗുരുകുല മല്‍പാനേറ്റ് സംവിധാനം നിലവിലിരുന്നത്. 1545 മുതല്‍ 1563 വരെ നടത്തപ്പെട്ട ത്രെന്തോസ് സൂനഹദോസാണ് കത്തോലിക്കാ സഭയില്‍ സെമിനാരികള്‍ സ്ഥാപിച്ച് നിയതമായ ക്രമത്തില്‍ വൈദികപരിശീലനം നടത്തണമെന്ന് ഔദ്യോഗികമായി നിര്‍ദ്ദേശിച്ചത്.

പതിനാറാം നൂറ്റാണ്ടില്‍ മലബാറിലെത്തിയ വിദേശ മിഷനറിമാര്‍ അപ്രകാരമുള്ള സെമിനാരികള്‍ സ്ഥാപിച്ചു. സീറോമലബാര്‍ സഭാ ഹൈരാര്‍ക്കിയും സ്വത്വബോധവും
സീറോമലബാര്‍ സഭ അതിന്റെ സ്വത്വബോധം വീണ്ടെടുക്കുന്ന പാതയിലായിരുന്നു ഇരുപതാം നൂറ്റാണ്ടില്‍. 1923-ല്‍ റോമാ സിംഹാസനം എറണാകുളം ആസ്ഥാനമാക്കി സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചു. സഭയുടെ സുറിയാനിബന്ധം, വ്യക്തിത്വം, തനിമ, ആരാധനാക്രമം എന്നിങ്ങനെയുള്ള വിവിധ തലങ്ങളെക്കുറിച്ചുള്ള അന്വേഷണവും പഠനവും അക്കാലങ്ങളില്‍ ശക്തിപ്പെട്ടു വന്നിരുന്നു. പതിനൊന്നാം പീയൂസ് മാര്‍പാപ്പയുടെ കാലത്ത് പൗരസ്ത്യസഭകള്‍ അവയുടെ പാരമ്പര്യവും ചൈതന്യവും വീണ്ടെടുക്കണമെന്ന ദിശാബോധമാണ് റോം പ്രസ്തുത സഭകള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. കൂടാതെ, കേരളസഭയില്‍, പ്രത്യേകിച്ച് സീറോമലബാര്‍ സഭയിലെ ദൈവവിളികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് അഭൂതപൂര്‍വ്വമായിരുന്നു.

വടവാതൂര്‍ സെമിനാരി

സീറോമലബാര്‍ ചരിത്രം, ദൈവശാസ്ത്രം, പൗരസ്ത്യ സുറിയാനി ആരാധനാക്രമം, ദൈവശാസ്ത്ര വിജ്ഞാനശാഖകള്‍ എന്നിവയില്‍ ഉറപ്പിക്കപ്പെട്ട വൈജ്ഞാനിക ശിക്ഷണവും പരിശീലനവും നടപ്പാക്കപ്പെടുന്നതിന് ഒരു പരിശീലനകേന്ദ്രം വേണമെന്ന ചിന്ത അക്കാലത്ത് സീറോമലബാര്‍ സഭാതനയരില്‍ രൂഢമൂലമായി. വ്യക്തിസഭകളുടെ പ്രാധാന്യവും പരിശീലനത്തിനുള്ള അവകാശവും അറിയാമായിരുന്ന കര്‍ദ്ദിനാള്‍ ടിസ്സറാങ്, മാറുന്ന സാഹചര്യങ്ങള്‍ പഠനവിധേയമാക്കി. മംഗലപ്പുഴ സെമിനാരിയുടെ തുടര്‍ച്ചയായി (എക്‌സ്റ്റെന്‍ഷന്‍) കര്‍മ്മലഗിരി സെമിനാരി സ്ഥാപിച്ചെങ്കിലും ദൈവവിളികളുടെ എണ്ണത്തിലുള്ള വളര്‍ച്ചക്കനുസരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ അവയ്ക്കാകുമായിരുന്നില്ല.

പുതിയ ഒരു സെമിനാരിക്കെട്ടിടത്തിന് സ്ഥലം കണ്ടെത്താന്‍ പൗരസ്ത്യ തിരുസംഘം ചുമതലപ്പെടുത്തിയത് മംഗലപ്പുഴ (ആലുവ) സെമിനാരിയുടെ സുപ്പീരിയറെയാണ്. അവിടുത്തെ പ്രൊക്കുറേറ്ററായിരുന്ന ഫാ. വിക്ടറില്‍ ഈ നിയോഗം വന്നുചേര്‍ന്നു. അദ്ദേഹമാണ് കോട്ടയം വടവാതൂര്‍കുന്നില്‍ സെമിനാരിക്കായുള്ള സ്ഥലം കണ്ടെത്തിയത്. സെമിനാരിയുടെ വസ്തു വാങ്ങാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പദ്ധതിയും എസ്റ്റിമേറ്റും തയ്യാറാക്കാനും കര്‍മ്മലീത്താ വൈദികരോട് പൗരസ്ത്യ തിരുസംഘം ആവശ്യപ്പെട്ടെങ്കിലും സ്ഥാപിക്കപ്പെടുന്ന സെമിനാരി സീറോമലബാര്‍ രൂപതകള്‍ക്കു വേണ്ടിയുള്ള ഒരു പുതിയ സെമിനാരി ആവണമെന്നതായിരുന്നു റോമിന്റെ ആഗ്രഹം.

പുതിയ സെമിനാരിയുടെ ആരംഭവും നടത്തിപ്പും

സീറോമലബാര്‍ റീത്തിനായുള്ള പുതിയ സെമിനാരിക്കു വേണ്ട ആദ്യക്രമീകരണങ്ങള്‍ നടത്തിയത് കര്‍മ്മലീത്താ വൈദികരായിരുന്ന വിക്ടറച്ചനും മൈക്കിള്‍ ആഞ്ചലോ അച്ചനുമായിരുന്നെങ്കിലും തുടര്‍ന്നുള്ള നിര്‍മ്മാണം, ഫണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചങ്ങനാശേരി മെത്രാപ്പോലീത്ത കാവുകാട്ടു പിതാവിനെയാണ് തിരുസംഘം ചുമതലപ്പെടുത്തിയത്.

1961 ഏപ്രില്‍ 9-ന്, അദ്ദേഹം ശിലാസ്ഥാപനം നിര്‍വ്വഹിച്ച സെമിനാരിയുടെ പണി 1962 ജൂണില്‍ ഭാഗികമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ജൂലൈ 3-ന് എറണാകുളം മെത്രാപ്പോലീത്ത പാറേക്കാട്ടില്‍ പിതാവ് സെമിനാരി വെഞ്ചരിച്ചു; കാവുകാട്ട് പിതാവ് അധ്യയനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം  ചെയ്തു.

സെമിനാരിയുടെ നടത്തിപ്പ് സീറോമലബാര്‍ മെത്രാന്മാരെയാണ് റോം ചുമതലപ്പെടുത്തിയത്. അധ്യായന വിഭാഗത്തിന്റ മേല്‍നോട്ടത്തിനായി പാറേക്കാട്ടില്‍ പിതാവിനെയും ഭരണപരമായ നടത്തിപ്പിനായി കാവുകാട്ടു പിതാവിനെയും ശിക്ഷണ (Discipline) കാര്യത്തിന്റെ നടത്തിപ്പിനായി കോട്ടയം മെത്രാന്‍ തറയില്‍ പിതാവിനെയും സീറോമലബാര്‍ മെത്രാന്മാരുടെ കോണ്‍ഫറന്‍സ് തെരെഞ്ഞെടുത്തു. തദ്ദേശീയമായ പരിശീലനത്തിലും ശിക്ഷണത്തിലുമാണ് സഭാതനയര്‍ വളര്‍ന്നു വരേണ്ടതെന്ന ഉത്തമബോധ്യമുണ്ടായിരുന്ന പൗരസ്ത്യ തിരുസംഘം സീറോമലബാര്‍ സഭയിലെ തന്നെ വൈദികരെ റെക്ടറും പരിശീലകരുമാക്കാന്‍ നിര്‍ബന്ധം ചെലുത്തുകയും ചെയ്തു.

ഫാ. കുര്യന്‍ വഞ്ചിപ്പുരക്കലിന്റെ (വൈസ് റെക്ടര്‍ – പിന്നീട് റെക്ടര്‍) നേതൃത്തിലുള്ള പരിശീലകരായിരുന്നു ആദ്യ സ്റ്റാഫംഗങ്ങള്‍. 1962-ല്‍ ഫിലോസഫി ആദ്യ ബാച്ചോടു കൂടെ പ്രവര്‍ത്തനം ആരംഭിച്ച സെമിനാരിയിലെ ആദ്യ ബാച്ചുകാര്‍ പഠനം പൂര്‍ത്തിയാക്കിയത് 1968-ലാണ്.

പൗരസ്ത്യ വിദ്യാപീഠം

സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ അക്കാദമിക് നടത്തിപ്പ് നിര്‍വ്വഹിച്ചിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്വയാധികാര സംവിധാനമായി ഉയര്‍ത്തപ്പെട്ടതാണ് പൗരസ്ത്യ വിദ്യാപീഠം അഥവ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ്. സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ സീറോമലബാര്‍ സഭയിലെ രൂപതകളിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്. സീറോമലങ്കര സഭയിലെയും ലത്തീന്‍ സഭയിലെയും വൈദികാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുന്നതിന് സെമിനാരിക്ക് അവകാശമുണ്ട്.

വൈജ്ഞാനിക പരിശീലനമേഖലയിലെ വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട് കത്തോലിക്കാ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള തിരുസംഘം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ടുമായി വിദ്യാപീഠത്തിന്റെ ദൈവശാസ്ത്ര വിഭാഗത്തെ അഫീലിയേറ്റ് ചെയ്തു. 1983 ജൂലൈ 3-ാം തീയതി പ്രകാരമുള്ള രേഖവഴി ദൈവശാസ്ത്ര അക്കാദമി വിഭാഗത്തെ ബിരുദം (B Th), ബിരുദാനന്തര ബിരുദം (M Th), ഡോക്ടറേറ്റ് (D Th) എന്നിവ നല്‍കാന്‍ അധികാരമുള്ള സ്വതന്ത്രവിഭാഗമായി ഉയര്‍ത്തിയത് വിദ്യാപീഠത്തിന്റെ ചരിത്രത്തിലെ വളര്‍ച്ചയുടെ നാഴികക്കല്ലായിരുന്നു.

1985 മുതല്‍ വിദ്യാപീഠത്തിന് ഫിലോസഫി ബിരുദം നല്‍കാനുള്ള അധികാരവും 2017-ല്‍ കാനന്‍ നിയമത്തില്‍ ലൈസന്‍ളിയേറ്റ് റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഗ്രഗേറ്റ് ചെയ്തുനല്‍കാനുള്ള അനുമതിയും ലഭിച്ചുവെന്നത് വൈജ്ഞാനിക മേഖലയിലെ വളര്‍ച്ചയുടെ പടവുകളാണ്.

സുറിയാനി പാരമ്പര്യത്തിലും മാര്‍ത്തോമ്മ പൈതൃകത്തിലുമുള്ള സഭകളില്‍ നിന്നുള്ളവര്‍ക്കുള്ള ഒരു സംഗമവേദിയും പഠനകേന്ദ്രവുമെന്ന നിലയില്‍ പൗരസ്ത്യ വിദ്യാപീഠം ഒരു എക്യൂമെനിക്കല്‍ കേന്ദ്രമാണ്. കത്തോലിക്കാ പ്രബോധനങ്ങളിലൂന്നിയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു പഠനകേന്ദ്രമെന്ന നിലയിലും സുറിയാനി ഭാഷാ, ആരാധനാക്രമം, വിജ്ഞാനം എന്നിവയുടെ പരിപോഷക എന്ന നിലയിലും ആധുനിക എദേസ എന്ന പേരിനും പൗരസ്ത്യ വിദ്യാപീഠം അര്‍ഹയാണ്. ഉന്നത വിദ്യാഭ്യാസകേന്ദ്രം എന്ന വിദ്യാപീഠത്തോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളാണ്. സെമിനാരിയുടെയും വിദ്യാപീഠത്തിന്റെയും വളര്‍ച്ചയുടെ ചരിത്രം സൂചിപ്പിക്കുന്നത്, തദ്ദേശീയ മല്പാന്മാരുടെ കീഴില്‍ പരിശീലനം നടത്തിക്കൊണ്ടിരുന്ന മര്‍ത്തോമ്മാ നസ്രാണി പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഈ സ്ഥാപനങ്ങൾ എന്നതാണ്. സെന്റ് എഫ്രേം തിയോളജിക്കല്‍ കോളേജ് സത്‌ന, റൂഹാലയ തിയോളജിക്കല്‍ കോളേജ് ഉജ്ജൈന്‍, പൗരസ്ത്യ വിദ്യാനികേതന്‍ കോട്ടയം, മാര്‍ത്തോമ്മ വിദ്യാനികേതന്‍ ചങ്ങനാശേരി എന്നിവ.

പരിശീലനം ഇന്ന്

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അദ്ധ്യക്ഷനായ സീറോമലബാര്‍ സിനഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വടവാതൂര്‍ സെമിനാരി നയിക്കപ്പെടുന്നത്. അതിന്റെ ഇപ്പോഴുള്ള കമ്മീഷന്‍ അംഗങ്ങള്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് (ചെയര്‍മാന്‍), ആര്‍ച്ചുബിഷപ്പ് മാര്‍ ആന്റണി കരിയില്‍, ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരാണ്. സെമിനാരിയുടെ ഇപ്പോഴത്തെ റെക്ടര്‍ റവ. ഡോ. സ്‌കറിയാ കന്യാകോണിലും പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലുമാണ്.

വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി ഡോക്ടറല്‍ കോഴ്‌സുകളിലടക്കം 386 പേര്‍ വിവിധ ബിരുദങ്ങളില്‍ പഠിക്കുകയും പരിശീലനം നേടുകയും ചെയ്യുന്ന ഈ സ്ഥാപനങ്ങളില്‍ 81 പേര്‍ വിസിറ്റിംഗ് പ്രൊഫസേഴ്‌സും 24 പേര്‍ റസിഡന്റ് പ്രൊഫസേഴ്‌സുമായി സേവനം ചെയ്യുന്നു.

സഭാത്മക ദര്‍ശനങ്ങളോട് അനുരൂപപ്പെട്ടുകൊണ്ട് ആദ്ധ്യാത്മികവും ബൗദ്ധികവും മാനുഷികവും അജപാലനപരവുമായ തലങ്ങളില്‍ വൈദികാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സെമിനാരി അവരില്‍ പ്രേഷിതാഭിമുഖ്യവും പകര്‍ന്നു നല്‍കുന്നു.

സ്റ്റാഫംഗങ്ങളായി സേവനം ചെയ്തിരുന്നവരില്‍ 8 പേര്‍ മെത്രാന്മാരായി തെരെഞ്ഞെടുക്കപ്പെട്ടു. സീറോമലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോമലങ്കര സഭയുടെ മുന്‍ അദ്ധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസും വടവാതൂരിലെ സ്റ്റാഫംഗങ്ങളായിരുന്നുവെന്നതും അഭിമാനം നല്‍കുന്നു.

ജൂബിലി ആഘോഷിക്കുന്ന ഈ സ്ഥാപനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വൈദികരുട എണ്ണം 2072 ആണ്. അവരില്‍ 26 പേര്‍ മെത്രാന്മാരായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്യപ്പെട്ടുവെന്നത് ഈ സ്ഥാപനങ്ങള്‍ക്ക് ജൂബിലി നിറവില്‍ സന്തോഷം പകരുന്നു.

ഡോ. സ്‌കറിയാ കന്യാകോണില്‍
റെക്ടര്‍, സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.