പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേ ദിവസം സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോളസഭ വ്യാകുലമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവസ്നേഹത്തിന്റെ നിത്യ മാതൃവാത്സല്യഭാവമാണ് ഈ തിരുനാൾ നമുക്കു നൽകുന്ന ഉറപ്പ്.

പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴു വ്യാകുലങ്ങൾ

  • ശിമയോന്റെ പ്രവചനം (ലൂക്കാ 2:34,35)
  • ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13,14)
  • ബാലനായ യേശുവിനെ ദൈവാലയത്തിൽ കാണാതാകുന്നത് (ലൂക്കാ 2:43-45)
  • ഈശോയുടെ കുരിശു വഹിക്കൽ (യോഹ. 19:17)
  • ഈശോയുടെ കുരിശുമരണം (യോഹ. 19:18-30)
  • ഈശോയുടെ മൃതദേഹം കുരിശിൽ നിന്നിറക്കി മാതാവിന്റെ മടിയിൽ കിടത്തുന്നത് (യോഹ. 19:39-40)
  • ഈശോയെ കല്ലറയിൽ അടക്കം ചെയ്യുന്നത് (യോഹ. 19:39-42)

ഈശോ നൽകുന്ന 4 വാഗ്ദാനങ്ങൾ

വി. അൽഫോൻസ് ലിഗോരി The Glories of Mary (മറിയത്തിന്റെ മഹത്വം ) എന്ന തന്റെ ഗ്രന്ഥത്തിൽ മറിയത്തിന്റെ ഏഴു വ്യാകുലങ്ങൾക്കായി സ്വയം അർപ്പിക്കുന്നവർക്ക് ഈശോ നൽകുന്ന നാല് വാഗ്ദാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1. ദിവ്യമാതാവിന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുകയും അവളിൽ അഭയം തേടുകയും ചെയ്യുന്നവർ മരണത്തിനു മുമ്പ് അവരുടെ എല്ലാ പാപങ്ങളുടെയുംമേൽ യഥാർത്ഥ അനുതാപം നേടാൻ യോഗ്യരാകും.

2. അവരുടെ കഷ്ടതകളിൽ പ്രത്യേകിച്ച്, മരണസമയത്ത് അവൻ അവരെ സംരക്ഷിക്കും.

3. യേശു തന്റെ പീഡാനുഭവത്തിന്റെ ഓർമ്മ അവരുടെമേൽ പതിപ്പിക്കുകയും സ്വർഗത്തിൽ അതിനുള്ള പ്രതിഫലം അവർക്കു നൽകുകയും ചെയ്യും.

4. തന്റെ ഭക്തരായ ദാസന്മാരെ മറിയയുടെ കയ്യിൽ ഭരമേല്പിക്കുകയും അതുവഴി മറിയത്തിന്റെ ഇഷ്ടപ്രകാരം അവൾ ആഗ്രഹിക്കുന്ന എല്ലാ കൃപകളും അവർക്കു വേണ്ടി നേടികൊടുക്കുകയും ചെയ്യും.

പരിശുദ്ധ മറിയം നൽകുന്ന 7 കൃപകൾ

സ്വീഡനിലെ വി. ബ്രിഡ്ജിറ്റാ വഴി തന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്നവർക്ക് പരിശുദ്ധ കന്യകാമറിയം ഏഴു കൃപകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനായി മറിയത്തിന്റെ ഓരോ വ്യകുലങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഓരോ നന്മ നിറഞ്ഞ മറിയമേ എന്ന ജപം കാഴ്ചവയ്ക്കണം.

1. എന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്ന കുടുംബങ്ങളിൽ ഞാൻ സമാധാനം വർഷിക്കും.

2. ദൈവികരഹസ്യങ്ങളെക്കുറിച്ച് അവർക്ക് ബോധോദയം ലഭിക്കും.

3. അവരുടെ വേദനകളിൽ ഞാൻ അവരെ ആശ്വസിപ്പിക്കും. അവരുടെ ജോലികളിൽ ഞാൻ അവരോടൊപ്പം അനുഗമിക്കും.

4. ആരാധനാക്കു യോഗ്യനായ എന്റെ ദിവ്യപുത്രന്റെ ഹിതത്തെയോ, അവരുടെ ആത്മാക്കളുടെ വിശുദ്ധീകരണത്തെയോ എതിർക്കാത്തിടത്തോളം അവർ ആവശ്യപ്പെടുന്നതെന്തും ഞാൻ അവർക്ക് സമ്മാനിക്കും.

5. നരകശത്രുവുമായുള്ള അവരുടെ ആത്മീയപോരാട്ടങ്ങളിൽ ഞാൻ അവരെ സംരക്ഷിക്കുകയും അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞാൻ അവരെ കാത്തുപാലിക്കുകയും ചെയ്യും.

6. അവരുടെ മരണസമയത്ത് ഞാൻ അവരെ പ്രകടമായി സഹായിക്കുകയും അവർ അമ്മയുടെ മുഖം കാണാൻ ഇടയാക്കുകയും ചെയ്യും.

7. എന്റെ കണ്ണീരിന്റെയും വ്യാകുലങ്ങളുടെയും ഭക്തി പ്രചരിപ്പിക്കുന്നവരെ ഈ ലോകജീവിതത്തിൽ നിന്ന് നിത്യസന്തോഷത്തിലേക്ക് നേരിട്ടു പ്രവേശിപ്പിക്കുന്നതിനുള്ള കൃപ എന്റെ ദിവ്യസുതനിൽ നിന്നു ഞാൻ നേടിക്കൊടുക്കും. അവരുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ഞാനും എന്റെ പുത്രനും അവർക്ക് നിത്യസമാശ്വാസവും ആനന്ദവും പ്രദാനം ചെയ്യുകയും ചെയ്യും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.