നാവിന്റെ സുകൃതമഴ

ജിന്‍സി സന്തോഷ്‌

കൂട്ടിലടച്ചിരിക്കുന്ന മൃഗമാണ് നാവ്. സൃഷ്ടിയിലേ ദൈവം അത് പ്രത്യേകം കരുതി നാവിനെ പല്ലിലും ചുണ്ടിലും പൂട്ടിയിട്ടു. പക്ഷികളെയും ഇഴജന്തുക്കളെയും എന്തിനേറെ വന്യമൃഗങ്ങളെപ്പോലും മനുഷ്യൻ ഇണക്കിനിർത്തുന്നുണ്ട്. എന്നാൽ ഈ ചെറുമൃഗത്തെ നിയന്ത്രിക്കുന്നതിൽ പാടേ പരാജയപ്പെടുന്നു. നാവിനെ മെരുക്കിയില്ലങ്കിൽ തന്നെത്തന്നെയും മറ്റുള്ളവരെയും അത് നശിപ്പിക്കും. “വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക. വായ്ക്ക് വാതിലും പൂട്ടും നിർമ്മിക്കുക” (പ്രഭാ. 28:25).

നാവ് മധുരം ഒഴുക്കേണ്ട അരുവിയാണ്. പക്ഷേ കയ്പും ഒഴുകുന്നുണ്ട്. പ്രശ്നം ഉറവയാണ്.
ഉറവ അശുദ്ധമെങ്കിൽ കയ്ക്കും. ഒരേ വായിൽ നിന്ന് അനുഗ്രഹവും ശാപവും ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇനിയും ദൈവത്തിന്റെ നാവായി നാം തീർന്നിട്ടില്ല.
“ഭക്തി വ്യർത്ഥമാകും നാവിനെ നിയന്ത്രിക്കാതെ പോയാൽ” (യാക്കോബ് 1:26).

അപരന്റെ ജീവിതത്തിലേക്ക് മധുരിക്കുന്ന അരുവിയായ് നീ ഒഴുകേണ്ടതുണ്ട്.
ഉറവിടത്തെ ശുദ്ധി ചെയ്ത് വാക്കുകളെ വിശുദ്ധീകരിക്കാൻ നീ തയ്യാറാവണം. ‘നാവ്’ സുകൃതമഴ പെയ്യിക്കുന്ന മഴവില്ലാണ്. സർവ്വസൃഷ്ടിയുടെയും ഉടയവനായ ദൈവം
‘ഉണ്ടാകട്ടെ’ എന്ന വാക്ക് നാവിലൂടെ ഉച്ഛരിച്ചപ്പോഴാണ് സൃഷ്ടപ്രപഞ്ചം ഉണ്ടായത്.

പുതിയ നിയമത്തിലെ ദൈവാത്മാവിന്റെ എല്ലാ ശുശ്രൂഷകളും നാവിന്റെ ശുശ്രൂഷകളാണ്. ദൈവവചനം പ്രഘോഷിക്കപ്പെടുന്നത് നാവിലൂടെയാണ്. കുമ്പസാരക്കൂട്ടിൽ പാപബോധത്തിൽ നിന്ന് ഉരുത്തിരിയുന്ന അനുതാപം വിശ്വാസി പങ്കുവയ്ക്കുന്നതും നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് വൈദികൻ പറയുമ്പോൾ പാപം ക്ഷമിക്കപ്പെടുന്നതും നാവിലൂടെയാണ്.

അൾത്താരയിൽ വൈദികൻ സ്ഥാപനവചനങ്ങൾ തന്റെ നാവിലൂടെ  ഉച്ചരിക്കുമ്പോഴാണ് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളായി മാറുന്നത്. സുകൃതസമ്പന്നമായ നിന്റെ നാവ് കൊണ്ട് പ്രയോജനമില്ലാത്ത  മുറുമുറുപ്പിൽ പെടരുത്. പരദൂഷണം പറയരുത്. നുണ പറയുന്ന നാവ് ആത്മാവിനെ നശിപ്പിക്കും. ക്രിസ്തുവിന്റെ ശരീര-രക്തങ്ങൾ അലിഞ്ഞുചേരുന്ന നിന്റെ അഭിഷേകനാവ് കൊണ്ട് അനുഗ്രഹത്തിന്റെ ഭാഷ സംസാരിക്കുക. മക്കളോട്, കുടുംബത്തോട്, ശുശ്രൂഷാമേഖലയിലെ സഹപ്രവർത്തകരോട് ഒക്കെ അനുഗ്രഹത്തിന്റെ ഭാഷ സംസാരിക്കുക.

പ്രതികൂല ജീവിതസാഹചര്യങ്ങളെ നോക്കി “ഇതും കടന്നു പോകും” എന്ന് ദൈവാശ്രയത്വത്തോടെ പറയാൻ, നാവിന്റെ സുകൃതത്താൽ ജീവിതത്തെ ധന്യമാക്കാൻ പരിശ്രമിക്കുക. “വില കെട്ടവ പറയാതെ സത്വചനങ്ങൾ മാത്രം ഉച്ചരിച്ചാൽ നീ ദൈവത്തിന്റെ നാവു പോലെയാകും” (ജെറ. 15:19).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.