ദൈവത്തിന്റെ ബലഹീനത

ജിന്‍സി സന്തോഷ്‌

“നീ എന്നെ തടയരുത്” (പുറ. 32:10). സ്രഷ്ടാവായ ദൈവം തന്റെ സൃഷ്ടിയായ മോശയോട് അരുൾചെയ്ത വചനമാണിത്. സ്രഷ്ടാവായ ദൈവം സൃഷ്ടികളായ മനുഷ്യരെ പിടിച്ചുനിർത്തുന്നതല്ല, മറിച്ച് കേവലം സൃഷ്ടികളായ ചില മനുഷ്യർ ദൈവത്തിലുള്ള തങ്ങളുടെ അചഞ്ചലമായ വിശ്വാസം കൊണ്ട് സ്രഷ്ടാവിനെ പിടിച്ചുനിർത്തുന്നതാണ് വിശുദ്ധ ബൈബിളിലെ ഏറ്റവും മനോഹര രംഗങ്ങൾ.

ഇസ്രായേൽ ജനത്തെ നയിച്ച മോശയും, സോദോം ഗോമോറാ ദേശത്തെ നശിപ്പിക്കാനൊരുങ്ങിയ ദൈവത്തെ തന്റെ വിശ്വാസം കൊണ്ട് പിടിച്ചുനിർത്തിയ അബ്രഹാമും, ദൈവത്തോടുള്ള വിശ്വസ്തതയും വിശ്വാസവും മൂലം ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ 15 വർഷം കൂടി ആയുസ് നീട്ടിക്കിട്ടിയ ഹെസക്കിയാ പ്രവാചകനും, പാപത്തിന്റെ അഴുക്കുചാലിൽ ആയിരിക്കുമ്പോഴും ദൈവദൂതരോടു കാണിച്ച വിശ്വസ്തത മൂലം രക്ഷിക്കപ്പെട്ട് തിരുവെഴുത്തുകളിൽ ഇടം നേടിയ റാഹാബ് എന്ന വേശ്യാസ്ത്രീയും, രക്തസ്രാവക്കാരി സ്ത്രീയും, തനിക്കുള്ളതു മുഴുവൻ ദേവാലയത്തിൽ സമർപ്പിച്ച വിധവയും, ജായ്റോസും, സീറോ ഫിനീഷ്യൻ സ്ത്രീയും, നായിനിലെ വിധവയും, നല്ല കള്ളനും… അങ്ങനെ എത്രയെത്ര സാധാരാണ മനുഷ്യരാണ് തങ്ങളുടെ വിശ്വാസം മൂലം ദൈവത്തെ പിടിച്ചുനിർത്തിയത്‌.

ഞാൻ എത്തിപ്പെട്ടിരിക്കുന്ന ജീവിതസാഹചര്യത്തിന്റെ മറുവശത്ത് എന്റെ ദൈവമുണ്ടെന്നും ഞാൻ വിളിച്ചാൽ എന്നെ സഹായിക്കാൻ അവൻ ഓടിവരുമെന്നുമുള്ള ഒരുവന്റെ അടിയുറച്ച വിശ്വാസമാണ് അവനെ യഥാർത്ഥ ക്രിസ്ത്യാനിയാക്കുന്നത്‌.

“എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് യേശു പറഞ്ഞതു തന്നെ തന്റെ സൃഷ്ടിയുടെ നിസ്സഹായാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളതു കൊണ്ടാണ്. മനുഷ്യന്റെ നിസ്സഹായാവസ്ഥക്കുള്ള ഉത്തരമാണ് ദൈവം. സൃഷ്ടിയുടെ നിലവിളി സ്രഷ്ടാവിന്റെ ബലഹീനതയാണ് എന്നതിന് തിരുവചനം സാക്ഷി.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.