കാവൽ മാലാഖ

ജിന്‍സി സന്തോഷ്‌

അമ്മയുടെ ഉദരത്തിൽ ഒരു ശിശുവായി രൂപം കൊള്ളുന്ന നിമിഷം തന്നെ, നിന്റെ ആത്മാവിന്റെ നിത്യരക്ഷക്ക് സഹായകനായി ദൈവം ഒരു കാവൽ മാലാഖയെ നിയോഗിക്കുന്നു. ഓരോ മനുഷ്യന്റെയും കാവൽ മാലാഖ,
ആ വ്യക്തിയെ മറ്റാരെയുംകാൾ പരിപൂർണ്ണമായി അറിയുകയും ജീവിതവിശുദ്ധിക്കും ആത്മീയവും ശാരീരികവുമായ അപകടങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും വേണ്ടി നിരന്തരമായി സഹായിക്കുകയും സദാ ദൈവസന്നിധിയിൽ ആ വ്യക്തിക്കു വേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നു. “ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 18:10).

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരായതിനാൽ ആത്മാക്കളുടെ അളവില്ലാത്ത വിലയെക്കുറിച്ച് കാവൽ മാലാഖമാർക്ക് ശരിയായ ബോധ്യമുണ്ട്. ഒരു വ്യക്തിയുടെ ആത്മാവും കാവൽ മാലാഖയും വേർപെടുന്ന ഒരേയൊരു നിമിഷം ആ വ്യക്തിയുടെ ആത്മാവ് ദൈവകൽപന ധിക്കരിച്ച് നരകത്തിന് അർഹനായിത്തീരുമ്പോൾ മാത്രമാണ്. ആ മാലാഖയുടെ കണ്ണുനീർ തടയാൻ ആർക്കുമാവില്ല. അതുകൊണ്ടാണ് അനുതാപിയുടെ തിരിച്ചുവരവിൽ സ്വർഗ്ഗം അത്രയധികം സന്തോഷിക്കുന്നത്.

മറ്റാരേയുംകാൾ നിന്നെ പരിപൂർണ്ണമായി അറിയുന്ന, നിന്റെ ജീവിത ദിനരാത്രികളിൽ സംരക്ഷണവലയമൊരുക്കുന്ന, സദാ ദൈവസന്നിധിയിൽ നിനക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കുന്ന സ്വർഗ്ഗത്തിന്റെ സംരക്ഷണദൂതൻ. ദൈവസ്നേഹത്തിൽ നിന്ന് നീ കുതറിമാറിയ വേളകളെ ഓർത്ത് അനുതപിക്കുന്ന നിന്റെ തിരിച്ചുവരവിൽ സ്വർഗം സന്തോഷിക്കുമ്പോൾ, നിനക്ക് സംരക്ഷണം ഒരുക്കിയ ദൂതന്മാരെ വിസ്മരിക്കരുത്.

ശൈശവത്തിൽ തന്നെ നിന്റെ കാവൽ മാലാഖയുടെ കരം പിടിക്കുക. ഏതു ജീവിതസാഹചര്യങ്ങളിലും കാവൽ മാലാഖയുമായുള്ള ഐക്യം നിലനിർത്താനും അനുദിനം പരിശ്രമിക്കുക. “കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്. ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു. നാം അങ്ങനെയാണുതാനും” (1 യോഹ. 3:1).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.