പുറപ്പാട്

ജിന്‍സി സന്തോഷ്‌

തീച്ചൂളയിൽപെടാത്ത ചെറുപ്പക്കാരില്ല; പക്ഷേ, ചിലർക്കൊപ്പം ദൈവദൂതനുണ്ട്. സിംഹക്കുഴിയിൽ വീണ ദാവീദ് എന്ന യുവാവും ഉയിരോടെ മടങ്ങിയെത്തി. കല്ലേറ് കൊള്ളുന്ന സ്തെഫാനോസ് എന്ന ചെറുപ്പക്കാരന്റെ കണ്ണുകളെ നോക്കുക. അവയിൽ സ്വർഗ്ഗം തുറന്നിരിക്കുന്നതു൦ ക്രിസ്തു ദൈവപിതാവിന്റെ വലതുഭാഗത്ത് എഴുന്നേറ്റുനിൽക്കുന്നതും നിനക്ക് കാണാം. അങ്ങനെ എത്രപേരുടെ ചരിത്രമാണ് തിരുവെഴുത്ത് നൽകുന്നത്.

കാമനകളുടെ ചൂളയിൽ എരിയുമ്പോഴും മൃഗീയവാസനകളുടെ പൊട്ടക്കുഴിയിൽ വീണുപോകുമ്പോഴും നിന്ദനങ്ങളുടെയും തിരസ്ക്കരണങ്ങളുടെയും കല്ലുകൾ വന്ന് പതിക്കുമ്പോഴും നിനക്ക് വിടുതലുണ്ട്. പക്ഷേ ,ഒന്നുമാത്രം നിന്നിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നു – ഒരു പുറപ്പാട്. ശരിക്കും ഈജിപ്തിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് പോലെ തന്നെ. സുഖദുഃഖങ്ങൾക്ക് അധീനമായിരുന്ന നിന്റെ അടിമത്ത ജീവിതത്തിൽ നിന്നൊരു പുറപ്പാട്.

അത് ആത്മീയജീവിതത്തിൽ അതിജീവനത്തിന്റെ പോരാട്ടമാണ്. വിശുദ്ധിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും പരിഭവവും എല്ലാം ചേർന്ന ഒരു പ്രയാണം. ആ യാത്രക്കിടയിലാണ് എടുത്തുചാട്ടക്കാരനായ മോശ എന്ന യുവാവ് ഭൂമിയിലെ സർവ്വമനുഷ്യരേക്കാളും സൗമ്യനായിത്തീരുന്നത്.

ആന്തരിക സ്വച്ഛതയുടെ തലയെടുപ്പുള്ള കാനാൻ ദേശത്തേക്ക് അനുദിനം വീറോടെ നടന്നടുക്കുക. “യുവാവേ, യുവത്വത്തില്‍ നീ സന്തോഷിക്കുക. യൗവ്വനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ. ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിഞ്ചെല്ലുക. എന്നാല്‍ ഓര്‍മ്മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെ ന്യായവിധിക്കായി വിളിക്കും” (സഭാപ്രസംഗകന്‍ 11:9).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.