മടുക്കാതെ, മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ആരെങ്കിലുമൊക്കെ വേണം ജീവിതത്തില്‍

ജിൻസി സന്തോഷ്

“കലപ്പയിൽ കൈ വച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന് യോഗ്യനല്ല” (ലൂക്ക 9:62). കടുകുമണിയെ വിശ്വാസത്തോടും മാവിൽ സ്ത്രീ ചേർത്ത പുളിപ്പിനെ  സ്വർഗരാജ്യത്തോടും വിതക്കാരന്റെ കൈയ്യിൽ നിന്നും ഉതിർന്നുവീഴുന്ന അരിമണികളെ മനുഷ്യഹൃദയങ്ങളോടും  ഉദാഹരിച്ചവൻ, വിളിക്കപ്പെട്ടവന്റെ വീഥികളെ നിജപ്പെടുത്താൻ എന്തുകൊണ്ട് കലപ്പയെ ഉദാഹരിച്ചു? കാരണം, കലപ്പ  മനുഷ്യനിർമ്മിതമാണ്. ഇന്നോളം ഒരു കലപ്പയും തനിയെ  ഉഴുതുമറിച്ചിട്ടില്ല. ഉഴവുകാരൻ നയിക്കുന്ന വഴിയെ നീങ്ങിയാൽ ഉഴുതുമറിക്കുക കലപ്പയ്ക്ക് നിസ്സാരം.

സമർപ്പണജീവിതത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന ഏതൊരാളും ഉള്ളിൽ വിളിയുടെ കനലുകൾ തീർത്തവനു വേണ്ടി തീക്ഷ്ണതയോടെ ജ്വലിക്കണം. അരക്ഷിതത്വത്തിന്റെ തീരത്താണങ്കിലും വിളിച്ചവന്റെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കുക. മരണഭീതിയുടെ തീരത്തിരുന്നു കൊണ്ട് ഏലിയായെപ്പോലെ “സൈന്യങ്ങളുടെ  ദൈവമായ കർത്താവിനെപ്രതി ഞാൻ അതീവതീക്ഷ്ണതയാൽ ജ്വലിക്കുന്നു” എന്ന് ഉള്ളിൽ തട്ടി പറയാനാകട്ടെ സമർപ്പിതജീവിതങ്ങൾക്ക്.

“മോശയുടെ കൈകൾ കുഴഞ്ഞു. അപ്പോൾ അവർ ഒരു കല്ല്‌ നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേൽ ഇരുന്നു. അഹറോനും ഹൂറും അവന്റെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ മോശയുടെ കൈകൾ ഉയർന്നു തന്നെ നിന്നു” (പുറ. 17:12).

എത്ര വലിയ വിശുദ്ധനും അഭിഷിക്തനും ആത്മീയജീവിതത്തിൽ വീഴ്ച്ചകളും പ്രലോഭനങ്ങളും ഉണ്ടാവാം. ദൈവജനത്തിന്റെ സ്വർഗ്ഗീയ യാത്രയിൽ അമരത്തിരിക്കുന്ന, ജനത്തിനു വേണ്ടി ദൈവസന്നിധിയിൽ കൈകൾ ഉയർത്തണ്ട അഭിഷിക്തരും സമർപ്പിതരും പ്രലോഭനങ്ങളിൽ തളരുമ്പോൾ, സമർപ്പണവഴികളിൽ കാലിടറുമ്പോൾ അവർക്ക് താങ്ങായി, തുണയായ് അഹറോനെയും ഹൂറിനെയും പോലെ പ്രാർത്ഥനകളും പരിത്യാഗങ്ങളും ചെയ്യാൻ ഞാനും നീയും കടപ്പെട്ടിരിക്കുന്നു. ആയതിനാൽ, ജീവിതത്തിൽ നിത്യവും വീണുകിട്ടുന്ന വിലയേറിയ നിമിഷങ്ങൾ  പ്രാർത്ഥനകളായി നീ സ്വർഗത്തിലേക്ക് ഉയർത്തുക. പാഴായിപ്പോകേണ്ട സമയങ്ങൾ
ഫലദായകമാക്കാം. നിനക്കും നിന്റെ ചുറ്റുമുള്ളവർക്കും വേണ്ടി മോശയെപ്പോലെ കൈകളുയർത്തി മദ്ധ്യസ്ഥം യാചിക്കുക. അഹറോനെയും ഹൂറിനെയും പോലെ സമർപ്പിതജീവിതങ്ങൾക്ക് പ്രാർത്ഥനയുടെ കൈത്താങ്ങാവുക. ഇനിമേൽ നഷ്ടപ്പെടാവുന്ന സമയങ്ങൾ അനുഗ്രഹനിമിഷങ്ങളാക്കാം. തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരാകാം.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.