ദൈവം ഇത്രയടുത്ത്; നിന്നോടൊപ്പം, നിനക്കു വേണ്ടി

ജിന്‍സി സന്തോഷ്‌

കാരുണ്യത്തിനു വേണ്ടി കരഞ്ഞപ്പോഴൊക്കെ വിരിച്ച കരങ്ങളുമായി സ്വർഗം വിട്ടിറങ്ങി വന്ന ദൈവപിതാവിന്റെ കരുതലിന്റെ കഥകളാണ് തിരുവെഴുത്തുകളിലുടനീളം കാണാനാവുക.

സഹോദരന്റെ കൊലപാതകിയായ കായേൻ, തന്റെ പാപത്തിന്റെ ശിക്ഷ താങ്ങാവുന്നതിലും അധികമാണെന്നു വിലപിച്ചപ്പോൾ മനസലിഞ്ഞ് അവന്റെ നെറ്റിയിൽ രക്ഷയുടെ അടയാളം പതിച്ച് സംരക്ഷണം ഒരുക്കിയ കർത്താവാണ് നമ്മുടെ ദൈവം. മോറിയ മലയുടെ മുകളിൽ ഒരു ബലിക്കല്ലിന്റെ തന്റെ പ്രിയപ്പെട്ട മകന്റെ കഴുത്തിലെ ഞരമ്പിനു മീതെ മൂർച്ചയേറിയ കത്തി വയ്ക്കപ്പെടുന്നതിനു തൊട്ടുമുമ്പ് അബ്രാഹത്തിന്റെ കരങ്ങൾ തട്ടിമാറ്റി മകനെ തിരികെയേല്പിച്ച ഒരു ചരിത്രം നമ്മുടെ ദൈവത്തിനുണ്ട്. ജ്യേഷ്ഠനെ വഞ്ചിച്ച് പ്രതാപിയായ യാക്കോബിന്റെ, മരണഭയത്തെ തുടർന്ന് ദൈവകരുണക്കു വേണ്ടിയുള്ള നിലവിളി മാനിച്ചിറങ്ങി വന്ന് അവന്റെ സഹോദരൻ ഏശാവിന്റെ നെഞ്ചിൽ കുന്നോളം കാരുണ്യം പകർന്നവനാണ് നമ്മുടെ ദൈവം.

പ്രത്യാശ നഷ്ടപ്പെട്ട് തന്റെ പ്രിയപ്പെട്ട മകനെ മരുഭൂമിയിൽ മണലാരണ്യത്തിൽ കിടത്തിയിട്ട് മാറിയിരുന്ന് മാറത്തടിച്ചു കരഞ്ഞ ഹാഗാറിന്റെ നിലവിളി മാനിച്ച് ഇറങ്ങിവന്ന് ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ മണലാരണ്യത്തിൽ തെളിനീരൊഴുക്കിയ ദൈവമാണ് നമ്മുടെ ദൈവം. സഹോദരന്മാരുടെ കരങ്ങളാൽ പൊട്ടക്കിണറ്റിലേക്ക് എറിയപ്പെട്ട ജോസഫിന്റെ നിലവിളി കേട്ട് ഇറങ്ങിവന്ന് കാരുണ്യം കാട്ടി ഈജപ്തിന്റെ അധിപതിയാക്കി ഉയർത്തിയവനാണ് നമ്മുടെ ദൈവം. ദാനിയേലിന് സിംഹക്കുഴിയിലും ഏലിയാ പ്രവാചകന് കാക്കച്ചുണ്ടിലും പട്ടിണി മൂലം സ്വയഹത്യക്കൊരുങ്ങിയ വിധവയ്ക്ക് വറ്റാത്ത എണ്ണയിലും തീരാത്ത മാവിലും വിരുന്നൊരുക്കിയവനാണ് നമ്മുടെ ദൈവം. ദൈവത്തിനു മുൻപിൽ വഴിപിഴച്ച്, കല്പനകൾ ലംഘിച്ചു ജീവിച്ചിരുന്ന സോദോം- ഗോമോറാ ദേശത്തെ, അവിടെയുള്ള പത്ത് നീതിമാരെപ്രതി നശിപ്പിക്കുകയില്ലെന്നു പറഞ്ഞു കരുണ കാട്ടിയവനാണ് നമ്മുടെ ദൈവം. സോദരിമാരുടെ കണ്ണീരിൽ മനസ്സിലഞ്ഞ്, കണ്ണീർ തൂവി ലാസറിന്റെ നാലു നാൾ അഴുകിയ ജഡത്തിന് ജീവൻ പകർന്ന ദൈവമാണ് നമ്മുടെ ദൈവം.

അന്ധനും, ബധിരനും, മൂകനും, തളർവാതരോഗിയും, കുഷ്ഠരോഗിയും, രക്തസ്രാവക്കാരിയും, പിശാചുബാധിതരും, ചുങ്കക്കാരും, വേശ്യാസ്ത്രീകളും, നല്ല കള്ളനും, ദൈവപുത്രനെ തള്ളിപ്പറഞ്ഞ പത്രോസും ദൈവത്തിന്റെ കരുണയുടെ തണലിൽ ആനന്ദിച്ചവരാണ്. ഏദനിൽ വീണുപോയ മാനവകുലത്തെ മാറോടു ചേർത്തുപിടിക്കാൻ, തന്റെ പ്രിയപുത്രനെ കുരിശിന്റെ മാറോളം വിട്ടുകൊടുത്തിട്ടും മതിവരാതെ വിശ്വസിച്ച് തന്റെ മുമ്പിൽ കുനിയപ്പെട്ടവരുടെ കൂടെ കുടിയിരിക്കാൻ കുർബാനയായ ദൈവമാണ് നമ്മുടെ ദൈവം. വഴിപിഴച്ചു എന്ന് പറഞ്ഞുകൊണ്ട് വലിച്ചിഴയ്ക്കപ്പെട്ട പെണ്ണിന്റെ കരം പിടിച്ചുയർത്തി അവളെ ജീവനിലേക്കും വിശുദ്ധിയിലേക്കും കൂട്ടി ഉത്ഥാനദൂതറിയിക്കാൻ നിയോഗിച്ച് മാലഖമാരുടെ ചിറകിലേറ്റിയവനാണ് നമ്മുടെ ദൈവം. ശിരസറുത്തും, കല്ലെറിഞ്ഞും, എണ്ണയിൽ വറുത്തും പീഡനമേറ്റ ക്രൈസ്തവമക്കളെ കൊന്നുകൂട്ടിയ സാവൂളിനെ പൗലോസാക്കിയവനാണ് നമ്മുടെ ദൈവം.

ദൈവത്തെക്കുറിച്ചുള്ള വ്യക്തതയോടെയാണ് നാം ദൈവത്തെ വിളിക്കുന്നതെങ്കിൽ ബുദ്ധിക്ക് അതീതവും മഹത്വവും നിഗൂഢവുമായ കാര്യങ്ങൾ നമ്മുടെ ദൈവം വെളിപ്പെടുത്തിത്തരും. “കർത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശരായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്?” (പ്രഭാ. 2:10). “വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള അജ്ഞത യേശുക്രിസ്തുവിനെക്കുറിച്ചുള്ള  അജ്ഞതയാണ്‌” (വി. ജെറോം). “വിശുദ്ധ ലിഖിതങ്ങളും ദൈവത്തിന്റെ ശക്തിയും അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റുപറ്റുന്നത്” (മാർക്കോ. 12:24).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.