പുണ്യസ്ഥലങ്ങളില്‍ നിന്നും മണ്ണ് കൊണ്ടുവന്ന് കേരളത്തില്‍ വേറിട്ടൊരു ബലിപീഠ നിര്‍മ്മാണം

അഞ്ചല്‍ ഇടവകയിലെ ദേവാലയത്തിന്റെ ബലിപീഠം നിര്‍മ്മിക്കാനുള്ള  മണ്ണും കല്ലും കൊണ്ടുവന്നത് ബെത്‌ലഹേം, നസ്രത്ത്, ജറുസലേം, കാന, താബോര്‍ മല, ചെങ്കടല്‍, ലോകപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ റോം, അസീസി, പാദുവാ, ലൂര്‍ദ്ദ്, ഫാത്തിമ, ലിസ്യു എന്നിവിടങ്ങളില്‍ നിന്നും; ഒപ്പം ഇടവകയിലെ എല്ലാ കുടുംബങ്ങളില്‍ നിന്നും. തുടര്‍ന്നു വായിക്കുക…

ഇക്കഴിഞ്ഞ പെന്തക്കുസ്ത ഞായറാഴ്ച അഞ്ചല്‍ ഇടവകയില്‍ പുതിയതായി പണിയുന്ന ദേവാലയത്തില്‍ ത്രോണോസ് (ബലിപീഠം) നിര്‍മ്മിക്കാന്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി. രാവിലെ എട്ടു മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടൂ കൂടി ശുശ്രൂഷകള്‍ ആരംഭിച്ചു.

ഇടവകാംഗമായ മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍ കോര്‍ എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാനക്കും പെന്തക്കുസ്തി ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. സഭയില്‍ കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം സ്വീകരിച്ചതിനുശേഷം ഇത് ആദ്യമായാണ് ബഹു. അച്ചന്‍ മാതൃഇടവകയില്‍ എത്തുന്നത്. വീല്‍ചെയറിലിരുന്ന് അദ്ദേഹം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയും വചനസന്ദേശവും ആളുകള്‍ക്ക് ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. സഹനത്തിന്റെ അര്‍ത്ഥവും അനുഭവവും ആളുകള്‍ക്ക് പകര്‍ന്നുനല്‍കാന്‍ അച്ചന്റെ സാന്നിധ്യം ഏറെ സഹായിച്ചു.

തുടര്‍ന്ന് എല്ലാവരും നിര്‍മ്മാണം നടക്കുന്ന ദേവാലയത്തിലേക്കു പോയി. ആരാധനാഗീതത്തില്‍ പാടുന്ന ‘തീയല്ലോ ഈ മദ്ബഹ’ എന്ന ഗീതം ഗായകസംഘത്തോടൊപ്പം ദൈവജനം മുഴുവന്‍ ഏറ്റുപാടി. തുടര്‍ന്ന് രാജാക്കന്മാരുടെ ഒന്നാം പുസ്തകം ആറാം അധ്യായം, എണ്‍പത്തിനാലാം സങ്കീര്‍ത്തനം, ഹഗ്ഗായി പ്രവാചകന്റെ പുസ്തകം രണ്ടാം അധ്യായം 15 മുതല്‍ 19 വരെയുള്ള വാക്യങ്ങള്‍ വി. മത്തായിയുടെ സുവിശേഷം പതിനാറാം അധ്യായം13 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ എന്നിവ വായിച്ചു.

തുടര്‍ന്ന് ഇടവകയിലെ മുതിര്‍ന്ന തലമുറയെ പ്രതിനിധീകരിച്ച് എണ്‍പതു വയസിനു മുകളില്‍ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും, പൊളിച്ചുമാറ്റിയ ദേവാലയത്തിലെ ബലിപീഠത്തിലെ മണ്ണ് പുതിയ ബലിപീഠം നിര്‍മ്മിക്കുന്ന സ്ഥലത്ത് നിക്ഷേപിച്ചു. തുടര്‍ന്ന് ഇടവകയിലെ 272 കുടുംബങ്ങളും തങ്ങളുടെ കൃഷിഭൂമിയില്‍ നിന്ന് കൊണ്ടുവന്ന മണ്ണ് കുടുംബാംഗങ്ങളെല്ലാവരും കൂടി നിക്ഷേപിച്ചു. അതിനുശേഷം ഇടവക വികാരിയും ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സും, ദേവാലയ നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളും, ബെത്‌ലഹേം, നസ്രത്ത്, ജറുസലേം, കാന, താബോര്‍ മല, ചെങ്കടല്‍, ലോകപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ റോം, അസീസി, പാദുവാ, ലൂര്‍ദ്ദ്, ഫാത്തിമ, ലിസ്യു തുടങ്ങിയ സ്ഥലങ്ങളിലെ മണ്ണും കല്ലും ബലിപീഠത്തിനായി സമര്‍പ്പിച്ചു. അനേകം വിശുദ്ധരുടെ കബറിടങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണും ഇക്കൂട്ടത്തിലൂണ്ടായിരുന്നു.

ഉച്ചഭക്ഷണത്തോടു കൂടിയാണ് ചടങ്ങുകള്‍ സമാപിച്ചത്. രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ദൈവജനം അച്ചടക്കത്തോടും പരിപാടികളുടെ ഗൗരവത്തോടും കൂടി ആദ്യാവസാനം സംബന്ധിച്ചത് എടുത്തുപറയേണ്ട കാര്യമാണ്. ഇടവക വികാരിയായ ഫാ. ബോവസ് മാത്യുവിന്റെ നേതൃത്വത്തിലാണ് എല്ലാ കാര്യങ്ങളും നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.