കാരുണ്യത്തിന്റെ കുമ്പസാരക്കൂടും ആർസിലെ വികാരിയച്ചനും

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

എല്ലാ വൈദികരുടെയും മധ്യസ്ഥനാണ് “ആർസിലെ വികാരിയച്ചൻ” (Curé d’Ars) എന്ന് ലോകംമുഴുവൻ അറിയപ്പെടുന്ന വി. ജോൺ മരിയ വിയാനി. അധികമാരും ഇല്ലാതിരുന്ന, ആർക്കും പോകാൻ താല്പര്യമില്ലാതിരുന്ന ആർസ് എന്ന, ഫ്രാൻസിലെ ഒരു കുഗ്രാമത്തിലെ കൊച്ചുദേവാലയത്തെ തന്റെ പ്രാർഥനയും വിശുദ്ധിയുംകൊണ്ട് അജപാലനജീവിതത്തിന്റെ മാതൃകയാക്കിത്തീർക്കുകയാണ് മരിയ വിയാനി ചെയ്തത്. വൈദിക പരിശീലനകാലഘട്ടത്തിൽ തത്വശാസ്ത്രത്തിലെയും ദൈവശാസ്ത്രത്തിലെയും ഗഹനമായ കാര്യങ്ങൾ ഹൃദിസ്ഥമാക്കാൻ ആയാസപ്പെട്ടവൻ ദൈവത്തെയും ദൈവജനത്തെയും മനസ്സിലാക്കുന്നതിൽ വിജയിക്കുന്നതെങ്ങനെയെന്ന് ലോകത്തിലുള്ള മറ്റെല്ലാ വൈദികർക്കും പറഞ്ഞുകൊടുക്കുന്നവനായിത്തീർന്നു. കുമ്പസാരക്കൂട്ടിൽ തന്റെ അജപാലനശുശ്രൂഷയുടെ അധികസമയവും ചിലവഴിച്ച ഈ സാധാരണ വൈദികൻ, തന്റെ അസാധാരണ വിശുദ്ധിയും സേവനമനോഭാവവുംവഴി തന്റെ ജനത്തിന് ക്രിസ്തുവിന്റെ കാണപ്പെട്ട രൂപമായിത്തീർന്നു. വി. ജോൺ മരിയ വിയാനിയുടെ പുണ്യജീവിതത്തെ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ഫ്രാൻസിന്റെ സഭാചരിത്രത്തിലെ അന്ധകാരാവൃതമായിരുന്ന ഒരു കാലഘട്ടത്തിലെ പ്രത്യാശയുടെ ദീപനാളമായിരുന്നു വി. ജോൺ മരിയ വിയാനി. പ്രശോഭിതമായ ആ സുകൃതജീവിതത്തിന്റെ വെളിച്ചത്തിൽ പാപത്തിന്റെ അന്ധകാരത്തിൽ നിന്നും മാറിനടക്കാൻ തന്മൂലം അനേകർക്ക് സാധിച്ചു. അദ്ദേഹം തന്റെ അജപാലനശുശ്രൂഷയിൽ നേരിട്ട വെല്ലുവിളികൾ തിരിച്ചറിയണമെങ്കിൽ ആ കാലഘട്ടത്തിലെ ഫ്രാൻസിന്റെ ചരിത്രത്തെക്കുറിച്ചും അല്പം അറിഞ്ഞിരിക്കണം.

ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ് ഫ്രഞ്ച് വിപ്ലവം (1789 – 1799). വോൾട്ടയർ, റൂസ്സോ തുടങ്ങിയ ജ്ഞാനോദയ ചിന്താഗതിക്കാരുടെ വിപ്ലവാത്മകവും നവീകരണവാദപരവുമായ ആശയങ്ങളാൽ രൂപപ്പെട്ട രക്തരൂക്ഷിതമായ ഭരണമാറ്റമായിരുന്നു ഇത്. ലൂയി പതിനാലാമൻ രാജാവിന്റെ ദുർഭരണവും അക്കാലയളവിൽ സഭാനേതൃത്വം അനുഭവിച്ച വിശേഷാവകാശങ്ങളും  ജന്മിത്ത വ്യവസ്ഥിതിയുടെ ചൂഷണങ്ങളും സാധാരണക്കാരായ ജനങ്ങളെ ഇവർക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (liberté, égalité, fraternité) എന്നീ മൂന്ന് മുദ്രാവാക്യങ്ങളിൽ അധിഷ്ഠിതമായ ഈ വിപ്ലവ കാലഘട്ടത്തിന് അന്ത്യം കുറിക്കുന്നത് നെപ്പോളിയൻ ബൊനൊപ്പാർട്ടെ (1769-1821) ഫ്രഞ്ച് ചക്രവർത്തി ആകുന്നതോടുകൂടിയാണ്.

വിപ്ലവകാരികളുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് ഫ്രാൻ‌സിൽ നിന്ന് ക്രിസ്തീയവിശ്വാസത്തെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതായിരുന്നു. ആധുനിക യൂറോപ്യൻ ചരിത്രത്തിലെ ക്രിസ്തീയവിശ്വാസത്തിനെതിരെയുള്ള ഏറ്റവും വലിയ അക്രമങ്ങളിലൊന്നായിരുന്നു “ഭീതിയുടെ വാഴ്ച്ച” (Reign of Terror) എന്നറിയപ്പെടുന്ന ഫ്രഞ്ച് വിപ്ലവത്തിലെ 1793-1794 വർഷങ്ങൾ. യൂറോപ്പില്‍ ആകമാനമുണ്ടായ പ്രോട്ടസ്റ്റന്റ് നവീകരണത്തെ അതിജീവിച്ച ഫ്രഞ്ച് സഭയിലെ ആയിരക്കണക്കിന് വൈദികർ കൊല്ലപ്പെടുകയും മുപ്പതിനായിരത്തിലധികം വൈദികർ നാടുകടത്തപ്പെടുകയും ചെയ്തു. പാരീസിലെ പ്രസിദ്ധമായ നോട്ടെർ ദാമ് (Notre-Dame) കത്തീഡ്രൽ “യുക്തിയുടെ അമ്പലം” (Temple of Reason) എന്ന് പുനർനാമകരണം ചെയ്യുകയും “പ്രജ്ഞ ദേവത”യെ (Goddess of Reason) ആരാധനാമൂർത്തിയായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ഇരുൾമൂടിയ കാലഘട്ടത്തിൽ ഉയർന്നുവന്ന വിശ്വാസത്തിന്റെയും ആത്മീയവിശുദ്ധിയുടെയും കൊച്ചുതിരിനാളമായിരുന്നു വി. ജോൺ മരിയ വിയാനി.

ഫ്രാൻസിന്റെ കിഴക്കുഭാഗത്ത് പ്രസിദ്ധമായ ലിയോൺ നഗരത്തിനടുത്തുള്ള ഡാർഡില്ലി എന്ന ഗ്രാമത്തിൽ 1786 മെയ് എട്ടാം തീയതി, മാത്യു വിയാനിയുടെയും മരീ ബെലീസിന്റെയും നാലാമത്തെ പുത്രനായിട്ടാണ് ജോൺ വിയാനിയുടെ ജനനം. ജോണിനെക്കൂടാതെ മറ്റ് അഞ്ചു മക്കൾ കൂടി അവർക്കുണ്ടായിരുന്നു. ജനിച്ച ദിവസംതന്നെ ജോൺ മരിയ വിയാനിക്ക് ജ്ഞാനസ്നാനം നൽകി. പ്രധാനമായും മുന്തിരിയും പഴവർഗ്ഗങ്ങളും കൃഷിചെയ്ത് ഉപജീവനം നടത്തിയിരുന്ന പാവപ്പെട്ടവരുടെ ഒരു ഗ്രാമപ്രദേശമായിരുന്നു ഇത്. ഇന്ന് ലിയോണിൽ നിന്ന് വേനൽക്കാലത്ത് സമ്പന്നരായ ആളുകളെത്തുന്ന ഇവിടുത്തെ സ്ഥിര ജനസംഖ്യ ആയിരത്തി അഞ്ഞൂറോളമാണ്.

ഉത്തമ കത്തോലിക്കാവിശ്വാസത്തിൽ ജീവിച്ചിരുന്നവരായിരുന്നു ഈ കുടുംബം. മരിയ വിയാനിയുടെ വല്യപ്പനും വല്യമ്മയും ഒരിക്കൽ ഭവനരഹിതരായ ആളുകളുടെ മധ്യസ്ഥനായ വി. ബനഡിക്ട് ജോസഫ് ലാബ്രെയ്ക്ക് (1748-1783) അദ്ദേഹത്തിന്റെ റോമിലേക്കുള്ള തീർഥാടനവേളയിൽ 1770-ൽ അവരുടെ ഭവനത്തിൽ ആദിത്യമരുളാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. നേരത്തെ വിവരിച്ച ഫ്രഞ്ച് വിപ്ലവകാലഘട്ടത്തിലെ പുരോഹിതന്മാർക്കെതിരെയുണ്ടായ അക്രമത്തിന്റെ മൂർധന്യാവസ്ഥയിലായിരുന്നു ജോൺ വിയാനിയുടെ ശൈശവം. ഇക്കാലഘട്ടത്തിൽ ഈ പ്രദേശങ്ങളിലെല്ലാം ധാരാളം വൈദികർ രഹസ്യജീവിതം നയിച്ചുകൊണ്ട് ആളുകളുടെ ആത്മീയകർത്തവ്യങ്ങൾ നിറവേറ്റി. മിക്കപ്പോഴും വിയാനി കുടുംബം ഈ കുർബാനയിൽ സംബന്ധിക്കാൻ ആരുമറിയാതെ ദീർഘദൂരം യാത്ര ചെയ്തിരുന്നു. ഓരോ ദിവസവും ഈ വൈദികർ, തങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലും ആളുകളുടെ ആത്മീയകാര്യങ്ങൾ നടത്തിക്കൊടുക്കാൻ ശ്രദ്ധിക്കുന്നതും വിശുദ്ധ കുർബാന അർപ്പിക്കുന്നതും കണ്ടപ്പോൾ ജോൺ വിയാനി അവരെ വീരാരാധനയോടെയാണ് ശ്രദ്ധിച്ചിരുന്നത്.

ജോൺ വിയാനിക്ക് തന്റെ ആദ്യകുർബാനയ്ക്ക് രഹസ്യമായി പരിശീലനം നൽകിയത് ഫ്രഞ്ച് വിപ്ലവസമയത്ത് പിരിച്ചുവിട്ട സന്യാസിനീ സമൂഹത്തിലെ രണ്ട് കന്യാസ്ത്രീകളായിരുന്നു. തന്റെ പതിമൂന്നാമത്തെ വയസ്സിൽ ഒരു പുരോഹിതൻ, വിയാനിയുടെ അയൽക്കാരന്റെ അടുക്കളയിൽ രഹസ്യമായി അർപ്പിച്ച ദിവ്യബലിമധ്യേ ആയിരുന്നു ജോൺ വിയാനി ആദ്യകുർബാന സ്വീകരിക്കുന്നത്. മറ്റാരും കാണാതിരിക്കാൻ ആ വീടിന്റെ ജനാലകളെല്ലാം മറച്ച് പരിചിതരായ ഏതാനും പേരുടെ സാന്നിധ്യത്തിലാണ് അത് നടത്തിയത്. എന്നാൽ വിയാനിക്ക് തന്റെ വിശ്വാസജീവിതത്തിന്റെയും സമർപ്പണത്തിന്റെയും വലിയ വാതായനങ്ങൾ ദൈവം തുറന്നുകൊടുത്ത വഴിയായിരുന്നു ഇത്.

നെപ്പോളിയൻ ചക്രവർത്തിയും പിയൂസ് ഏഴാമൻ മാർപ്പാപ്പയും പാരീസിൽ വച്ച് ഒപ്പിട്ട പ്രസിദ്ധമായ 1801-ലെ ‘കോൺകോർദാത്ത്’ വഴി സഭയ്ക്ക് വീണ്ടും ഫ്രാൻ‌സിൽ പ്രവർത്തനാനുമതി ലഭിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം പല ദേവാലയങ്ങളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങി. ഈ സമയത്ത് തനിക്ക് വിദ്യാഭ്യാസം നേടണമെന്നും ഒരു വൈദികനാകണമെന്നുമുള്ള ആഗ്രഹത്തോടെ വിയാനി അടുത്ത വില്ലേജായ എക്കുള്ളി എന്ന സ്ഥലത്തെ സ്കൂളിൽ ചേർന്നു. അവിടുത്തെ വികാരിയായിരുന്ന ഫാ. ബെയ്‌ലി യുവാക്കളെ പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അവിടെയുണ്ടായിരുന്ന സ്കൂൾ പുനരാരംഭിച്ചു. പത്തൊൻപതു വയസ്സുള്ള വിയാനി, ക്ലാസ്സിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർഥിയായിരുന്നു. പല വിഷയങ്ങളിലും പ്രത്യേകിച്ച്, ലത്തീൻ ഭാഷയിൽ മറ്റു കുട്ടികൾക്കൊപ്പമെത്തുന്നതിന് വിയാനിക്കു സാധിച്ചിരുന്നില്ല. ഈ സമയത്തൊക്കെ ഒരു വൈദികനാകണമെന്ന അതിയായ ആഗ്രഹമാണ് അദ്ദേഹത്തെ സ്‌കൂളിൽ തുടരാൻ പ്രേരിപ്പിച്ചത്. തന്റെ പഠനത്തിനുള്ള പ്രശ്നങ്ങളൊക്കെ പരിഹരിച്ചുകിട്ടുന്നതിനായി പരിശുദ്ധ അമ്മയുടെയും വി. ഫ്രാൻസിസ് റേജിസിന്റെയും മാധ്യസ്ഥമപേക്ഷിച്ച് വിയാനി നിരന്തരമായി പ്രാർഥിക്കാൻ തുടങ്ങി. 

പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നുകരുതി തന്റെ വൈദികപരിശീലനം ആരംഭിച്ച വിയാനിക്ക് നെപ്പോളിയൻ ചക്രവർത്തിയുടെ നിർബന്ധിത സൈനികസേവനത്തിനുള്ള കല്പന വലിയ ഇരുട്ടടിപോലെ ആയിരുന്നു. സ്പാനിഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ 1809-ൽ നെപ്പോളിയന്റെ സൈന്യത്തിലേക്ക് ജോൺ വിയാനി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ സമയത്ത് അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിക്കാത്തവിധം കലശലായ അസുഖം ബാധിച്ചു കിടപ്പിലായി. പിന്നീട് രോഗം ഭേദമായപ്പോൾ മറ്റൊരു സംഘത്തിന്റെ കൂടെ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും വേറൊരു സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്തു. പക്ഷേ, അങ്ങോട്ടുള്ള യാത്രയിൽ എല്ലാവരും വിശ്രമിക്കുന്ന വേളയിൽ വിയാനി വഴിയിൽ കണ്ട ദേവാലയത്തിൽ പ്രാർഥിക്കാനായി കയറി. ഇത് അറിയാതിരുന്ന കൂടെയുണ്ടായിരുന്നവർ അദ്ദേഹമില്ലാതെ തന്നെ യാത്ര തുടർന്നു. കുറേ സമയത്തെ പ്രാർത്ഥനയ്ക്കുശേഷം എന്തുചെയ്യണമെന്നറിയാതിരുന്ന വിയാനി അടുത്ത ഗ്രാമത്തിലേക്കു യാത്ര ചെയ്യുകയും അവിടെ പതിനാലു മാസത്തോളം താമസിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ ഗ്രാമത്തിലെ അക്ഷരമറിയാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനായും അദ്ദേഹം സമയം കണ്ടെത്തി.

1810-ൽ സൈന്യത്തിൽ ചേരാതെ പോയവർക്ക് നെപ്പോളിയൻ പൊതുമാപ്പ് നൽകിയതുവഴി വിയാനിക്ക് തിരികെപ്പോയി തന്റെ പഠനം പുനരാരംഭിക്കാൻ സാധിച്ചു. പിന്നീട് 1812-ൽ വെറിയെറസ് എൻ ഫോറസ് എന്ന സ്ഥലത്തെ മൈനർ സെമിനാരിയിൽ ചേരുകയും ഒരു വർഷത്തെ പരിശീലനത്തിനുശേഷം അധികാരികൾ വിയാനിയെ ലിയോൺസിലെ മേജർ സെമിനാരിയിൽ അയയ്ക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന വിദ്യാർഥികളെല്ലാം തന്നെ വിയാനിയേക്കാൾ പ്രായം കുറഞ്ഞവരായിരുന്നു. മിക്കപ്പോഴും പ്രായത്തെപ്രതിയും പഠനത്തിനുള്ള പിന്നോക്കാവസ്ഥയെപ്രതിയും വിയാനി മറ്റുള്ളവരുടെ പരിഹാസത്തിന് വിധേയനായിട്ടുണ്ട്. എന്നാൽ അതൊക്കെയും സമചിത്തതയോടെയും പ്രാർഥനയോടെയും നേരിടുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇക്കാലയളവിലൊക്കെ അദ്ദേഹത്തിന് ആത്മബലം നൽകി സഹായിച്ചത് മുൻവികാരിയായിരുന്ന ഫാ. ബയ്ലിയാണ്.

തത്വശാസ്ത്ര പഠനത്തിന്റെ അവസാന പരീക്ഷ ലത്തീൻ ഭാഷയിലാണ് നടത്തിയിരുന്നത്. ഭാഷയിലുള്ള ബുദ്ധിമുട്ട് കാരണം വിയാനി ആ പരീക്ഷയിൽ പരാജയപ്പെട്ടു. ഇക്കാരണത്താൽ അദ്ദേഹത്തെ വീണ്ടും പഴയ സ്‌കൂളിലേക്ക്  തിരികെയയച്ചു. ഫാ. ബയ്ലിയും അവിടുത്തെ സ്കൂൾ അധികൃതരും വികാരി ജനറാളിനെ നേരിട്ട് സമീപിച്ച് വിയാനിയുടെ ഭക്തിയും വിശ്വാസവും അദ്ദേഹത്തിന്റെ അറിവിന്റെ കുറവ് പരിഹരിക്കുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി വീണ്ടും ദൈവശാസ്ത്ര പഠനത്തിനായി സെമിനാരിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള അനുവാദം നേടിയെടുത്തു. ഇവിടെ വിയാനിയുടെ വിശുദ്ധിയെക്കുറിച്ചു ബോധ്യമുണ്ടായിരുന്ന അധികാരികൾ പഠനത്തിൽ സമർഥനായ ഒരു വിദ്യാർഥിയെ, അദ്ദേഹത്തെ സഹായിക്കുന്നതിനായി നിയോഗിച്ചു.

അന്ന് ഫ്രാൻ‌സിൽ വൈദികരുടെ ആവശ്യം വളരെ വലുതായിരുന്നു. ഒരു ഗ്രാമത്തിലൊക്കെ സേവനം ചെയ്യുന്നതിനുള്ള അറിവൊക്കെ വിയാനിക്കുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ പൗരോഹിത്യത്തിലേക്ക് ഉയർത്തുന്നതിന് അധികാരികൾ തീരുമാനമെടുത്തത്. അങ്ങനെ 1815 ആഗസ്റ്റ് 12-ന് കോവേന്ത ഡെസ് മിനിമസ് ദേ ഗ്രനോബ്ലെ എന്ന ആശ്രമത്തിന്റെ ചാപ്പലിൽ വച്ച് ജോൺ വിയാനി വൈദികനായി അഭിഷിക്തനാവുകയും ചെയ്തു. അന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല, വിയാനി വിശുദ്ധിയുടെ പടവുകൾ കയറി ഒരു ഇടവക വൈദികൻ എങ്ങനെ ആയിരിക്കണമെന്ന് ലോകത്തിലുള്ള എല്ലാ വൈദികർക്കും മാതൃകയായിത്തീരുമെന്ന്. പിന്നീട് 1834-ൽ വി. പീറ്റർ ജൂലിയൻ എയ്മാര്‍ടും ഇവിടെ വച്ചാണ് വൈദികനായി അഭിഷിക്തനായത്. താമസിയാതെ വിയാനിയെ ഒക്കുള്ളിയിൽ അദ്ദേഹത്തിന്റെ മാർഗദർശിയായിരുന്ന ഫാ. ബെയ്ലിയുടെ കൂടെ അസിസ്റ്റന്റ്‌ വികാരിയായി നിയമിച്ചു.

വിയാനിയുടെ വൈദികജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഫാ. ബെയ്‌ലി. എല്ലാ ദിവസവും അവർ യാമപ്രാർഥനകൾ ഒന്നിച്ചുനടത്തുകയും മണിക്കൂറുകളോളം വിശുദ്ധ കുർബാനയുടെ ആരാധനയിൽ പള്ളിയിൽ ചിലവഴിക്കുകയും ചെയ്തു. അവർ രണ്ടുപേരുടെയും തുച്ഛമായ വരുമാനത്തിന്റെ നല്ലൊരു പങ്കും അവിടെയുള്ള പാവങ്ങളെ സഹായിക്കാനായി മാറ്റിവച്ചിരുന്നു. ഇവർ മിക്കവാറും എല്ലാ ദിവസങ്ങളിലും ഇടവകയിലെ പാവങ്ങളെയും രോഗികളെയും സന്ദർശിക്കുകയും അവരോടൊത്ത് പ്രാർഥനയിൽ സമയം ചിലവഴിക്കുകയും ചെയ്തു. ഫാ. ബെയ്‌ലിക്ക് അധികനാൾ വേണ്ടിവന്നില്ല, താൻ ഒരു വിശുദ്ധനായ വൈദികന്റെ കൂടെയാണ് വസിക്കുന്നതെന്ന് തിരിച്ചറിയാൻ.

1817 ഡിസംബർ മാസത്തിൽ ഫാ. ബെയ്ലി പെട്ടെന്ന് ഇഹലോകവാസം വെടിഞ്ഞപ്പോൾ വിയാനി അദ്ദേഹത്തിന്റെ പിൻഗാമിയാകണമെന്ന് ഇടവകജനങ്ങൾ ആഗ്രഹിച്ചു. ഈ സമയത്തു തന്നെയാണ് ആർസ് എന്ന കൊച്ചുഗ്രാമത്തിലെ വൈദികനും മരിക്കുന്നത്. രൂപതയിൽ നിന്നും വികാരി ജനറാൾ ജോൺ വിയാനിയെ വിളിച്ച് ഇപ്രകാരം പറഞ്ഞു: “ദൈവസ്നേഹം കണ്ടെത്താൻ വളരെ പ്രയാസമുള്ള ഒരു കൊച്ചുപള്ളിയിലേക്കാണ് ഇപ്പോൾ പോകുന്നത്. കഴിയുമെങ്കിൽ അവിടെ താങ്കൾ ദൈവകൃപയുടെ തിരിനാളം തെളിക്കുക.” വികാരി ജനറാൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല, ഈ പാവപ്പെട്ട വൈദികൻ അവിടം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കാൻ പോകുന്ന ഒരു ഇടവകയാക്കി പരിവർത്തനപ്പെടുത്തുമെന്നും ചരിത്രത്തിൽ താൻപോലും അറിയപ്പെടാൻ പോകുന്നത് വിയാനിയെന്ന വൈദികനോട് ബന്ധപ്പെടുത്തിയായിരിക്കുമെന്നും.

അങ്ങനെ 1818-ൽ 230 വിശ്വാസികളുള്ള  ആർസ് ഇടവകയിലെ വികാരിയായി ജോൺ വിയാനിയെ നിയമിച്ചു. തന്റെ പുതിയ ദൗത്യം ഏറ്റെടുക്കാൻ ആർസിലേക്കുള്ള ആദ്യയാത്രയിൽ കുറെ കിലോമീറ്ററുകൾ നടന്നുകഴിഞ്ഞപ്പോൾ വിയാനിയച്ഛന് വഴിതെറ്റി. വഴിയിൽ കാലികളെ മേയ്ക്കുകയായിരുന്ന രണ്ടു ചെറുപ്പക്കാർ അദ്ദേഹത്തിന്റെ സഹായത്തിനായി വരികയും തുടർന്ന് ആർസ് പള്ളിയിൽ എത്തിക്കുകയും ചെയ്തു. വളരെ ഭക്തിയോടെ ഇടവകജീവിതം നയിച്ചിരുന്ന ധാരാളം വിശ്വാസികളുണ്ടായിരുന്ന ഓക്‌ലിയിൽ നിന്നും വ്യത്യസ്തമായിരുന്നു ഇവിടുത്തെ കാര്യങ്ങൾ. വിയാനിയെ സ്വാഗതം ചെയ്യുന്നതിനോ, പരിചയപ്പെടുന്നതിനോ ആരുംതന്നെ അവിടെങ്ങും ഉണ്ടായിരുന്നില്ല. ആദ്യത്തെ ഞായറാഴ്ച ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കായി വിരലിലെണ്ണാവുന്ന, പ്രായം ചെന്ന ചില സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവിടുത്തെ കോഫീ ഷോപ്പുകളിലും മറ്റു കടകളും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.

തന്റെ വെല്ലുവിളി നിറഞ്ഞ അജപാലനശുശ്രൂഷ വളരെ ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന് വിയാനിക്ക് അറിയാമായിരുന്നു. ആരും പള്ളിയിൽ വരാതായപ്പോൾ വിയാനി അവരുടെ വീടുകളിലേക്കു ചെന്നു. പലരും അത് ഇഷ്ടപ്പെടുന്നില്ല എന്നറിഞ്ഞിട്ടും സ്ഥിരമായി അവരുടെ ഭവനങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഇടവകയിലെ ആളുകളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. വീട്ടിൽ എല്ലാവരും സന്നിഹിതരാണെന്നു തോന്നുന്ന സമയങ്ങളിൽ ക്ഷണിക്കപ്പെടാതെ തന്നെ അദ്ദേഹം അവിടെ പ്രത്യക്ഷപ്പെടുകയും അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. സാവധാനം വിയാനി അച്ചൻ അവരറിയാതെ തന്നെ ഗ്രാമത്തിലുള്ള എല്ലാവരുടെയും ജീവിതത്തിലെ അവിഭാജ്യഘടകമായി മാറി. അദ്ദേഹത്തിന്റെ ഉപദേശത്തിനും നിർദേശങ്ങൾക്കും ആളുകൾ വിലകല്പിക്കാനും തുടങ്ങി. ആരെയും നിർബന്ധിച്ച് ഒന്നും ചെയ്യിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല വിയാനിയച്ചൻ. അതിനാൽതന്നെ ആളുകൾ വിയാനി അച്ഛന്റെ മനസ്സറിഞ്ഞ് കാര്യങ്ങൾ ചെയ്യുന്ന മനോഭാവത്തിലേക്ക് മാറാൻ തുടങ്ങിയിരുന്നു.

സെമിനാരി പഠനകാലത്ത് കാര്യങ്ങൾ ഓർത്തിരിക്കുന്നതിന് വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്ന വിയാനി അച്ഛൻ, ആർസിലെ തന്റെ അജപാലനശുശ്രൂഷയുടെ ആരംഭനാളുകളിൽ പ്രസംഗങ്ങൾ ഒരുക്കുന്നതിനായി രാത്രികാലങ്ങളിൽ മണിക്കൂറുകൾ ചിലവഴിച്ചിരുന്നു. പക്ഷേ, പറയുന്ന വാക്കുകളിലെ സത്യസന്ധതയും വിശുദ്ധിയോടെയുള്ള അദ്ദേഹത്തിന്റെ ജീവിതവും കേൾവിക്കാരിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അധികനാൾ കഴിയുന്നതിനുമുമ്പ് സമീപപ്രദേശങ്ങളിൽ നിന്നൊക്ക വിയാനി അച്ചന്റെ പ്രസംഗം കേൾക്കാൻ വിശ്വാസികൾ ആർസിലേക്ക് എത്തിത്തുടങ്ങി. സാവധാനം ഇടവകജനങ്ങളുടെ സഹകരണത്തോടെ പള്ളിയും പരിസരവും ഭംഗിയാക്കാനും ആരാധനക്ക് സഹായിക്കുംവിധം ആകർഷകമാക്കാനും അദ്ദേഹം നേതൃത്വം കൊടുത്തു. വിശുദ്ധ കുർബാനയ്ക്കും മറ്റു ആരാധനയ്ക്കും ഉപയോഗിക്കുന്നതിന് പുതിയ വസ്ത്രങ്ങൾ വാങ്ങുകയും രണ്ടു ചെറിയ ചാപ്പലുകൾ നിർമ്മിക്കുകയും ചെയ്തു. ഇതിലൊന്നിലാണ് “കരുണയുടെ കസേര” എന്ന പേരിൽ പ്രസിദ്ധമായിത്തീർന്ന, ആയിരക്കണക്കിന് ആത്മാക്കൾ ദൈവാനുഗ്രഹം പ്രാപിച്ചു മടങ്ങിപ്പോയ വിയാനി അച്ഛന്റെ കുമ്പസാരക്കൂട് ഉണ്ടായിരുന്നത്.

അജപാലനപരമായ ഈ വിജയങ്ങൾ വിയാനി അച്ഛനെ ഒരിക്കലും അഹങ്കാരിയാക്കിയിരുന്നില്ല. എല്ലാം ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടുപോകുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ അദ്ദേഹത്തിന്റെ ഇടവക ജനത്തിന്റെ ആത്മീയ അഭിവൃദ്ധിയും മാനസാന്തരവും ഇഷ്ടപ്പെടാതിരുന്ന അനേകരുടെ എതിർപ്പ് എക്കാലവും വിയാനിക്ക് നേരിടേണ്ടതായിവന്നിട്ടുണ്ട്. തന്റെ ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും പാവങ്ങളെ തന്റെ കൈയ്യിലുള്ളതെല്ലാം നൽകി അദ്ദേഹം സഹായിച്ചിരുന്നു. ഒരിക്കൽ വിയാനിയച്ചനെ കാണാൻ ആർസിലെ മേയർ അദ്ദേഹത്തിന്റെ പള്ളിയിലെത്തി. എന്നാൽ വളരെ ക്ഷീണിച്ചവശനായ വൈദികനെ കണ്ട് അദ്ദേഹത്തിന് അത്ഭുതം തോന്നി. ഏറെ നേരത്തെ സംഭാഷണത്തിനുശേഷം അദ്ദേഹത്തിന് മനസ്സിലായി, വിയാനി അച്ചന്റെ ദാനശീലം കാരണം അദ്ദേഹം മൂന്നുദിവസമായി പട്ടിണിയിലാണെന്ന്.

ആർസിലെത്തുന്ന ആർക്കും അവിടുത്തെ വികാരിയച്ചനെ തേടി എങ്ങും അലയേണ്ടുന്ന ആവശ്യമില്ലായിരുന്നു. തന്റെ ഓരോ ദിവസത്തെയും ജീവിതത്തിന്റെ നല്ലൊരു ശതമാനവും അദ്ദേഹം ദേവാലയത്തിൽ തന്നെയാണ് ചെലവഴിച്ചിരുന്നത്. ഇനിയും ഏതെങ്കിലും കാരണവശാൽ വിയാനി അച്ചനെ അവിടെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇടവകയിലെ ഏതെങ്കിലുമൊരു ഭവനത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടില്ലായിരുന്നു. തന്റെ അടുത്തേക്കു വരാൻ മടിയുള്ളവരും ബുദ്ധിമുട്ടുള്ളവരുമായവരുടെ അടുത്തേക്ക് അദ്ദേഹം ചെന്നിരുന്നു. ഒരിക്കൽ വിയാനിയുടെ അജപാലനമേഖലയിലെ വിജയം കണ്ട് അദ്ദേഹത്തിൽ നിന്നും നല്ല മാതൃകകൾ സ്വീകരിച്ച് തന്റെ ഇടവകയിലും ഇതൊക്കെ നടപ്പാക്കണമെന്ന ചിന്തയോടെ ഒരു കൊച്ചച്ചൻ അദ്ദേഹത്തിന്റെ അടുത്തെത്തി. തന്നാൽ കഴിയുന്നതെല്ലാം ചെയ്തു എന്നിട്ടും ഇടവകയിൽ യാതൊരു പുരോഗതിയും കാണുന്നില്ലെന്നു പരിതപിച്ച അദ്ദേഹത്തോട് വിയാനി അച്ചൻ സൗമ്യമായി ചോദിച്ചു: “അച്ചൻ എല്ലാം ചെയ്തുവെന്നു പറയുന്നു. അത് സത്യമാണല്ലോ? താങ്കൾ എത്ര പ്രാവശ്യം ആളുകൾക്കുവേണ്ടി ഉപവസിക്കുകയും അങ്ങയുടെ വസ്തുക്കൾ ദാനധർമ്മം ചെയ്യുകയും ചെയ്തു? എത്രമാത്രം പ്രാർഥിച്ചു?”

ഇതൊക്കെ നിസ്സാരമെന്ന് മറ്റുള്ളവർക്കു തോന്നാമെങ്കിലും വിയാനി അച്ചന്റെ അത്ഭുതപ്രവൃത്തികൾ ഇതൊക്കെത്തന്നെ ആയിരുന്നു. ഒരു വൈദികൻ സാധാരണയായി ചെയ്യേണ്ടുന്ന കാര്യങ്ങൾ അതിന്റെ പൂർണ്ണ അർഥത്തിലും അങ്ങേയറ്റം ആത്മാർഥതയിലും ചെയ്താണ് വിയാനി അച്ഛൻ വിശുദ്ധനായത്. അധികം താമസിയാതെ വിയാനിയച്ചൻ തങ്ങളുടെ അടുത്തേക്ക് വരുന്നതിന് കാത്തുനിൽക്കാതെ വിശ്വാസികൾ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. ഇങ്ങനെ വിയാനിയുടെ വിശുദ്ധിയുടെ പരിമളം സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ആളുകൾ ധാരാളമായി ആർസിലേക്ക് എത്താനും തുടങ്ങി.

വിയാനിയുടെ വിശുദ്ധജീവിതം നിരന്തര പരീക്ഷണങ്ങൾക്കും പരദൂഷണങ്ങൾക്കും വിധേയമായിക്കൊണ്ടിരുന്നു. കൂടാതെ, ശക്തമായ പൈശാചിക പ്രലോഭനങ്ങളും പീഡനങ്ങളും അദ്ദേഹത്തെ എപ്പോഴും അലട്ടുകയും ചെയ്തിരുന്നു. ഈ അവസരങ്ങളിലൊന്നും തന്റെ ആത്മീയകാര്യങ്ങളിൽ കുറവു വരുത്തുകയോ, എന്തെങ്കിലും വ്യതിയാനം വരുത്തുകയോ ചെയ്യാതെ തന്നെ അതിനെയൊക്കെ അദ്ദേഹം നേരിട്ടു. അപ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു: “നമുക്ക് ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെയും പരമമായ ദൈവസ്നേഹത്തോടെയും ചെയ്യാൻ കഴിഞ്ഞാൽ നമ്മിലൂടെ ദൈവത്തിന് ഒരുപാട് പ്രവര്‍ത്തിക്കാൻ കഴിയും.”

ഏകദേശം മുപ്പത്തിമൂന്നു വർഷത്തോളം പിശാച് മരിയ വിയാനിയെ പരാജയപ്പെടുത്താൻ പരിശ്രമിച്ചു കൊണ്ടിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ജീവിചരിത്രകാരന്മാർ പറയുന്നത്. ഒരിക്കൽ അദ്ദേഹത്തിന്റെ വൈരികൾ, വിയാനിയച്ചന് ഒരു ഇടവക നടത്തിക്കൊണ്ടു പോകുന്നതിന് കഴിവില്ലെന്ന് രൂപതാ ബിഷപ്പിന് എഴുതുകയും തത്ഫലമായി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. എന്നാൽ കാലാന്തരത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കളെല്ലാം തന്നെ പരാജയപ്പെടുകയാണുണ്ടായത്. സാവധാനം ഈ എളിയ പുരോഹിതന്റെ പ്രശസ്തി ഗ്രാമത്തിന്റെയും രാജ്യത്തിന്റെയും അതിർത്തികൾ കടന്ന് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കുമ്പസാരക്കൂടിനെ സമീപിച്ച് അനുഗ്രഹം പ്രാപിക്കാൻ സഭയിലെയും രാജ്യത്തെയും ഉന്നതപദവിലുണ്ടായിരുന്നവരും സാധാരണക്കാരും ധാരാളമായി എത്തിക്കൊണ്ടിരുന്നു. ഇതെല്ലം സംഭവിച്ചിരുന്നത് അവിടെ വന്നുപോയവരുടെ സാക്ഷ്യത്തിന്റെ വെളിച്ചത്തിലായിരുന്നു.

വിയാനി അച്ചന് തന്റെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന ആളിന്റെ ആത്മാവിന്റെ അവസ്ഥ ദൈവം അസാധാരണമായ വിധത്തിൽ വെളിപ്പെടുത്തിക്കൊടുത്തിരുന്നു (വി. വിൻസെന്റ് ഫെറർ, വി. പാദ്രെ പിയോ തുടങ്ങിയവർക്ക് ഈ വരങ്ങൾ ഉണ്ടായിരുന്നു). ചിലരുടെ പറയാത്ത പാപങ്ങളെക്കുറിച്ചും പാതിപറഞ്ഞ പാപങ്ങളെക്കുറിച്ചും അവരോടു പറഞ്ഞ് അവരെക്കൊണ്ടുതന്നെ പറയിപ്പിച്ച് കുമ്പസാരിപ്പിച്ചിരുന്നു. മറ്റു ചിലപ്പോൾ കുർബാന കഴിഞ്ഞ് കുമ്പസാരക്കൂട്ടിലേക്കു പോകുന്നവഴിക്ക് കാത്തുനിൽക്കുന്നവരുടെ ഇടയിൽ നിന്നും വിയാനി അച്ചൻ തന്നെ ചിലരെ വിളിച്ചുകൊണ്ടുപോയി പ്രത്യേകം കുമ്പസാരിപ്പിച്ചിരുന്നു. പലരുടെയും പാപത്തിനുള്ള പ്രായശ്ചിത്തം അവർക്ക് പൂർണ്ണമായും ചെയ്യാൻ സാധിക്കില്ലെന്നുകരുതി അദ്ദേഹം തന്നെ അത് ഏറ്റെടുത്ത് പലവിധ മാർഗങ്ങളിലൂടെ പരിഹാരമനുഷ്ഠിച്ചിരുന്നു. വിയാനിയച്ചന്റെ സന്നിധിയിൽ ഉപദേശം തേടിവരുന്നവരിൽ വൈദികരും സന്യാസികളും സാധാരണക്കാരുമൊക്കെ ഉണ്ടായിരുന്നു. തങ്ങൾക്ക് വലിയ ഉത്തരവാദിത്വങ്ങൾ അധികാരികൾ കഴിവിനനുസരിച്ച് നൽകുന്നില്ല എന്ന് പരാതിപറയുന്ന സമർപ്പിതരോട് അദ്ദേഹം എപ്പോഴും പറയുമായിരുന്നു: “ഇപ്പോൾ താങ്കളെ നിയമിച്ചിരിക്കുന്നിടത്ത് താങ്കൾക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ ജോലിയാണുള്ളത്.”

വിയാനിയച്ചൻ ഏകദേശം മുപ്പതു വർഷത്തോളം ദിവസേന പതിനാറു മണിക്കൂറിലധികം തുടർച്ചയായി കുമ്പസാര കൂദാശയുടെ അനുഷ്ഠാനത്തിലായിരുന്നു. ഇത് തന്നെയാണ് അദ്ദേഹം ജീവിതകാലത്ത് ചെയ്ത വലിയ അത്ഭുതങ്ങളിലൊന്ന്. യേശുവിന്റെ കരുണ അളവില്ലാതെ മറ്റുള്ളവരിലേക്ക് ചൊരിഞ്ഞപ്പോഴും തന്നോടുതന്നെ വളരെ കർക്കശ്യത്തോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. സ്വതവേ കൃശഗാത്രനും അനാരോഗ്യവാനുമായിരുന്ന വിയാനി അച്ചനെ അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത ജോലിയും പരിത്യാഗപ്രവൃത്തികളും കൂടുതൽ ക്ഷീണിതനാക്കി.

തന്റെ ആരോഗ്യം മുഴുവൻ തന്റെ ജനത്തിനുവേണ്ടി നൽകിയെന്നും അതിനാൽ ദൈവസന്നിധിയിലേക്ക് തനിക്ക് പോകാനുള്ള സമയം അടുത്തിരിക്കുന്നുവെന്നും വിയാനി അച്ചന് മനസ്സിലായിത്തുടങ്ങിയിരുന്നു. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നപ്പോഴും അദ്ദേഹം തന്റെ അജപാലന ശുശ്രൂഷകൾ പതിവുപോലെ തുടർന്നു. എന്നാൽ 1859 ജൂലൈ 29 ആയപ്പോഴേക്കും അദ്ദേഹം പൂർണ്ണമായും കിടപ്പിലായിരുന്നു. മരണാസന്നനായ വിയാനി അച്ചന്റെ രോഗസൗഖ്യത്തിനായി ഇടവക മുഴുവൻ പ്രാർഥിക്കുമ്പോഴും അദ്ദേഹം അന്ത്യകൂദാശ സ്വീകരിച്ച് നല്ല മരണത്തിനുവേണ്ടി ഒരുങ്ങുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ രൂപതാ ബിഷപ്പ് തന്റെ വിശുദ്ധനായ ആർസിലെ വികാരിയച്ചനെ കാണാനെത്തുകയും മരണക്കിടക്കയിൽ അദ്ദേഹത്തെ ആശീർവദിക്കുകയും ചെയ്തത് വിയാനിക്ക് വലിയ ആശ്വാസം നൽകി. 1859 ആഗസ്റ്റ് നാലാം തീയതി രാവിലെ രണ്ടുമണിക്ക് അദ്ദേഹത്തിന്റെ സഹവികാരി മരണാസന്നർക്കുവേണ്ടിയുള്ള പ്രാർഥന വിയാനി അച്ഛന്റെ അരികിൽ നിന്ന് ചൊല്ലുന്ന സമയത്ത് ഈ വിശുദ്ധ വൈദികന്റെ ആത്മാവ് നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് കടന്നുപോയി. അപ്പോൾ അദ്ദേഹത്തിന് എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഫ്രാൻ‌സിൽ അക്കാലത്ത് വളരെ വിരളമായി സംഭവിക്കുന്ന ഒന്നായിരുന്നു ഒരു വൈദികന്റെ സംസ്കാരശുശ്രൂഷകളിൽ മുന്നൂറു വൈദികരും ആറായിരത്തിലധികം വിശ്വാസികളും സംബന്ധിക്കുകയെന്നത്. തങ്ങൾ ഒരു വിശുദ്ധന്റെ സ്വർഗയാത്രയിൽ സംബന്ധിക്കുന്നുവെന്ന് അവിടെ വന്നവർക്കെല്ലാം അന്നേ തോന്നിയിരുന്നിരിക്കണം. വിയാനിയുടെ മരണത്തിന്റെ നാല്പത്തിയഞ്ചു വർഷം തികയുന്നതിനു മുമ്പുതന്നെ 1904-ൽ പീയൂസ് പത്താം മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും 1925 മെയ് മുപ്പത്തിയൊന്നാം തീയതി പീയൂസ് പതിനൊന്നാമൻ മാർപാപ്പ ജോൺ മരിയ വിയാനിയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു.

വി. ജോൺ മരിയ വിയാനിയെ അടക്കം ചെയ്തിരിക്കുന്ന ആർസിലെ ബസിലിക്കയും മറ്റും സന്ദർശിക്കുന്നതിനായി ഓരോവർഷവും അഞ്ചുലക്ഷത്തിലധികം തീർഥാടകരാണ് എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രാർഥക്കുന്നതിനും വിശുദ്ധന്റെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുന്നതിനുമായി എത്തുന്നതിൽ നല്ലൊരു പങ്കും വൈദികരാണെന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ഈ വിശുദ്ധ വൈദികന്റെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ “നമ്മുടെ പൗരോഹിത്യത്തിന്റെ ആരംഭം മുതൽ” (Sacerdotii nostri primordia) എന്ന പേരിൽ വി. ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ ഒരു ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. അതിനും അൻപത് ആണ്ടുകൾക്കുശേഷം വി. വിയാനിയുടെ നൂറ്റിയമ്പതാം ചരമവാർഷികത്തിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2009 ജൂൺ 19 മുതൽ ഒരു വർഷക്കാലം വൈദിക വർഷമായി സഭ മുഴുവൻ ആഘോഷിക്കുന്നതിന് ആഹ്വാനം ചെയ്തു. 1986-ൽ വി. വിയാനിയുടെ ഇരുനൂറാം ജന്മവാർഷികം ആർസിൽ വച്ച് ആഘോഷിച്ച അവസരത്തിൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവിടെയെത്തി ഇപ്രകാരം പറഞ്ഞു: “വി. ജോൺ മരിയ വിയാനി തന്റെ വലിയ ഉത്തരവാദിത്വത്തെക്കുറിച്ച് ബോദ്ധ്യമുണ്ടായിരുന്ന അസാധാരണ അജപാലകനാണ്. ഇന്ന് പൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ ജീവിതം ധൈര്യത്തിന്റെ അടയാളവും ദൈവീക കൃപ സ്വായത്തമാക്കുന്നതിനുള്ള ഉത്തമ മാതൃകയുമാണ്.”

ഫാ. മാത്യു ചാർത്താക്കുഴിയിൽ

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.