കാസമാരി ആബി: സിസ്റ്റേഴ്‌സിയൻ കല സമന്വയിക്കുന്ന സന്യാസാശ്രമം

ഇറ്റലിയിൽ സ്ഥിതിചെയ്യുന്ന കാസമാരി ആബി, സിസ്റ്റേഴ്‌സിയൻ-ഗോതിക് കലയുടെ സമന്വയമാണ്. ഈ ആശ്രമത്തിലെ കല്ലുകൾ പോലും നൂറ്റാണ്ടുകളായി ഇവിടെയുണ്ടായിരുന്ന സന്യാസിമാരുടെ പ്രാർഥനകൊണ്ട് നിറഞ്ഞിരിക്കുന്നവയാണ്. ഇവിടെ ജീവിക്കുന്ന സന്യാസിമാർ അനുസരണം,ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വിളികൾക്കായി ജീവിതം സമർപ്പിക്കുന്നതിനൊപ്പം തന്നെ ഒരു പ്രത്യേക പാരമ്പര്യവും വികസിപ്പിച്ചിട്ടുണ്ട്.

മരുന്നുകളുടെ പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ അല്ലെങ്കിൽ അവയുടെ വിത്തുകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ദ്രാവക രൂപത്തിലുള്ള മരുന്നുകൾ ചികിത്സാ പരിഹാരങ്ങൾ നൽകുന്ന പ്രത്യേക പാരമ്പര്യം ഇവിടെയുണ്ട്. രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷവും പ്രവർത്തിച്ചു വരുന്ന കാസമാരി ഫാർമസി ഇവിടെ സന്യാസ ജീവിതവും സസ്യശാസ്ത്രവും തമ്മിലുളള ബന്ധത്തിന്റെ ശക്തമായ പ്രതീകമായി തുടരുന്നു. ഈ സന്യാസിമാരുടെ ജീവിതവും പ്രവർത്തനങ്ങളുമെല്ലാം ദൈവത്തിന്റെ ഉപരി മഹത്വത്തിനായാണ്.

ഭൂമിയുടെയും ഫലഭൂയിഷ്ഠതയുടെയും വിളവെടുപ്പിന്റെയും – മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവിതത്തിന്റെ തന്നെയും – ഗ്രീക്ക് ദേവതയായ സെറസിന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രത്തിന്റെ അടിത്തറയിലാണ് പതിനൊന്നാം നൂറ്റാണ്ടിൽ കാസമാരി ആശ്രമം നിർമ്മിച്ചത്. ആയിരത്തിലധികം വർഷത്തെ ക്രിസ്തീയ സാക്ഷ്യം ഇവിടെ നിറഞ്ഞിരിക്കുന്നു. ശാന്തതയുടെയും ധ്യാനത്തിന്റെയും ഒരു അന്തരീക്ഷമാണ് ഇന്നും അതിന്റെ ചുവരുകൾക്കുള്ളിലുള്ളത്

റോമിന് തെക്ക് ലാസിയോ മേഖലയിലെ ഫ്രോസിനോൺ നഗരത്തെയും സോറയെയും ബന്ധിപ്പിക്കുന്ന പ്രവിശ്യാ റോഡരികിൽ വെറോളി പ്രദേശത്താണ് സന്യാസ സമുച്ചയം സ്ഥിതി ചെയ്യുന്നത്. 1035-ൽ നിർമ്മാണം ആരംഭിച്ചപ്പോൾ, ഈ പ്രദേശം വനങ്ങളാൽ ചുറ്റപ്പെട്ടിരുന്നു – വിശുദ്ധ ബെനഡിക്റ്റിന്റെ നിയമാവലിയിൽ നിർദേശിച്ചതുപോലെ, ‘നിശബ്ദതയുടെ സ്നേഹത്തിൽ’ ദൈവത്തെ സ്തുതിക്കുന്നതിനുള്ള അനുയോജ്യമായ ഒരു അന്തരീക്ഷമായിരുന്നു ഇവിടെ.

വാസ്തവത്തിൽ, നൂറ്റാണ്ടുകൾക്കുശേഷം ഇന്ന് നിലനിൽക്കുന്ന മഹത്തായ ഈസ്മാരകത്തിന്റെ ആദ്യ കല്ലുകൾ സ്ഥാപിച്ചത് ബെനഡിക്റ്റൈൻ സന്യാസിമാരുടെ ഒരു ചെറിയ കൂട്ടമായിരുന്നു. ഒരു നൂറ്റാണ്ടിനുശേഷം, ഏകദേശം 1140-ൽ, സിസ്റ്റേഴ്‌സിയൻ സന്യാസിമാർ അവിടെ സ്ഥിരതാമസമാക്കി. ബെനഡിക്റ്റൈൻ നിയമം കൂടുതൽ കർശനമായി പാലിക്കുക എന്ന ലക്ഷ്യത്തോടെ, 1098-ൽ റോബർട്ട് ഓഫ് മോൾസ്മെ സ്ഥാപിച്ച സന്യാസ വിഭാഗത്തിൽ പെട്ടവരായിരുന്നു അവർ.

അങ്ങനെ, നിശബ്ദതയുടെ ആചരണത്തോടൊപ്പം, ആശ്രമത്തിനുള്ളിൽ, അലങ്കാരങ്ങളോ, ഫ്രെസ്കോകളോ, ഫർണിച്ചറുകളോ ഇല്ലാതെ, ക്ഷണികമായ സൗന്ദര്യത്താൽ വ്യതിചലിക്കപ്പെടാതിരിക്കാനും ദൈവിക ധ്യാനം വളർത്തിയെടുക്കാനും ഈ ആശ്രമത്തിന്റെ ഇടങ്ങൾ മനഃപൂർവം ശൂന്യമാക്കിയിരിക്കുന്നു.

ദിവസം മുഴുവൻ ആരാധനാക്രമത്തിലൂടെ കടന്നുപോകുന്ന ആരാധകരുടെയും വിനോദസഞ്ചാരികളുടെയും നിര ഒരു പ്രത്യേക ഭക്തി നിലനിർത്തുന്നു. അറിയപ്പെടുന്ന ഒരു തീർഥാടന കേന്ദ്രവും സ്ഥലവുമായ കാസമാരി സമുച്ചയം പ്രതിവർഷം 200,000 മുതൽ 300,000 വരെ സന്ദർശകരെ സ്വീകരിക്കുന്നു.

ഇന്നും സിസ്റ്റേഴ്‌സിയൻ സന്യാസിമാർ കൈകാര്യം ചെയ്യുന്ന ഈ സമുച്ചയത്തിനുള്ളിൽ മറ്റൊരു സവിശേഷ സവിശേഷതയുണ്ട്: 200 വർഷമായി തുറന്നിരിക്കുന്ന ഒരു ഫാർമസി.

ഇറ്റലിയിലെ ഫാർമസിസ്റ്റുകളുടെ പ്രതീകമായ രണ്ട് സർപ്പങ്ങളെ പരസ്പരം ഇഴചേർന്ന് ചിത്രീകരിച്ചുകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഈ ഫാർമസി, ഔഷധങ്ങളും ചികിത്സാവിധികളും തയ്യാറാക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സന്യാസ പാരമ്പര്യത്തിന്റെ ഒരു പൈതൃകമാണ്.

ഇറ്റലിയിലെ ഒരു ആശ്രമത്തിനുള്ളിൽ പ്രവർത്തിക്കുന്ന അവസാനത്തെ ഫാർമസിയാണ് കാസമാരി ഫാർമസി. തുടക്കത്തിൽ, ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് പ്രതിവിധികൾ തയ്യാറാക്കുന്നതിനായി സമർപ്പിതരായ സന്യാസിമാരായിരുന്നു ഇത് കൈകാര്യം ചെയ്തിരുന്നത്. ഇന്ന്, മറ്റേതൊരു ഫാർമസിയേയും പോലെ, മെഡിക്കൽ കുറിപ്പടി പ്രകാരം മരുന്നുകൾ വിതരണം ചെയ്യുന്നതാണ് പതിവ് പ്രവർത്തനം. എങ്കിലും ഇവിടെയുള്ള സന്യാസിമാരുടെ ജീവിതത്തിന്റെ കാതൽ പ്രാർത്ഥനയാണ്. അതിൽ അധിഷ്ഠിതമായ ഒരു ജീവിതത്തെ മാത്രമേ നിലവിൽ അവർ ലക്‌ഷ്യം വയ്ക്കുന്നുള്ളൂ. കലയും വിശ്വാസവും സമന്വയിക്കുന്ന ഈ ആശ്രമം തീർഥാടകർക്ക് നവ്യാനുഭവം നൽകുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.