മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം

ഫാ. ജോഷി മയ്യാറ്റിൽ

പുറപ്പാടിൻ്റെ പ്രാധാന്യം ക്രൈസ്തവരെക്കാൾ കൂടുതലായി അറിയാവുന്ന ആരുംതന്നെ ലോകത്ത് ഉണ്ടാകും എന്നു തോന്നുന്നില്ല. മാറ്റം നല്ലതിനാണെന്ന് ജനത്തിനു ബോധ്യപ്പെടുന്ന ചില നിമിഷങ്ങളുണ്ട്. ഗതികേടിൻ്റെ പടുകുഴിയിൽ വച്ചാണ് അത്തരം ബോധ്യങ്ങളും നിലപാടുകളും കൈക്കൊള്ളാൻ അവർ നിർബന്ധിതരാകുന്നത്. ഈജിപ്തിലെ ഫറവോയുടെ ക്രൂരത ഏറിയതിൻ്റെ അനന്തരഫലമായിരുന്നല്ലോ കാനാനിലേക്കുള്ള ഇസ്രായേലിൻ്റെ പുറപ്പാട് അഥവാ കടന്നുപോകൽ അഥവാ പെസഹാ! ഫറവോമാരെ തഴയുന്നവർക്കാണ് തേനും പാലും ഒഴുകുന്ന നാട് സ്വന്തമാകുന്നത് എന്നാണ് ഞങ്ങളുടെ തിരുവെഴുത്തിലുള്ളത് …

സ്വന്തം വോട്ടുബാങ്കായ കൊച്ചി നിയോജകമണ്ഡലത്തെ നിസ്സാരമായി കരുതി മേഞ്ഞുകൊണ്ടിരുന്ന ഒരു പാർട്ടിയെ ഒരിക്കൽ അവിടത്തെ ജനം പൂർണമായും തഴഞ്ഞു. അതിനു പിന്നിൽ ഒരു മെത്രാനച്ചൻ്റെ ഉറച്ച നിലപാട് ഉണ്ടായിരുന്നു എന്നത് പരസ്യമായ ഒരു രഹസ്യമാണ്. ആ ജനത്തിനാണ് അസാധ്യം എന്നു പലരും കരുതിയിരുന്ന, അതിസുന്ദരമായ ഒരു കടൽഭിത്തിയുടെ സംരക്ഷണം ഇപ്പോൾ ഉറപ്പായിട്ടുള്ളത്. ജനത്തിൻ്റെ വിഷയങ്ങൾക്ക് പുല്ലുവില നല്കുന്ന രാഷ്ട്രീയക്കാർക്കെതിരേ നിലപാടുകളെടുക്കാൻ ‘മോശ’മാർ മുന്നോട്ടുവരുക സ്വാഭാവികമാണ്. ജനത്തെ സ്നേഹിക്കുന്ന ആധുനിക മോശമാരും അത്തരം നിലപാടുകളെടുത്തേ മതിയാകൂ. നല്ലിടയൻ്റെ ലക്ഷണമാണ് അവയെല്ലാം. തലശ്ശേരിയിൽ സംഭവിച്ചതും മറ്റൊന്നല്ല.

കർഷക ഗർജനം

കത്തോലിക്കാ കോൺഗ്രസ്സ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കർഷക പ്രതിഷേധജ്വാലയിൽ തലശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംബ്ലാനി അതിശക്തമായ വാക്കുകളിൽ, റബർ കർഷകർ അനുഭവിക്കുന്ന ദയനീയാവസ്ഥ കേരളത്തിൻ്റെ മുഖ്യ ചർച്ചാവിഷയമാക്കിത്തീർത്തു. നിലവിലുള്ള ഇടത്തു-വലത്തു കക്ഷികൾ പൂർണമായും തഴഞ്ഞ ഒരു ജനതതിയുടെ സങ്കടവും ക്ഷോഭവും വികാരവിസ്ഫോടനവുമാണ് ഉടനൊന്നും അലയൊലിയൊഴിയാ വിധത്തിൽ ആ സംഗമവേദിയിൽ മുഴങ്ങിക്കേട്ടത്. അത് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് അതിശക്തമായ ഒരു താക്കീതുമായിത്തീർന്നു. നാടിൻ്റെ പൊതുനന്മയ്ക്കുവേണ്ടി മാത്രം അധ്വാനിക്കുന്ന ഒരു ജനവിഭാഗത്തെ കാട്ടാനയ്ക്കും പുലിക്കും കാട്ടുപന്നിക്കും അദാനിക്കും മുന്നിലേക്കു വലിച്ചെറിഞ്ഞിട്ടു കൊടുക്കുന്ന നെറികെട്ട രാഷ്ട്രീയത്തിനെതിരേയുള്ള വിപ്ലവവുമാണത്.

”കുറുക്കന് ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല” എന്നൊക്കെയുള്ള ചപ്പടാച്ചി ഡയലോഗുകളുമായി ഇറങ്ങുകയല്ല, കുടിയേറ്റ കർഷകർ കടന്നുപോകുന്ന അതിദാരുണമായ അവസ്ഥകൾ തിരിച്ചറിഞ്ഞ് ഇരുമുന്നണികളും ഉത്തരവാദിത്വപൂർണമായ നിലപാടുകളുമായി മുന്നോട്ടുവരുകയാണ് ഇപ്പോൾ വേണ്ടത്. 2021-ലെ പ്രകടനപത്രികയിൽ റബറിന് 250 രൂപ തറവിലയാക്കുമെന്ന മോഹനവാഗ്ദാനം നല്കിയ കുറുക്കന്മാരുടെ ഡയലോഗുകൾക്ക് തീരെ പഞ്ചു പോരാ എന്നെങ്കിലും ഇപ്പോൾ അവർ തിരിച്ചറിയണം. ക്രൈസ്തവർ കേരളത്തിൽ നേരിടുന്ന രാഷ്ട്രീയാവഗണന പട്ടാപ്പകൽ പോലെ പ്രകടമായിരിക്കേ, അത് പലവിധത്തിൽ ക്രൈസ്തവസമുദായം സംശയലേശമന്യേ വ്യക്തമാക്കിയിരിക്കേ, ഇനിയും തങ്ങളുടെ കുറുക്കതന്ത്രം ഫലിക്കുകയില്ല എന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഇരുമുന്നണികൾക്കും ഉണ്ടാകും എന്നു വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം.

ഈ ബിജെപിയെ നമ്പാൻ ഞങ്ങൾക്ക് ആഗ്രഹമില്ല

ഇവിടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നീതിന്യായവ്യവസ്ഥിതിക്കും മതേതരത്വത്തിനും അപായ സൈറൺ മുഴങ്ങുന്നത് ഞങ്ങൾ കേൾക്കുന്നുണ്ട്. ഫാസിസ്റ്റുശൈലിയുടെ ബുൾഡോസറുകൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നത് ഞങ്ങൾ കാണുന്നുണ്ട്. ഹിന്ദുത്വശക്തികളുടെ ന്യൂനപക്ഷവിരുദ്ധതയെപ്പറ്റി മറ്റാരെയുംകാൾ ബോധ്യമുള്ളവരാണ് ഞങ്ങൾ. നിർബന്ധിത മതപരിവർത്തനം എന്ന വ്യാജലേബലിൽ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും ദ്രോഹിക്കുകയും വധിക്കുകയും ഞങ്ങളുടെ പ്രാർത്ഥനാലയങ്ങൾ തകർക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തോട് ചേർന്നുനില്ക്കാൻ ക്രൈസ്തവരായ ഞങ്ങൾക്ക് എങ്ങനെ സാധിക്കും? കണ്ഡമാലും ജഗദൽപൂരും ഞങ്ങൾക്ക് എങ്ങനെ മറക്കാനാകും? തിരുവസ്ത്രം ധരിച്ചിരുന്നു എന്ന ഒറ്റക്കാരണത്താൽ, ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഞങ്ങളുടെ ബഹുമാന്യരായ സന്യാസിനികളെ ബന്ദികളാക്കിയ ജനക്കൂട്ടവും മണിക്കൂറുകളോളം അവരെ ട്രെയിനിൽ നിന്നിറക്കി പോലീസുസ്റ്റേഷനിൽ തടഞ്ഞുവയക്കുകയും ചെയ്ത ആ ഹീനകൃത്യവും അതിന് പശ്ചാത്തലമൊരുക്കിയ ഹിന്ദുത്വശക്തികളെയും ഞങ്ങൾക്ക് അത്രയെളുപ്പത്തിൽ മറക്കാനാകുമോ? ആദിവാസികളുടെ ഭൂമി സംരക്ഷിക്കാൻ അവരോടൊപ്പം ഉരുക്കുപോലെ ഉറച്ചുനിന്ന നീതിമാനായ സ്റ്റാൻ സാമിയച്ചനെ അറസ്റ്റുചെയ്ത് കൊലയ്ക്കു കൊടുത്ത ഒരു സർക്കാരിനോട് അനുഭാവം കാട്ടാൻ ഞങ്ങൾക്ക് എങ്ങനെ കഴിയും? ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ വക്താക്കളെ ന്യായാധിപന്മാരാക്കുന്നതിലും അനഭിമതരായ ന്യായാധിപന്മാരെ ഏതുവിധേനയും ഒതുക്കുന്നതിലും രാഷ്ട്രീയ എതിരാളികളെയും സാംസ്കാരിക എതിരാളികളെയും നിശ്ശബ്ദരാക്കുന്നതിലും മാധ്യമങ്ങളെ വരുതിയിലാക്കുന്നതിലും ജാഗ്രത പുലർത്തുന്ന ഒരു സർക്കാരിൽ നിന്ന് ന്യായമായ എന്താണ് ആർക്കാണ് പ്രതീക്ഷിക്കാനുള്ളത്? സമ്മിശ്ര സമ്പദ് വ്യവസ്ഥ പാടേ ഉപേക്ഷിച്ച് കാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയുടെ കോർപ്പറേറ്റ് ശൈലിയിൽ അഭിരമിച്ച് കുത്തക മുതലാളിമാർക്ക് ചൂട്ടുപിടിച്ചു കൊടുത്ത് ദരിദ്രലക്ഷങ്ങളെ ഇല്ലായ്മയുടെ ഇരുട്ടിലാഴ്ത്തുന്ന ഒരു ഭരണചക്രത്തോട് ദരിദ്രരുടെ സഭയ്ക്ക് എങ്ങനെ സമരസപ്പെടാനാകും?

നിങ്ങൾ ഇത്രയ്ക്ക് അന്ധരോ?

ഇടത്തു-വലത്തു മുന്നണികളേ, കഴിഞ്ഞ ഏതാനും വർഷങ്ങളായി കത്തോലിക്കാ മതനേതൃത്വത്തിലുള്ള ചിലരും ക്രൈസ്തവനാമം പേറുന്ന ചില സംഘടനകളും ബിജെപിയോട് അനുഭാവം കാണിക്കുന്നതായി നിങ്ങൾ കാണുന്നില്ലേ? ന്യൂനപക്ഷ മോർച്ചയുടെ സാന്നിധ്യത്തിൽ കത്തോലിക്കാ കേന്ദ്രങ്ങളിൽ ചില യോഗങ്ങൾ നടന്നതും വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധീസംഗമം പലയിടത്തും നടന്നതും നിങ്ങൾ കണ്ടില്ലേ? ആവശ്യമുള്ളവ നേടിയെടുക്കാനായി അധികാരമുള്ളവനോട് ചേർന്നുനില്ക്കുക എന്ന പ്രായോഗിക നിലപാടിലേക്കാണ് ഞങ്ങളിൽ ചിലർ എത്തിനില്ക്കുന്നത്. ജനാധിപത്യപരമായ ബാലറ്റിലൂടെ കേന്ദ്രഭരണത്തിലേറിയ ഒരു പാർട്ടിയോട് അകലം പാലിക്കേണ്ട ആവശ്യമെന്ത് എന്ന, തികച്ചും ന്യായമെന്നു തോന്നാവുന്ന, ചോദ്യമാണ് മറ്റു ചിലർ ഉന്നയിക്കുന്നത്. അടവുനയം എന്ന രീതിയിൽ ബിജെപിയുമായി ചങ്ങാത്തമാകാം എന്നാണ് വേറെ ചിലർ കരുതുന്നത്.

നിങ്ങളാണ് കാരണക്കാർ!

ഇടത്തു-വലത്തു മുന്നണികളേ, ഈ അവസ്ഥയ്ക്ക് നിങ്ങളാണ്, നിങ്ങൾ മാത്രമാണ്, കാരണക്കാർ. മലയോര മേഖലയോടും തീരദേശത്തോടും നിങ്ങൾ കാണിക്കുന്ന ചിറ്റമ്മനയം പട്ടാപ്പകൽപോലെ നാടിനും നാട്ടാർക്കും മനസ്സിലാകുന്നില്ലെന്നാണോ നിങ്ങളുടെ വിചാരം? ഞങ്ങൾ നിങ്ങളുടെ വർഗീയപ്രീണനം കണ്ടു മടുത്തു. ഞങ്ങളുടെ വിദ്യാഭ്യാസ-ആരോഗ്യ ശുശ്രൂഷകളെ തരംതാഴ്ത്താനും അവഹേളിക്കാനും നിങ്ങൾക്കുള്ള ഉത്സാഹം ഞങ്ങളെ ക്ഷുഭിതരാക്കിക്കഴിഞ്ഞു. പാഠപുസ്തകങ്ങളിൽ വരെ ക്രൈസ്തവവിരുദ്ധത തിരുകിക്കയറ്റുന്ന നിങ്ങളുടെ വ്യാജ അക്കാദമികതയോട് ഞങ്ങൾക്കു പുച്ഛമാണ്. സർക്കാർ സംവിധാനങ്ങളുപയോഗിച്ച് ക്രൈസ്തവരുടെ നെഞ്ചത്ത് കളം വരയ്ക്കുകയും ഞങ്ങളുടെ ആദരണീയരും സാത്വിനികളുമായ സന്യാസിനികളെ അവഹേളിക്കാൻ വേണ്ടി അവിടെ കക്കു കളിക്കുകയും ചെയ്യുന്ന നിങ്ങളോട് ഞങ്ങൾക്ക് അവജ്ഞയാണ്.

നൂറ്റാണ്ടുകൾക്കു മുമ്പേ ഞങ്ങളുടെ മിഷനറിമാർ വിദ്യാവെളിച്ചത്തിലൂടെയും ആരോഗ്യപ്രഭയിലൂടെയും തെളിച്ചുതന്ന നാടിൻ്റെ വികസന-നവോത്ഥാന സാധ്യതകൾ ചുരുങ്ങിയ കാലംകൊണ്ട് തകർത്തു തരിപ്പണമാക്കിയില്ലേ നിങ്ങൾ? നിങ്ങളുടെ വോട്ടു ബാങ്കുകളായി നിലകൊണ്ടും നിങ്ങളാൽ വഞ്ചിതരായും അധഃപതനത്തിൻ്റെ പാതയിലായില്ലേ, ഞങ്ങൾ? കേരളത്തെ വർഗീയവാദികളുടെയും തീവ്രവാദികളുടെയും പറുദീസയാക്കി മാറ്റിയത് നിങ്ങളല്ലാതെ ആരാണ്? വ്യവസായത്തെ തളർത്തി, വ്യാപാരത്തെ പ്രോത്സാഹിപ്പിച്ച്, വെറും ഉപഭോക്തൃസമൂഹമായും മദ്യത്തിൻ്റെയും മയക്കുമരുന്നുകളുടെയും ലോട്ടറിയുടെയും വിളയാട്ടകേന്ദ്രമായി കേരളത്തെ മാറ്റിയത് നിങ്ങളല്ലാതെ മറ്റാരാണ്? കനത്ത ലോണെടുത്ത്, നല്ല വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും തേടി, നാടുവിടാൻ തക്കവിധം ഞങ്ങളുടെ യുവതയെ ഗതികേടിലേക്കു തള്ളിവിട്ടത് നിങ്ങളല്ലേ?

ഇപ്പോഴുള്ള അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ, ഏറെ താമസിയാതെ ഇവിടെ ക്രൈസ്തവരുടെ പിന്തുണയോടെ പ്രബലപ്പെടാൻ പോകുന്നത്, നിലവിലുള്ള അവഗണനകളിൽ മനം നോവുന്ന ക്രൈസ്തവരെ, തങ്ങൾ നിരാലംബരുടെ ശരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബിജെപി ആയിരിക്കും; സംശയം വേണ്ടാ!

ഫാ. ജോഷി മയ്യാറ്റിൽ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.