
ബൈബിളിലെ പഴയനിയമ കാലഘട്ടത്തിൽ ഇസ്രായേൽ ജനത ദൈവനാമത്തിൽ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ആ സംഭവങ്ങളെ ഇന്നത്തെ യുദ്ധങ്ങൾക്കുള്ള ലൈസൻസായി കാണുന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് സഭ പഠിപ്പിക്കുന്നു.
1. ഉടമ്പടിയുടെ ചരിത്രം
ബൈബിളിലെ യുദ്ധങ്ങൾ ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തിലുള്ളതാണ്. അബ്രാഹത്തോടും മോശയോടും ദൈവം ചെയ്ത ഉടമ്പടിയുടെ ഭാഗമായിരുന്നു ആ സംഭവങ്ങൾ. അത് ലോകരക്ഷയ്ക്കായുള്ള ദൈവത്തിന്റെ രക്ഷാകര ചരിത്രത്തിന്റെ ഒരു ഘട്ടം മാത്രമാണ്. ഇന്നത്തെ ഒരു രാഷ്ട്രത്തിനും തങ്ങൾ ആ പഴയനിയമ ഇസ്രായേലിന്റെ സ്ഥാനത്താണെന്ന് അവകാശപ്പെടാനോ, ദൈവം തങ്ങൾക്ക് യുദ്ധത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കാനോ സാധിക്കില്ല.
2. ക്രിസ്തുവിലൂടെയുള്ള പൂർത്തീകരണം
കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് ദൈവത്തിന്റെ വെളിപാടുകൾ യേശുക്രിസ്തുവിൽ പൂർണ്ണമായിരിക്കുന്നു. ക്രിസ്തുവിന് ശേഷം പുതിയൊരു ‘പൊതു വെളിപാട്’ ഉണ്ടാകില്ല. അതിനാൽ ഒരു ഭരണകൂടത്തിനും തങ്ങൾക്ക് ദൈവത്തിൽ നിന്ന് യുദ്ധം ചെയ്യാൻ നേരിട്ട് കല്പന ലഭിച്ചു എന്ന് അവകാശപ്പെടാനാവില്ല. ക്രിസ്തുവിന്റെ സുവിശേഷം കരുണയ്ക്കും സമാധാനത്തിനുമാണ് മുൻഗണന നൽകുന്നത്.
3. ‘വിശുദ്ധ യുദ്ധമല്ല’, ‘നീതിപൂർവമായ യുദ്ധം’
കത്തോലിക്കാ സഭ ‘വിശുദ്ധ യുദ്ധം’ എന്ന ആശയത്തെ പിന്തുണയ്ക്കുന്നില്ല. പകരം ‘നീതിപൂർവമായ യുദ്ധം’ എന്ന തത്വമാണ് മുന്നോട്ട് വെക്കുന്നത്. പഴയനിയമത്തിലെ യുദ്ധങ്ങളെ ഇന്നത്തെ കാലത്തേക്ക് പറിച്ചുനടാൻ കഴിയില്ല. രാഷ്ട്രങ്ങൾ യുദ്ധങ്ങളെ ന്യായീകരിക്കേണ്ടത് ബൈബിൾ വാക്യങ്ങൾ കൊണ്ടല്ല മറിച്ച് സാർവത്രികമായ ധാർമ്മിക നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മുൻനിർത്തിയാണ്. യുദ്ധം ഒരു ‘വിശുദ്ധ ദൗത്യമല്ല’, മറിച്ച് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രം ചെയ്യേണ്ട ഒന്നാണെന്ന് സഭ ഓർമ്മിപ്പിക്കുന്നു.
സീനിയ എൽസ ഇഗ്‌നേഷ്യസ്




