പുണ്യം പൂത്തുലഞ്ഞ താഴ്‌വര: അസ്സീസിയും ഫ്രാൻസിസ് പുണ്യവാനും

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ഒരിക്കൽ തുറന്ന് വായിച്ചുതുടങ്ങിയാൽ അടയ്ക്കാൻ തോന്നാത്ത ഒരു നല്ല പുസ്തകം പോലെയും ഒരുപാട് കേട്ടാലും മടുപ്പു തോന്നാത്ത മനോഹരകാവ്യം പോലെയും എന്നും ചൂടിയാലും വാടിപ്പോകാത്ത പുഷ്പം പോലെയും ഇന്നും ലോകമെങ്ങും പ്രസരിക്കുന്ന വശ്യമായ വിശുദ്ധിയുടെ ഉറവിടമാണ് വി. ഫ്രാൻസിസ് അസ്സീസി. എണ്ണൂറ് വർഷങ്ങൾക്കപ്പുറം ജീവിച്ച ഈ ‘രണ്ടാം ക്രിസ്തു’വിന്റെ സ്വാധീനം ഇന്നും പ്രകടമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ മാർപാപ്പ, ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചതും ഫ്രാൻസിസ്കൻ ശൈലി തന്റെ ജീവിത-ഭരണമേഖലകളിൽ അനുകരിക്കാൻ ശ്രമിക്കുന്നതും. തന്റെ നാല്പതിനാല് വർഷങ്ങൾ നീണ്ട ചുരുങ്ങിയ ജീവിതം കൊണ്ട് ലോകത്തിൽ അനശ്വര സ്വാധീനം ചെലുത്തിയ അതിവിശുദ്ധനാണ് ഫ്രാൻസിസ്. കത്തോലിക്കാ സഭയിൽ മാത്രമല്ല, ഇതര ക്രിസ്തീയ സഭാവിഭാഗങ്ങളിലും മറ്റു മതസ്ഥരിൽ പോലും ഇത്രയധികം ആരാധകരുള്ള വേറൊരു വിശുദ്ധനുണ്ടോ എന്ന് സംശയമാണ്. ഫ്രാൻസിസ് പുണ്യവാന്റെ ജീവിതവും അസ്സീസി എന്ന തീർത്ഥാടനകേന്ദ്രത്തെയും വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ഇന്ന് ഏതാണ്ട് മുപ്പതിനായിരത്തിൽ താഴെ ജനങ്ങൾ വസിക്കുന്ന ഇറ്റലിയിലെ ഒരു കുന്നിൻചരുവിലുള്ള അസ്സീസി എന്ന പട്ടണം അനശ്വരത കൈവരിച്ചത് ഫ്രാൻസിസ് എന്ന പുണ്യവാന്റെ നാമത്തോട് അതിന്റെ പേരുകൂടി ചേർത്തുവച്ചപ്പോഴാണ്. റോമിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂറിൽ താഴെ യാത്രാദൂരത്തിലുള്ള അസ്സീസി ഇന്ന് സഭയിലെ ഏറ്വും പ്രശസ്തമായ ഒരു തീർത്ഥാടനകേന്ദ്രമാണ്. റോമിലെ പള്ളികളിൽ മിക്കപ്പോഴും ടൂറിസ്റ്റുകളുടെ ബാഹുല്യമാണെങ്കിൽ അസ്സീസിയിൽ വരുന്നവരിൽ നല്ല ശതമാനവും തീർത്ഥാടകരാണ്. വി. ഫ്രാൻസിസിന്റെ ജീവിതത്തെ ആധാരമാക്കി ഐതിഹാസിക നോവലുകളും കഥകളും ഒരുപാട് രചിക്കപ്പെട്ടിട്ടുണ്ട്. ഒരർത്ഥത്തിൽ, നാം ജീവിക്കുന്ന ആധുനികലോകത്തിന് അനിവാര്യമായിരിക്കുന്ന ഒത്തിരി ഗുണങ്ങൾ അന്നേ വി. ഫ്രാൻസിസിൽ വിളങ്ങിയിരുന്നു. പ്രകൃതിയോടുള്ള സ്നേഹം, മൃഗങ്ങളോടുള്ള സ്നേഹം, സാമൂഹിക അനുകമ്പ, ലോകത്തിലെ ഭൗതികവസ്തുക്കളോടുള്ള അകൽച്ച എന്നിവ അതിൽ എടുത്തുപറയേണ്ടതാണ്.

1182-ൽ അസ്സീസിയിലെ ഏറ്റവും ധനികരിൽ ഒരാളായ പിയേത്രോ ഡി ബെർണഡോണിന്റെ മൂത്തമകനായി ഫ്രാൻസിസ് ജനിച്ചു. മാമ്മോദീസ സമയത്ത് പിതാവിന്റെ അസാന്നിധ്യത്തിൽ അമ്മ പിക്ക, തന്റെ മകന് ജോവാന്നി (ജോൺ) എന്ന പേരു നൽകി. എന്നാൽ ഫ്രാൻസിൽ തുണിക്കച്ചവടത്തിനായി പോയ പിതാവ് തിരികെയെത്തിയപ്പോൾ താൻ കച്ചവടത്തിനും മറ്റുമായി എപ്പോഴും പോകുന്ന രാജ്യത്തോടുള്ള സ്‌നേഹം കാരണം, ‘ഫ്രാൻസിസ്’ എന്നായിരിക്കും അവന്റെ പേരെന്ന് തീരുമാനിച്ചു. വളരെ ഉത്സാഹിയും ഊർജ്ജസ്വലനുമായിരുന്ന ഫ്രാൻസിസ് ചെറുപ്പത്തിൽ തന്നെ വസ്ത്രവ്യാപാരത്തില്‍ പിതാവിനെ സഹായിച്ചു. ഒരു ദിവസം ഒരു ഭിക്ഷക്കാരൻ സഹായം തേടി കടയിലെത്തിയപ്പോൾ ജോലികളിൽ മുഴുകിയിരുന്ന ഫ്രാൻസിസ് യാചകനെ അവഗണിച്ചു. അല്പം കഴിഞ്ഞപ്പോൾ തന്റെ പ്രവൃത്തിയിൽ പശ്ചാത്തപിച്ച് തെരുവിലൂടെ യാചകനെ അന്വേഷിച്ചിറങ്ങി. താമസിയാതെ അയാളെ കണ്ടെത്തി കയ്യിലുണ്ടായിരുന്നതെല്ലാം അയാള്‍ക്ക്‌ നൽകി. ഇനിയും പാവങ്ങൾക്ക് സഹായം ചെയ്യാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്ന് അന്ന് ഫ്രാൻസിസ് പ്രതിജ്ഞയെടുത്തു. ഭാവിൽ എന്തായിത്തീരും എന്നതിന്റെ ലക്ഷണങ്ങൾ ചെറുപ്പത്തിലേ ഫ്രാൻസിസിൽ പ്രകടമായിരുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്.

അസ്സീസിയും അടുത്ത പ്രവിശ്യയായ പെറുജിയായും തമ്മിൽ യുദ്ധം തുടങ്ങിയത്, ഒരു പട്ടാളക്കാരനാകണമെന്നുള്ള ഫ്രാൻസിസിന്റെ ചെറുപ്പകാലത്തെ സ്വപ്നസാഫല്യത്തിനുള്ള അവസരമായി. എന്നാൽ യുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ തടവുകാരനായി പിടിക്കപ്പെട്ടത് ഫ്രാൻസിസിനു ആ ജീവിതത്തോട് മടുപ്പു തോന്നാനും കാരണമായി. പിന്നീട് വിശുദ്ധനാട് പിടിച്ചെടുക്കാനുള്ള മാർപാപ്പയുടെ സൈന്യത്തിൽ ചേരാൻ ഉദ്ദേശിച്ചെങ്കിലും ദൈവത്തിന് ഫ്രാൻസിസിനായി മറ്റ് പദ്ധതികളുണ്ടായിരുന്നു. സൈന്യത്തിൽ ചേരാനുള്ള യാത്രാമധ്യേ രോഗബാധിതനായി കിടന്ന ഫ്രാൻസിസിന് ഒരു ദിവ്യദർശനമുണ്ടായി. ദർശനത്തിൽ പ്രത്യക്ഷപ്പെട്ട വ്യക്തി അവനോടു ചോദിച്ചു: “ഫ്രാൻസിസ്, യജമാനനെയാണോ ദാസനെയാണോ സേവിക്കുന്നതു ഉത്തമം?” “യജമാനനെ” എന്ന് ഫ്രാൻസിസ് ഉത്തരം നൽകിയപ്പോൾ അടുത്ത ചോദ്യം വന്നു: “പിന്നെ എന്തിനാണ് നീ ദാസനുവേണ്ടി യജമാനനെ ഉപേക്ഷിക്കുന്നത്?” തുടർന്ന് ദൈവികനിർദ്ദേശാനുസരണം അസ്സീസിയിലേയ്ക്കു മടങ്ങിപ്പോയ ഫ്രാൻസിസ് അവിടെയുള്ള പള്ളികളിലും ഗുഹകളിലും പ്രാർത്ഥനയിൽ സമയം ചെലവഴിക്കാൻ തുടങ്ങി.

ദൈവത്തെ മാത്രം സേവിക്കാനും അതിനുവേണ്ടി ദരിദ്രനാകാനും ഫ്രാൻസിസ് ആഗ്രഹിച്ചു. അതിലേയ്ക്കുള്ള ഒരുക്കത്തിനായി രക്തസാക്ഷികളുടെ ജീവിതത്താൽ വിശുദ്ധമാക്കപ്പെട്ട റോമിലേയ്ക്ക് ഒരു തീർത്ഥാടനത്തിനായി ഇറങ്ങിപ്പുറപ്പെട്ടു. റോമിലെ സെന്റ് പീറ്റേഴ്സിനു മുന്നിൽ യാചകർക്കൊപ്പം ഭക്ഷണം കഴിച്ചും കിടന്നുറങ്ങിയും കുറേ ദിവസങ്ങൾ ചിലവഴിച്ചു. ഇത് വലിയ സ്വർഗ്ഗീയ അനുഭൂതിയും ആത്മസംതൃപ്തിയും അദ്ദേഹത്തിനു നൽകി. ഈ അവസരത്തിൽ ദരിദ്രനാകുന്നതിന്റെ ഗുണ-ദോഷങ്ങളെക്കുറിച്ചുള്ള അനുഭവജ്ഞാനവും ഫ്രാൻസിസിനു ലഭിച്ചു. പാവങ്ങളോടും ഭിക്ഷക്കാരോടും തനിക്ക് തോന്നിയിരുന്ന അവജ്ഞയെ കീഴടക്കിയപ്പോൾ, കുഷ്ഠരോഗികളോടു തോന്നിയ അകൽച്ചയെ തോൽപിക്കാൻ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം, കുതിരപ്പുറത്ത് യാത്ര ചെയ്യുമ്പോൾ ഒരു കുഷ്ഠരോഗി ഫ്രാൻസിസിന്റെ മുമ്പിൽ വന്നുപെട്ടു. അറപ്പുളവാക്കുന്ന ആ മനുഷ്യരൂപം കണ്ടപ്പോൾ കഴിയുന്നത്ര വേഗത്തിൽ ഓടിപ്പോകുക എന്ന ആദ്യ പ്രേരണയെ പരാജയപ്പെടുത്തി കുഷ്ഠരോഗിയുടെ അടുത്തെത്തി, അവനെ ആലിംഗനം ചെയ്തു, വ്രണങ്ങളാൽ മൂടപ്പെട്ട രോഗിയുടെ വിരലുകളിൽ ചുംബിച്ചു. ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു ഇത്. പിറ്റേന്ന് അസ്സീസിസിയിൽ കുഷ്ഠരോഗികൾ താമസിച്ചിരുന്ന സ്ഥലത്തു ചെന്ന് ഓരോരുത്തരെയും ആലിംഗനം ചെയ്ത് കയ്യിലുണ്ടായിരുന്നതെല്ലാം അവർക്കു നൽകി. അങ്ങനെ ഫ്രാൻസിസ് തന്റെ സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും മേലൊക്കെ ആവേശകരമായ വിജയം നേടി.

ഇക്കാലത്ത്‌ ഫ്രാൻസിസ് സ്ഥിരമായി പ്രാർത്ഥിച്ചിരുന്ന അസ്സീസിയിലുള്ള സാൻ ഡാമിയാനോ ദേവാലയം ജീര്‍ണ്ണിച്ച് താഴെ വീഴുന്ന അവസ്ഥയിലായിരുന്നു. അവിടുത്തെ അൾത്താരയുടെ മുമ്പിൽ മുട്ടുകുത്തി ക്രൂശിതരൂപത്തിൽ മാത്രം ശ്രദ്ധിച്ച് ഫ്രാൻസിസ് ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: “വലിയവനും ശ്രേഷ്ഠനുമായ എന്റെ കർത്താവായ ക്രിസ്തുവേ, എന്നെ പ്രകാശമാനമാക്കുവാനും എന്നിലെ ആത്മാന്ധകാരം അലിയിച്ചില്ലാതാക്കാനും നിന്നോട് ഞാൻ അപേക്ഷിക്കുന്നു! കർത്താവേ, നിന്നെ നന്നായി ഗ്രഹിക്കാനും നിൻ പ്രകാശത്തിൽ നിത്യം ചരിക്കാനും നിൻ വിശുദ്ധഹിതം നിവർത്തിക്കാനും എന്നെ അനുഗ്രഹിക്കേണമേ!” അങ്ങനെ ഒരു അവിടെ ദിവസം ധ്യാനനിമഗ്നനായിരുന്ന ഫ്രാൻസിസ് ഒരു അശരീരി കേൾക്കുന്നു: “ഫ്രാൻസിസ്, പോയി താഴെവീണു കൊണ്ടിരിക്കുന്ന എന്റെ ഭവനം പുനർനിർമ്മിക്കുക.” അങ്ങനെ വളരെ നിഷ്കളങ്കതയോടെ ഫ്രാൻസിസ്, ജീര്‍ണ്ണിച്ച സാൻ ഡാമിയാനോ പള്ളി സ്വന്തം കൈ കൊണ്ടുതന്നെ പുനർനിർമ്മിക്കാൻ തുടങ്ങി. അതിനാവശ്യമായ പണം കണ്ടെത്തുന്നതിന് അദ്ദേഹം പിതാവിഅങ്ങനെ കടയിൽ നിന്ന് വസ്ത്രങ്ങൾ എടുത്തു വിൽക്കുകയും ചെയ്തു.

താൻ കഠിനാദ്ധ്വാനത്തിലൂടെ നേടുന്ന സമ്പത്ത് വഴിയിൽ കണ്ട പാവങ്ങൾക്ക് വിതരണം ചെയ്യുകയും അവരോടൊത്ത് അന്തിയുറങ്ങുകയും ചെയ്യുന്ന മകന്റെ ഭ്രാന്തമായ പെരുമാറ്റത്തിൽ പ്രകോപിതനായ ഫ്രാൻസിസിന്റെ പിതാവ് പിയേത്രോ, ഫ്രാൻസിസിനെ വലിച്ചിഴച്ച് ബിഷപ്പിന്റെ അടുത്തെത്തിച്ചു. അവിടെ കൂടിനിന്നവരെയെല്ലാം ആശ്ചര്യഭരിതരാക്കിക്കൊണ്ട് ഫ്രാൻസിസ് തന്റെ കൈയ്യിലുണ്ടായിരുന്ന മുഴുവൻ പണവും ഉടുത്തിരുന്ന വസ്ത്രവും ഊരി പിതാവിനു നൽകി. അപ്പോൾ ബിഷപ്പ് തന്റെ പുറങ്കുപ്പായം എടുത്ത് നഗ്നനായ ഫ്രാൻസിസിനെ ധരിപ്പിച്ചു. ജീവിതകാലം മുഴുവൻ ദാരിദ്ര്യത്തെ പുൽകി, ദൈവസംരക്ഷണത്തിലാകുന്നതിന്റെ വലിയ പ്രതീകമായി ഈ പ്രവൃത്തി മാറുകയും ചെയ്തു.

ഒരു ദിവസം വിശുദ്ധ ബലിയിൽ സംബന്ധിക്കുമ്പോൾ മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള (10:6-13), ഇസ്രയേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്ക് സുവിശേഷവുമായി പോകാൻ യേശു ആഹ്വാനം ചെയ്യുന്ന വേദഭാഗം ഫ്രാൻസിസ് കേൾക്കാനിടയായി. അവിടെ പറഞ്ഞിരിക്കുന്ന, ഒരു സുവിശേഷകൻ അനുവർത്തിക്കേണ്ട ദാരിദ്ര്യാരൂപി ഫ്രാൻസിസിനെ വല്ലാതെ ആകർഷിച്ചു. ഈ വാക്കുകൾ കേട്ട് ഫ്രാൻസിസ് തന്റെ ദൗത്യം സുവിശേഷം പ്രസംഗിക്കുന്നതാണെന്ന് തീരുമാനിച്ചു. അതിനായി തെരുവിലേയ്ക്കിറങ്ങിയ ഫ്രാൻസിസിന്റെ ജീവിതരീതിയിൽ ആകൃഷ്ടരായി കുറേ ചെറുപ്പക്കാർ വന്നു. ഇവരുടെ ഈ സംഘം പെട്ടെന്ന് വളർന്നുകൊണ്ടിരുന്നു. അവസാനം ഒരു സമൂഹമായി ജീവിക്കാനുള്ള അനുമതി തേടി അവർ റോമിൽ ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയുടെ അരികിലെത്തി. അനുസരണത്തിലും വിശുദ്ധിയിലും ഒരു സ്വത്തും ഇല്ലാതെ ജീവിച്ച് ക്രിസ്തുവിന്റെ പ്രബോധനങ്ങൾ പിന്തുടരുന്നതിനുമുള്ള അനുവാദം തനിക്കും അനുയായികൾക്കും തരണമെന്ന് മാർപ്പാപ്പയോട് പറഞ്ഞു. മാർപാപ്പ അവർക്കാവശ്യമായ അനുമതിയും ദൈവീകാനുഗ്രഹങ്ങളും നൽകി അസ്സീസിയിലേയ്ക്ക് തിരിച്ചയച്ചു.

അസ്സീസി എന്ന പട്ടണം ഇന്ന് ലോകമെങ്ങും അറിയപ്പെടുന്നത് വി. ഫ്രാൻസിസിന്റെ പ്രവർത്തനമണ്ഡലം എന്ന നിലയിലാണ്. ഇപ്പോൾ ഒരു വർഷം അൻപതുലക്ഷത്തിലധികം ആളുകളാണ് ഇവിടെ തീർത്ഥാടകരായി എത്തുന്നത്. അസ്സീസി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാനും മിനിറ്റ് നടന്നാൽ എത്തുന്നത് മലയുടെ താഴ്‌വാരത്തിലുള്ള സെന്റ് മേരി ഓഫ് ഏഞ്ചൽസ് ബസിലിക്കയിലാണ് (Basilica di Santa Maria degli Angeli). [ഈ ബസിലിക്കയുടെ പേരിൽ നിന്നാണ് അമേരിക്കയിലെ പ്രശസ്തമായ ലോസ് ആഞ്ചലസ് നഗരത്തിന് ആ പേര് ലഭിക്കുന്നത്. അമേരിക്കയിലെത്തിയ സ്‌പെയിനിൽ നിന്നുള്ള ഫ്രാൻസിസ്കൻ മിഷനറിമാർ അവർ സ്ഥാപിച്ച നഗരത്തിന് മാലാഖമാരുടെ രാഞ്ജിയുടെ പേര് നൽകി].

വി. ഫ്രാൻസിസിന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങൾക്കും ഈ ബസിലിക്ക നിലനിൽക്കുന്ന സ്ഥലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നിവിടെ കാണുന്ന ബസിലിക്ക നിർമിച്ചിരിക്കുന്നത് 1679-ലാണ്. ഈ സ്ഥലത്താണ് ഫ്രാൻസിസ് തന്റെ സന്യാസജീവിതം ആരംഭിച്ചതും ഇവിടെയുള്ള ചെറിയ ചാപ്പലിലാണ് (Porziuncola) ആദ്യ ഫ്രാൻസിസ്കൻ സന്യാസികൾ തങ്ങളുടെ വൃതം എടുത്തതും. 1226 ഒക്ടോബർ 3-ന് വി. ഫ്രാൻസിസ് മരിച്ച ചെറിയ സെല്ലായ, കാപ്പെല്ല ദെൽ ട്രാൻസിറ്റോയും ഈ ബസിലിക്കയുടെ ഉള്ളിലാണ്. പണ്ട് അവിടെയുണ്ടായിരുന്ന കോൺവെന്റിലെ രോഗികളെ ശുശ്രൂഷിച്ചിരുന്ന ശിലാ അറയാണിത്. തന്റെ മരണം ആസന്നമായെന്നു തോന്നിയ ഫ്രാൻസിസ് തന്നെ ഈ സ്ഥലത്തേയ്ക്ക് കൊണ്ടുവരാൻ മറ്റ് സന്യാസികളോട് ആവശ്യപ്പെട്ടു. വി. ഫ്രാൻസിസ് അവിടെ തന്റെ “സഹോദരി മരണം” വരുന്നതുവരെ കാത്തിരുന്നു. ഫ്രാൻസിസ് തന്നെ എഴുതിയ സൂര്യനെക്കുറിച്ചുള്ള സങ്കീർത്തനം (Cantle of the Sun) മരണസമയത്ത് ആലപിക്കാൻ ശിഷ്യന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

മുകളിൽപ്പറഞ്ഞ “പോർസിയുൻകോള”എന്നറിയപ്പെടുന്നതാണ് ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ആദ്യ ചാപ്പൽ. ബെനഡിക്റ്റൈൻ സന്യാസിമാരുടെ കൈവശത്തിലായിരുന്ന ഈ ചാപ്പൽ ഫ്രാൻസിസ് ഏറ്റെടുക്കുന്നതിന് മുമ്പ് കുറച്ചുകാലം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഫ്രാൻസിസ് ഇവിടം തന്റെ പ്രവർത്തനത്തിന്റെ കേന്ദ്രമാക്കി. ഇവിടെയാണ് അദ്ദേഹം തന്റെ വിളി വ്യക്തമായി മനസ്സിലാക്കിയത്. ഈ ചാപ്പലിൽ വച്ച് അദ്ദേഹം 1209-ൽ ഓർഡർ ഓഫ് ദി ഫ്രയേഴ്‌സ് മൈനർ സ്ഥാപിക്കുകയും ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെ സംരക്ഷണത്തിനായി തന്റെ ശിഷ്യന്മാരെ ഏൽപ്പിക്കുകയും ചെയ്തു. ക്ളാരിസ്റ്റ് സന്യാസിനീ സമൂഹം സ്ഥാപിച്ച ക്ലാര പുണ്യവതി ഇവിടെ വച്ചാണ് ഫ്രാൻസിസിൽ നിന്ന് തന്റെ സന്യാസവസ്ത്രം സ്വീകരിച്ചത്. ഈ പള്ളിയിൽ പ്രാർത്ഥനാ നിമഗ്നനായിരുന്ന ഫ്രാൻസിസിന് യേശു പ്രത്യക്ഷപ്പെട്ടു നൽകിയ നിയമങ്ങളാണ് 1216-ൽ ഹോണോറിയസ് മൂന്നാമൻ മാർപ്പാപ്പ അംഗീകരിച്ചത്. ഫ്രാൻസിസ്കൻ നിയമങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കുന്നതിനും ലോകം മുഴുവൻ യേശുവിന്റെ സന്ദേശം അറിയിക്കുന്നതിനുമുള്ള തന്റെ അനുയായികളുടെ പ്രതിജ്ഞാബദ്ധത ഇവിടെ നടന്ന സമ്മേളനത്തിൽ വച്ചാണ് ഫ്രാൻസിസ് നടപ്പാക്കിയത്. ഈ സ്ഥലം ഇപ്പോഴും ഫ്രാൻസിസ്‌ക്കൻ സന്യാസത്തിന്റെ വളരെ പ്രധാനകേന്ദ്രമായി കരുതപ്പെടുന്നു. യഥാർത്ഥ ഫ്രാൻസിസ്കൻ ചൈത്യവും ലാളിത്യവും ഈ ചാപ്പലിൽ കാണാം. ഫ്രാൻസിസിന്റെ കൈ കൊണ്ട് നിഷ്കളങ്ക മനസ്സോടെ പുതുക്കിപ്പണിത പലതും ഈ കൊച്ചുചാപ്പലിൽ ഇന്നും കാണാം. തന്റെ പ്രാർത്ഥനയുടെ ശക്തിയാൽ ഫ്രാൻസിസിനെ കാണാൻ ദൈവം ഇറങ്ങിവന്ന സ്ഥലവുമാണിത്. ഇവിടെ വിശ്വാസത്തോടെ പ്രവേശിക്കുന്നവർക്കും പ്രാർത്ഥിക്കുന്നവർക്കും വലിയ അനുഗ്രഹം ലഭിക്കുന്ന ഇടവുമാണ്. സുവിശേഷവും കുരിശും കൈയ്യിലേന്തി നിൽക്കുന്ന ഫ്രാൻസിസിന്റെ രൂപം ചാപ്പലിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ഫ്രാൻസിസ്കൻ ജീവിതരീതിയുടെ അടിസ്ഥാന നിയമങ്ങളുടെ പ്രതീകമാണ് സുവിശേഷം. ക്രിസ്തുവിനോട് താതാത്മ്യം നേടാനുള്ള ആഗ്രഹവും യേശുവിന്റെ കഷ്ടപ്പാടുകൾ ഏറ്റെടുക്കാനുള്ള ആഗ്രഹവും കുരിശ് പ്രകടിപ്പിക്കുന്നു.

ബസിലിക്കായുടെ സാക്രിസ്റ്റിയിലൂടെ നടന്നിറങ്ങുന്നത് ഒരു ചെറിയ റോസ് ഗാർഡനിലേയ്ക്കാണ്. തന്നോടൊപ്പം ദൈവത്തെ സ്തുതിക്കാൻ ഫ്രാൻസിസ് ഒരിക്കൽ മാടപ്രാവുകകളെ ക്ഷണിച്ചു. അതിനെ ഓർപ്പിക്കാനെന്നവണ്ണം ഇന്ന് റോസ്ഗാർഡനിലെ ഫ്രാൻസിസ് പ്രതിമയുടെ കൈകളിൽ പ്രാവുകൾ കൂടുകൂട്ടിയിരിക്കുന്നു. മുള്ളില്ലാത്ത ഈ പൂന്തോട്ടത്തിൽ കാണുന്ന റോസാച്ചെടിയുടെ പിന്നിൽ ഒരു വലിയ കഥയുണ്ട്. ഒരിക്കൽ, തന്റെ സന്യാസജീവിതം ഉപേക്ഷിക്കാനും ഭൗതികജീവിതം സ്വീകരിക്കാനുമുള്ള പ്രലോഭനം വി. ഫ്രാൻസിസിനുണ്ടായി. തന്റെ വിളിയെക്കുറിച്ചുള്ള സംശയം ദൂരീകരിക്കാനും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തിക്കുമായി അദ്ദേഹം റോസാച്ചെടികൾക്കിടയിൽ നഗ്നനായി കിടന്നുരുണ്ടു. ഫ്രാൻസിസിന്റെ വിശുദ്ധിയുടെ അടയാളമായി പിന്നീട് അവിടെയുള്ള റോസാച്ചെടികൾ മുള്ളു മുളപ്പിക്കാതെ പൂക്കൾ മാത്രം നല്‍കുന്നവയായി മാറി. പ്രലോഭനങ്ങൾക്കടിപ്പെടുന്നതിനു പകരം കൃപയിൽ ജീവിക്കാൻ വിജയകരമായ വഴികൾ കണ്ടെത്തിയവനാണ് വി. ഫ്രാൻസിസ്.

റോസ് ഗാർഡനോട് ചേർന്ന് ഒരു ചാപ്പലുണ്ട്. ഈ വിധത്തിൽ തന്റെ പ്രലോഭനത്തെ മറികടന്ന ശേഷം, ഈ സെല്ലിൽ അദ്ദേഹം പ്രാർത്ഥനയിലും തപസ്സിലും സമയം ചെലവഴിച്ചു. അവിടം പിന്നീട് ഒരു ചാപ്പലായി ഫ്രാൻസിസ്കൻ സന്യാസികൾ രൂപപ്പെടുത്തി. ഇന്ന് വിവിധ ചിത്രകാരന്മാരുടെ ചിത്രങ്ങളാല്‍ ഈ ചാപ്പൽ അലങ്കരിച്ചിരിക്കുന്നു. നിരവധി വിശുദ്ധ വസ്തുക്കൾ, മനോഹരമായ പെയിന്റിംഗുകൾ, പുരാവസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു മ്യൂസിയവും ഇവിടെത്തന്നെയുണ്ട്. അതിൽ ഏറ്റവും മനോഹരമായിട്ടുള്ളത്, ഫ്രാൻസിസിന് കർത്താവിന്റെ അഞ്ചു തിരുമുറിവുകൾ ലഭിച്ചതു കാണിക്കുന്ന വിഖ്യാതമായ ചിത്രമാണ്. ക്രിസ്തുവിന്റെ തിരുമുറിവുകൾ ശരീരത്തിൽ ലഭിച്ച ആദ്യത്തെ വ്യക്തിയാണ് വി. ഫ്രാൻസിസ്. 1224-ൽ ഫ്രാൻസിസും കൂട്ടുകാരും ലാ വേർണ (La Verna) മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. ഇതിനെക്കുറിച്ച് അതിനു സാക്ഷിയായിരുന്ന ഫ്രാൻസിസിന്റെ ആദ്യശിഷ്യന്മാരിലൊരാളായ ബ്രദർ ലിയോ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രശസ്ത ബെൽജിയൻ സാഹിത്യകാരനായ ഫെലിക്സ് ടിമ്മർമാൻസ് “വി. ഫ്രാൻസിസിന്റെ പൂർണ്ണസന്തോഷം” (The Perfect Joy of Saint Francis) എന്ന കൃതിയിൽ ബ്രദർ ലിയോ പറഞ്ഞ കഥ ഇപ്രകാരം പുനരവതരിപ്പിച്ചിരിക്കുന്നു (ചെറിയ ഭാഷാന്തരത്തോടെയുള്ള എന്റെ പരിഭാഷ):

“ഫ്രാൻസിസിന്റെ ആത്മാവ് പൂര്‍ണ്ണമായും ദൈവത്തെ പുൽകാനായി അഭിലഷിച്ചു. വി. മിഖായേലിന്റെ തിരുനാളൊരുക്കത്തിനായിട്ടാണ് ഫ്രാൻസിസും കൂട്ടുകാരും അൽ വേർണ മലയിലേയ്ക്കു പോയത്. മല കയറി കുറേ കഴിഞ്ഞപ്പോഴേയ്ക്കും ഫ്രാൻസിസ് തീരെ അവശനായി. ഒട്ടും നടക്കാൻ സാധിക്കാതെ അവശനായ ഫ്രാൻസിസിനെ സഹായിക്കാനായി അവിടെ കണ്ട ഒരു കർഷകനോട് അവന്റെ കഴുതയെ വിട്ടുകൊടുക്കുമോ എന്ന് മറ്റു സന്യാസികൾ ആരാഞ്ഞു. കൃഷിക്കാരൻ ഇത് അസ്സീസിയിലെ ഫ്രാൻസിസ് ആണെന്നു മനസ്സിലാക്കിയപ്പോൾ ഇപ്രകാരം പറഞ്ഞു: ‘ശരി, ആളുകൾ അങ്ങയെക്കുറിച്ച് പറയുന്നതുപോലെ നല്ലവനായിരിക്കുവാൻ ശ്രദ്ധിക്കുക. കാരണം, ഒരുപാട് ആളുകൾ നിന്നിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു, അവരുടെ വിശ്വാസത്തെയും പ്രത്യാശയെയും നശിപ്പിക്കുന്ന ഒന്നും അങ്ങ് ചെയ്യരുത്!’ കർഷകന്റെ അപ്രതീക്ഷിതമായ ഈ പരാമർശത്തിൽ അദ്ദേഹത്തിന്റെ സഹോദരന്മാർ അസന്തുഷ്ടരായെങ്കിലും ഫ്രാൻസിസ് മുട്ടുകുത്തി, അയാളുടെ കാലിൽ ചുംബിക്കുകയും ഇത്തരത്തിലൊരു മുന്നറിയിപ്പ് തന്നതിന് നന്ദി പറയുകയും ചെയ്തു.

പിന്നീട് മുകളിലുള്ള സന്യാസാശ്രമത്തിലെത്തുന്നതുവരെ അവർ തങ്ങളുടെ പദയാത്ര തുടർന്നു. ഫ്രാൻസിസ് രാത്രി അവിടെ ഏകാകിയായിരുന്നു പ്രാർത്ഥിച്ചു. ബ്രദർ ലിയോയ്ക്ക് മാത്രം, എന്തെങ്കിലും അത്യാവശ്യം തോന്നുന്നെങ്കിൽ തന്റെ അടുത്തേയ്ക്കു വരാൻ ഫ്രാൻസിസ് അനുവദിച്ചിരുന്നു. തന്റെ എല്ലാ സഹോദരന്മാരും ആ രാത്രിയിൽ പ്രാർത്ഥനയിലായിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അവിടെ പ്രാർത്ഥനയിൽ ലയിച്ചിരുന്ന ഫ്രാൻസിസ് ദൈവികസൗന്ദര്യത്തിന്റെ ആഴം വ്യക്തമായി ആസ്വദിക്കുകയായിരുന്നു. വായിക്കാനായി വിശുദ്ധഗ്രന്ഥം തുറന്നപ്പോഴെല്ലാം യേശുവിന്റെ പീഡാസഹനത്തിന്റെ ഭാഗമായിരുന്നു ലഭിച്ചത്. ദൈവം ഇപ്പോൾ തന്നോട് എന്താണ് പറയുന്നതെന്ന് ഫ്രാൻസിസിന് തിരുവെഴുത്തുകളിലൂടെ ഊഹിക്കാനായി. അവൻ പതിയെ ഇങ്ങനെ പറഞ്ഞു: ‘മരണം മാടിവിളിക്കുന്നതിനു മുമ്പ് ക്രിസ്തുവിന്റെ കഷ്ടതയിലും സഹനത്തിലും പങ്കുചേരാൻ അവൻ എന്നെ ക്ഷണിക്കുന്നു! കർത്താവേ, എന്റെമേൽ കരുണയായിരിക്കണമേ!’ അലൗകിക ധ്യാനത്തിന്റെ ആ തീവ്രനിമിഷങ്ങളിൽ ക്രിസ്തുവുമായി തതാത്മ്യപ്പെട്ടതിന്റെ ബാഹ്യ അടയാളമായി അവിടുന്ന് തന്റെ പഞ്ചക്ഷതങ്ങൾ ഫ്രാൻസിസിനു നൽകി.”

അസ്സീസിയിലെ താഴ്‌വാരത്തു നിന്നും ഏതാനും കിലോമീറ്റർ ദൂരത്തിലുള്ള കുന്നിൻമുകളിലാണ് വി. ഫ്രാൻസിസിനെ അടക്കം ചെയ്തിരിക്കുന്ന ബസിലിക്കായും ഫ്രാൻസിസ്കൻ ആശ്രമവും വി. ക്ലാരയുടെ പള്ളിയുമൊക്കെ സ്ഥിതി ചെയ്യുന്നത്. അവിടെ എത്തുന്നതിനുള്ള എളുപ്പവും ചിലവ് കുറഞ്ഞതുമായ മാർഗ്ഗം പ്രാദേശിക ബസ് സർവീസുകളെ ആശ്രയിക്കുന്നതാണ്. കേരളത്തിൽ നിന്നുള്ള ഫ്രാൻസിസ്കൻ സന്യാസ വൈദികർ ഇവിടെയുള്ളത് അവിടെ തീർത്ഥാടനത്തിനായെത്തുന്ന മലയാളികൾക്ക് വലിയ സഹായമായി ഭവിക്കാറുണ്ട്.

രണ്ടു-മൂന്നു നിലകളായാണ്‌ ഈ ബസിലിക്ക പണികഴിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും അടിയിലായിട്ടാണ് വി. ഫ്രാൻസിസിന്റെയും അദ്ദേഹത്തിന്റെ അടുത്ത നാല് സുഹൃത്തുക്കളുടെയും കബറിടം സ്ഥിതി ചെയ്യുന്നത്. ഇവരെ അടക്കം ചെയ്തിരിക്കുന്നിടത്തേയ്ക്കുള്ള പ്രവേശനം പള്ളിയുടെ മധ്യഭാഗത്തായി താഴേയ്ക്ക് പോകുന്ന കൽപ്പടവുകൾ വഴിയാണ്. മധ്യഭാഗത്ത് ഫ്രാൻസിസിന്റെ ശവകുടീരവും അതിന്റെ നാലുവശങ്ങളിലായി അദ്ദേഹത്തിന്റെ ആദ്യ ശിഷ്യന്മാരായ ഫ്രയർ ലിയോ, ഫ്രയർ മസ്സിയോ, ഫ്രയർ റുഫിനോ, ഫ്രയർ ആഞ്ചലോ എന്നിവരെയും അടക്കം ചെയ്തിരിക്കുന്നു. വി. ഫ്രാൻസിസിന്റെ ശവകുടീരത്തിനു മുന്നിൽ എപ്പോഴും കത്തുന്ന ഒരു വിളക്കുമുണ്ട്. ഫ്രാൻസിസിന്റെ ജീവിതത്തിൽ ക്രിസ്തുവിന്റെ വെളിച്ചം എത്രമാത്രം മനോഹരമായി പ്രതിഫലിച്ചിരുന്നുവെന്ന് ഇത് ഓരോ തീർത്ഥാടകനെയും ഓർമ്മിപ്പിക്കുന്നു. ഈ പുണ്യസ്ഥലം ധ്യാനാത്മകമായ പ്രാർത്ഥനയുടെയും നിശ്ശബ്ദതയുടെയും സ്ഥലമാണ്.

പള്ളിയുടെ താഴത്തെ നിലയിൽ വി. മാർട്ടിൻ, വി. ലൂയിസ്, പാദുവയിലെ വി. ആന്റണി, വി. മേരി മഗ്ദലീൻ, ബാരിയിലെ വി. നിക്കോളാവുസ് എന്നിവരുടെ നാമത്തിലുള്ള ചാപ്പലുകളുണ്ട്. ഈ ചാപ്പലുകളും ബസിലിക്കായും മനോഹരങ്ങളായ നിരവധി ചിത്രങ്ങളാൽ (paintings) അലങ്കരിച്ചിരിക്കുന്നു. “ദാരിദ്ര്യത്തിന്റെദൃഷ്‌ടാന്തം” (Allegory of Poverty) എന്ന വര്‍ണ്ണചിത്രത്തിൽ ഫ്രാൻസിസ്, ദാരിദ്ര്യത്തെ യോഗാത്മക ദര്‍ശനപരമായി (mystically) വിവാഹം കഴിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. മാലാഖവൃന്ദത്താൽ ചുറ്റപ്പെട്ട ക്രിസ്തു ഈ ബന്ധത്തെ അനുഗ്രഹിക്കുന്നു. ഒരു ചെറുപ്പക്കാരൻ പാവപ്പെട്ട ഒരാൾക്ക് തന്റെ പുറങ്കുപ്പായം നൽകുമ്പോൾ ദാരിദ്ര്യത്തിലേയ്ക്ക് നോക്കാൻ മാലാഖ അവനെ ക്ഷണിക്കുന്നു. അതുപോലെ തന്നെ ചെയ്യാൻ മാലാഖ സമ്പന്നരെയും ക്ഷണിക്കുന്നു. എന്നാൽ ധനികർ അവരുടെ സമ്പത്തിൽ കെട്ടിപ്പിടിച്ചു കൊണ്ട് ഈ വാഗ്ദാനം നിരസിക്കുന്നു. ചില കുട്ടികളും മൃഗങ്ങളും ലേഡി ദാരിദ്ര്യത്തെ ആക്രമിക്കുന്നു. പക്ഷേ, ഇവർ അവളുടെ ശരീരത്തിൽ തറച്ച മുള്ളുകൾ റോസാപുഷ്പ്പങ്ങളായി മാറ്റുന്നു. ഈ ചിത്രത്തിന്റെ മുകളിയായി ദൈവത്തിന്റെ നാമത്തിൽ പാവങ്ങൾക്ക് നൽകിയ സമ്മാനം യഥാർത്ഥത്തിൽ ദൈവത്തിനു നൽകിയതുപോലെ ചിത്രീകരിച്ചിരിക്കുന്നു.

“ചാരിത്യ്രത്തിന്റെ ദൃഷ്ടാന്തം” (Allegory of Chastity), അനുസരണത്തിന്റെ ദൃഷ്ടാന്തം (Allegory of Obedience) തുടങ്ങിയ ചിത്രങ്ങളും ഇവിടെ മനോഹരമായി വരച്ചിട്ടുണ്ട്. അതിനോട് ചേർന്നുള്ള “മഹത്വീകരിക്കപ്പെട്ട വി. ഫ്രാൻസിസ്” (St. Francis in Glory) എന്ന ചിത്രത്തിൽ കുരിശും സുവിശേഷവും കൈയ്യിലേന്തി സിംഹാസനത്തിലിരിക്കുന്ന ഫ്രാൻസിസിന്റെ രൂപമാണ്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ പുണ്യങ്ങൾ വിജയകരമായി ജീവിച്ച ഫ്രാൻസിസ് അങ്ങനെ ദൈവസ്നേഹം എല്ലാവരിലും എത്തിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.

അസ്സീസിയിലെ ഈ മലയിൽ ധാരാളം പള്ളികളും ഫ്രാൻസിസ് ജീവിച്ച പുണ്യസ്ഥലങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഫ്രാൻസിസിന്റെ സ്നേഹിതയും വലിയൊരു സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും ആദ്യശിഷ്യരില്‍ ഒരുവളുമായ ക്ലാര പുണ്യവതിയുടെ (1194–1253) പ്രവർത്തനമേഖലയും ഇവിടെയായിരുന്നു. ഇവിടം സന്ദർശിക്കുന്ന ഏതു തീർത്ഥാടകനും ഒരു ഫ്രാൻസിസ്കൻ ജീവിതാനുഭവത്തിലേയ്ക്കുള്ള സ്വാഭാവിക ആകർഷണമുണ്ടാവും. ഫ്രാൻസിസിന്റെ മാർഗ്ഗം ക്രിസ്തുവിനെ പൂർണ്ണമായി ആലിംഗനം ചെയ്യുന്നതിലും അവന്റെ സുവിശേഷത്തെ അക്ഷരംപ്രതി പിൻചെല്ലുന്നതിലുമാണ് അടങ്ങിയിരിക്കുന്നത്. വി. ഫ്രാൻസിസിന്റെ ജീവിതം നമുക്കെല്ലാം വലിയ മാതൃകയും അതുപോലെ തന്നെ വെല്ലുവിളിയുമാണ് സമ്മാനിക്കുന്നത്. നൈമിഷികമായ ജീവിതത്തിന്റെ ഈ ലോകത്ത് വലിയ മഹത്വവും ആദരവും അംഗീകാരവും നേടാനുള്ള നമ്മുടെ പ്രലോഭനങ്ങളെ അതിജീവിക്കാൻ ഫ്രാൻസിസിനെപ്പോലെയുള്ളവരുടെ മാതൃകകൾ ഇന്നും അനിവാര്യമാണ്. അതുപോലെ തന്നെ വരാനിരിക്കുന്ന ലോകത്തിൽ ക്രിസ്തുവിനോടൊപ്പമുള്ള ജീവിതത്തെ നോക്കിപ്പാർത്തുകൊണ്ട് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കൊച്ചു ഫ്രാൻസിസുമാരായി മാറാനും നമുക്ക് പരിശ്രമിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

  1. Very inspiring description of the life of St Francis of Assissi. Very live explanation provided a feeling as if we are moving around Assissi. May God bless Fr. Mathew to continue his ministry of divine writing!!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.