മുഖ്യദൂതന്മാർ: അഞ്ചു കാര്യങ്ങൾ

സെപ്റ്റംബർ 29 -ന് കത്തോലിക്കാ സഭ മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നീ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. ബൈബിളിൽ പേരെടുത്തുപരാമർശിക്കുന്ന മൂന്ന് മുഖ്യദൂതന്മാരാണ് ഇവർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമ്മയിൽ എ.ഡി 530 -ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വി. മിഖായേലിന്റെ പേരുമാത്രമേ പരാമർശിച്ചിരുന്നുള്ളൂ. പിന്നീട് കത്തോലിക്കാ സഭാചരിത്രത്തിൽ വളരെ വിശുദ്ധമായ ഒരു ദിനമായി ഈ തിരുനാൾ മാറി.

തിരുനാളിന്റെ ഉത്ഭവത്തിന്റെ കാരണങ്ങളെന്തുമാകട്ടെ. എന്തു കാരണത്താലാണ് സഭയുടെ ആരാധനക്രമത്തിൽ ഒരുദിവസം മുഴുവൻ മുഖ്യദൂതന്മാർക്കായി മാറ്റിവച്ചിരിക്കുന്നത്? ആരാണ് മുഖ്യദൂതന്മാർ? അവർക്ക് ഇന്ന് നമ്മുടെ ജീവിതത്തിൽ സ്വാധീനംചെലുത്താൻ കഴിയുമോ? അവർക്ക് ഇപ്പോഴും അസ്ഥിത്വമുണ്ടോ? ദൈവത്തിന്റെ നിഗൂഢമായ സൃഷ്ടികളായ മുഖ്യദൂതന്മാരെക്കുറിച്ച് നമ്മൾ അറിയേണ്ട അഞ്ചു കാര്യങ്ങൾ.

1. മുഖ്യദൂതന്മാർ സ്ഥാനക്രമത്തിൽ രണ്ടാംസ്ഥാനത്തുള്ള മാലാഖമാർ

പരമ്പരാഗതമായി മാലാഖമാരെ ഒമ്പതു വൃന്ദങ്ങളായി തിരിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥമാണ് ഇതിന് അടിസ്ഥാനം. മഹാനായ വി. ഗ്രിഗറി ഒരു ദൈവവചന പ്രഭാഷണത്തിൽ മാലാഖമാരുടെ ഒമ്പതു ഗണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

“വിശുദ്ധ ഗ്രന്ഥ അടിസ്ഥാനത്തിൽ ഒമ്പതുഗണം മാലാഖമാരാണുള്ളത്.

1. ദൈവദൂതന്മാര്‍
2. മുഖ്യദൂതന്മാര്‍
3. പ്രാഥമികന്മാര്‍
4. ബലവാന്മാർ
5. തത്വകന്മാർ
6. അധികാരികള്‍
7. ഭദ്രാസനന്മാർ
8. ക്രോവേന്മാർ
9. സ്രാപ്പേന്മാര്‍ (Hom. 34).

2. ദൈവം മനുഷ്യരോട് പ്രധാനപ്പെട്ട സന്ദേശങ്ങൾ പങ്കുവയ്ക്കാൻ മുഖ്യദൂതന്മാരെ നിയോഗിച്ചിരിക്കുന്നു

മാലാഖമാരുടെ ഗണത്തിൽ ഏറ്റവും താഴെയുള്ളവരാണ് മനുഷ്യർക്ക് ഏറ്റവും സുപരിചിതർ. അവരാണ് ദൈവികസന്ദേശങ്ങൾ നമുക്ക് കൈമാറുന്നതും ബന്ധം സ്ഥാപിക്കുന്നതും.

വി. മിഖായേൽ മാലാഖയാണ് വെളിപാട് പുസ്തകമെഴുതാൻ യോഹന്നാൻ ശ്ലീഹായ്ക്ക് ദൈവികപ്രചോദനം നൽകിയതെന്ന് വിശ്വസിക്കപ്പെടുന്നു. തിന്മയിൽനിന്ന് സഭയെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം മിഖായേൽ ദൂതനാണ്. ദൈവികസിംഹാസനത്ത നിഷേധിച്ച ലൂസിഫറിനെ സ്വർഗത്തിൽനിന്നു പുറത്താക്കിയതിൽ മിഖായേൽ മാലാഖയ്ക്ക് സുപ്രധാനപങ്കുണ്ട്.

ഗബ്രിയേൽ മാലാഖയെക്കുറിച്ച് ആദ്യം പരാമർശിക്കുന്നത് ദാനിയേലിന്റെ പുസ്തകത്തിലാണ്. ദാനിയൽ പ്രവാചകന് തന്റെ ദൗത്യം നിർവഹിക്കാൻ ഗബ്രിയേൽ മാലാഖ സഹായിക്കുന്നു. പിന്നീട് പുതിയനിയമത്തിൽ സഖറിയായ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെടുകയും ദൈവികസന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു. ലോകചരിത്രത്തിലെ ഏറ്റവും വലിയ സന്ദേശം (ക്രിസ്തുവിന്റെ മനുഷ്യവതാരം) കൈമാറാൻ ഭാഗ്യം ലഭിച്ച മാലാഖയാണ് ഗബ്രിയേൽ.

തോബിത്തിന്റെ പുസ്തകത്തിലാണ് റഫായേൽ മാലാഖയെ നാം കാണുക. തോബിത്തിനെ സുഖപ്പെടുത്താനും സാറയിൽനിന്നു പിശാചിനെ ബഹിഷ്ക്കരിക്കാനും റഫായേൽ ദൂതൻ സഹായിക്കുന്നു. കൊച്ചുതോബിയാസിന് ജീവിതത്തിന്റെ നിർണ്ണായകഘട്ടങ്ങളിൽ നിർദേശങ്ങൾ നല്‍കാന്‍ സഹായിക്കാനും റഫായേൽ മാലാഖ കൂട്ടിനുണ്ട്.

3. മുഖ്യദൂതന്മാർ അരൂപികളാണ്

മാലാഖമാർ പൂർണ്ണമായും അരൂപികളാണ്. ഭൗതികമായി ഒന്നും അവർക്ക് സ്വന്തമായില്ല. ചില അവസരങ്ങളിൽ മനുഷ്യനെപ്പോലെ കാണപ്പെടുന്നെങ്കിലും അത് അവരുടെ മുഖഭാവത്തിൽ മാത്രമാണ്.

ഡോ. പീറ്റർ ക്രീഫ്റ്റ് അദ്ദേഹത്തിന്റെ ‘മാലാഖമാരും പിശാചുക്കളും’ (Angels and Demons) എന്ന ഗ്രന്ഥത്തിൽ മനോഹരമായ ഒരു വിവരണം തരുന്നു.

“നമ്മളെപ്പോലെയുള്ള ശരീരം മാലാഖമാർക്കില്ലാത്തതിനാൽ അവർക്ക് ഈ ലോകത്ത് താമസിക്കുന്നതിനോ, ചലിക്കുന്നതിനോ സ്ഥലം ആവശ്യമില്ല. ഇലക്ട്രോൺ ക്വാണ്ടം ലീപ്സ് (quantum leaps) എന്നീ ചലനത്തിനോട് മാലാഖമാരുടെ ചലനത്തെ ഏറ്റവും അനുയോജ്യമായി നമുക്ക് ഉപമിക്കാം. മാലാഖമാർ നൈമിഷികമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സ്ഥലത്തിന്റെയോ, സമയത്തിന്റെയോ സഹായമില്ലാതെ ചരിക്കുന്നു.”

മറുവശത്ത് അവർക്ക് ഭൗതീകമായ ശരീരമില്ലെങ്കിലും ഭൗതീകലോകത്തിൽ സ്വാധീനംചെലുത്താൻ കഴിയും. ദൈവത്തെപ്പോലെ പൂർണ്ണ അരൂപിയാല്‍ അവർക്ക് മനഃശക്തിയും ബുദ്ധിവൈഭവവും ഉപയോഗിച്ച് ഭൗതികവസ്തുക്കളെ മാറ്റാനും ബാഹ്യമായി മനുഷ്യപ്രകൃതി അണിയാനും സാധിക്കും. മാലാഖമാരുടെ ചിറകുകളും വാളും അവരുടെ ഈ ലോകത്തിലുള്ള വിളിയും ദൗത്യവും സന്ദേശങ്ങളുമായി ബന്ധപ്പെട്ട കേവലം കലാപരമായ ചിത്രീകരണങ്ങൾ മാത്രമാണ്.

4. മുഖ്യദൂതന്മാർ തിന്മയിൽനിന്ന് നമ്മെ സംരക്ഷിക്കുന്നു

മിഖായേലിനും സ്വർഗീയസൈന്യത്തിനും ലൂസിഫറിനെയും അവന്റെ അനുയായികളും സ്വർഗത്തിൽ നിന്നു പുറത്താക്കാൻ കഴിഞ്ഞെങ്കിൽ, മുഖ്യദൂതന്മാർക്ക് ഈ ലോകത്തെ പീഡിപ്പിക്കുന്ന പൈശാചികശക്തികളിൽ നിന്നും അവയുടെ സ്വാധീനവലയത്തിൽ നിന്നും മനുഷ്യവംശത്തെ തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും.

‘മുഖ്യദൂതനായ വി. മിഖായലേ, സ്വർഗീയസൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഇരുളടഞ്ഞ ഈ ലോകത്തിലെ ഉന്നതശക്തികളോടും അധികാരങ്ങളോടും ഭരണകർത്താക്കളോടും ഉപരിതലത്തിലെ ദുരാത്മാക്കളോടുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ’ എന്ന പ്രാർഥന നമുക്ക് ശക്തമായ ഒരു പരിചയാണ്.

5. മുഖ്യദൂതന്മാർ ഇന്നും ജീവിക്കുന്നു

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം 55 -ാം നമ്പറിൽ എന്താണ് മാലാഖമാർ, എന്നു പറയുന്നുണ്ട്: “മാലാഖമാർ ദൈവത്തിന്റെ സൃഷ്ടികളാണ്. അവർ തികച്ചും അതിഭൗതികസൃഷ്ടികളാണ്. അവർക്ക് ധാരാണശക്തിയും ഇച്ഛാശക്തിയുമുണ്ട്. അവർക്ക് ശരീരമില്ല. അവർ സ്ഥിരം ദൈവസാന്നിധ്യത്തിൽ ജീവിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം മനുഷ്യരെ അറിയിക്കുന്നു. ദൈവത്തിൽ നിന്നുള്ള സംരക്ഷണം മനുഷ്യർക്ക് നല്‍കുകയും ചെയ്യുന്നു.”

ദൈവം മാലാഖമാരെ ലോകാരംഭത്തിൽ തന്നെ അനശ്വര അരൂപികളായാണ് സൃഷ്ടിച്ചത്. അതിനാൽ മാലാഖമാരുടെ അസ്തിത്വം നിത്യതയോളം നീണ്ടുനിൽക്കും. നമ്മൾ ഒരുപക്ഷേ, അവരെ കാണുകയോ, കേൾക്കുകയോ അവരുടെ സാന്നിധ്യം അനുഭവിക്കുകയോ ചെയ്തെന്നു വരുകയില്ല. എന്നാലും നമ്മുടെ കൺമുന്നിൽ അവരുണ്ട്. ചില അവസരങ്ങളിൽ അവർ നമ്മുടെ കൂടെയുണ്ടെന്ന് നമ്മളെ അറിയിക്കും. നമ്മൾ അറിയാതെതന്നെ ആപത്തുകളിൽനിന്നു നമ്മളെ സംരക്ഷിക്കുക എന്ന ദൗത്യമാണ് മുഖ്യദൂതന്മാരുടേത്.

കുട്ടികളോട് മാലാഖമാർക്ക് വലിയ സ്നേഹമാണ്. കാരണം, കുട്ടികൾ മാലാഖമാരെ പൂർണ്ണമായി സ്നേഹിക്കുകയും യാതൊരു മടിയും കൂടാതെ അവരെ ആശ്രയിക്കുയും ചെയ്യും. ശിശുസഹജമായ ലാളിത്യമാണ് മലാഖമാരുടെ സാന്നിധ്യം അനുഭവിച്ചറിയാനുള്ള കുറുക്കുവഴി. “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല” (മത്തായി 18:3).

ഫാ. ജയ്സൺ കുന്നേൽ MCBS

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.