എണ്ണയും കണ്ണീരും രക്തവും ആഘോഷമാക്കരുത്

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപങ്ങളിൽ നിന്ന് എണ്ണയും കണ്ണീരും രക്തവും കിനിയുന്ന പ്രതിഭാസം അനേകം നാളുകളായി കേരളത്തിൽ കണ്ടുതുടങ്ങിയിട്ട്. ഈ കാഴ്ചകൾ ഭാവനക്കാഴ്ചകളോ (visio imaginativa), ആത്മീയക്കാഴ്ചകളോ (visio intellectualis) അല്ല, ഐന്ദ്രിയക്കാഴ്ചകളാണ് (visio sensibilis) എന്നതിനാൽ ഈ പ്രതിഭാസവുമായി സമ്പർക്കത്തിലാകുന്ന എല്ലാവരിലും അമ്പരപ്പും അത്ഭുതവും ഉള്ളവാകുന്നത് തികച്ചും സ്വാഭാവികമാണ്. മൊബൈൽ ഫോൺ എല്ലാവർക്കും തന്നെ ഉള്ളതുകൊണ്ട് അവ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഇത്തരം പ്രതിഭാസങ്ങൾ, പക്ഷേ, പലപ്പോഴും വൈകാരികമായാണ് കൈകാര്യം ചെയ്യപ്പെടാറ്. അവ ചിലരെയെങ്കിലും വലിയ ഭക്തിപാരവശ്യങ്ങളിലേക്കു നയിക്കുന്നുണ്ട്. ചുരുക്കം ചിലർക്ക് അവ ജീവിതമാനസാന്തരത്തിന് ഇടയാക്കുന്നു. വേറെ ചിലർക്ക് അത് പരസ്യം നല്കാനും ആളെ കൂട്ടാനുമുള്ള അവസരങ്ങളാണ്. മറ്റു ചിലർ ഇത്തരം പ്രതിഭാസങ്ങളെ പുച്ഛിക്കുന്നു. ഇനിയും ചിലർ എന്തു നിലപാടെടുക്കേണ്ടൂ എന്നറിയാതെ കുഴങ്ങുന്നു.

സഭയ്ക്ക് ഇത് പുത്തരിയല്ല

1995- ൽ ഇറ്റലിയിലെ ചിവിത്തവെക്കിയയിൽ അറുപതോളം ആളുകൾക്കു മുന്നിൽ ഒരു വീട്ടിലെ മാതാവിന്റെ രൂപം രക്തക്കണ്ണീരണിഞ്ഞ സംഭവത്തിന് രൂപതാമെത്രാൻ തന്നെ സാക്ഷിയായപ്പോഴും ശാസ്ത്രീയപഠനങ്ങൾക്കൊടുവിൽ സഭ അത് അവഗണിക്കുകയായിരുന്നു. സ്വന്തം DNA പരിശോധന നടത്താൻ വീട്ടുകാരൻ തയ്യാറാകാതിരുന്നതിനാലായിരുന്നു അത്. രക്തം പുരുഷൻ്റേതായിരുന്നു! ആ സംഭവത്തിനു ശേഷം രൂപങ്ങളുടെ കണ്ണീരൊഴുക്കലുകൾ പലതുണ്ടായെങ്കിലും മിക്കവയും തന്നെ കഥയില്ലാത്തവയായിരുന്നു.

2002- ൽ ഓസ്ട്രേലിയയിലെ റോക്കിങ്ഹാമിൽ മാതാവിന്റെ രൂപം കണ്ണീർ പൊഴിച്ചതും അതേ തുടർന്ന് മാതാവിന്റെ പ്രത്യക്ഷമുണ്ടായതും സഭ ഗൗരവമായ പഠനങ്ങൾക്ക് വിധേയമാക്കുകയും പ്രകൃത്യാതീതമെന്ന് പരസ്യമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

2002- ൽ തന്നെ ഇറ്റലിയിലെ മെസ്സീന എന്ന സ്ഥലത്ത് വി. പാദ്രേ പിയോയുടെ രൂപം രക്തക്കണ്ണീരണിഞ്ഞപ്പോൾ കർക്കശമായ ശാസ്ത്രീയപരിശോധനകൾക്ക് വിധേയമാക്കിയ സഭാധികാരികൾ ഉടൻ തന്നെ അതിനെ തള്ളിപ്പറഞ്ഞു. കാരണം, ആ രക്തം ഒരു സ്ത്രീയുടേതായിരുന്നു.

2008- ൽ വടക്കേ ഇറ്റലിയിലെ ഫോർലി എന്ന സ്ഥലത്ത് വിൻചെൻസോ ദി കൊസ്റ്റാൻസോ എന്ന കൈക്കാരൻ അറസ്റ്റിലായി. രണ്ടു വർഷം മുമ്പ് ആ ദേവാലയത്തിലെ മാതാവിന്റെ രൂപം രക്തക്കണ്ണീരണിഞ്ഞതിന്റെ പേരിൽ. DNA പരിശോധന വിരൽ ചൂണ്ടിയത് വിൻചെൻസോയിലേക്ക് ആയിരുന്നത്രേ.

2018- ൽ ന്യൂ മെക്സിക്കോയിലെ ഗ്വദലൂപെ മാതാവിന്റെ രൂപത്തിലെ കണ്ണീരിനെ രൂപത തള്ളിക്കളഞ്ഞത് അതിൽ ചില രാസപദാർത്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു.

‘പരിശോധിച്ച്’ നിലപാടെടുക്കുന്ന സഭ ഇത്തരം പ്രതിഭാസങ്ങളിൽ സഭ പുലർത്തുന്ന നിലപാട്, “എല്ലാം പരിശോധിച്ചു നോക്കുവിന്‍; നല്ലവയെ മുറുകെപ്പിടിക്കുവിന്‍” എന്ന തിരുവചനത്തിൽ അധിഷ്ഠിതമാണ് (1തെസ്സ 5,21). നിരവധിയായ അത്ഭുതപ്രതിഭാസങ്ങളുടെ അനുഭവസമ്പത്തുള്ളവളാണ് കത്തോലിക്കാ സഭ. സ്വർഗത്തിന്റെ സന്ദേശം അചിന്തനീയങ്ങളായ രീതികളിൽ ലഭിച്ച, കഴിഞ്ഞ രണ്ടായിരം വർഷങ്ങളുടെ ചരിത്രം അവൾക്കുണ്ട്. കരയുന്ന തിരുസ്വരൂപങ്ങളുടെ കാര്യത്തിൽ കത്തോലിക്കാ സഭയ്ക്ക് ജാഗ്രതാപൂർവ്വകമായ നിലപാടാണുള്ളത്. സംശയദൃഷ്ടിയോടെയാണ് അത്തരം കാര്യങ്ങളെ സഭ സമീപിക്കുന്നത് എന്നു മാത്രമല്ല, അവയുടെ പരിശോധനയിൽ കാർക്കശ്യമുള്ളതും ഉന്നതവുമായ മാനദണ്ഡങ്ങളാണ് സഭ നിഷ്കർഷിക്കുന്നത്. ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടനയുടെ ഉപദേശകനായ ആഡം ബ്ലൈയുടെ Catholic Guide to Miracles എന്ന ഗ്രന്ഥം അത്ഭുതങ്ങൾക്കു മുന്നിൽ സഭ പുലർത്തുന്ന ഈ കർക്കശ നിലപാടും നിഷ്കർഷിക്കുന്ന ശാസ്ത്രീയ പരിശോധനാപ്രക്രിയയും വിവേചിച്ചറിയലും ഭംഗിയായി വിവരിക്കുന്നുണ്ട്.

ദൈവിക ഇടപെടലുകളിലും പ്രകൃത്യാതീത പ്രതിഭാസങ്ങളിലും കത്തോലിക്കർ വിശ്വസിക്കുമ്പോൾ തന്നെ (motiva credibilitatis) അത്തരം അത്ഭുതങ്ങളെ യുക്തിയുടെയും ശാസ്ത്രത്തിന്റെയും ഉറപ്പോടെ മാത്രമേ അംഗീകരിക്കാവൂ എന്ന് സഭയ്ക്കു നിർബന്ധമുണ്ട് (CCC 156).

വിവേചനാശക്തി അനിവാര്യം

വലിയ വിവേചനാശക്തി ആവശ്യമുള്ള മേഖലയാണിത്. കാരണങ്ങൾ പലതാണ്. ഒന്നാമത്, മനുഷ്യരുടെ കൗശലമാർന്ന കൈകടത്തലുകൾ ഇത്തരം പ്രതിഭാസങ്ങൾക്കു പിന്നിൽ ഉണ്ടാവാം. രണ്ടാമത്, വ്യക്തിനിഷ്ഠതക്കും മാനസികാവസ്ഥകൾക്കും ഇതിൽ പങ്കുണ്ടാകാം. മൂന്നാമത്, തികച്ചും സ്വാഭാവികമായ പ്രകൃതിയിലെ പ്രതിഭാസങ്ങളാകാം ഇവ. നാലാമത്, ദുഷ്ടാരൂപിയിൽ നിന്നുള്ളതാകാം. അഞ്ചാമത്, ദൈവികമായ ഇടപെലുകൾ തന്നെയും ആകാം. അതിനാൽ, പരിശോധിച്ചു വിവേചിച്ചറിയുന്നതിനു മുമ്പ് ഇത്തരം പ്രതിഭാസങ്ങൾ കൊട്ടിഘോഷിക്കുന്നത് ആരോഗ്യകരമല്ല; സഭാത്മകശൈലിയുമല്ല.

ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്തതെല്ലാം അത്ഭുതമാണ് എന്നും സഭ കരുതുന്നില്ല. അവയുടെ ദൈവിക സ്രോതസ്സ് ഉറപ്പു വരുത്തുന്നതിൽ വിശ്വാസനിക്ഷേപത്തോടുള്ള അവയുടെ ബന്ധത്തിന് വലിയ പങ്കുണ്ട്. ക്രിസ്തുവിൽ പൂർത്തിയായ പൊതുവെളിപാടിനോട് ചേർന്നുനിൽക്കുന്നു എന്ന് ഉറപ്പുള്ളവ മാത്രമേ സഭയുടെ അംഗീകാരം നേടുകയുള്ളൂ.

തിരിച്ചറിവിൽ കാലത്തിനുള്ള പങ്ക്

ആത്മീയപ്രതിഭാസങ്ങളെ വിവേചിച്ചറിയുന്നതിന് സമയത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ അവബോധമുള്ളവളാണ് സഭ. 1858 മുതൽ ലൂർദ്ദിൽ എണ്ണായിരത്തോളം അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒന്നര ശതകത്തിനകം വെറും എഴുപത് അത്ഭുതങ്ങൾക്കു മാത്രമാണ് വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള ഔദ്യോഗികമായ സ്ഥിരീകരണം സിദ്ധിച്ചിട്ടുള്ളത്. അത്ഭുതങ്ങളും അടയാളങ്ങളും സ്ഥിരീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങളിൽ ‘കാലം’ വലിയൊരു ഘടകമാണ്. അതുകൊണ്ടു തന്നെയാണ് വിശുദ്ധരുടെ നാമകരണ നടപടികൾ പല പതിറ്റാണ്ടുകൾ നീണ്ടുപോകാൻ ഇടയാകുന്നത്.

വിശുദ്ധരുടെ നാമകരണ നടപടികൾക്ക് എതിർവാദങ്ങളുന്നയിക്കാൻ വിശ്വാസപ്രചോദകൻ (പ്രൊമോട്ടർ ഓഫ് ഫെയിത്) എന്ന ഒരു തസ്തിക തന്നെയുണ്ട് എന്നോർക്കുക. വിശ്വാസവും യുക്തിയും ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവും വിശ്വാസജീവിതത്തിൽ യുക്തിക്കുള്ള സ്ഥാനവും അതിൽ നിന്ന് വ്യക്തമാണ്. ‘ഡെവിൾസ് അഡ്വക്കേറ്റ്’ എന്നാണ് ആ തസ്തിക മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിശ്വാസമേഖലയിലെ സ്ഥിരീകരണത്തിനുള്ള സഭയുടെ യുക്തിഭദ്രമായ ഈ ശൈലി പ്രകൃത്യാതീത പ്രതിഭാസങ്ങളിൽ നാം അവലംബിക്കണം.
മൈക്കിൾ ഒനീലിന്റെ Exploring the Miraculous എന്ന ഗ്രന്ഥത്തിൽ ഇത്തരം പ്രതിഭാസങ്ങൾക്ക് സഭയുടെ സുവിശേഷവത്കരണദൗത്യത്തിലുള്ള സ്ഥാനവും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുമ്പോൾ സഭയുടെ പ്രബോധനാധികാരത്തോട് അനുഭവസ്ഥർ പുലർത്തേണ്ട അനുസരണവും ഊന്നിപ്പറഞ്ഞിരിക്കുന്നു. ഏതായാലും, ദൈവത്തിൽ നിന്നുള്ളതാണെങ്കിൽ അത്തരം അടയാളങ്ങൾക്കും അത്ഭുതങ്ങൾക്കും, മനുഷ്യരുടെ സവിശേഷ ഇടപെടലുകളില്ലാതെ തന്നെ, വേണ്ട സമയത്ത് സഭയുടെ സ്ഥിരീകരണം ലഭിച്ചിരിക്കും. കാരണം, സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ് (cf. യോഹ 16,13).

പ്രായോഗികമായി എന്തു ചെയ്യണം?

1. ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായാൽ, ഇടവക വികാരിയെ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണം. ആവശ്യമെങ്കിൽ, വികാരിയച്ചന് രൂപതാ ആസ്ഥാനത്തെ ബന്ധപ്പെടാവുന്നതാണ്. അദ്ഭുതങ്ങളുടെ വാസ്തവികത തിരിച്ചറിയലിൽ പ്രഥമമായ ഉത്തരവാദിത്വവും അധികാരവുമുള്ളത് രൂപതാദ്ധ്യക്ഷനാണ്. മെത്രാന്റെ നിർദ്ദേശങ്ങളോടും നടപടികളോടും പൂർണ്ണമായ വിധേയത്വം പാലിക്കാൻ ഏവരും തയ്യാറാകണം. വിദഗ്ദ്ധരുടെ ഒരു സമിതിയെ പഠനത്തിനു നിയോഗിക്കാൻ മെത്രാന് അവകാശമുണ്ട്. സമിതിയുടെ പഠന റിപ്പോർട്ടിൽ അദ്ദേഹത്തിനു സ്വയം തീരുമാനമെടുക്കാം. ആവശ്യമെങ്കിൽ, കൂടുതൽ പഠനത്തിനും വിവേചനത്തിനുമായി വത്തിക്കാനിലേക്ക് വിഷയം പരാമർശിക്കുകയുമാകാം.

2. ദൈവത്തിൽ നിന്നുള്ളതാണെങ്കിൽ അത്തരം പ്രതിഭാസങ്ങളിൽ പൊതുവെളിപാടിനോടു ചേർന്നുപോകുന്ന കൃത്യമായ ഒരു സന്ദേശമോ, കാലികപ്രസക്തിയുള്ള ആത്മീയതയോ, സ്ഥലകാലാനുസൃതമായ ഒരു ഊന്നലോ ഉണ്ടായിരിക്കും. മാതാവിന്റെ കണ്ണീരിന്റെ അത്ഭുതമാനത്തിന് അമിതമായ ഊന്നൽ നല്കിയാൽ ഒരുപക്ഷേ, ആ കണ്ണീരിനു പിന്നിലെ സന്ദേശം തിരിച്ചറിയാൻ കഴിയാതെപോകും എന്ന അപകടമുണ്ട്. സന്ദേശം തിരിച്ചറിയാൻ പ്രാർത്ഥനാപൂർവ്വകവും എളിമയോടു കൂടിയതുമായ കാത്തിരുപ്പാണ് ആവശ്യം.

3. പ്രത്യേകിച്ച്, വൈദികരും സന്യസ്തരും ഇത്തരം സാഹചര്യങ്ങളിൽ മിതത്വം പാലിക്കുകയും സഭാത്മക മനോഭാവത്തോടെ പെരുമാറുകയും വേണം. സന്യാസിനികളുടെ സാന്നിധ്യവും സഹകരണവും ഇത്തരം പ്രതിഭാസങ്ങൾക്ക് കേരളത്തിൽ അനാവശ്യമായ പ്രചാരം ലഭിക്കാൻ ഇടയാക്കുന്നുണ്ട് എന്നു പറയാതെ വയ്യാ.

4. വിശ്വാസത്തെ വൈകാരികതയിലേക്കു ചുരുക്കാതെ, ഇത്തരം പ്രതിഭാസങ്ങളെ യുക്തിഭദ്രതയോടെയും സംശയദൃഷ്ടിയോടെയും വീക്ഷിച്ച്, കൃത്യമായി വിവേചിച്ചറിയാനുള്ള ഒരു സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. അതിനാൽ, അനാവശ്യ പരസ്യം നല്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.