റയാന്റെ കാലിപ്പാത്രം

എം.ഡി. ജോയ് മഴുവഞ്ചേരി

സെന്റ് ജോർജിന്റെ നാമധേയത്തിലുള്ള പട്ടണത്തിലെ ഒരു ലാറ്റിൻ കത്തോലിക്കാ ദേവാലയം. ഫാ. ജോർജ് ആണ് അവിടുത്തെ വികാരിയച്ചൻ. അജഗണങ്ങൾ ഇഷ്ടപ്പെടുന്ന തീക്ഷ്ണമതിയായ ഒരു വൈദികൻ.

ഈസ്റ്റർ കഴിഞ്ഞുള്ള ആഴ്ച. ഇടവക മദ്ധ്യസ്ഥന്റെ തിരുനാളിനു മുന്നോടിയായിട്ടുള്ള നവനാളിന്റെ ആദ്യ ദിനമായിരുന്നു അന്ന്. വിശുദ്ധ കുർബാന മധ്യേ വിവിധ കുടുംബയൂണിറ്റുകളിലെ വിശ്വാസികൾ തങ്ങളുടെ അദ്ധ്വാനഫലങ്ങളുടെ പങ്ക്, ഉത്പന്നങ്ങളായും പണമായും ദൈവത്തിന് കാഴ്ചവയ്ക്കാൻ അണിനിരക്കുന്നു. പള്ളിയുടെ ആനവാതിലിന്റെ അടുത്തുവച്ചിരുന്ന മനോഹരമായ പ്ലാസ്റ്റിക് പാത്രങ്ങൾ എടുത്ത്, അതിലായിരുന്നു കാഴ്ചവസ്തുക്കൾ അവർ ദൈവാലയത്തിൽ സമർപ്പിച്ചത്. കാർമ്മികൻ അതെല്ലാം ഏറ്റുവാങ്ങി അവരെ ആശീർവദിക്കുകയായിരുന്നു അപ്പോൾ.

പെട്ടെന്നാണ് ഏതാണ്ട് അഞ്ചു വയസ് പ്രായമുള്ള ഒരു കൊച്ചുമോൻ അവന്റെ പപ്പയുടെ അടുത്തു നിന്നും പള്ളിയുടെ പ്രധാന വാതിലിലൂടെ പുറത്തേക്ക് ഓടിയത്.  നിമിഷങ്ങൾക്കകം അവന്റെ കയ്യിലും കണ്ടു കാഴ്ചവയ്ക്കുന്ന മനോഹരമായ ഒരു പ്ലാസ്റ്റിക് പാത്രം. എല്ലാവരുടെയും പുറകിൽ നിന്നിരുന്ന അവൻ, താൻ ഈശോയ്ക്ക്  എന്തോ വലിയ സമ്മാനം കൊടുക്കാൻ പോവുകയാണെന്ന നിഷ്കളങ്കഭാവത്തിലായിരുന്നു അപ്പോൾ.

ആരോ അവനെ അല്പം മുൻപിലേക്കു കയറ്റിനിർത്തി. അവന്റെ പാത്രത്തിൽ ഒന്നുമില്ലായിരുന്നു. വെറുമൊരു കാലി കാഴ്ചപ്പാത്രം! പക്ഷേ, അവന്റെ മുഖം ഏറെ നിറവുള്ളതായിരുന്നു. തമ്പുരാന് തന്നെത്തന്നെ മുഴുവനായി അവൻ സമർപ്പിക്കുകയായിരുന്നിരിക്കണം. അവന്റെ പാത്രവും അച്ചൻ സ്വീകരിച്ച് ആശീർവാദം നൽകി. അച്ചനെ നോക്കിയുള്ള അവന്റെ പുഞ്ചിരി കണ്ടപ്പോൾ, തൊട്ടടുത്തുള്ള ഈശോയുടെ ഉയിർപ്പുരൂപം ഇങ്ങിനെ പറയുന്നതുപോലെ തോന്നി: “ഇവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നും ഒരു പങ്കാണ് എനിക്കു നൽകിയത്. നിഷ്കളങ്കനായ റയാൻ എന്ന ഈ കൊച്ചുമോനാകട്ടെ, ആ കാഴ്ചപ്പാത്രത്തിൽ അവനെ  മുഴുവനായും എനിക്ക് വച്ചുനൽകി.”

എം.ഡി. ജോയ്, മഴുവഞ്ചേരി, ആയത്തുപടി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.