
ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ചയാണ് സീറോമലബാർ സഭയിൽ മരിച്ചവരുടെ തിരുനാൾ ദിനമായി ആഘോഷിക്കുന്നത്. ഈശോയിലുള്ള വിശ്വാസം നമുക്കു പകര്‍ന്നുതരുന്ന പൂര്‍വികരെ ഇന്നേ ദിനം ഓര്‍മ്മിക്കുന്നത് സീറോമലബാർ ആരാധനക്രമ ദൈവശാസ്ത്രത്തിനു ചേരുന്നതാണ്. നോമ്പുകാലത്തെ പ്രാര്‍ഥനയും പരിത്യാഗപ്രവര്‍ത്തികളും മരിച്ച വിശ്വാസികള്‍ക്കുവേണ്ടിക്കൂടി സമര്‍പ്പിക്കാമെന്നുള്ള ആധ്യാത്മികചൈതന്യവും ഈ ക്രമീകരണം നമുക്ക് നല്കുന്നു.
ദനഹാക്കാലത്ത് ഈശോ ഈ ലോകത്തിനു വെളിപ്പെട്ടതിനെക്കുറിച്ചുള്ള ധ്യാനങ്ങളാണ് സഭയുടെ പ്രാർഥനകളിൽ മുഴുവൻ നിഴലിക്കുന്നത്. ദനഹാ എന്ന വാക്കിന്റെ അർഥംതന്നെ പ്രത്യക്ഷീകരണം, വെളിപ്പെടുത്തൽ എന്നൊക്കെയാണ്. അതുകൊണ്ടുതന്നെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകൾ ഈശോയെ ഈ ലോകത്തിനു വെളിപ്പെടുത്തിയ സുവിശേഷകന്മാരെയും രക്തസാക്ഷികളെയും മല്പാന്മാരെയും വിശുദ്ധരെയും ഓർക്കുന്നതിനുള്ള തിരുനാളുകളായി സീറോമലബാർ സഭയില്‍ ആചരിക്കുന്നു.
ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച രണ്ടു കാരണങ്ങൾകൊണ്ട് മരിച്ചവരുടെ തിരുനാൾ ദിനമായി ആഘോഷിക്കുന്നു. ഒന്നാമത്തെ കാരണം, മരിച്ചവർ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയുടെ ‘ദനഹാ’ (manifestation) ആയി മാറിയവരാണ് എന്നതാണ്. അഥവാ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയെ ലോകത്തിനു വെളിപ്പെടുത്തിയവർ/ നൽകിയവർ ആണ്. രണ്ടാമത്തെ കാരണം, ദനഹാക്കാലത്തെ ഈ അവസാന വെള്ളി കഴിഞ്ഞ് ഉടൻ നോമ്പുകാലം ആരംഭിക്കുന്നു എന്നതാണ്. നോമ്പുകാലത്ത് ഈശോയുടെ പീഡാസഹനവും മരണവും ഒക്കെയാണല്ലോ ധ്യാനവിഷയങ്ങൾ. മരിച്ചവർ തങ്ങളുടെ ജീവിതകാലത്ത് ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേർന്നവരാണ്. മരിച്ച വിശ്വാസികളെ പരിശുദ്ധ കുർബാനയിൽ പ്രത്യേകമായി അനുസ്മരിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു.
“നിന്നിലുള്ള ശരണത്തിൽ മരണനിദ്ര പ്രാപിച്ചവരെ ഉയിർപ്പിക്കണമേ. നിന്റെ കൃപയാൽ അവരെ വലത്തുഭാഗത്തു നിറുത്തുകയും ആദിമുതൽ നിന്നെ പ്രസാദിപ്പിച്ച സകലനീതിമാന്മാരോടും നിർമലരോടുംകൂടെ നിന്റെ രാജ്യത്തിലെ സ്വർഗീയഭാഗ്യങ്ങളാൽ ആനന്ദിപ്പിക്കുകയും ചെയ്യണമേ” (മാർ നെസ്തോറിയസിന്റെ കൂദാശാക്രമം)
“പാത്രിയാർക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ, കശീശാമാർ, മ്ശംശാനാമാർ എന്നിവരുടെയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ, പുത്രീപുത്രന്മാർ, സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മയാചരിച്ചുകൊണ്ടു നിങ്ങൾ പ്രാർഥിക്കുവിൻ. മിശിഹായുടെ സ്നേഹിതരും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും, സത്യവിശ്വാസത്തോടെ മരിച്ച്,
ഈ ലോകത്തിൽനിന്നു വേർപെട്ടുപോയ എല്ലാവരെയും അനുസ്മരിക്കുവിൻ. എല്ലാ നിവ്യന്മാരെയും ശ്ലീഹന്മാരെയും സഹദാമാരെയും വന്ദകരെയും ഓർമ്മിക്കുവിൻ. മരിച്ചവരുടെ ഉയിർപ്പിൽ അവരെ മുടിചൂടിക്കുന്ന ആലാഹാ അവരോടുകൂടെ നമുക്കു പ്രത്യാശയും പങ്കാളിത്തവും ജീവനും സ്വർഗരാജ്യത്തിൽ അവകാശവും നല്കട്ടെ” (ശ്ലീഹന്മാരുടെ കുർബാനക്രമം)
“കർത്താവേ, സത്യവിശ്വാസത്തോടെ ഈ ലോകത്തിൽനിന്നു മരിച്ചുപോയവർ നിത്യസൗഭാഗ്യത്തിൽ പ്രവേശിക്കുന്നതിനുവേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു.
അങ്ങുമാത്രമാണ് സത്യത്തിന്റെ പിതാവായ ദൈവമെന്ന് എല്ലാ മനുഷ്യരും അറിയണമെന്നും യഥാർഥജ്ഞാനത്തിലേക്കു തിരിഞ്ഞ് എല്ലാവരും രക്ഷിക്കപ്പെടണമെന്നും അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. അങ്ങ് അനാദിമുതൽ കർത്താവാണെന്നും സൃഷ്ടിക്കപ്പെടാത്തവനും സകലത്തിന്റെയും സഷ്ടാവുമായ പിതാവും പുത്രനും റൂഹാക്കൂദാശയുമായ ദൈവമാണെന്നും അവർ അറിയട്ടെ.
മനുഷ്യവംശത്തിന്റെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രനും ദൈവവചനവുമായ കർത്താവീശോമിശിഹാ പൂർണ്ണമനുഷ്യത്വം ധരിച്ച് ദൈവത്തിന്റെ ശക്തിയാലും റൂഹാക്കൂദാശയാലും സകലതും പൂർത്തീകരിക്കുകയും നീതീകരിക്കുകയും ചെയ്തുവെന്നും അവിടന്നു ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യസ്ഥനും നിത്യജീവന്റെ ദാതാവുമാണെന്നും എല്ലാവരും ഗ്രഹിക്കട്ടെ.
കർത്താവേ, മർത്യമായ ശരീരത്തിലും അമർത്യമായ ആത്മാവിലും ഞങ്ങളുടെ പരേതരായ സഹോദരർ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും അങ്ങയുടെ മുമ്പാകെ അവർക്കു വന്നുപോയിട്ടുള്ള വീഴ്ചകളും കൃപാപൂർവം മോചിക്കണമേ. എന്തുകൊണ്ടെന്നാൽ, പാപം ചെയ്യാത്തവരും അങ്ങയുടെ പക്കൽനിന്നു കരുണയും പാപമോചനവും ആവശ്യമില്ലാത്തവരുമായി ആരുമില്ല. അങ്ങു കാരുണ്യപൂർവം ഞങ്ങളിൽ സംപ്രീതനാകണമെന്ന് ഞങ്ങൾ യാചിക്കുകയും അപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു” (മാർ തെയദോറോസിന്റെ കുർബാന ക്രമം)
കടപ്പാട്: https://www.sleehamedia.com/