പറക്കും വിശുദ്ധന്റെ ഏഴ് അമാനുഷിക കഴിവുകൾ

വിദ്യാർഥികളുടെ രക്ഷാധികാരിയായും പറക്കും വിശുദ്ധൻ എന്നും അറിയപ്പെടുന്ന വി. ജോസഫ് കുപ്പർത്തീനോയ്ക്ക് വ്യത്യസ്‍തങ്ങളായ അമാനുഷിക കഴിവുകളുണ്ടായിരുന്നു. സെപ്റ്റംബർ 18 -ന് തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധന്റെ കഴിവുകളെക്കുറിച്ചു വായിച്ചറിയാം.

1. വായുവിലൂടെ പറക്കാൻ സാധിക്കുമായിരുന്ന വിശുദ്ധൻ

ആത്മീയാനുഭൂതികൾ ഉണ്ടാകുന്നതിനെതുടർന്ന് വായുവിലൂടെ പറക്കാനുള്ള കഴിവ് ഈ വിശുദ്ധനുണ്ടായിരുന്നു. പൊതുവിടങ്ങളിലും പരിശുദ്ധ ബലിയർപ്പണത്തിനിടയിലുമൊക്കെ വി. ജോസഫ് കുപ്പർത്തീനോ വായുവിൽ ഉയർന്നു പൊങ്ങുമായിരുന്നു.

ഒരു ദിവസം, മൂന്നര മീറ്റർ ഉയരമുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിങ്കലേക്ക് ഉയർന്ന് ഉണ്ണിയേശുവിനു ചുംബനം നൽകുന്നത് വിശ്വാസികൾ കാണാനിടയായി. ഊർബൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്‌ചയിൽ അദ്ദേഹത്തിന്റെ കാലുകൾ ചുംബിക്കാൻ കുനിയുന്നതിനിടയിൽ വിശുദ്ധന് ആത്മീയാനുഭൂതി ഉണ്ടാകുകയും വായുവിലേക്ക് ഉയരുകയും ചെയ്തിരുന്നു.

2 . പിശാചുക്കളെ പുറത്താക്കിയിരുന്ന വിശുദ്ധൻ

സ്വന്തം കഴിവുപയോഗിച്ചുകൊണ്ട് ഈ വിശുദ്ധൻ ഒരിക്കൽപ്പോലും യാതൊന്നും ചെയ്തിരുന്നില്ല. അദ്ദേഹം പിശാചുക്കളെ പുറത്താക്കിയിരുന്നതുപോലും തന്റെ അധികാരികളുടെ നാമത്തിലായിരുന്നു. അധികാരി എന്നത് ഇവിടെ ‘ദൈവം’ എന്ന് സ്പഷ്ടമാണ്. “നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഈ മനുഷ്യനിൽനിന്ന് പുറത്തുവരിക. എനിക്കുവേണ്ടിയല്ല, ഞാൻ കടംകൊണ്ടിരിക്കുന്ന എന്റെ അധികാരിക്കുവേണ്ടി” എന്നായിരുന്നു അദ്ദേഹം പിശാചുബാധിതരെനോക്കി പറഞ്ഞിരുന്നത്.

3. ഒരേസമയം രണ്ടു സ്ഥലങ്ങളിൽ ആയിരിക്കാൻ സാധിച്ച വിശുദ്ധൻ

ഒരേസമയം രണ്ടു സ്ഥലങ്ങളിൽ ആയിരിക്കാൻ കഴിയുന്നതിനെയാണ് ബൈലൊക്കേഷൻ അഥവാ സർവവ്യാപിത്വം എന്നുപറയുന്നത്. വി. ജോസഫ് അസ്സീസിയിൽ ആയിരുന്നപ്പോൾ കുപ്പർത്തീനോയിലെ അദ്ദേഹത്തിന്റെ ഭവനത്തിൽ വച്ച് അമ്മ മരണപ്പെടുകയായിരുന്നു. എന്നാൽ അതേസമയംതന്നെ അമ്മയുടെ മുറിയിൽ വലിയ പ്രകാശത്തോടെ വി . ജോസഫ് എത്തുകയുംചെയ്തു. എന്നാൽ ആ സമയം തന്നെ, അദ്ദേഹത്തിന്റെ സുപ്പീരിയർ എന്തിനാണ് കരയുന്നതെന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോൾ അമ്മ ഇപ്പോൾ മരിച്ചുപോയി എന്ന് പറയുകയുംചെയ്തു. അതിനുശേഷം ഒരുപാടുപേർ അദ്ദേഹത്തിന്റെ അമ്മ മരിക്കുന്ന സമയത്ത് വിശുദ്ധൻ അവിടെ സന്നിഹിതനായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

4. വിശുദ്ധ കുരിശുകൊണ്ട് സൗഖ്യം നൽകി

ഒരിക്കൽ ഒരു അഹങ്കാരിയായ ഒരു വ്യക്തി വിശുദ്ധനോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ ഒരു പുരോഹിതനായതുകൊണ്ട് ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ എന്റെ മുറിവിൽ കുരിശടയാളംകൊണ്ട് സുഖപ്പെടുത്തിയാൽ നിങ്ങൾ ചെയ്യുന്ന ഏതുകാര്യങ്ങളും ഞാൻ വിശ്വസിക്കാം.” വിശുദ്ധൻ വിനയപൂർവം വിശുദ്ധ കുരിശുകൊണ്ട് ആ വ്യക്തിയെ സുഖപ്പെടുത്തി.

5. ഹൃദയങ്ങളെ വായിച്ച വിശുദ്ധൻ

ഒരിക്കൽ 25 -കാരനായ ജോൺ ഫ്രഡറിക്ക് രാജകുമാരൻ അസ്സീസിയിൽ എത്തുകയും വിശുദ്ധൻ അർപ്പിച്ച കുർബാനയിൽ പങ്കുചേരുകയും ചെയ്തു. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു ജോൺ ഫ്രഡറിക്ക്. പരിശുദ്ധ കുർബാനയ്ക്കിടയിൽ വിശുദ്ധന് തിരുവോസ്തി വിഭജിക്കാൻ സാധിക്കാതെവന്നു. കല്ലുപോലെ കഠിനമായ തിരുവോസ്തി ഒടുവിൽ കാസയിലേക്ക് തിരികെവയ്‌ക്കേണ്ടതായുംവന്നു.

ജോസഫ് അച്ചൻ വിഷമത്തോടെ കരയാൻ തുടങ്ങി. പിന്നീട് അദ്ദേഹത്തിന് ആത്മീയഅനുഭൂതി ഉണ്ടാകുകയും ഏകദേശം ഒരു മീറ്ററോളം ഉയരത്തിലേക്ക് പറന്നുയരുകയും ചെയ്തു. താഴേക്കുവന്നയുടനെ അദ്ദേഹത്തിന് തിരുവോസ്തി വിഭജിക്കാൻ സാധിച്ചു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് സഭാധികാരികൾ ചോദിച്ചപ്പോൾ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ആളുകളുടെ കഠിനഹൃദയമാണ് അതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസം ഫ്രഡറിക്ക് രാജകുമാരൻ വിശുദ്ധന്റെ അടുക്കലെത്തുകയും കഴിഞ്ഞ ദിവസത്തെ പരിശുദ്ധ കുർബാനയിൽ തനിക്കുണ്ടായ അനുഭവം വിവരിക്കുകയും ചെയ്തു. അപ്പമുയർത്തുന്ന വേളയിൽ തിരുവോസ്തിയിലെ കുരിശ് രാജകുമാരന് കറുത്തനിറത്തിൽ കാണപ്പെടുന്ന അനുഭവമുണ്ടായി എന്നും അത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചുവെന്നും പറഞ്ഞു. ഈ അത്ഭുതം ഫ്രഡറിക്ക് രാജകുമാരനെയും അവിടെ വന്നവരെയും സ്പർശിക്കുകയും അവർ ക്രിസ്തീയവിശ്വാസത്തിലേക്ക് തിരികെവരികയും ചെയ്തു.

6. മൃഗങ്ങളോടു സംസാരിച്ച വിശുദ്ധൻ

ഒരുദിവസം വി. ജോസഫ് കുപ്പർത്തീനോ വയലിലൂടെ പ്രാർഥിച്ചുകൊണ്ട് നടക്കുകയായിരുന്നു. ഉടൻതന്നെ അവിടെ മേഞ്ഞുകൊണ്ടിരുന്ന ആട്ടിൻകൂട്ടം അദ്ദേഹത്തിന്റെ ചുറ്റും വന്നുനിന്നു. അവ വിശുദ്ധന്റെ പ്രാർഥന സാകൂതം കേട്ടിരിക്കുകയും വളരെയധികം സമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കുകയും ചെയ്തു.

7. മാർപാപ്പാമാരെക്കുറിച്ചു പ്രവചിച്ച വിശുദ്ധൻ

ഊർബൻ എട്ടാമൻ പാപ്പായുടെയും ഇന്നസെന്റ് പത്താമൻ പാപ്പായുടെയും മരണദിവസവും സമയവുമടക്കം വിശുദ്ധൻ പ്രവചിച്ചിരുന്നു.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.