എത്ര സ്‌നേഹിച്ചാലും മതിവരാത്ത ഈശോയുടെ അനുകമ്പാര്‍ദ്ര ഹൃദയം

ദൈവത്തിന്റെ തീരാകാരുണ്യമായിരുന്ന ഈശോയുടെ തിരുഹൃദയത്തിൽ വിളങ്ങിയിരുന്നത് മനുഷ്യകുലത്തോടുള്ള അളവറ്റ കാരുണ്യവും അനുകമ്പയും ആര്‍ദ്രതയുമായിരുന്നു. ഈശോയുടേത് സ്‌നേഹിച്ചാലും സ്‌നേഹിച്ചാലും മതിവരാത്ത അനുകമ്പാര്‍ദ്ര ഹൃദയമാണ്. മനുജന്റെ നൊമ്പരങ്ങളില്‍ അലിവുള്ള ഈശോയുടെ ഹൃദയത്തെ നമുക്കും അനുകരിക്കാം.

ജീവന്‍ തുടിക്കുന്ന ഈശോയുടെ തിരുഹൃദയം നമ്മോടുള്ള അനുകമ്പയാല്‍, കരുണയാല്‍ ത്രസിക്കുകയാണ്. ഉത്ഥാനത്തിലൂടെ ജീവന്റെ സമൃദ്ധി ഈശോ നമുക്ക് നല്‍കി (യോഹ 10:10). മറിച്ച്, മനുഷ്യമക്കളോടൊത്ത് വസിക്കുവാൻ സഹിക്കുവാൻ തീരുമാനിച്ച ഒരു ദൈവമാണ് നമ്മുടേത്. മനുഷ്യകുലത്തോടുള്ള സ്‌നേഹത്തെപ്രതി ജീവിതകാലം മുഴുവനും ഈശോ നന്മ ചെയ്ത് നാടുനീളെ ചുറ്റി സഞ്ചരിച്ചു (മത്തായി 4:23). സുവിശേഷത്തിൽ മുഴുവനും യേശുവിന്റെ കരുണാർദ്ര ഹൃദയത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ നമുക്ക് കണ്ടെത്താന്‍ സാധിക്കും.

ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്ന ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ഈശോയ്ക്കും അവരോട് അനുകമ്പ തോന്നി (മത്തായി 9:35-37). രക്ഷിക്കാനും നഷ്ടപ്പെട്ട ആടിനെ തിരികെ കൊണ്ടുവരാനും ആഗ്രഹിക്കുന്ന ഈശോ, ദൈവത്തിന്റെ തീരാകാരുണ്യത്തിന്റെ അനുകമ്പയുടെ അടയാളമാണ്. യേശുവിന്റെ വചനം കേള്‍ക്കാനും ശ്രവിക്കാനും വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു (മര്‍ക്കോ. 8:2). വിശന്നുവലഞ്ഞ ജനത്തെ ഈശോ കണ്ടു, നോക്കി, അതിനപ്പുറവും പോയി. ഇതാണ് സ്‌നേഹം അഥവാ സ്‌നേഹത്തില്‍ നിന്നും ഉളവായ അനുകമ്പ.

വിശക്കുന്നവന് അപ്പമായി മാറിയ അനുകമ്പ

തന്നെ അനുഗമിച്ച ജനം ക്ഷീണിച്ചു തളര്‍ന്നവരും നിസ്സഹായരും പരിഭ്രാന്തരും മാര്‍ഗ്ഗദര്‍ശിയില്ലാത്തവരുമാണെന്ന് അവന്‍ അറിഞ്ഞു (മത്തായി 9:36). യേശു വളരെ അനുകമ്പയോടെയാണ് അവരെ വീക്ഷിച്ചത്. അവര്‍ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ രോഗങ്ങളാല്‍ പീഡിതരായി കഴിയുന്നത് അവന്‍ കണ്ടു. അവിടുത്തെ സ്‌നേഹമുള്ള ഹൃദയം അലിഞ്ഞുപോയി. സഹതാപപൂര്‍ണ്ണമായ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ മുമ്പില്‍ കൊണ്ടുവരപ്പെട്ട സകല രോഗികളെയും ഈശോ സുഖപ്പെടുത്തി (മത്തായി 14:14). കുറച്ച് അപ്പവും മീനും കൊണ്ട് വലിയ സമൂഹത്തെ തീറ്റിപ്പോറ്റി സംതൃപ്തരാക്കി (മത്തായി 15:37). ഈ സാഹചര്യങ്ങളിലെല്ലാം അവിടുത്തെ പ്രേരിപ്പിച്ചത് അനുകമ്പയല്ലാതെ മറ്റൊന്നുമല്ല. തന്നെ സമീപിച്ചവരുടെ ഹൃദയങ്ങളെ കരുണാപൂർവ്വം വീക്ഷിച്ചു. അത്യഗാധമായ അവരുടെ ആവശ്യങ്ങളോട് അനുകമ്പാപൂര്‍വ്വം പ്രത്യുത്തരിച്ചു.

കൂടെ സഹിക്കാനുള്ള തീരുമാനമാണ് അനുകമ്പ

ആത്മാക്കളുടെ രക്ഷയ്ക്കായുള്ള ഈശോയുടെ തീക്ഷ്ണത വളരെ വലുതാണ്. ആത്മാക്കളെ രക്ഷിക്കാന്‍ ഈശോ നിരന്തരം പരിശ്രമിച്ചു. വിശ്രമമില്ലാതെ അവിടുന്ന ജനത്തെ പഠിപ്പിച്ചു. ദിവസം മുഴുവനും കഠിനാദ്ധ്വാനം ചെയ്തു. മനുഷ്യനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ കര്‍മ്മപദ്ധതി. തന്നേക്കാള്‍ ഉപരിയായി ഈശോ നമ്മെ സ്‌നേഹിച്ചു. തന്നേക്കാള്‍ ശ്രേഷ്ഠരായി നമ്മെ പരിഗണിച്ചു.

ദൈവത്തിന്റെ കാരുണ്യം വെറുതെ അനുകമ്പയല്ല. പ്രയാസമുള്ള ജീവിത സാഹചര്യങ്ങളിലേയ്ക്ക് ദൈവം തന്നെത്തന്നെ ഇറക്കിവയ്ക്കുന്നു. പിതൃഹൃദയത്തോടെ ദൈവം അതിലേയ്ക്ക് എടുത്തുചാടുന്നു സഹതാപത്തോടെ. തീര്‍ച്ചയായും മനസ്സില്‍ വെറും കനിവ് തോന്നുന്നതല്ല ഈ സഹതാപം. സഹിക്കുന്നവരുമായി ഉള്‍ച്ചേരുന്നതാണിത്. ഇത് മനസ്സിന്റെ ഒരു വികാരം മാത്രമല്ല. പിന്നെയോ മനുഷ്യ ജീവിതവുമായി താദാത്മ്യപ്പെടുന്നതാണ് ക്രിസ്തുവിന്റെ അനുകമ്പ Compassion എന്നാൽ കൂടെ സഹിക്കുക എന്ന് അര്‍ത്ഥം. കൂടെ സഹിക്കാനുള്ള ഒരാളുടെ തീരുമാനമാണ് അനുകമ്പ. ഈ തിരുഹൃദയ തിരുനാളില്‍ കൂടെ സഹിക്കാന്‍ നമുക്കും തയ്യാറാകാം. ഈശോയുടെ ഹൃദയ ഭാവത്തെ ഒരല്പം കൂടി ജീവിതത്തിൽ സാംശീകരിക്കുന്നവരാകാം.

സി. സലോമി ആപ്പിച്ചേരിൽ DSHJ

6 COMMENTS

  1. സി. സലോമി…. ഈശോയുടെ അലിവ് ഉള്ള സ്നേഹം അനുഭവം ആക്കുന്ന വാക്കുകൾ… തികച്ചും തിരുഹൃയ സ്നേഹത്തിലേക്ക് അടുപ്പിക്കുന്നു….. 👍🙏🙏🙏

  2. Congratulation goes to the writer for the profound thougts. Let us too, learn from Him to be Compassionative; not just to be pityful but to feel with others and suffer for others truthfully and sincerely like our Saviour and Master.
    Sr.Cissy Joseph SDP
    Palermo, Italy

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.