കുഞ്ഞുങ്ങളുടെ വിശപ്പകറ്റും സ്‌കൂളിലെത്തിക്കും മാതാവിന്റെ നാമത്തിലുള്ള ഈ സംഘടന

മാതാപിതാക്കൾ മരിക്കുമ്പോൾ ഡൈസൺ ചിറ്റോവെ എന്ന ബാലന് പ്രായം വെറും 11 വയസ്. ഭക്ഷണത്തിനോ, വിദ്യാഭ്യാസത്തിനോ എങ്ങോട്ട് പോകണമെന്ന് അവനറിയില്ല. നിസ്സഹായനായിപ്പോയ നിമിഷം! അപ്പോഴാണ് സ്‌കൂളിൽ പോകുന്ന ദിവസങ്ങളിൽ സൗജന്യമായി ഭക്ഷണം ലഭിക്കുമെന്ന് അവൻ അറിയുന്നത്. ‘മേരിസ് മീൽസ്’ എന്ന സംരംഭം അവന് തുണയായി. അത് അവന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു.

ഒരുനേരം ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം സ്കൂളിൽ പോകാനാഗ്രഹിച്ച കുട്ടികളിൽ ഒരാൾ മാത്രമാണ് ഡൈസൺ. ‘മേരിസ് മീൽസ്’ സ്ഥാപകനും സി.ഇ.ഒ-യുമായ മാഗ്നസ് മക്ഫാർലെയ്ൻ-ബാരോ 2002-ലാണ് മലാവിയിൽ, സ്കൂൾ ഫീഡിംഗ് പ്രോഗ്രാം ആരംഭിച്ചത്. ഈ സ്‌കൂൾ ഫീഡിംഗ് പ്രോഗ്രാമിലൂടെയാണ് ഡൈസൺ ഒരു നേരത്തെ ഭക്ഷണം കഴിച്ചിരുന്നത്; ചുരുക്കിപ്പറഞ്ഞാൽ ഒരു ദിവസത്തെ ആകെയുള്ള ഭക്ഷണം.

വർഷങ്ങൾക്കു മുൻപ് ‘മേരിസ് മീൽസ്’ എന്ന സംരംഭം ഈ പതിനൊന്നു വയസുകാരന്റെ ജീവൻ രക്ഷിക്കുകയായിരുന്നു; ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയായിരുന്നു. ഇന്നും ഡൈസണിനെപ്പോലെ നിരവധി കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഈ സംരംഭത്തിന് കഴിയുന്നു. ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളിലായി 20 രാജ്യങ്ങളിൽ, വിവിധ സ്കൂളുകളിൽ, വിശക്കുന്ന 22,79,941 കുട്ടികൾക്ക് ‘മേരിസ് മീൽസ്’ എന്ന സംഘടന ഭക്ഷണം നൽകുന്നു.

‘മേരിസ് മീൽസ്’ എന്ന സംഘടന ആരംഭിച്ചിട്ട് 20 വർഷം പൂർത്തിയാകുകയാണ്. സംഘർഷവും ദാരിദ്ര്യവും പട്ടിണിയും മൂലം കഷ്ടപ്പെടുന്ന കുട്ടികളെ വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുന്ന ആഗോള പ്രസ്ഥാനമാണ് ‘മേരിസ് മീൽസ്.’ പരിശുദ്ധ അമ്മയുടെ പേരിലുള്ള ഈ സംരംഭം ഇന്ന് അനേകർക്ക് പ്രചോദനമാണ്. മേരിസ് മീൽസിന്റെ ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്ന് അതിന്റെ പ്രാദേശിക പങ്കാളിത്വമാണ്. കുട്ടികളെ വിദ്യാഭ്യാസം നേടുന്നതിനായി ക്ലാസ് മുറിയിലേക്ക് ആകർഷിക്കുന്നതിനായി പഠനസ്ഥലത്ത് പോഷകാഹാരം നൽകുന്നതിന് ഇൻ-കൺട്രി വോളണ്ടിയർമാരുമായി ഈ സംഘടന പ്രവർത്തിക്കുന്നു.

“മേരിസ് മീൽസ് എന്ന പ്രോഗ്രാം, തന്റെ സ്കൂളിലെ കുട്ടികളെ ക്ലാസിലെത്തിക്കാൻ സഹായിക്കുന്നു. ഈ സ്‌കൂൾ ഭക്ഷണപരിപാടി ഞങ്ങളുടെ പഠിതാക്കളുടെ ഹാജർ നിലയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൂടാതെ, ഭക്ഷണ അരക്ഷിതാവസ്ഥ കാരണം ഭക്ഷണം നൽകാൻ കഴിയാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇത് സഹായകരവുമാണ്” – യെമനിലെ ഒരു സ്കൂൾ പ്രിൻസിപ്പൽ, അർവ കാസിം പറയുന്നു.

1992-ൽ, യുദ്ധത്തിൽ തകർന്ന ബോസ്നിയ-ഹെർസഗോവിനയിലേക്കുള്ള യാത്രക്കായി സഹായം അഭ്യർത്ഥിച്ച മക്ഫാർലെയ്ൻ-ബാരോക്കിന്, ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഒരു വലിയ തുക സമാഹരിക്കാൻ സാധിച്ചു. അങ്ങനെയാണ് അദ്ദേഹം ‘മേരിസ് മീൽസ്’ എന്ന സംരംഭം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ആസ്ഥാനം ഇപ്പോഴും സ്‌കോട്ട്‌ലൻഡിലെ ലളിതമായ ഒരു ഷെഡ് ആണ്. അവിടെ നിന്നാണ് പ്രവർത്തങ്ങളുടെ തുടക്കം. ഇന്ന് ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് മക്ഫാർലെയ്ൻ-ബാരോ. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഡൈസൺ ചിറ്റോവ് ഇപ്പോൾ 17 സ്കൂളുകളെ നിരീക്ഷിക്കുന്ന ഒരു സ്കൂൾ ഫീഡിംഗ് ഓഫീസറായി മേരിസ് മീൽസിനു വേണ്ടി പ്രവർത്തിക്കുന്നു. “ഞാൻ വളരെ സന്തോഷവാനാണ്; ഞാൻ ഈ ജോലി ആസ്വദിക്കുന്നു” – അദ്ദേഹം പറയുന്നു.

രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം, ആഗോളപട്ടിണി രൂക്ഷമായ ഈ ഘട്ടത്തിൽ തന്റെ ജോലി എന്നത്തേക്കാളും അടിയന്തിരമാണെന്ന് മാക്ഫാർലെയ്ൻ-ബാരോ കാണുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.