വിശുദ്ധപദവിയിലേക്ക് എത്തിച്ച സഹനയാത്ര 

2012-ൽ ദേവസഹായത്തിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ ‘വിശ്വസ്തനായ അത്മായൻ’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഭാരതത്തിലെ ഒരു കുഗ്രാമത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, എതാനും വർഷങ്ങൾ മാത്രം പഴക്കമുള്ള തന്റെ ക്രിസ്തീയവിശ്വാസം തള്ളിപ്പറയാൻ കൂട്ടാക്കാതെ രക്തസാക്ഷിയായ ദേവസഹായത്തെ ക്രിസ്തുനാഥൻ ഇതാ ആഗോളസഭയുടെ വണക്കത്തിനായി ഉയർത്തുന്നു. ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ അത്മായനും പ്രഥമ രക്തസാക്ഷിയുമായ ദേവസഹായത്തിന്റെ സാക്ഷ്യജീവിതം, വിശ്വാസം ഞെരുക്കപ്പെടുന്ന ഈ കാലഘട്ടങ്ങളിൽ നമുക്കെല്ലാം പ്രചോദനമാണ്.

(ഒരു ക്രിസ്ത്യാനിയായുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തിനു ശേഷം പിള്ള എന്ന ജാതിപ്പേര് അദ്ദേഹം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് ദേവസഹായം എന്നു മാത്രമാണ് ചില വത്തിക്കാൻ രേഖകൾ അദ്ദേഹത്തെ വിളിച്ചുകാണുന്നത്. ദേവസഹായം എന്നുമാത്രം അദ്ദേഹത്തെ വിളിക്കുന്നതാണ് ഉചിതമായി തോന്നുന്നത്).

മുപ്പത്തിമൂന്നാമത്തെ വയസ്സിൽ തീവ്രസഹനത്തിന്റെ വഴിയിലൂടെ കടന്നുപോയ ക്രിസ്തുനാഥൻ നമുക്ക് നിത്യരക്ഷക്ക് വഴിതെളിച്ചു. അവനെക്കുറിച്ചുള്ള കേൾവിയിലൂടെ അവനിൽ വിശ്വസിച്ച ഒരു ഹിന്ദുമനുഷ്യൻ തൻറെ മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹത്തിന്റെ സഹനജീവിതം ആരംഭിച്ചു.

1712 ഏപ്രിൽ 23-ന് വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി നീലകണ്ഠൻ പിള്ള എന്ന പേരിൽ കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. തിരുവിതാംകൂർ രാജ്യം എന്ന പേരിൽ, അന്ന് അത് കേരളത്തിന്റെ ഭാഗമായിരുന്നു. മകനെ ഏറെ സ്നേഹിച്ച മാതാപിതാക്കൾ മലയാളം, തമിഴ്, സംസ്‌കൃത വിദ്യാഭ്യാസത്തിനൊപ്പം ആയോധനമുറകളും കായികപരിശീലനങ്ങളും അവന്‌ പഠിക്കാനുള്ള വഴിയൊരുക്കി. ഇടപെട്ട മേഖലകളിലെല്ലാം തന്റെ പ്രാവീണ്യം വെളിപ്പെടുത്തിയ നീലകണ്ഠൻ വലുതായപ്പോൾ അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കുടുംബവുമായി തന്റെ പിതാവിനുണ്ടായിരുന്ന അടുപ്പത്തിന്റെയും തന്റെ കഴിവിന്റെയും പേരിൽ രാജാവിന്റെ കാര്യദർശികളിലൊരാളായി. യൗവ്വനത്തിൽ അമരാവതിപുരം മേക്കൂട്ട് തറവാട്ടിലെ ഭാർഗ്ഗവിയമ്മയെ വേളി കഴിച്ചു. 28 വയസ്സുള്ളപ്പോൾ നീലകണ്ഠൻ പദ്മനാഭപുരം കോവിലിലെ കാര്യവിചാരക്കാരനായി. മികവ് തെളിയിച്ചപ്പോൾ ഉയർന്ന സ്ഥാനമാനങ്ങൾക്കും രാജാവിന്റെ പ്രീതിക്കും പാത്രമായി.

അങ്ങനെയിരിക്കെ ഡച്ച് ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ നാവികസേന കമാണ്ടർ ആയിരുന്ന യൂസ്‌താഷ്യസ് ബെനെഡിക്റ്റസ് ഡി ലനോയ് 1738-ൽ ഇൻഡ്യയിലെത്തി. മൂന്ന് കൊല്ലത്തിനു ശേഷം തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ മഹാരാജാവുമായി നടന്ന കുളച്ചൽ യുദ്ധത്തിൽ സൈന്യത്തെ നയിച്ചു. യുദ്ധത്തിൽ പരാജയപ്പെട്ട ഡച്ചു സൈന്യത്തോടൊപ്പം 23 വയസ്സുള്ള ഡിലനോയിയും യുദ്ധത്തടവുകാരനായി. യുദ്ധതന്ത്രങ്ങളിൽ വിദഗ്ധനായ അദ്ദേഹത്തോട് മാർത്താണ്ഡവർമ്മ മഹാരാജാവ് സ്നേഹാദരങ്ങളോടെയാണ് പെരുമാറിയത്. പാശ്ചാത്യയുദ്ധതന്ത്രങ്ങളും പീരങ്കിയുടെ ഉപയോഗവും തിരുവിതാംകൂർ സൈന്യത്തെ പഠിപ്പിക്കാമോ എന്നു ചോദിച്ചത് ഡി ലനോയ് സസന്തോഷം സമ്മതിച്ചു. വെല്ല്യകപ്പിത്താൻ (The Great Captain) എന്നറിയപ്പെട്ടിരുന്ന ഡി ലനോയ് പെട്ടെന്നു തന്നെ സർവ്വസൈന്യാധിപനായി.

തിരുവിതാംകൂർ ദേശത്തിന്റെ സുരക്ഷിതത്വത്തിനും പടക്കോപ്പുകൾ സൂക്ഷിക്കാനുള്ള സൗകര്യത്തിനുമൊക്കെയായി ഉദയഗിരിയിൽ ഒരു കോട്ട പണിയാൻ ഡി ലനോയ് രാജാവിനോട് പറഞ്ഞു. ഉദയഗിരികോട്ടയുടെ നിർമ്മാണകാലത്താണ് നീലകണ്ഠൻ പിള്ളയും കത്തോലിക്കനായ ഡി ലനോയും തമ്മിൽ സൗഹൃദത്തിലാവുന്നത്. കോട്ടനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവർക്ക് ശമ്പളം കൊടുക്കാൻ നീലകണ്ഠനെ ആയിരുന്നു രാജാവ് ഏർപ്പാടാക്കിയിരുന്നത്. കൃഷിനാശം, പണനഷ്ടം തുടങ്ങി വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം വിഷമിച്ചിരുന്ന നീലകണ്ഠനോട് ഡി ലനോയ് ഏകദൈവത്തെപ്പറ്റി സംസാരിച്ചു. മനുഷ്യരോടുള്ള സ്നേഹത്തെപ്രതി സ്വന്തം പുത്രനെ ഭൂമിയിലേക്കയച്ച പിതാവിനെപ്പറ്റിയും മനുഷ്യർക്കായി ജീവനർപ്പിച്ച പുത്രനെപ്പറ്റിയും ജീവിതത്തിൽ പരീക്ഷണങ്ങൾ ഏറെ വന്നപ്പോഴും ദൈവത്തിൽ മാത്രം ശരണം വച്ചു പിടിച്ചുനിന്ന ജോബിനെപ്പറ്റിയുമൊക്കെ പറഞ്ഞു. മലയാളത്തിലുള്ള ഒരു ബൈബിൾ കോപ്പിയും വായിക്കാൻ കൊടുത്തു.

ക്രിസ്തുവിനെപ്പറ്റി കേട്ടും ബൈബിൾ വായിച്ചും വിശ്വാസം വന്ന നീലകണ്ഠൻ ക്രിസ്ത്യാനിയായി സ്നാനപ്പെടാൻ ആഗ്രഹിച്ചു. രാജാവിന് അത് ഇഷ്ടപ്പെടില്ല എന്നറിയാവുന്ന ഡി ലനോയ് അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിയിപ്പ് കൊടുത്തെങ്കിലും നീലകണ്ഠൻ തന്റെ ആഗ്രഹത്തിൽ ഉറച്ചുനിന്നു. അങ്ങനെ വടക്കുംകുളത്തു താമസിക്കുന്ന ഫാദർ ജിയോവാനി ബാറ്റിസ്റ്റ ബൂട്ടാരി എന്ന തനിക്ക് അറിയാവുന്ന ഈശോസഭാ വൈദികന്റെ അടുത്തേക്ക് അദ്ദേഹം, മതകാര്യങ്ങൾ പഠിക്കാനും ജ്ഞാനസ്നാനത്തിനുമായി നീലകണ്ഠനെ പറഞ്ഞയച്ചു.

ആ വൈദികനിൽ നിന്ന് ഈശോയെപ്പറ്റി കൂടുതൽ മനസ്സിലാക്കിയ നീലകണ്ഠൻ 1745 മെയ് 17-ന് ലാസർ എന്നതിന്റെ തമിഴ് പതിപ്പായ ദേവസഹായം എന്ന പേരിൽ ജ്ഞാനസ്‌നാനം സ്വീകരിച്ചു. മാമ്മോദീസ സ്വീകരിച്ച ദിവസം അദ്ദേഹം തന്നെത്തന്നെ ക്രിസ്തുവിന് സമർപ്പിച്ചു. “ആരും എന്നെ നിർബന്ധിച്ചില്ല, എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ വന്നത്. എന്റെ ഹൃദയം എനിക്കറിയാം. അവനാണ് എന്റെ ദൈവം. അവന്റെ പിന്നാലെ പോകാൻ ഞാൻ തീരുമാനിച്ചു, എന്റെ ജീവിതകാലം മുഴുവനും” – ദേവസഹായം പറഞ്ഞു. ക്രിസ്തുമാർഗ്ഗം പിന്തുടർന്ന ദേവസഹായം തൻറെ ഭാര്യക്ക് ക്രിസ്തുവിനെപ്പറ്റി പറഞ്ഞുകൊടുത്തതിന്റെ ഫലമായി ഭാർഗ്ഗവിയമ്മയും ക്രിസ്ത്യാനിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചു. തെരേസ എന്ന പേരിന്റെ തമിഴ് പതിപ്പായ ജ്ഞാനപ്പൂ അമ്മാൾ എന്ന പേരാണ് മാമ്മോദീസക്കു ശേഷം അവർ സ്വീകരിച്ചത്.

ക്രിസ്ത്യാനിയായ ദേവസഹായം മറ്റു ഹിന്ദുക്കളോട് ക്രിസ്തുവിനെപ്പറ്റി പറയാനും ജാതിവ്യവസ്ഥകളും മറ്റും ചൂണ്ടിക്കാണിച്ച് ഹിന്ദുമതത്തിലെ പോരായ്മകളെ ചോദ്യം ചെയ്യാനും തുടങ്ങി. തന്റെ ജീവൻ അപകടത്തിലാകുമെന്നറിഞ്ഞിട്ടും അദ്ദേഹം മിണ്ടാതിരുന്നില്ല. ഒരിക്കൽ രാജാവിന്റെ പ്രീതിക്ക് പാത്രമായിരുന്ന ദേവസഹായം ഇപ്പോൾ രാജാവിന്റെ അപ്രീതി സമ്പാദിച്ചതിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് 1749-ൽ തുറങ്കിൽ അടക്കപ്പെട്ടു. തന്റെ ഇഷ്ടപാത്രമായ ദേവസഹായത്തെ മോചിപ്പിക്കാൻ രാജാവ് ആവതും ശ്രമിച്ചു. ക്രിസ്തുമതം ഉപേക്ഷിക്കുകയാണെങ്കിൽ ഉന്നതമായ പദവികൾ നൽകാമെന്ന് രാജാവ് പറഞ്ഞെങ്കിലും ദേവസഹായം അത്‌ സമ്മതിച്ചില്ല. തനിക്ക് വച്ചുനീട്ടിയ സുഖസൗകര്യങ്ങളും നല്ല ജീവിതവും ക്രിസ്തുവിനെപ്രതി അദ്ദേഹം വേണ്ടെന്നു വച്ചു.

നിരന്തരമായ നിർബന്ധങ്ങൾക്ക് വഴങ്ങാതിരുന്നതുകൊണ്ട് അവർ പീഡനങ്ങൾ ആരംഭിച്ചു. ഒരു മനുഷ്യന് സഹിക്കാവുന്നതിന്റെ പരിധിക്കപ്പുറമുള്ള പീഡനങ്ങൾ. ദേവസഹായത്തെ ദുർഗന്ധമുള്ള എരിക്കിൻ പൂമാല അണിയിക്കാനും, എരുമപ്പുറത്തു കയറ്റി പരിഹസിച്ചെഴുന്നെള്ളിക്കാനും, ഓരോ ദിവസവും ചൂരൽ കൊണ്ട് മുപ്പത് അടിവീതം ഉള്ളം കാലിൽ അടിക്കാനും, ശരീരത്തിൽ അടിയേറ്റുണ്ടാകുന്ന മുറിവുകളിൽ മുളക് പുരട്ടി വെയിലത്തിരുത്താനും കൽപനയുണ്ടായി. മുളകുപൊടി തേക്കുമ്പോൾ വേദനിച്ചു പിടഞ്ഞുവീണ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഹാ, എന്റെ കർത്താവേ, അങ്ങയുടെ കാൽവരിയാത്രയിൽ കുരിശുമായി മൂന്നു പ്രാവശ്യം വീഴാൻ ഇടയായല്ലോ. ആ വീഴ്ചയോട് ഐക്യപ്പെടാൻ ഈ നിർഭാഗ്യനെയും അനുഗ്രഹിക്കാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്ന്?”

മുറിപ്പാടുകളിൽ മുളക് തേക്കാൻ ഏതെങ്കിലും ദിവസം മറന്നുപോയാൽ ദേവസഹായം രാജകിങ്കരന്മാരെ ഓർമ്മിപ്പിച്ചിരുന്നു. എരുമപ്പുറത്തു നിന്ന് വീണപ്പോൾ വഴിയിലൂടെ വലിച്ചിഴച്ചു. മുളകുവെള്ളം തിളപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് ആവി പിടിപ്പിച്ചു. ‘യേശുവേ , സഹായത്തിനെത്തണമേ’ എന്നു മാത്രം ദേവസഹായം പ്രാർത്ഥിച്ചു. പെരുവിളയിൽ പശുത്തൊഴുത്തിനു സമീപമുള്ള വട്ടവേപ്പുമരത്തിൽ ഏഴു മാസത്തേക്ക് കെട്ടിവയ്ക്കപ്പെട്ട അദ്ദേഹം കാറ്റും വെയിലും സഹിച്ച് കഴിഞ്ഞുകൂടി.

കാൽവരിയിലെ ക്രിസ്തുവിന്റെ സഹനങ്ങളോട് അദ്ദേഹം തന്റെ സഹനങ്ങളെ ചേർത്തുവച്ചു. ശാന്തതയും സൗമ്യതയും നിറഞ്ഞ പെരുമാറ്റവും അദ്ദേഹത്തിന്റെ സഹനശക്തിയും വളരെപ്പേരെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചു. ഇതെല്ലാം കണ്ട് രാജാവ് കുപിതനായി. ഇനി ദേവസഹായം ഈ ഭൂമുഖത്ത് വേണ്ടെന്നു തീരുമാനിച്ച രാജാവ് അദ്ദേഹത്തെ കൊന്നുകളയാൻ ഭടന്മാരോട് കൽപിച്ചു. ഈ കൽപന ഭടന്മാർ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ദൈവത്തിന് സ്തുതിയായിരിക്കട്ടെ. ഇത് ഞാൻ വളരെക്കാലമായി ആഗ്രഹിക്കുന്നു. അതിന് ഇപ്പോൾ ദൈവാനുഗ്രഹമുണ്ടായതിൽ സന്തോഷിക്കുന്നു. രാജകല്പന നിറവേറ്റാൻ താമസിക്കരുതെന്ന് അപേക്ഷിക്കുന്നു.”

കർത്താവിന്റെ പീഡാനുഭവയാത്രയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ സഹനം നിറഞ്ഞൊരു യാത്രയായിരുന്നു ദേവസഹായത്തിന്റെ അവസാനയാത്ര. വഴിമധ്യേ ദാഹശമനത്തിന് കുറച്ചു വെള്ളം ചോദിച്ച അദ്ദേഹത്തിന് ഇലയും ചകിരിയും ചീഞ്ഞഴുകിയ വെള്ളമാണ് കിട്ടിയത്. കുറച്ചു കൂടെ വെള്ളം ചോദിച്ചു ലഭിക്കാതിരുന്നപ്പോൾ ദേവസഹായം കൈമുട്ട് മടക്കി താനിരുന്ന പാറയിൽ അടിച്ചു. ഉടനെ അവിടെ നിന്ന് വെള്ളം പുറപ്പെട്ടു. ‘മുട്ടിടിച്ചാൻപാറ’ എന്ന പേരിൽ അത് പിന്നീട് അറിയപ്പെട്ടു. ആ ഉറവ ഇന്നും വറ്റിയിട്ടില്ല.

അദ്ദേഹത്തിന്റെ ധീരത കണ്ട് ആരാച്ചാരന്മാർ പറഞ്ഞു: “നിന്നെ വിവാഹത്തിനല്ല; വധിക്കാനാണ് കൊണ്ടുപോകുന്നത്. അദ്ദേഹം അതിനു നൽകിയ മറുപടി: “ഞാൻ എവിടേക്കാണ് പോകുന്നതെന്ന് എനിക്ക് നല്ലവണ്ണം അറിയാം. എനിക്ക് മോക്ഷവിരുന്നും ഉദ്യോഗസ്ഥബഹുമാനവും വിവാഹവും ഇതു തന്നെ.”

1752 ജനുവരി 14-ന് അദ്ദേഹത്തിന്റെ നാൽപതാം വയസ്സിൽ, ജ്ഞാനസ്‌നാനം സ്വീകരിച്ചതിന്റെ ഏഴാം വർഷത്തിൽ ചങ്ങലകളാൽ ബന്ധിച്ച് കാറ്റാടിമലയുടെ സമീപത്തേക്ക് കൊണ്ടുപോയി. സഹനയാത്ര എത്തിനിന്നത് ആരൽവായ്മൊഴി എന്ന സ്ഥലത്തുള്ള ഇന്നത്തെ മണിയടിച്ചാൻ പാറയിലാണ്. ഈ മനുഷ്യന്റെ കാര്യങ്ങൾ ഇനിയൊരാളും അറിയരുത്, ശവശരീരം പോലും ആരും കണ്ടെത്തരുത് എന്ന ചിന്തയിലാണ് ഇത്രയും അകലെയുള്ള ഒരു സ്ഥലം ദേവസഹായത്തെ കൊന്നുതള്ളാൻ വേണ്ടി അവർ തിരഞ്ഞെടുക്കാൻ കാരണം.

അവസാനമായി പ്രാർത്ഥിക്കാൻ ദേവസഹായം കുറച്ചു സമയം ചോദിച്ചു. പ്രാർത്ഥന കഴിഞ്ഞ് ആരാച്ചാരന്മാരോട് പറഞ്ഞു: “പ്രിയ സ്നേഹിതന്മാരെ, ഞാൻ നിങ്ങളോട് ആവശ്യപ്പെട്ട കാര്യം സഫലമായി. ഇനി നിങ്ങളുടെ ഇഷ്ടം പോലെ പ്രവർത്തിക്കാം. മൂന്നു ഭടന്മാർ പാറപ്പുറത്തു കയറി ദേവസഹായത്തിനെ വെടിവച്ചു. വെടിയേറ്റ് പാറപ്പുറത്തു നിന്നു വീണ അദ്ദേഹത്തെ വീണ്ടും വെടിവച്ചു. ‘യേശുവേ രക്ഷിക്കണേ, മാതാവേ സഹായിക്കണേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴികൾ. ദേവസഹായം മരിച്ച നേരത്ത് പാറയുടെ ഒരു ഭാഗം അടർന്നുവീണു. വലിയൊരു മണിമുഴക്കമാണ് അവിടെ കേട്ടതെന്നു പറയുന്നു. കാട്ടിലേക്ക് എറിയപ്പെട്ട ദേവസഹായത്തിന്റെ ശരീരം കുറച്ചു ക്രിസ്ത്യാനികൾ കണ്ടെടുത്ത് സംസ്കരിച്ചു.

അദ്ദേഹത്തിന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന കോട്ടാർ സെന്റ് സേവിയേഴ്‌സ് കത്തീഡ്രലിലേക്ക് അനേക വർഷങ്ങളായി വിശ്വാസികളുടെ പ്രവാഹമാണ്. 2004-ലാണ് മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ ദേവസഹായത്തിന്റെ നാമകരണനടപടികൾക്കു വേണ്ടി വത്തിക്കാനിലേക്ക് അപേക്ഷ സമർപ്പിക്കുന്നത്. 2012-ല്‍ അതിന് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012-ൽ ഡിസംബർ രണ്ടിന് ദേവസഹായത്തെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. മെയ് 15-ന്‌ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നു.

32 വർഷങ്ങൾ ഒരു ഹിന്ദുവായി ജീവിച്ച ദേവസഹായം പീഡനങ്ങളുടെ മുൻപിൽ പതറിയില്ല; തന്റെ നിലപാടുകൾ തിരുത്തിയില്ല. ജീവൻ അപകടത്തിലാണ് എന്നറിയാമായിരുന്നിട്ടും തന്റെ കാലത്തെ ഉച്ചനീചത്വങ്ങൾക്കെതിരായും ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതിയും ശബ്ദമുയർത്തി. നൂറു ശതമാനവും അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നു. ക്രിസ്ത്യാനി ആണെന്ന് അവകാശപ്പെടുന്നവർക്ക് മാതൃകയും.

ക്രൈസ്തവരാണ് എന്നതിന്റെ പേരിൽ മാത്രം പീഡയനുഭവിക്കുന്നവർക്ക് ദേവസഹായത്തിന്റെ വിജയഗാഥ വലിയ പ്രതീക്ഷയും പ്രചോദനവും നൽകുന്നു. തന്നെപ്രതി എല്ലാം പരിത്യജിച്ചവരെ ഒരിക്കലും ഉപേക്ഷിക്കുകയില്ലാത്ത ക്രിസ്തുനാഥൻ എന്നും അവരുടെ കൂടെയുണ്ടെന്നും മഹത്വത്തിന്റെ പാത അവരെ കാത്തിരിക്കുന്നുണ്ടെന്നുമുള്ള പ്രതീക്ഷ ഏതു കഷ്ടപ്പാടിലും പീഡനത്തിലും അവർക്ക് പ്രത്യാശ നൽകും. ഒരു ഭാരതീയനെന്ന നിലയിൽ, വി. ദേവസഹായം എന്ന് പോപ്പ് ഫ്രാൻസിസിനാൽ അദ്ദേഹം നാമകരണം ചെയ്യപ്പെടുമ്പോൾ നമുക്കും അഭിമാനിക്കാം.

ജില്‍സാ ജോയി

ജിൽസ ജോയ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.