ദൈവീകമായ സൗഹൃദങ്ങൾ കണ്ടെത്താൻ ആറു മാർഗ്ഗങ്ങൾ

നമ്മുടെ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. മാതാപിതാക്കൾ കഴിഞ്ഞാൽ നാം ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സുഹൃത്തുക്കൾക്ക് ഒപ്പമാണ്. നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുവാനും നല്ല വഴിയിൽ നടക്കുവാനും പ്രതിസന്ധികളിൽ കൈപിടിക്കുവാനും ഒരു നല്ല സുഹൃത്തിനു കഴിയും. അതുപോലെ തന്നെ നമ്മെ തെറ്റായി സ്വാധീനിക്കുവാനും സുഹൃത്തുക്കൾ കാരണമാകും. ഈ ഒരു കാരണത്താൽ തന്നെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നാം വളരെ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. സൗഹൃദ വലയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അത് ദൈവീകമായിരിക്കുവാൻ നമുക്ക് ശ്രദ്ധിക്കാം. അതിനു നമ്മെ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ഇതാ.

1. ധൈര്യമായിരിക്കുക

നിങ്ങൾ ഒരു അന്തർമുഖനായിരിക്കുകയോ അല്ലെങ്കിൽ സാമൂഹിക സാഹചര്യങ്ങളിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്ന ആളായിരിക്കുകയോ ആണെങ്കിൽ നല്ല സൗഹൃദങ്ങളെ കണ്ടെത്തുവാൻ നമുക്ക് നമ്മുടെ കംഫേർട് സോൺ മറികടക്കേണ്ടതായി വരും. ഒരാളോട് നമുക്ക് ഒരുമിച്ചു അല്പം നേരം സംസാരിക്കാം എന്നോ, കാപ്പി കുടിക്കാൻ പോകാം എന്നോ പറയുന്നതിന് അല്പം ധൈര്യം ആവശ്യമാണ്. എന്നാൽ അങ്ങനെയാണ് ബന്ധങ്ങൾ ആരംഭിക്കുന്നത്. നല്ല സൗഹൃദങ്ങൾ ആരംഭിക്കുന്നതിനായി ആരെങ്കിലും ആദ്യ നീക്കം നടത്തേണ്ടതുണ്ട്. നിങ്ങളുടെ ജീവിതത്തിൽ സൗഹൃദത്തിനായി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തന്നെ മുന്നോട്ട് വരുക.

2. താഴ്മയുള്ളവരായിരിക്കുക

പലപ്പോഴും പലരെയും നാം അംഗീകരിക്കണമെങ്കിൽ ഹൃദയ എളിമ നമുക്ക് ആവശ്യമാണ്. സൗഹൃദങ്ങളിൽ ഈ ഗുണം വളരെയധികം ആവശ്യമാണ്. നാം പറയുന്നത് കേൾക്കുവാൻ അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നത് കേൾക്കുവാൻ നാം ചെവി കൊടുക്കണം. അങ്ങനെ ചെയ്യുമ്പോൾ നാം വലുതെന്നു കരുതുന്ന പല പ്രശ്നങ്ങളും നമ്മുടെ ജീവിതത്തിൽ മാത്രമല്ല മറ്റുള്ളവരുടെ ഇടയിലും ഉള്ളതാണെന്നും അതിനെ അതിജീവിക്കുവാൻ കഴിയും എന്നതും നമുക്ക് ബോധ്യമാകും.

3. തുറവിയുള്ളവരായിരിക്കുക

ദൈവം ആഗ്രഹിക്കുന്ന സുഹൃത്ത് നിങ്ങൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടാം. ചില അവസരങ്ങളിൽ നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിനു നല്ല സുഹൃത്തുക്കൾ കാരണമായി മാറാം. അതിനു വലുപ്പചെറുപ്പമോ പ്രായ വ്യത്യാസമോ ഉണ്ടാവില്ല. നമുക്ക് നല്ല വഴികൾ കാട്ടുവാൻ തല്പരരാകുന്ന ആളുകളുമായി സൗഹൃദത്തിന്റെ വാതിലുകൾ തുറന്നിടുവാൻ ശ്രമിക്കാം. വിവിധ പ്രായത്തിലുള്ളവരുമായുള്ള സൗഹൃദങ്ങൾ നമ്മെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നന്മ തിന്മകളെ തിരിച്ചറിയാനും നല്ല തീരുമാനങ്ങൾ എടുക്കുവാനും സഹായിക്കും.

4. മറ്റുള്ളവരെ ശ്രദ്ധിക്കുക

നമുക്ക് നല്ല ഒരു സുഹൃത്തിനെ കണ്ടെത്തണമെങ്കിൽ നാമും ചുറ്റുമുള്ളവർക്കു മികച്ച ഒരു സുഹൃത്തായി മാറണം. കാണാനും കേൾക്കാനും എല്ലാവർക്കും ഇഷ്ടമാണ്. അതിനാൽ അയൽക്കാർ, സഹപ്രവർത്തകർ, പലചരക്ക് കടയിലെ അപരിചിതർ തുടങ്ങി എല്ലാവരെയും ശ്രദ്ധിക്കുക. അവരുടെ അമൂല്യമായ സവിശേഷതകൾ ശ്രദ്ധിക്കുക. അവരെ അഭിനന്ദിക്കുക. അവരുമായി ബന്ധപ്പെട്ട് നിങ്ങൾ വളരാൻ ദൈവം ആഗ്രഹിക്കുന്ന വഴികൾ തുറന്നിടുക.

5. ബന്ധങ്ങൾ തേടാം

പലപ്പോഴും അടച്ചിട്ട മുറികൾക്ക് ഉള്ളിലേക്ക് ചുരുങ്ങുന്ന തലമുറയാണ് ഇന്നുള്ളത്. സാമൂഹ്യമാധ്യമങ്ങൾക്കു മുന്നിൽ ചടഞ്ഞിരിക്കുമ്പോൾ ഊഷ്മളമായ സൗഹൃദ ബന്ധങ്ങൾ കണ്ടെത്തുന്നതിനുള്ള അവസരങ്ങൾക്കു നാം കടിഞ്ഞാൺ ഇടുകയാണ്. അതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാം. നല്ല ബന്ധങ്ങൾ സ്ഥാപിക്കാം. നിങ്ങൾ കണ്ടെത്തുന്ന സൗഹൃദങ്ങൾ മികച്ചതാണെന്ന് ഉറപ്പു വരുത്താം. ഇടവകയിലെയും സമൂഹത്തിലെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നന്മ പ്രവർത്തികളിലും പങ്കെടുത്തുകൊണ്ട് അവരിൽ നിന്നും നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും.

6. പ്രാർത്ഥിക്കുക

ഒരുമിച്ചു പ്രാർത്ഥിക്കുമ്പോൾ ഒരുമിച്ചു വളരുകയാണ് ചെയ്യുന്നത്. അതിനാൽ ഒരുമിച്ചു പ്രാർത്ഥിക്കുവാൻ പ്രേരിപ്പിക്കുന്ന സൗഹൃദങ്ങൾ നമ്മെ ദൈവത്തിങ്കലേക്കു വളർത്തും. പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ‘നീ ധൈര്യമായി പൊയ്ക്കോളൂ, ഞാൻ പ്രാർത്ഥിച്ചോളാം’ എന്ന് പറയുന്ന ഒരു സുഹൃത്ത് നമുക്ക് നൽകുന്ന ബലം വലുതാണ്. ഓർക്കുക, പ്രാർത്ഥനയെയോ ദൈവത്തെയോ നിങ്ങളുടെ വിശ്വാസത്തെയോ തള്ളിപ്പറയുന്ന സൗഹൃദങ്ങൾ ഒരിക്കലും ശാശ്വതമായിരിക്കില്ല. അത്തരം ബന്ധങ്ങളോട് തല്ക്കാലം ‘ബൈ’ പറയുന്നത് ആയിരിക്കും നല്ലത്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.