മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: സിനിമയിൽ കാണുന്നതെല്ലാം സത്യമാണോ?

മജ്ജ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയ എന്ന പേര് പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇന്ന് ഏവര്‍ക്കും സുപരിചിതമായ ഒന്നാണ്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ധനസഹായം തേടുന്നെന്നും, ഡോണറെ തേടുന്നെന്നുമുള്ള വാര്‍ത്തകള്‍ ദിനപത്രങ്ങളില്‍ സാധാരണമാണ്. അതുപോലെ സിനിമകളിലും ഈ സര്‍ജറിക്കായി, കഥാപാത്രങ്ങള്‍ പോകുന്ന രംഗങ്ങളും സര്‍ജറി കഴിഞ്ഞുള്ള അവരുടെ മുടി കൊഴിഞ്ഞ മെലിഞ്ഞ രൂപവും ഏറെ അപകടസാധ്യതയുള്ള ഒരു സര്‍ജറിയായി ഇതിനെ കാണാന്‍ പ്രേക്ഷകരെ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ ഈ സര്‍ജറിയില്‍ യഥാര്‍ത്ഥത്തില്‍ മജ്ജ മാറ്റിവയ്ക്കല്‍ അല്ല നടക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

എന്താണ് ബോണ്‍ മാരോ?

നമ്മുടെ ശരീരത്തിലെ എല്ലുകളുടെ അകത്ത് വെളുത്ത സ്‌പോഞ്ച് രൂപത്തിലുള്ള വസ്തുവിനെയാണ് നമ്മള്‍ ബോണ്‍ മാരോ (Bone Marrow) എന്നു വിളിക്കുന്നത്. മലയാളത്തില്‍ മജ്ജ എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവ ഉല്‍പാദിപ്പിക്കുക എന്നതാണ് ഈ അവയവത്തിന്റെ ജോലി. ഈ മൂന്നു തരം കോശങ്ങളും ബോണ്‍ മാരോയ്ക്ക് അകത്തുള്ള ഹീമോപോയിറ്റിക് സ്റ്റെം സെല്‍സ് (haemopoetic Stem Cells) എന്ന ഒരു പ്രത്യേകതരം കോശങ്ങളില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.

ഏതെങ്കിലും രോഗമോ അല്ലെങ്കില്‍ ചികിത്സയുടെ ഭാഗമായോ ഈ സ്റ്റെം സെല്‍സ് നശിച്ചുപോകുമ്പോള്‍ ശരീരത്തിനു പുറത്തു നിന്നും പുതിയ സ്റ്റെം സെല്‍സ് നശിച്ചുപോയ കോശങ്ങൾക്ക് പകരമായി നമ്മുടെ ബോണ്‍ മാരോയില്‍ നിക്ഷേപിക്കുന്നു. ഈ സ്റ്റെം സെല്‍സിനെ വളര്‍ത്തിയെടുത്ത് മജ്ജയുടെ പ്രവര്‍ത്തനം സാധാരണരീതിയില്‍ എത്തിക്കുന്നതിനെയാണ് നമ്മള്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് (Bone Marrow Transplant) എന്നു വിളിക്കുന്നത്. മലയാളത്തില്‍ ഇത് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നും അറിയപ്പെടുന്നു. എന്നാല്‍ മജ്ജ പൂര്‍ണ്ണമായും മാറ്റിവയ്ക്കാതെ സ്റ്റെം സെല്‍സ് മാത്രം മാറ്റിവയ്ക്കുന്നതിനാല്‍ ഇതിന്റെ ശരിയായ പേര് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് (Stem Cell Transplant) എന്നാണ്.

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഈ പ്രക്രിയ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന് അറിയപ്പെടുന്നത് എന്ന് നമുക്കു നോക്കാം. ആദ്യകാലങ്ങളില്‍ രോഗിക്ക് നല്‍കാന്‍ ഈ സ്റ്റെം സെല്‍സ് ശേഖരിച്ചിരുന്നത് എല്ല് തുളച്ച് ഉള്ളില്‍ നിന്നും ബോണ്‍ മാരോ വലിച്ചെടുത്ത് പ്രോസസ്സ് ചെയ്തതിനു ശേഷമാണ്. ഇതിനായി പല സ്ഥലത്ത് എല്ല് തുളക്കേണ്ടതായും വന്നിരുന്നു. ഇത് വളരെ വേദനാജനകമായതിനാലും ശരീരത്തിന് അണുബാധ ഉണ്ടാകാതിരിക്കാനും ഓപ്പറേഷന്‍ തീയറ്ററില്‍ വച്ചാണ് നടത്തിയിരുന്നത്. അതുകൊണ്ടാണ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്, ബോൺ മാരോ ശസ്ത്രക്രിയ എന്നു തെറ്റിദ്ധരിക്കാന്‍ കാരണമായത്.

ഇനി എന്താണ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് അഥവാ സ്റ്റെം സെൽ ട്രാന്‍സ്പ്ലാന്റില്‍ നടക്കുന്നത് എന്ന് പരിശോധിക്കാം. രണ്ടു രീതിയിലാണ് സ്റ്റെം സെൽ ട്രാന്‍സ്പ്ലാന്റ് നടക്കുക. രോഗിയുടെ തന്നെ സ്റ്റെം സെല്‍സ് ഉപയോഗിച്ചാണ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് നടത്തുന്നതെങ്കിൽ അതിനെ Autologous Transplant എന്നും മറ്റൊരാളുടെ സ്റ്റെം സെല്‍സ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനെ Allogenic Transplant എന്നുമാണ് വിളിക്കുന്നത്. Multiple Myeloma, Leukemia എന്നീ കാന്‍സറുകള്‍ക്കായണ് പ്രധാനമായും ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് അഥവാ സ്റ്റെം സെൽ ട്രാന്‍സ്പ്ലാന്റ് പ്രയോജനപ്പെടുത്തുന്നത്. വളരെ ഉയര്‍ന്ന തോതില്‍ കീമോ തെറാപ്പിയോ, റേഡിയോ തെറാപ്പിയോ നല്‍കുമ്പോൽ ശരീരത്തിലെ കാന്‍സര്‍ കോശങ്ങൾ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുന്നു. എന്നാൽ അതിനോടൊപ്പം ബോണ്‍ മാരോ അല്ലെങ്കില്‍ സ്റ്റെം സെല്‍സും നശിപ്പിക്കപ്പെടുന്നു. ഇങ്ങനെ നശിക്കുന്ന സ്റ്റെം സെൽസിനു പകരമായി പുറത്തു നിന്നും സ്റ്റെം സെൽസ് നല്‍കി ബോണ്‍ മാരോയെ പുനരുജ്ജീവിപ്പിക്കുന്നതിനെയാണ് കാന്‍സര്‍ ചികിത്സയില്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് എന്നു വിളിക്കുന്നത്.

ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് എങ്ങനെയാണ് നടക്കുക

ആദ്യമായി Autologous Transplant എങ്ങനെ നടക്കുന്നു എന്നു കാണാം. ചില പ്രത്യേക മരുന്നുകള്‍ രോഗികൾക്ക് നല്‍കി അവരുടെ ബോണ്‍ മാരോയെ ഉത്തേജിപ്പിക്കുന്നതാണ് ഈ പ്രക്രിയയിലെ ആദ്യപടി. ഇതു വഴി ബോണ്‍ മാരോയില്‍ കൂടുതലായി ഉണ്ടാകുന്ന സ്റ്റെം സെല്‍സ് രക്തത്തില്‍ കലരുന്നു. ഇത് ‘എഫെറെസിസ്’ (പ്ലേറ്റ്‌ലെറ്റുകൾ അല്ലെങ്കിൽ വെളുത്ത രക്താണുക്കൾ പോലുള്ള രക്തത്തിന്റെ ഒരു ഭാഗം വേർതിരിച്ചെടുക്കുകയും ബാക്കിയുള്ള രക്തം ദാതാവിന് തിരികെ നൽകുകയും ചെയ്യുന്ന പ്രക്രിയ) എന്ന പ്രക്രിയ വഴി ഏതാണ്ട് രക്തദാതാവിന്റെ രക്തം എടുക്കുന്നതു പോലെ ശേഖരിച്ച് ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നു. അതിനു ശേഷം ഹെവി ഡോസ് കീമോ തെറാപ്പിയോ, റേഡിയോ തെറാപ്പിയോ നല്‍കി രോഗിയിലെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. അതോടൊപ്പം ശരീരത്തിലെ ബോണ്‍ മാരോയും പൂര്‍ണ്ണമായും നശിച്ചുപോകുന്നു. തുടർന്ന് നമ്മള്‍ നേരത്തെ ശേഖരിച്ചു വച്ചിരിക്കുന്ന സ്റ്റെം സെല്‍സ് സാധാരണ രക്തം നല്‍കുന്നതു പോലെ തന്നെ ശരീരത്തിലേക്ക് കടത്തിവിടുന്നു. ഇത് നശിച്ചുപോയ സ്റ്റെം സെല്‍സിനു പകരമായി ബോണ്‍ മാരോയില്‍ പറ്റിപ്പിടിച്ചു വളരുന്നു.

Allogenic Transplant – ല്‍ മറ്റൊരാളുടെ സ്റ്റെം സെല്‍സ് ആണ് ഉപയോഗിക്കുക. എഫെറെസിസ് എന്ന പ്രക്രിയ വഴി അതായത്, Autologous Transplant -ലെ പോലെ തന്നെ ദാതാവിന് മരുന്നു നല്‍കി സ്റ്റെം സെല്‍സിനെ രക്തത്തില്‍ കൊണ്ടുവന്ന് എഫെറെസിസ് എന്ന പ്രക്രിയ വഴി സ്റ്റെം സെല്‍സിനെ വേര്‍തിരിക്കുന്നു. അല്ലെങ്കില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കൊണ്ടുപോയി മജ്ജ തുളച്ച് (Bone marrow aspiration) സ്റ്റെം സെല്‍സ് ശേഖരിക്കുന്നു. എന്നാല്‍ ഇതിനുള്ള കടമ്പ എന്നത് രോഗിയും ദാതാവും HLA Matching ആയിരിക്കണം എന്നതാണ്. അതായത് അവരുടെ കോശങ്ങൾ തമ്മിൽ പരസ്പരം ചേരുന്നതായിരിക്കണം. അങ്ങനെ അല്ലെങ്കില്‍ മരണം വരെയും സംഭവിക്കാം.

ഇത്രയും കേട്ടപ്പോള്‍ വളരെ നിസ്സാരമായ ഒരു പ്രക്രിയ എന്നു തോന്നിയേക്കാം. എന്നാല്‍ അത് ശരിയല്ല. വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയ ആണ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്. വളരെ പരിചയസമ്പന്നരായ ഒരു ടീമിന്റെയൊപ്പം വളരെ ഉയര്‍ന്ന ആശുപത്രി ക്രമീകരണങ്ങൾ കൂടി ഉണ്ടായാല്‍ മാത്രമേ ഈ പ്രക്രിയ വിജയകരമാവുകയുള്ളൂ. ഇതിന്റെ സങ്കീര്‍ണ്ണത മനസിലാക്കാന്‍ ഒരു കാര്യം മാത്രം ഞാന്‍ പറയാം.

ഹെവി ഡോസ് കീമോതെറാപ്പിക്കു ശേഷം നമ്മുടെ വെളുത്ത രക്താണുക്കളുടെ കൗണ്ട് ഏതാണ്ട് പൂജ്യം ആകും. അതിനുശേഷം വളരെ സാവധാനത്തിലാണ്, ഏതാണ് ഒരാഴ്ച കൊണ്ടാണ് ഈ കൗണ്ട് നോര്‍മല്‍ ആകുന്നത്. ഈ സമയത്ത് ശരീരത്തില്‍ ഏതെങ്കിലും അണുബാധ ഉണ്ടായാല്‍ മരണം വരെ സംഭവിക്കാം. അതുകൊണ്ട് തന്നെ വളരെ കരുതലുകൾ എടുത്താണ് ആ ദിവസങ്ങളിൽ രോഗികളെ പരിചരിക്കുന്നത്. ഐസിയു വിൽ കയറുന്നവർ പോലും അണുബാധ സാധ്യത കുറയ്ക്കാൻ പ്രത്യേക വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. അതുപോലെ സങ്കീര്‍ണ്ണമായ പല ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് വിജയകരമാവുകയുള്ളൂ.

അടുത്തതായി umbilical cord Blood Transplant എന്താണെന്നു കൂടി പരിചയപ്പെടാം. കുട്ടി ഉണ്ടാകുന്ന സമയത്ത് പൊക്കിള്‍ക്കൊടി മുറിക്കുമ്പോള്‍ അതില്‍ നിന്നും കുറച്ച് രക്തം ശേഖരിച്ച് ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നു. ഈ രക്തത്തില്‍ ധാരാളം സ്റ്റെം സെല്‍സ് അടങ്ങിയിരിക്കുന്നു. ഇതുപയോഗിച്ച് HLA matched ആയിട്ടുള്ളവര്‍ക്ക് ട്രാന്‍സ്പ്ലാന്റ് നടത്താന്‍ സാധിക്കും. അതു കൂടാതെ, ഭാവിയില്‍ ഇതുപയോഗിച്ച് പല രോഗങ്ങളുടെ ചികിത്സയും സാധ്യമാവുമെന്നതാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. കാരണം സ്റ്റെം സെല്‍സിന് പല രീതിയിലുള്ള കോശങ്ങളായി വളരാനുള്ള കഴിവുണ്ട്.

ഇതുവരെ ഞാന്‍ കാന്‍സര്‍ ചികിത്സയിലെ സ്റ്റെം സെല്‍സ് ട്രാന്‍സ്പ്ലാന്റ് ആണ് പരിചയപ്പെടുത്തിയത്. എന്നാല്‍ ഇതു കൂടാതെ, വിവിധ രീതിയിലുള്ള അനീമിയകള്‍, മെറ്റബോളിക് ഡിസോഡറുകള്‍, ഇമ്മ്യൂണോ ഡെഫിഷ്യന്‍സി എന്നിവയ്ക്കും സ്റ്റെം സെല്‍സ് ട്രാന്‍സ്പ്ലാന്റ് രോഗശമനം ഉണ്ടാക്കുന്നുണ്ട്.

സ്റ്റെം സെല്‍സ് ട്രാന്‍സ്പ്ലാന്റിനെ Future Medicine എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഈ ശാസ്ത്രശാഖയെ Regenerative Medicine എന്നും വിളിക്കാറുണ്ട്. എന്നാല്‍ ഈ Stem Cell Collection and Research വളരെ വിവാദപൂർണമായ വിഷയമായതിനാല്‍ അതിന്റെ വിവരണം ഇവിടെ ഞാന്‍ പങ്കുവയ്ക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.