അബോർഷനോട് എമിലിയ ‘നോ’ പറഞ്ഞപ്പോൾ നമുക്കു ലഭിച്ചത് വി. ജോൺ പോൾ രണ്ടാമനെ

ഗർഭസ്ഥശിശു; ആ ശിശു വെറുമൊരു മാംസപിണ്ഡമില്ല, മറിച്ച് ഒരു ജീവനാണ്. ആ ജീവനുമേൽ മനുഷ്യനല്ല ദൈവത്തിനാണ് അവകാശമെന്നും ഓരോ ജീവനെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട് എന്നും തെളിയിക്കുന്ന ഒരു സംഭവമുണ്ട് ചരിത്രത്തിൽ. അനാരോഗ്യമുള്ള കുഞ്ഞ്‌ എന്ന കാരണത്താൽ അബോർഷൻ നിർദേശിച്ച ഡോക്ടർമാരുടെ കണക്കൂട്ടലുകളെ വിശ്വാസംകൊണ്ട് അതിജീവിച്ച ഒരു അമ്മയുടെ ധീരതയുടെ കഥയാണത്. ആ ധീരതയിലൂടെ സഭയ്ക്ക്, ലോകത്തിനു ലഭിച്ചത് വിശുദ്ധനായ ഒരു പാപ്പായെയും. വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ജനനത്തോടനുബന്ധിച്ചു നടന്ന ആ സംഭവത്തെ നമുക്ക് അറിയാം.

“ഈ ഗർഭകാലം നിങ്ങൾ അതിജീവിക്കില്ല. അതിനാൽ ഗർഭഛിദ്രത്തിന് സമ്മതിക്കുക” – നൂറു വർഷങ്ങൾക്കുമുൻപ് എമിലിയ വോയ്റ്റിവ എന്ന യുവതി തന്റെ ഉദരത്തിലെ കുഞ്ഞിനെ സ്വപ്നംകണ്ടു തുടങ്ങിയപ്പോൾ ഡോക്ടർമാർ നിർദേശിച്ചതാണ് ഈ വാക്കുകൾ. അന്ന് ഈ വാക്കുകൾക്ക് ചെവികൊടുത്തിരുന്നെങ്കിൽ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ജോൺ പോൾ രണ്ടാമൻ എന്ന ഒരു പാപ്പായുടെ പേര് കടന്നുവരില്ലായിരുന്നു. വിശുദ്ധനായ ഒരു പാപ്പായെ നമുക്ക് ലഭിക്കില്ലായിരുന്നു.

1919-ലെ ശരത്കാലത്തിലാണ് ഇത് സംഭവിച്ചത്. എമിലിയയും ഭർത്താവ് കരോളും അവരുടെ 13 വയസ്സുള്ള മകൻ എഡ്മണ്ടും വാഡോവിസിൽ കോസിയേൽന സ്ട്രീറ്റിലെ ഒരു വാടക അപ്പാർട്ട്മെന്റിൽ താമസിച്ചുവരുന്ന സമയം. ഒരു മകനുശേഷം മകൾ ഉണ്ടായെങ്കിലും, ജനിച്ച് ഏതാനും മണിക്കൂറുകൾക്കുശേഷം ആ കുഞ്ഞിനെ അവർക്ക് നഷ്ടപ്പെട്ടിരുന്നു. എങ്കിലും ഇനിയും ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹം ആ ദമ്പതികളുടെ മനസ്സിലുണ്ടായിരുന്നു. മുപ്പത്തിയഞ്ചു വയസ്സു  കഴിഞ്ഞിരുന്നതിനാൽ തനിക്ക് ഇനിയുമൊരു കുഞ്ഞുണ്ടാകുമോ എന്ന കാര്യത്തിൽ എമിലിയയ്ക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിലും അവൾ പ്രത്യാശയോടെ കാത്തിരുന്നു. അങ്ങനെ അവരുടെ ജീവിതത്തിൽ സന്തോഷം നിറച്ചുകൊണ്ട് എമിലിയ വീണ്ടും ഗർഭിണിയായി.

എന്നാൽ ആ സന്തോഷങ്ങൾ പെട്ടെന്ന് അസ്തമിപ്പിക്കുന്നതായിരുന്നു ഡോക്ടർമാരിൽനിന്നും കേട്ട വാർത്ത – എമിലിയയുടെ ഉദരത്തിലായിരിക്കുന്ന ശിശു ഒരിക്കലും ജീവനോടെ ജനിക്കില്ല. തന്നെയുമല്ല, അവളുടെയും കുഞ്ഞിന്റെയും ജീവന് ഒരുപോലെ അപകടസാധ്യത ഉള്ളതിനാൽ ആ കുഞ്ഞിനെ ഇല്ലാതാക്കാനും ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ എമിലിയ ശക്തമായ വിശ്വാസമുള്ള സ്ത്രീ ആയിരുന്നു. അവൾ ഒരിക്കലും അബോർഷൻ ചെയ്യാൻ അനുവദിച്ചില്ല. ദൈവത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് ആ കുഞ്ഞിന്റെ ജീവൻ മുറുകെപ്പിടിച്ചുകൊണ്ട് അവൾ മുന്നോട്ടുപോയി.

“ആ സമയത്തെ അവരുടെ വിശ്വാസവും പ്രാർഥനയും വളരെ വലുതായിരുന്നു. അവരുടെയും കുഞ്ഞിന്റെയും ജീവന് വലിയ അപകടമാണ് ഉണ്ടായിരുന്നതെങ്കിൽ കൂടിയും അവരുടെ പ്രാർഥന അതിലും വലുതായിരുന്നു” – ഇത് നേരിൽകണ്ട വാദോവിസ്‌ ബസിലിക്കയുടെ റെക്ടറായ ഫാ. ജാകുബ് ഗിൽ പറഞ്ഞത് ഇപ്രകാരമാണ്: “ഗർഭകാലം പൂർണ്ണമായ വിശ്രമവും മറ്റുമായി മുന്നോട്ടുപോയി. അങ്ങനെ അവർ പ്രാർഥനയോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. 1920 മെയ് 18-ന് കുഞ്ഞുകരോൾ ജനിച്ചു. ഈ സമയം മൂത്തമകൻ ദൈവാലയത്തിൽ പ്രാർഥനയിൽ പങ്കെടുക്കാൻ പോയിരുന്നു.”

കുഞ്ഞ്‌ ജനിച്ചയുടൻ വീടിന്റെ ജനാല തുറന്നിടാൻ എമിലിയ, തന്നെ പരിചരിക്കാൻ വന്ന സ്ത്രീയോടു പറഞ്ഞു. തന്റെ കുഞ്ഞ്‌ ആദ്യം കേൾക്കുന്ന ശബ്ദം പരിശുദ്ധ അമ്മയുടെ ബഹുമാനാർഥം പാടുന്ന പാട്ടായിരിക്കണമെന്ന് എമിലിയയ്ക്ക് നിർബന്ധമുണ്ടായിരുന്നു. കരോളിന്റെ ജനനശേഷം എമിലിയ വോയ്റ്റിവ ഒൻപതു വർഷംകൂടി ജീവിച്ചിരുന്നു.

കുഞ്ഞുകരോൾ വളർന്നുവലുതായി. കത്തോലിക്ക സഭയുടെ തലവനായി; ഒപ്പം വിശുദ്ധനും. ദൈവം ഓരോ ജീവനും ഭൂമിയിലേക്ക് അയയ്ക്കുമ്പോൾ അവരിൽ ഓരോരുത്തരിലും ഒരു നിയോഗം ഒളിപ്പിച്ചിട്ടുണ്ട്. അത് തിരുത്താനോ, നശിപ്പിക്കാനോ മനുഷ്യന് അവകാശമില്ല എന്നതിനു തെളിവാണ് ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ജനനം.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.