ചങ്കുറപ്പുള്ളവന്റെ വിജയപർവ്വം

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

നാലാം സുവിശേഷകനോടൊപ്പം ഒരു പഠന-ധ്യാനം

തോട്ടത്തില്‍ തുടങ്ങി തോട്ടത്തില്‍ ഒടുങ്ങുന്ന സഹന-മരണ-സംസ്‌കാരങ്ങളുടെ വിവരണമാണ് വി. യോഹന്നാന്റെ സുവിശേഷത്തിലുള്ളത്. കെദ്രോണ്‍ അരുവിയുടെ അക്കരെയുള്ള തോട്ടത്തില്‍ വച്ച് അറസ്റ്റു ചെയ്യപ്പെടുന്ന നാഥന്റെ മൃതദേഹം സംസ്‌കരിക്കപ്പെടുന്നത് മറ്റൊരു തോട്ടത്തിലാണ്. പദപ്രയോഗത്തിലും വിവരണത്തിലും കഴുകക്കണ്ണുള്ള യോഹന്നാന്‍, പീഡാസഹന വിവരണം തോട്ടം കൊണ്ടു വലയിതമാക്കിയത് ബോധപൂര്‍വ്വമായിരിക്കില്ലേ? പിതാവിന്റെ ഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് ഏദന്‍ തോട്ടത്തില്‍ നിന്നു പുറത്തായ ആദിമാതാപിതാക്കളുടെ സ്ഥാനത്ത് പിതാവിന്റെ ഹിതത്തിന് പൂര്‍ണ്ണമായും കീഴ്‌വഴങ്ങി തോട്ടത്തിനകത്തു തന്നെ അറസ്റ്റും കല്ലറയും വരിക്കുന്ന പുത്രന്‍ ദൈവഹിതത്തിന്റെ തോട്ടത്തില്‍ വീണഴുകി നൂറുമേനി ഫലം പുറപ്പെടുവിക്കുന്ന ഗോതമ്പുമണിയാണെന്നു (യോഹ. 12,24) പറഞ്ഞുവയ്ക്കുകയല്ലേ സുവിശേഷകന്‍?

“ഞാന്‍ ആകുന്നു…”

“പിതാവ് എനിക്കു നല്കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ” എന്ന ചോദ്യത്തിലൂടെ മറ്റു സുവിശേഷകന്മാരുടെ ഗത്സെമന്‍ വിവരണത്തിലെ മര്‍മ്മം യോഹന്നാനും സ്വന്തമാക്കിയിരിക്കുന്നു. എങ്കിലും ഇവിടെ രക്തം വിയര്‍ക്കലില്ല; “കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകറ്റണമേ” എന്നോ “എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” എന്നോ യേശു പ്രാര്‍ത്ഥിക്കുന്നില്ല. ദുര്‍ബലനാകുന്ന യേശുവിന്റെയല്ല, പ്രതികൂലസാഹചര്യങ്ങളുടെമേല്‍ പൂര്‍ണ്ണ ആധിപത്യമുള്ള കരുത്തനായ യേശുവിന്റെ വാങ്മയചിത്രമാണ് യോഹന്നാന്‍ വരച്ചുവച്ചിരിക്കുന്നത്. കൂസലില്ലാതെ പടയാളികളുടെ മുമ്പിലും “നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്” എന്ന് രണ്ടു പ്രാവശ്യം (18,5.7) ചോദിക്കുന്നവനാണ് യോഹന്നാന്റെ യേശു. തന്നെ അറസ്റ്റു ചെയ്യാനെത്തിയവരുടെ മുമ്പിലും “ഞാന്‍ ആകുന്നു” (cf. 4,26; 6,20; 8,28) എന്ന പഴയനിയമ ദൈവിക വെളിപാടു വാക്യത്തിലൂടെ (ഗ്രീക്ക് സെപ്ത്വജിന്തില്‍ ‘ഏഗോ എയ്മി’, പുറ. 3,14; ഏശയ്യ 43,25; 51,12; 52,6) തന്റെ ദൈവത്വം പ്രഖ്യാപിക്കുന്ന യേശു! ദൈവികപ്രത്യക്ഷത്തില്‍ മനുഷ്യന്‍ ഭയന്നുവിറയ്ക്കാറുണ്ട്, നിലം പതിക്കാറുണ്ട് (എസെ. 1,28; ദാനി. 10,9; അപ്പ. 9,3.4; വെളി. 1,17). അതു തന്നെ അറസ്റ്റിനു മുമ്പും സംഭവിച്ചെന്ന് യോഹന്നാന്‍ (യോഹന്നാന്‍ മാത്രം) കുറിച്ചുവച്ചിരിക്കുന്നു (18,6). യേശുവിന്റെ അറസ്റ്റു പോലും അവിടുത്തെ മേധാവിത്വത്തിനു കീഴിലാണു നടക്കുന്നത്.

തലയെടുപ്പുള്ള കുറ്റവാളി

ചോദ്യം ചെയ്യലിന്റെ നിമിഷങ്ങളിലും യേശുവിന്റെ പ്രൗഢി ചിത്രീകരിക്കാന്‍ സുവിശേഷകന്‍ ശ്രദ്ധിച്ചിരിക്കുന്നു. പ്രധാന പുരോഹിതന്റെ മുന്നില്‍ വച്ച് തന്നെ അടിച്ച ഭൃത്യനോട് വിശദീകരണം ചോദിക്കാന്‍ (18,23) ആര്‍ജ്ജവം കാണിക്കുന്ന ക്രിസ്തുവിനെ നാം ഇവിടെ കണ്ടുമുട്ടുന്നു. പീലാത്തോസിന്റെ മുമ്പില്‍ യേശു നില്ക്കുന്നത് തലയെടുപ്പോടെയാണ്. യേശുവിനെ വധിക്കാനുള്ള യഹൂദരുടെ ആഗ്രഹം (18,31) പോലും യേശുവിന്റെ പ്രവചനപൂര്‍ത്തീകരണത്തിനു വേണ്ടിയായിരുന്നെന്നു യോഹന്നാന്‍ കുറിക്കുമ്പോള്‍ (18,32), കടിഞ്ഞാണ്‍ യേശുവിന്റെ കൈയില്‍ തന്നെയാണെന്ന് നമുക്കു വീണ്ടും ബോധ്യമാകുന്നു.

“എന്താണു സത്യം” എന്ന തടവുപുള്ളിയോടുള്ള ന്യായാധിപന്റെ ചോദ്യത്തോടെ (18,38) ഇതിന്റെ ക്ലൈമാക്‌സ് എത്തുന്നു. “ഇതാ മനുഷ്യന്‍” എന്നു വിളിച്ചുപറയുന്നത് പീലാത്തോസോ, അതോ സുവിശേഷകനോ? അധികാരിയായ പീലാത്തോസിന്റെ ഭയവും (19,8) “ഇതാ, നിങ്ങളുടെ രാജാവ്” എന്ന പ്രഖ്യാപനവും (19,15) കുരിശിനു മുകളിലെ ശീര്‍ഷകവുമെല്ലാം (19,19-22) സുവിശേഷകന്റെ തൂലികയിലൂടെ വെളിവാകുന്ന യേശുവിന്റെ മഹത്വബിംബങ്ങള്‍ തന്നെ.

വിചിത്രമായ പെസഹാ

സമാന്തരസുവിശേഷകന്മാരെല്ലാവരും യേശുവിന്റെ അറസ്റ്റ് ഒരു പെസഹാരാത്രിയില്‍ നടന്നു എന്നാണ് കുറിച്ചുവച്ചിരിക്കുന്നത് (മത്തായി 26,17; മര്‍ക്കോ. 14,12; ലൂക്ക 22,7); അതായത്, നീസാന്‍ മാസം 15 -ാം തീയതിയുടെ ആരംഭയാമങ്ങളില്‍, പെസഹായുടെ ഒന്നാം സെദെര്‍ ആചരിച്ചതിനു ശേഷം. എന്നാല്‍, യോഹന്നാന്‍ മാത്രം അറസ്റ്റിന്റെ പിറ്റേ ദിവസമാണ് പെസഹാ എന്ന് എഴുതിയിരിക്കുന്നു (18,28). അതായത്, അറസ്റ്റുണ്ടായത് നീസാന്‍ മാസം 14 -ാം തീയതിയുടെ ആരംഭയാമങ്ങളിലാണ്. യോഹന്നാന്‍ ഉപയോഗിച്ചിരുന്ന ഖുമ്‌റാന്‍ കലണ്ടറിന്റെ ഗണനാവ്യത്യാസമാണ് ഈ വ്യത്യസ്തയുടെ കാരണമെന്ന് ചിലര്‍ കരുതുന്നെങ്കിലും ഒരു കാര്യം വ്യക്തം: ദൈവശാസ്ത്രപരമായ നിലപാടുകളാണ് ചരിത്രപരമായ കൃത്യതകളെക്കാളും സുവിശേഷകന്‍ അഭിലഷിക്കുന്നത്.

യേശു മരിച്ചത് “സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു” (19,31) അതായത്, വെള്ളിയാഴ്ച. “ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു” എന്ന പ്രസ്താവനയുടെ അര്‍ത്ഥം, സാബത്തും പെസഹായും ഒന്നിച്ചുവരുന്ന ദിനം എന്നാണ്. യോഹന്നാന്റെ സുവിശേഷമനുസരിച്ച്, പെസഹാക്കുഞ്ഞാട് വധിക്കപ്പെടുന്ന ദിവസത്തിലാണ് യേശുക്രിസ്തുവിന്റെ കുരിശുമരണം. യേശുവിനെ യഥാര്‍ത്ഥ പെസഹാക്കുഞ്ഞാടായി ചിത്രീകരിക്കുക എന്ന ഉദ്ദേശ്യമാണ് പിന്നിലുള്ളത്! “നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു” എന്ന് വി. പൗലോസും കുറിച്ചിട്ടുണ്ടല്ലോ (1കോറി 5,7). സത്യത്തില്‍, പെസഹാക്കുഞ്ഞാട് തന്നെയാണ് പ്രത്തോറിയത്തില്‍ നില്‍ക്കുന്നത്. എന്തൊരു വിരോധാഭാസം! യേശുവിന്റെ കാലുകള്‍ തകര്‍ത്തില്ല എന്ന 19,33 -ലെ സാക്ഷ്യം പെസഹാക്കുഞ്ഞാടിന്റെ കാലുകള്‍ തകര്‍ക്കാന്‍ പാടില്ല എന്ന നിയമവുമായി (പുറ. 12, 10.46) ബന്ധപ്പെടുത്തി കാണേണ്ടതല്ലേ?

“എല്ലാം പൂര്‍ത്തിയായിരിക്കുന്നു”

ദൈവപിതാവിന്റെ പദ്ധതി പൂര്‍ത്തിയാക്കിയതിന്റെ ആത്മസന്തോഷമാണ് ഇതില്‍ മുഖ്യമായും പ്രതിഫലിക്കുന്നത്. ഒപ്പം, യുദ്ധത്തില്‍ കീഴടക്കപ്പെടുന്ന രാജ്യത്തിന്റെ കൊടിമരത്തില്‍ സ്വന്തം രാജ്യത്തിന്റെ പതാക ഉയര്‍ത്തിക്കഴിഞ്ഞ് സൈന്യാധിപന്‍ നടത്തുന്ന വിജയാട്ടഹാസമായി ഈ പ്രയോഗത്തെ കാണുന്നവരുമുണ്ട്. ചില പാപ്പിറസ് രേഖകളില്‍ ‘തെതേലെസ്തായ്’ എന്ന ഈ ഗ്രീക്ക് പ്രയോഗം ഉപയോഗിച്ചിട്ടുള്ളത്, കൊടുക്കാനുള്ള തുക കൊടുത്തുവീട്ടി രസീത് കൈക്കലാക്കിയിരിക്കുന്നു എന്നു സൂചിപ്പിക്കാനാണ്. ഏതായാലും, “അവന്‍ ലോകത്തില്‍ തനിക്ക് സ്വന്തമായുള്ളവരെ സ്‌നേഹിച്ചു, അവസാനം വരെ സ്‌നേഹിച്ചു” (യോഹ. 13,1) എന്ന വാക്യത്തിലെ ‘അവസാനം വരെ’ (‘എയിസ് തേലോസ്’) എന്ന പ്രയോഗത്തിലെ ‘തേലോസ്’ എന്ന നാമപദത്തിന്റെ ക്രിയാരൂപമാണ് ‘തെലേയോ’ എന്നതിനാല്‍, ‘തെതേലെസ്തായ്’ പ്രയോഗത്തിന്റെ അടിസ്ഥാനപരമായ അര്‍ത്ഥം ‘സ്‌നേഹിച്ചു പൂര്‍ത്തിയായി’ എന്നതാണ് എന്നു കരുതുന്നതായിരിക്കും പദോല്പത്തിപരമായി കൂടുതല്‍ കൃത്യം.

യേശുവിന്റെ മരണം അവിടത്തെ മഹത്വത്തിന്റെ നിമിഷമാണ് എന്ന ധ്വനി 30 -ാം വാക്യത്തിലെ അവസാന ഭാഗത്തുമുണ്ട്. “അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു” എന്ന നിലവിലുള്ള P.O.C. പരിഭാഷ അര്‍ത്ഥമാക്കുന്നത്, അവന്‍ തല ചായ്ച്ച് ആത്മാവിനെ പിതാവിനു സമര്‍പ്പിച്ചു എന്നാണ്. ‘പാരാദീദൊമി’ എന്ന ഗ്രീക്ക് വാക്കിന് ‘കൈമാറുക’ എന്നേ അര്‍ത്ഥമുള്ളൂ. യോഹ. 7, 39 -ല്‍ നാം ഇപ്രകാരം വായിക്കുന്നു: “അതുവരെയും ആത്മാവ്വു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍ യേശു അതു വരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.” യേശുവിന്റെ മഹത്വീകരണ നിമിഷം ആത്മാവ് നല്കപ്പെടുന്ന നിമിഷമാണത്രേ. അതിനാല്‍ കുറേക്കൂടി സുരക്ഷിതവും സ്വതന്ത്രവുമായ പരിഭാഷ, പരിഷ്‌കരിച്ച P.O.C. ബൈബിളില്‍ കാണുന്നതു പോലെ, “അവന്‍ തലചായ്ച്ച് ആത്മാവിനെ കൈമാറി” എന്നായിരിക്കും.

ഉപസംഹാരം

യോഹന്നാനും ഏശയ്യായും ഇണപിരിയാത്ത കൂട്ടുകാരാണ് – ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത, അറുനൂറു വര്‍ഷങ്ങള്‍ക്കപ്പുറവും ഇപ്പുറവുമായി ജീവിച്ചിരുന്ന കൂട്ടുകാര്‍! യോഹന്നാന്റെ പീഡാസഹന വിവരണത്തിന് ഏശയ്യായുടെ ദൈവശാസ്ത്രവുമായി അഭൂതപൂര്‍വ്വമായ ബന്ധമുണ്ട്. രണ്ടു തോട്ടങ്ങള്‍ക്കു നടുവിലെ പീഡാസഹനമരണ വിവരണങ്ങളിലൂടെ സുവിശേഷകന്‍ യേശുവിനെ ചിത്രീകരിക്കുന്നത് കര്‍ത്താവിന്റെ ഹിതം നിറവേറ്റാന്‍ സദാ ജാഗ്രത പുലര്‍ത്തുന്ന കര്‍തൃദാസനായിട്ടാണ്.

പെസഹാക്കുഞ്ഞാടായി യോഹന്നാന്‍ യേശുവിനെ അവതരിപ്പിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് “കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ…” എന്ന ഏശയ്യാപ്രയോഗമാണ് (53,7). “ശക്തരോടു കൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും.  എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും പാപികളോടു കൂടെ എണ്ണപ്പെടുകയും ചെയ്തു” എന്ന ഏശയ്യാപ്രവചനം (53,12) പൂര്‍ത്തിയായതിന്റെ നേര്‍സാക്ഷ്യമാണ് യോഹന്നാന്റെ സുവിശേഷം വരച്ചിടുന്ന കരുത്തനായ യേശു. “എല്ലാം പൂര്‍ത്തിയായി” എന്ന യേശുവിന്റെ അന്ത്യമൊഴി വിരല്‍ചൂണ്ടുന്നതും ഏശയ്യായുടെ ഗ്രന്ഥത്തിലേക്കു തന്നെയാണ്: “അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാര ബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും” (ഏശയ്യ 53,10). അങ്ങനെ വി. യോഹന്നാന്റെ സുവിശേഷത്തിലെ പീഡാനുഭവ വിവരണങ്ങളില്‍ കാണുന്ന സവിശേഷതകള്‍ക്കു പിന്നില്‍ വിപ്രവാസകാലത്തെ ഏശയ്യായുടെ സ്വാധീനമുണ്ടെന്നു കാണാം. ദൈവത്തിന്റെ വഴികള്‍ എത്രയോ അത്ഭുതകരങ്ങളാണ്.

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.