കത്തോലിക്കാ സഭയുടെ വിശുദ്ധ ആരാമത്തില്‍ ഭാരതത്തില്‍ നിന്നൊരു അത്മായപുഷ്പം

നീലകണ്ഠന്‍ പിള്ളയില്‍ നിന്ന് ലാസര്‍ എന്ന് അര്‍ത്ഥമുള്ള ദേവസഹായം പിള്ളയിലേക്ക്. ഇപ്പോഴിതാ വിശുദ്ധനായി ദേവസഹായം പിള്ള. ഈ വിശുദ്ധപ്രഖ്യാപന ചരിത്രമുഹൂര്‍ത്തത്തിന് ഭാരതത്തിലെ ക്രൈസ്തവസമൂഹം ഇന്ന് സാക്ഷ്യം വഹിക്കുന്നു. വൈദികരെയും സന്യാസിനികളെയും മാത്രം വിശുദ്ധരായി ഇന്നലെകളില്‍ കണ്ട ഭാരതസഭാമക്കളില്‍ നിന്നും ഇതാദ്യമായി ഒരു അത്മായ വിശുദ്ധന്‍. ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ചു നിന്നു എന്നതിന്റെ പേരില്‍ രാജഭടന്മാരുടെ വെടിയേറ്റ് കാട്ടിലേക്ക് വലിച്ചെറിയപ്പെട്ട രക്തസാക്ഷി.

വാക്കുകളിലും വരകളിലുമൊതുങ്ങുന്നതല്ല ഈ ധീരരക്തസാക്ഷിയുടെ ജീവിതയാത്രയും വിശ്വാസചൈതന്യവും. കോടാനുകോടി വിശ്വാസിസമൂഹം സാക്ഷിയായി വിശുദ്ധരുടെ ഗണത്തിലേക്ക് ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ഉയര്‍ത്തുമ്പോള്‍ ഭാരതം അഭിമാനപുളകിതമാകും. അത്മായ വിശ്വാസി സമൂഹത്തില്‍ ആഹ്ലാദം മാത്രമല്ല പ്രതീക്ഷകളുമുണരും. കേരളസമൂഹത്തിനും ഈ ദിനം ഇരട്ടി മധുരമേറും. കാരണം കേരളത്തിന്റെ ഭൂവിഭാഗങ്ങളുള്‍പ്പെടുന്ന പഴയ തിരുവിതാംകൂര്‍ രാജ്യത്തില്‍ ജനിച്ചുവളര്‍ന്ന് രാജ്യസേവനം നടത്തി അവസാനം രക്തസാക്ഷിയായ വിശുദ്ധനാണ് ദേവസഹായം പിള്ള. തമിഴ്‌നാട്-കേരള അതിര്‍ത്തിയായ മാര്‍ത്താണ്ഡം-കോട്ടാര്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വിശുദ്ധജീവിതത്തിന്റെ സുപ്രധാന നിമിഷങ്ങള്‍.

നമ്പൂതിരി കുടുംബത്തില്‍ ജനനം

1712 ഏപ്രില്‍ 23-ന് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടല്ലം എന്ന സ്ഥലത്ത് ഒരു നമ്പൂതിരി കുടുംബത്തില്‍ നീലകണ്ഠന്‍ പിള്ള ജനിച്ചു. വാസുദേവന്‍ നമ്പൂതിരിയും ദേവകിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ചെറുപ്പത്തില്‍ തന്നെ ആയോധനകലകളോടൊപ്പം മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളും പഠിച്ച് പ്രാവിണ്യം നേടി. യൗവനപ്രായമായപ്പോള്‍ അമരാവതിപുരം മേക്കൂട് തറവാട്ടിലെ ഭാര്‍ഗവിയമ്മയെ വിവാഹം കഴിച്ചു.

രാജാവിന്റെ വിശ്വസ്തന്‍

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്താണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ചത്. കൊട്ടാരം പണിയുടെ മേല്‍നോട്ടക്കാരനായി നീലകണ്ഠന്‍പിള്ള നിയമിക്കപ്പെട്ടു. അതോടൊപ്പം നീലകണ്ഠസ്വാമീ ക്ഷേത്രത്തിലെ കാര്യക്കാരനുമായി. ഔദ്യോഗിക കര്‍മ്മങ്ങളിലെ സത്യസന്ധതയോടൊപ്പം ഉയര്‍ന്ന ചിന്തകളോടെ ഈശ്വരനെ തേടുന്ന ഒരു സാത്വികനുമായിരുന്നു നീലകണ്ഠന്‍പിള്ള.

മനസ്സു മാറ്റിയ ‘ക്യാപ്റ്റന്‍’

1971-ല്‍ നടന്ന കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തുരത്തി തിരുവിതാംകൂര്‍ സൈന്യം വിജയക്കൊടി പാറിച്ചു. ഡച്ച് ക്യാപ്റ്റന്‍ ഡിലനോയ് ഉള്‍പ്പെടെ സൈനികരെ തിരുവിതാംകൂര്‍ പട്ടാളം തടങ്കലിലാക്കി. അടിയുറച്ച ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു ഡിലനോയി. തടവിലാക്കപ്പെട്ടിട്ടും വിശ്വാസത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ കര്‍മ്മകുശലനും ധിഷണാശാലിയുമായിരുന്ന ഡിലനോയി തയ്യാറായില്ല. ഡിലനോയിയുടെ സാമുദ്രികവിജ്ഞാനവും സൈനിക കഴിവും പുത്തന്‍ അറിവുകളും തിരുവിതാംകൂര്‍ മഹാരാജാവിനെ ഏറെ ആകര്‍ഷിച്ചു. അങ്ങനെ അദ്ദേഹത്തെ രാജാവിന്റെ അംഗരക്ഷകസേനയുടെ അധിപനാക്കി നിയമിച്ചു.

നാടന്‍ ശൈലിയില്‍ നിന്നു മാറി പാശ്ചാത്യശൈലിയിലുള്ള സൈനിക പരിശീലനവും ആയുധസംഭരണവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ നടന്നു. തുടര്‍ന്ന് ഉദയഗിരിയില്‍ നെടുങ്കന്‍ കോട്ടയും കോട്ടയ്ക്കുള്ളില്‍ രാജാവിന്റെ അനുമതിയോടെ ക്രൈസ്തവ ദേവാലയവും പണിതു. അന്യരാജ്യത്തെ ഒറ്റപ്പെട്ട ജീവിതത്തില്‍ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിലെ ഏകാന്തതകളില്‍ ഡിലിനോയ് ആശ്വാസം കണ്ടെത്തിയത് വിശുദ്ധ ബൈബിളിലാണ്.

ക്രൈസ്തവ വിശ്വാസത്തിലേക്ക്

ഡിലനോയിയും നീലകണ്ഠനും തിരുവിതാംകൂര്‍ രാജ്യത്തിന്റെ അധികാരകേന്ദ്രങ്ങളിലെ സുപ്രധാനികളായിരുന്നു. ഒരാള്‍ അംഗരക്ഷാ അധിപനെങ്കില്‍ മറ്റെയാള്‍ കൊട്ടാരം പണിയുടെ കാര്യക്കാരന്‍. സ്വാഭാവികമായും വളര്‍ന്നുവന്ന ഇവരുടെ സുഹൃദ്ബന്ധം പിന്നീട് വലിയ വഴിത്തിരിവായി. ഡിലിനോയുടെ അറിവും ജ്ഞാനവും വൈഭവവും മാത്രമല്ല, പ്രാര്‍ത്ഥനാജീവിതവും നിഷ്ഠകളും വിശുദ്ധിയും നീലകണ്ഠനെ ഏറെ ആകര്‍ഷിച്ചു. ഇതിന്റെ അടിസ്ഥാനം വിശുദ്ധ ബൈബിളില്‍ അധിഷ്ഠിതമായ ജീവിതചര്യയും ഉറച്ച ക്രിസ്തുവിശ്വാസവുമാണെന്നു തിരിച്ചറിഞ്ഞ് യേശുവിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങളിലേക്ക് സാത്വികനായ നീലകണ്ഠന്‍പിള്ള തിരിഞ്ഞു. വിഷമഘട്ടങ്ങളില്‍ വിശുദ്ധ ബൈബിള്‍ അദ്ദേഹത്തിന് ആശ്വാസവും പ്രതീക്ഷയും പ്രചോദനവുമേകി. എന്നാല്‍ ഇത് വരാന്‍പോകുന്ന രക്തസാക്ഷിത്വത്തിന്റെ തുടക്കമായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല.

ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞ് വിശ്വാസത്തില്‍ ആഴപ്പെടാന്‍ ചുരുങ്ങിയ നാളുകളില്‍ തന്നെ നീലകണ്ഠപിള്ളയ്ക്കായി. രാജകൊട്ടാരത്തിലെ ജോലിയുടെയോ, താന്‍ വഹിക്കുന്ന സ്ഥാനത്തിന്റെയോ മഹത്വവും സ്വാധീനവും ക്രിസ്തുചിന്തകളില്‍ നിന്നും വിശ്വാസചൈതന്യത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. 1745 മെയ് 17-ന് തിരുവിതാംകൂറില്‍ മിഷനറിയായി സേവനം ചെയ്തിരുന്ന ഈശോസഭാ വൈദികനായ ഫാ. ജ്യോവാനി ബട്ടാരിയില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ച് ലാസര്‍ എന്ന് അര്‍ത്ഥം വരുന്ന ‘ദേവസഹായം പിള്ള’ എന്ന പേര് സ്വീകരിച്ചു. ഭാര്യ ഭാര്‍ഗ്ഗവിയമ്മാളും മാമ്മോദീസ സ്വീകരിച്ച് തെരേസ എന്നര്‍ത്ഥം വരുന്ന ജ്ഞാനപ്പൂ അമ്മാളായി.

രക്തസാക്ഷിത്വത്തിന്റെ നാള്‍വഴികള്‍

ക്രിസ്തുചൈതന്യം ഹൃദയത്തിലേറ്റിയ ദേവസഹായം പിള്ള തുടര്‍ന്നുള്ള നാളുകളില്‍ അടങ്ങിയിരുന്നില്ല. വിശുദ്ധ ബൈബിള്‍ കൂടുതല്‍ ഹൃദിസ്ഥമാക്കി മുപ്പത്തിമൂന്നാം വയസ്സില്‍ മാമ്മോദീസായിലൂടെ സ്വീകരിച്ച നവചൈതന്യം മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കാന്‍ ഇറങ്ങിത്തിരിച്ചു. ക്രിസ്തുവഴികളിലൂടെയുള്ള യാത്ര അക്കാലത്ത് അത്ര എളുപ്പമായിരുന്നില്ല. എതിര്‍പ്പുകളും പ്രതിസന്ധികളും എന്തിനേറെ ജീവനു പോലും വെല്ലുവിളികളും നേരിട്ടു. തിരുവിതാംകൂറിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിശുദ്ധ സുവിശേഷം പ്രസംഗിച്ചു. അങ്ങനെ രാജാവിന്റെയും രാജസേവകരുടെയും ശത്രുവായി.

സുവിശേഷ പ്രഘോഷണത്തെ രാജ്യദ്രോഹക്കുറ്റമാക്കി 1749 ഫെബ്രുവരി 24-ന് ദേവസഹായം പിള്ളയെ ജയിലിലടച്ചു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ചാരവൃത്തിയും അദ്ദേഹത്തിന്റെമേല്‍ ആരോപിച്ചു. രക്തസാക്ഷിത്വം വഹിച്ച 1752 ജനുവരി 14 വരെ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും സുവിശേഷപ്രഘോഷണങ്ങളില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടന്നു. കൊടിയ ശിക്ഷകള്‍, ശാരീരിക-മാനസിക പീഡനങ്ങള്‍. എന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. ക്രിസ്തുമതം സ്വീകരിച്ചാലുണ്ടാകുന്ന ശിക്ഷകള്‍ പൊതുജനത്തെ ബോധ്യപ്പെടുത്തി ഭയപ്പെടുത്താന്‍ പരസ്യമായി ജനങ്ങളുടെ മുമ്പില്‍ വച്ചായിരുന്നു പലപ്പോഴും പീഡനങ്ങളും മര്‍ദ്ദനങ്ങളും. ഇതിനു വേണ്ട കല്പനകളാണ് തുടര്‍ച്ചയായി രാജകൊട്ടാരത്തില്‍ നിന്നു വന്നതും. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് എല്ലാ ദിവസവും കാല്‍വെള്ളയില്‍ 30 വീതം അടികള്‍, വഴിപോക്കര്‍ പോലും അദ്ദേഹത്തെ മര്‍ദ്ദിച്ചു രസിച്ചു. മുളകുപൊടി ചുറ്റിലും ഇട്ട് പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടു ചുറ്റിക്കുക, മുറിവുകളില്‍ മുളക് പുരട്ടുക തുടങ്ങിയ മര്‍ദ്ദനമുറകള്‍ അദ്ദേഹം ഏറ്റുവാങ്ങി. ക്രിസ്തുവിനെ തള്ളിപ്പറയുക, ക്രിസ്തുമതം ഉപേക്ഷിക്കുക ഇതായിരുന്നു രാജഭടന്മാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം. ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ശ്രമത്തിലും വിശ്വാസം ഏറ്റുപറഞ്ഞ് അദ്ദേഹം കര്‍ത്താവിനെ സ്തുതിച്ചു. അതിക്രൂരപീഢനങ്ങളിലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കപ്പെട്ടു.

ദേവസഹായം പിള്ളയെ കാറ്റാടിമലയില്‍ കൊണ്ടുപോയി വെടി വച്ചു കൊല്ലുക എന്ന ഉത്തരവും രാജസന്നിധിയില്‍ നിന്നു പുറപ്പെടുവിച്ചു. അവസാനമായി ഭടന്മാര്‍ നിരന്നു നിന്ന് വെടി വച്ചെങ്കിലും ഒന്നു പോലും അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. ഇത് ഭടന്മാരെ അത്ഭുതപ്പെടുത്തുകയും അതേ സമയം നിരാശരാക്കുകയും ചെയ്തു. അങ്ങയെ വെടി വച്ചു കൊല്ലാതെ രാജാവിന്റെ അടുക്കല്‍ മടങ്ങിയെത്തിയാല്‍ ഞങ്ങളുടെ ജീവന്‍ രാജാവ് എടുക്കുമെന്ന് ഭടന്മാര്‍ ദയനീയമായി വെളിപ്പെടുത്തിയപ്പോള്‍ എന്നെ വെടി വച്ചോളു എന്നു പറഞ്ഞ് ദേവസഹായം പിള്ള സ്വന്തം ജീവനെടുക്കാന്‍ വിട്ടുകൊടുത്തു. 1752 ജനുവരി 14-ന് രാജ ഉത്തരവ് നടപ്പാക്കി ദേവസഹായം പിള്ളയെ വെടി വച്ചു കൊലപ്പെടുത്തി കൊടുംകാട്ടില്‍ തള്ളി. മരണം മുന്നില്‍ കണ്ട അവസാന നിമിഷങ്ങളിലും അന്ത്യാഭിലാഷമായി അദ്ദേഹം ആവശ്യപ്പെട്ടത് പ്രാര്‍ത്ഥിക്കാനുള്ള അനുവാദം മാത്രമാണ്.

വിശുദ്ധപദവി നാമകരണ നടപടികള്‍

ദേവസഹായം പിള്ളയുടെ വിശുദ്ധപദവി നാമകരണ ശ്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 1778-1786 കാലഘട്ടങ്ങളില്‍ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ മാര്‍ ജോസഫ് കരിയാറ്റിയും പാറേമാക്കല്‍ തോമ്മാ കത്തനാരും നടത്തിയിരുന്നു. ചരിത്രപ്രസിദ്ധമായ ഇവരുടെ റോമ യാത്രയിലെ ലക്ഷ്യങ്ങളില്‍ ദേവസഹായം പിള്ളയുടെ വിശുദ്ധപദവിക്കായുള്ള അപേക്ഷയുമുണ്ടായിരുന്നതായി ‘വര്‍ത്തമാനപ്പുസ്തകത്തില്‍’ രേഖപ്പെടുത്തിയിരിക്കുന്നു.

മാര്‍ ജോസഫ് കരിയാറ്റിയും പാറേമ്മാക്കല്‍ തോമ്മാ കത്തനാരും നല്‍കിയ അപേക്ഷ പിന്നീട് കണ്ടെത്താനായില്ല. 2004-ല്‍ കോട്ടാര്‍ ബിഷപ് വീണ്ടും അപേക്ഷ നല്‍കി തുടര്‍നടപടികള്‍ ആരംഭിച്ചു. 2012-ല്‍ ബെനഡിക്ട് മാര്‍പാപ്പ ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കി. 2012 ഡിസംബര്‍ 2-ന് കോട്ടാര്‍ കത്തീദ്രലില്‍ വച്ച് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ദേവസഹായം പിള്ളയുടെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിച്ച് ലഭിച്ച രോഗസൗഖ്യമാണ് വിശുദ്ധ പദവിയുടെ ആധാരം. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇതിന് അംഗീകാരവും നല്‍കി. 2021 മെയ് 3-ന് വിശുദ്ധ പദവി സംബന്ധിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും കോവിഡ് പ്രശ്‌നങ്ങള്‍ മൂലം തീയതി നിശ്ചയിച്ചിരുന്നില്ല. തുടര്‍ന്നാണ് 2021 നവംബറില്‍ ആ പുണ്യദിനം 2022 മെയ് 15 ആയി പ്രഖ്യാപിച്ചത്.

ഭാരതസഭയ്ക്ക് ഉണര്‍ത്തുപാട്ട്

ഭൗതിക ജീവിതയാത്രയിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ക്രിസ്തുവിനെ സ്വന്തമാക്കുക മാത്രമല്ല അന്തരാത്മാവിന്റെ ഉള്ളറകളില്‍ ഊട്ടിയുറപ്പിച്ച ക്രിസ്തുചൈതന്യത്തിന്റെ ശക്തിയില്‍ പ്രകാശപൂരിതനായി ക്രിസ്തുവിനു വേണ്ടി സ്വജീവന്‍ വെടിഞ്ഞ ദേവസഹായം പിള്ള വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ആഗോള കത്തോലിക്കാ സഭയുടെ അള്‍ത്താരയില്‍ അനേകായിരങ്ങളുടെ വണക്കത്തിനായി ഒരു പുത്തന്‍ പ്രകാശം കൂടി ഇനി മുതല്‍ ജ്വലിച്ചുയരും.

ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവ സമൂഹത്തിനും ഏറെ ആത്മീയ ഉണര്‍വ്വും വിശ്വാസപ്രതീക്ഷകളുമേകുന്നതാണ് ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി. അത്മായ സമൂഹത്തില്‍ നിന്നൊരു വിശുദ്ധന്‍ എന്നത് ഇതിന് മാറ്റ് കൂട്ടുന്നു. സഭ ഇന്നും ഒട്ടേറെ പ്രതിസന്ധികളെ നേരിടുമ്പോഴും വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കാനും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന സുവിശേഷചൈതന്യത്തില്‍ നിറഞ്ഞു പ്രകാശിക്കാനും വിശുദ്ധ ദേവസഹായം പിള്ള പ്രചോദനമേകുന്നു.

ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍

ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

(കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.