കോവിഡ് ബാധിച്ച് 50 ദിവസങ്ങൾ കോമയിൽ; ഇന്ന് വൈദികൻ – ദൈവപരിപാലനക്ക് നന്ദിയർപ്പിച്ച് ഒരു വൈദികൻ

കോവിഡ് പകർച്ചവ്യാധി മൂലം കോടിക്കണക്കിന് ജനങ്ങളാണ് ലോകത്താകമാനമായി മരണപ്പെട്ടത്. കോവിഡ് മൂലം മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന നഥാനൽ ആൽബെറിയോൺ എന്ന ചെറുപ്പക്കാരൻ ഇന്ന് ഒരു  വൈദികനാണ്. വെറുതെ ഒരു കോവിഡ് ആയിരുന്നില്ല അദ്ദേഹത്തിന്. രോഗം മൂർച്ഛിച്ച് 50 ദിവസങ്ങളാണ് അദ്ദേഹം കോമയിൽ കിടന്നത്. ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ നടന്നു. നവംബർ 21- നായിരുന്നു ഫാ. നാഥനലിന്റെ തിരുപ്പട്ട സ്വീകരണം.

ഫ്രാൻസിസ് മാർപാപ്പ ഫാ. നഥാനലിന് അയച്ച ആശംസാ സന്ദേശത്തിൽ ‘പാർശ്വവത്കരിക്കപ്പെട്ടവരുടെ പുരോഹിതൻ’ ആകാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. 33- കാരനായ ഈ പുതിയ വൈദികൻ അർജന്റീനയിലെ പാറ്റഗോണിയൻ രൂപതയിൽപെട്ടയാളാണ്. തിരുപ്പട്ടശുശ്രൂഷകൾക്ക് കൊമോഡോറോ ബിഷപ്പ് റിവാദാവിയ അദ്ധ്യക്ഷത വഹിച്ചു.

2021 ഏപ്രിലിൽ, അർജന്റീനയിലെ കോർഡോബയിൽ നിന്നുള്ള നഥാനലിന്റെ ആരോഗ്യത്തിനായി വിവിധയിടങ്ങളിൽ നിന്നും പ്രാർത്ഥന ഉയർന്നു. അദ്ദേഹത്തിന്റെ പൗരോഹിത്യം സംബന്ധിച്ച വാർത്ത അവർക്കിടയിൽ വലിയ സന്തോഷത്തിന് കാരണമായി. 2021 ഏപ്രിലിലാണ് നഥാനലിന് കോവിഡ് -19 സ്ഥിരീകരിക്കുന്നത്. കോമയിൽ ആകുന്ന അവസ്ഥയിലേക്ക് വഷളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ. ഒന്നും രണ്ടും ദിവസമല്ല, നീണ്ട അൻപത് ദിവസങ്ങളാണ് കോമയിലായിരുന്നത്. “എനിക്ക് ദൈവത്തിന് നന്ദി പറയാൻ വാക്കുകളില്ല” – ഒരു റേഡിയോ അഭിമുഖത്തിൽ നഥാനെൽ പറയുന്നു.

രോഗാവസ്ഥയിലെ അത്ഭുതത്തെ നഥാനൽ തന്നെ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “ഒരു കൗമാരക്കാരനായിരുന്നപ്പോൾ ഞാൻ ചിന്തിച്ചിരുന്നത് ബുദ്ധി കൊണ്ടും ശക്തി കൊണ്ടും എല്ലാം സാധിക്കും എന്നായിരുന്നു. ഒരു പുരോഹിതനാകാൻ സാധിച്ചില്ലെങ്കിൽ എനിക്ക് മരിച്ചാൽ മതിയെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്. കോമയിൽ ആകുന്നതിനു മുൻപ് ഞാൻ മരിച്ചു പോകുമെന്നായിരുന്നു ചിന്തിച്ചിരുന്നത്. കോമയിൽ നിന്നും ഉണർന്നപ്പോൾ എനിക്ക് മനസിലായി. ഇത് തീർച്ചയായും എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. ഒരു തുടക്കമാണ്” തനിക്കു വേണ്ടി ആ ദിവസങ്ങളിൽ പ്രാർത്ഥിച്ചിരുന്ന ആളുകളെ നഥാനെൽ മിക്കവാറും കണ്ടുമുട്ടാറുണ്ട്.

ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകൾ

പ്യൂർട്ടോ മാഡ്രിനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പൗരോഹിത്യ ചടങ്ങിൽ അദ്ദേഹത്തെ വേറൊരു സർപ്രൈസും കാത്തിരിപ്പുണ്ടായിരുന്നു. അത് ഫ്രാൻസിസ് പാപ്പായുടെ ആശംസാ സന്ദേശമായിരുന്നു. ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തിൽ ഇപ്രകാരം എഴുതി: ‘പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള വൈദികനാകാൻ’ ദൈവം താങ്കളെ വിളിച്ചിരിക്കുന്നു. നിങ്ങൾ വന്ന സാഹചര്യമോ, നിങ്ങളെ വിളിച്ച യേശുവിന്റെ രൂപമോ മറക്കരുത്. നിങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും ഞാൻ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുന്നു. ദയവായി എനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്” – പരിശുദ്ധ പിതാവ് പറഞ്ഞു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.