“ഓരോ ദിവസവും ജീവനോടെയിരിക്കുന്നതിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു”: ഉക്രൈനിൽ നിന്നും ഒരു വൈദികൻ

ഉക്രൈനിൽ, റഷ്യ യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അനുദിനം വേദനിപ്പിക്കുന്ന സംഭവങ്ങളും ചിത്രങ്ങളുമാണ് ഇപ്പോഴും ഉക്രൈനിൽ നിന്നും പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ തങ്ങൾ കടന്നുപോയ ദിനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഉക്രൈനിലെ വൈദികനായ ഫാ. സഫ്ര.

ഇടവകകളിലൂടെ സഹായഹസ്തം വിരിയുന്നു

യുദ്ധം അവശേഷിപ്പിച്ച യാതനകൾക്കിടയിൽ ചെറുതും വലുതുമായ എല്ലാത്തരം സഹായങ്ങളും ആവശ്യമായിരുന്നു. ആ സാഹചര്യത്തിലാണ് ഫാ. സഫ്ര തന്റെ പദ്ധതികളുമായി രംഗപ്രവേശനം ചെയ്യുന്നത്.

സ്പെയിനിലെ കോർഡോബയിൽ നിന്നാണ് സഫ്ര എന്ന വൈദികൻ വരുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിലും, സ്വജീവൻ അപകടത്തിലായപ്പോഴും ഉക്രേനിയക്കാരെ ഉപേക്ഷിച്ചുപോകാൻ അദ്ദേഹം തയ്യാറായില്ല. “ഓരോ ദിവസവും ഇവിടെ തുടരാൻ ദൈവം എനിക്ക് കൃപയും ശക്തിയും നൽകുന്നു. ശത്രുവിനെ സ്നേഹിക്കുന്നതിനുള്ള കൃപക്കായി ഞാൻ നിരന്തരം പ്രാർത്ഥിക്കുന്നു. കാരണം അതും ആവശ്യമാണ്” – അദ്ദേഹം പറയുന്നു.

10 വർഷത്തിലേറെയായി അദ്ദേഹം കൈവിലാണ്. അവിടെ അദ്ദേഹം നിയോകാറ്റെച്ചുമെനൽ വേയുടെ സെമിനാരിയിൽ വൈദികാർത്ഥിയായി എത്തിയതായിരുന്നു. മറ്റുള്ളവരെ സേവിക്കുകയും യേശുക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന തന്റെ ദൗത്യവും നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെ തുടരുന്നു. യുദ്ധത്തിന്റെ ആരംഭം മുതലേ ഞങ്ങൾ ഇടവകക്കാർക്കും സഹായം ആവശ്യമുള്ള മറ്റുള്ളവർക്കുമായി ഇടവക തുറന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച മാനുഷികസഹായം ഞങ്ങൾ വിതരണം ചെയ്തു” – അദ്ദേഹം, യുദ്ധമേഖലയിലെ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കി.

ദേവാലയത്തിൽ വരുന്നതിൽ നിന്നും ‘ഭയം’ ആരെയും തടയുന്നില്ല

യുദ്ധത്തിന്റെ ആദ്യ അരാജകദിനങ്ങളിൽ പോലും വിശ്വാസികൾ കുർബാന ആഘോഷിക്കുകയും ആവശ്യപ്പെട്ട എല്ലാവർക്കും കൂദാശകൾ പരികർമ്മം ചെയ്യുകയും ചെയ്തു. കെട്ടിടത്തിനു താഴെയുള്ള ബങ്കറിലാണ് അവർ വിശുദ്ധ കുർബാന അർപ്പിച്ചത്. ബോംബാക്രമണത്തിൽ നിന്ന് രക്ഷ നേടാൻ സൈറണുകൾ മുഴങ്ങുമ്പോൾ അവർ ബങ്കറുകളിൽ പോയി നിൽക്കും. ജീവൻ അപകടത്തിലാണെങ്കിലും ദേവാലയത്തിൽ വരുന്നതിൽ നിന്ന് ‘ഭയം’ അവരെ തടഞ്ഞില്ല.

വൈദികരും ഇടവകസംഘവും ഇവിടെ സഹായത്തിനായി വന്നവരെയെല്ലാം ആശ്വസിപ്പിക്കുകയും അവർക്ക് ഭൗതികമായി മാത്രമല്ല, ആത്മീയമായ സഹായവും നൽകി. “ഞങ്ങൾ ഇവിടെ ഞങ്ങളുടെ ദൗത്യം നിർവ്വഹിക്കുന്നത് തുടരുന്നു – അതായത് സുവിശേഷവത്ക്കരണം. ഉക്രേനിയൻ ജനതയുടെ കഷ്ടപ്പാടുകൾ ദൈവം കാണുന്നു. അവൻ അവർക്ക് അപരിചിതനല്ല” – ഫാ. സഫ്ര വിശദീകരിക്കുന്നു.

ആദ്യ നാളുകളിൽ ക്രൈസ്തവരല്ലാത്തവരും ദേവാലയത്തിൽ വന്നു. അവർക്ക് ഈ വൈദികൻ ഉൾപ്പെടെയുള്ളവർ ഭൗതികമായ സഹായങ്ങൾ നൽകി. ആ സഹായങ്ങളിലൂടെ അവർ ക്രിസ്തുവിലേക്ക് നടന്നടുത്തു. അതിന് ഇവർ സാക്ഷികളാണ്. അങ്ങനെ വിശ്വാസത്തിലേക്കു വന്ന അക്രൈസ്തവരിൽ പലരും ഇന്ന് അനുദിനം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനായി എത്തുന്നു എന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു.

ഒരു വർഷം പിന്നിടുമ്പോൾ

റഷ്യ – ഉക്രൈൻ യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ഉക്രൈനിലെ അനുദിന ജീവിതം വളരെ ദുരിതപൂർണ്ണമായി മാറുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ദൈനംദിന യാഥാർത്ഥ്യമാണ്. റഷ്യ അതിന്റെ ആക്രമണം തുടരുന്നു; ഉക്രൈൻ കീഴടങ്ങാൻ വിസമ്മതിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, 8,000-ലധികം സിവിലിയന്മാർ കൊല്ലപ്പെടുകയും 3,00,000 റഷ്യൻ – ഉക്രേനിയൻ സൈനികർക്ക് പരിക്കേൽക്കുകയോ, കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ അഭയാർത്ഥി പലായനമാണ് ഇന്ന് ഉക്രൈനിൽ നടക്കുന്നത്. രാജ്യത്ത് ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആറ് ദശലക്ഷം ആളുകളും വിദേശത്ത് എട്ട് ദശലക്ഷത്തിലധികം അഭയാർത്ഥികളുമുണ്ട്. “ഈ മാസത്തെ യുദ്ധത്തിനു ശേഷവും ദൈവം തങ്ങളെ കൈവിട്ടിട്ടില്ല എന്ന് ആളുകൾക്ക് മനസിലാക്കാൻ സാധിക്കുന്നു. ദൈവം നമ്മുടെ ഇടയിലുണ്ട്. ഞങ്ങൾ അത് അറിയുന്നു. ജീവൻ ദാനമായി തന്നതിന് ഞങ്ങൾ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയുന്നു” – വൈദികൻ പറയുന്നു.

വിവർത്തനം: മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.