
ബ്രിട്ടണിൽ 90 വയസുള്ള ഒരു കന്യാസ്ത്രിയെ പരിചയപ്പെടാനിയായി. തനിച്ചാണ് താമസം. പള്ളി തുറക്കുന്നതും കുർബ്ബാനയ്ക്ക് ഒരുക്കുന്നതും അൾത്താരയിലെ വസ്ത്രങ്ങൾ അലക്കുന്നതുമെല്ലാം ഈ സിസ്റ്ററാണ്. കപ്യാരോ, സഹായികളോ ഇവിടെ ഇല്ല. എല്ലാ കാര്യങ്ങളും ഏറ്റവും വൃത്തിയായി ചെയ്യണമെന്ന നിഷ്ഠ, മറ്റുള്ളവരെ ചിലപ്പോഴൊക്കെ വിഷമിപ്പിക്കുമെങ്കിലും ഈ പ്രായത്തിലും ജ്വലിച്ച് നിൽക്കുന്ന തീക്ഷ്ണതയും കർമോത്സുകതയും ഏവരെയും അതിശയിപ്പിക്കും. പരാതികളും പരിഭവങ്ങളുമില്ലാതെ നന്ദിമാത്രം ബഹിർസ്ഫുരിക്കുന്നൊരു ജീവിതം.
നന്ദി പറയാൻ കാരണങ്ങൾ കണ്ടെത്താൻ കഴിയാത്തതാണ് നൊമ്പരങ്ങൾ ഏറാനുള്ള കാരണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച സിസ്റ്റർ ഒരുപാട് കാര്യങ്ങൾ ക്രിസ്തുവിനുവേണ്ടി ചെയ്യുമ്പോൾ കൂട്ടിന് ക്രിസ്തുവുണ്ട് എന്ന ബോധ്യം എത്ര ആഴത്തിൽ അവരുടെ ഹൃദയത്തിൽ പതിഞ്ഞിരിക്കും? ജീവിതത്തിലെ കുറവുകളിലേക്ക് മാത്രം നോക്കാതെ അനുഗ്രഹങ്ങളെക്കുറിച്ചും ഓർക്കാനാകണം. രോഗത്തെക്കുറിച്ച് പഴിചാരാതെ രോഗാവസ്ഥയിലും ജീവിതം തുടരാനാകുന്നതോർത്തും സഹായം ലഭിക്കുന്നതോർത്തും നന്ദി പറയാൻ കഴിയണം.
ഭക്ഷണത്തിന്റെ രുചിയോ വൈവിധ്യങ്ങളോ ഓർത്ത് പിറുപിറുക്കാതെ അതെങ്കിലും ലഭിച്ചതോർത്ത് ദൈവത്തെ സ്തുതിക്കാനാകണം. ഒരു ചങ്ങാതി പറഞ്ഞതുപോലെ പ്രതിസന്ധികളെയോർത്തും ശത്രുക്കളെയോർത്തും സന്തോഷം നഷ്ടപ്പെടുത്തുന്ന സാഹചര്യങ്ങൾ ഓർത്തും നന്ദി പറയാൻ ശീലിക്കണം. എന്തെന്നാൽ, പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് ഇതുവരെ നമ്മൾ എത്തിയത്. ഓരോ പ്രതിസന്ധിയും താത്ക്കാലികമായ് നമ്മെ തളർത്തുമെങ്കിലും അവ നമ്മെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നത്.
പെയ്തൊഴിയാൻ കാത്തു നിൽക്കുന്ന കാർമേഘം പോലാണ് ജീവിതം. മഴ പെയ്ത് കഴിയുമ്പോൾ മാനം തെളിയും. വീണ്ടും ഒരു നാൾ മാനം ഇരുണ്ടു കൂടും. താമസിയാതെ മഴയും പെയ്യും. ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും.
അതുതന്നെയാണ് നമ്മെ നോക്കി ക്രിസ്തു ഓർമപ്പെടുത്തുന്നതും: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്‌ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല” (യോഹ 16:20, 21)
എല്ലാ ദു:ഖങ്ങളും അങ്ങനെ തന്നെ. ഇസ്രായേൽ മക്കളുടെ കാനാൻ ദേശത്തേയ്ക്കുള്ള യാത്ര ഏറെ ദുഷ്ക്കരമായിരുന്നു. എന്നാൽ, ആ യാത്രയിലാണ് ചെങ്കടൽ വിഭജിക്കപ്പെട്ടത്, മേഘസ്തംഭം തണലായത്, അഗ്നിസ്തംഭം വിളക്കായത്, പാറയിടുക്കിൽ നിന്ന് ജലവും ആകാശത്ത് നിന്ന് മന്നായും ലഭിച്ചത്. അതെ, സന്തോഷമായ് മാറുന്ന ദുഃഖങ്ങളെ ദൈവം അനുവദിക്കൂ. അതുകൊണ്ട് ഇപ്പോഴുള്ള ദുഃഖങ്ങളെ ഓർത്ത് ദൈവത്തിന് നന്ദി പറയാം. നമ്മിലുള്ള ആനന്ദം നഷ്ടപ്പെടുത്താതിരിക്കാം. ഉണരുമ്പോഴും ഉറങ്ങുമ്പോഴും കൃതജ്ഞതയായിരിക്കട്ടെ മനം നിറയെ!
ഫാ. ജെൻസൺ ലാസലെറ്റ്