ഗര്‍ഭച്ഛിദ്രം – ധാര്‍മ്മിക വിലയിരുത്തല്‍

ഡോ. സ്കറിയാ കന്യാകോണില്‍

മനുഷ്യജീവന് വെല്ലുവിളി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഏതു ഘട്ടത്തിലായിരുന്നാലും ജീവന്‍ നശിപ്പിക്കാനുള്ള ശ്രമം, ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ കടുത്ത ലംഘനമാണ്. ചിലരുടെ കാഴ്ചപ്പാട് ബീജസങ്കലനം നടന്ന് കുറച്ചു ദിവസത്തിനു ശേഷമേ ഭ്രൂണം മനുഷ്യവ്യക്തിയാകുന്നുള്ളൂ എന്നുള്ളതാണ്. എന്നാല്‍ ഇത് സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നു: “ബീജസങ്കലനം നടക്കുന്ന സമയം മുതല്‍ ഒരു പുതിയ ജീവന്‍ തുടങ്ങുന്നു. അത് ഒരു പുതിയ മനുഷ്യജീവിയുടെ സ്വന്തം വളര്‍ച്ചയോടു കൂടിയ ജീവനാണ്. അപ്പോള്‍ത്തന്നെ അത് മാനുഷികമല്ലെങ്കില്‍ പിന്നെ ഒരിക്കലും അത് മാനുഷികമാവുകയില്ല. മനുഷ്യജീവി ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. അതുകൊണ്ട് ആ നിമിഷം മുതല്‍ ഒരു വ്യക്തിയെന്ന നിലയില്‍ അതിനുള്ള അവകാശങ്ങള്‍ അംഗീകരിക്കപ്പെടണം” (ജീവന്റെ സുവിശേഷം പേജ് 60).

ഗര്‍ഭച്ഛിദ്രം ഗൗരവമായ പാപമാണ്. ഗര്‍ഭച്ഛിദ്രം നടത്തുന്ന വ്യക്തി, കൊല്ലരുത് എന്ന ദൈവികനിയമത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാം നൂറ്റാണ്ട് മുതല്‍ ഇന്നുവരെയുള്ള സഭാപാരമ്പര്യം ഇതാണ് വ്യക്തമാക്കുന്നത്. ഉദാഹരണമായി ഡിഡാക്കെ (പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പ്രബോധനങ്ങള്‍ 2,1-2) പ്രതിപാദിക്കുന്നു, “നീ ഗര്‍ഭച്ഛിദ്രം നടത്തുകയോ, നവജാതശിശുവിനെ നശിപ്പിക്കുകയോ അരുത്.” ഇതേ ആശയം തന്നെ മറ്റ് പല സഭാപിതാക്കന്മാരുടെ കൃതിയിലും നമുക്ക് കാണാന്‍ സാധിക്കും. ഗര്‍ഭച്ഛിദ്രം തെറ്റാണെന്ന് പറയാന്‍ സാധിക്കുന്നത് ജീവന്റെ ഉറവിടം ദൈവമായതിനാലാണ്. ദൈവം മരണത്തെ സൃഷ്ടിച്ചില്ല. ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് ആഹ്ളാദിക്കുന്നുമില്ല. എന്തെന്നാല്‍ നിലനില്‍ക്കുന്നതിനു വേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത് (ജ്ഞാനം 1:13-14). സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്ന വ്യക്തി ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന് എതിരായി പ്രവര്‍ത്തിക്കുന്നു.

“ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു. സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍” (ഉല്പത്തി 1,28). ഗര്‍ഭസ്ഥശിശുവിന് ദൈവത്തിന്റെ ഛായയാണ്. ഉല്പത്തി 1:26-ല്‍ പറയുന്നു: നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. സങ്കീര്‍ത്തകന്‍ 139:13-ല്‍ അവതരിപ്പിക്കുന്നു: “അവിടുന്നാണ് എന്റെ അന്തരംഗത്തിന് രൂപം നല്‍കിയത്. എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.” എന്നാല്‍ പലപ്പോഴും ഈ സത്യം പലരും സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

ഗര്‍ഭച്ഛിദ്രം, ജീവിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ നിഷേധിക്കുകയാണ്. ഇത് പ്രകൃതിനിയമത്തിന് എതിരാണ്. കാരണം മനുഷ്യന്‍ ബുദ്ധിയുള്ള ജീവിയാണ്. അവന് സത്യത്തെ അറിയാനും തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇതു തന്നെയാണ് ജീവിക്കാനുള്ള അവന്റെ അവകാശം. മനുഷ്യഭ്രൂണത്തിന് അതിന്റെ ആരംഭം മുതല്‍ മനുഷ്യവ്യക്തി ആകാനുള്ള എല്ലാ കഴിവുകളുമുണ്ട്. ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ പലപ്പോഴും ഭ്രൂണത്തെ മാറ്റൊരു വ്യക്തിയായി കാണുന്നില്ല. എല്ലാ മനുഷ്യരും തുല്യരാണ് എന്ന സത്യത്തിനെതിരായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ലൈംഗികതയിലുള്ള ദുഃസ്വാതന്ത്ര്യമാണ് മറ്റ് ചില അവസരത്തിനു മുമ്പുള്ള ശാരീരിക ലൈംഗികബന്ധങ്ങള്‍ അവസാനം ഗര്‍ഭച്ഛിദ്രത്തില്‍ വന്നെത്തുന്നു. എല്ലാ ലൈംഗികബന്ധങ്ങളും ഒരേ സമയം ജീവദായകവും സ്‌നേഹദായകവും ആയിരിക്കണം (GS 47-52, Pontifical Council for Family, The truth and meaning of Human Sexuality No. 53). സ്വന്തം ഇഷ്ടം മാത്രം ആഗ്രഹിക്കുന്ന വ്യക്തി ഇങ്ങനെയുള്ള തിന്മകള്‍ക്ക് കൂട്ട് നില്‍ക്കുന്നത് ജീവനെ നശിപ്പിക്കാനാണ്; പ്രോത്സാഹിപ്പിക്കാനല്ല എന്നല്ലേ നമുക്ക് വിലയിരുത്താനാവൂ.

‘കുട്ടികളുടെ എണ്ണം അധികമാകുന്നു’ എന്ന പ്രചരണം ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ വാദമാണ്. ഉത്തരവാദിത്വപൂര്‍ണ്ണമായ പിതൃത്വവും മാതൃത്വവും ലക്ഷ്യം വയ്ക്കുന്നത് തങ്ങളുടെ കുടുംബത്തിന് ആവശ്യമായ കുട്ടികളെ ജനിപ്പിക്കുക എന്നതാണ്. ജീവിതത്തിന്റെ സായാഹ്നത്തിലാണ് മാതാപിതാക്കന്മാരും ചിന്തിക്കുന്നത് ഒന്നോ, രണ്ടോ കുട്ടികള്‍ തങ്ങള്‍ക്കു പോരാ എന്നത്. കുട്ടികളുടെ എണ്ണം കൂടുന്നതു കൊണ്ട് ദാരിദ്ര്യം കൂടുന്നില്ലെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ നടക്കുന്ന ഗര്‍ഭച്ഛിദ്രം, ഗൗരവമായ തെറ്റായിട്ടു കാണണം. പലപ്പോഴും ജനപ്പെരുപ്പം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാത്തതാണ് ഇങ്ങനെയുള്ള അവസരവാദങ്ങള്‍ക്ക് വശംവദരായിത്തീരാന്‍ കാരണം. ഉദാഹരണമായി ഇന്ത്യയിലെ സ്ഥിതി മാത്രം പരിശോധിക്കാം. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടെ 1. ച.കി. മീറ്ററില്‍ 210 പേരാണ് താമസിക്കുന്നത് എങ്കില്‍ ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ 310 മുകളിലാണ്. ഒരു രാജ്യത്തിന്റെ മൊത്തം ജനസംഖ്യമാത്രം കണക്കിലെടുത്തല്ല ജനപ്പെരുപ്പം വിലയിരുത്തേണ്ടത്. മറിച്ച് രാജ്യത്തിന്റെ വിസ്തീര്‍ണ്ണവും വിഭവശേഷിയും സാമ്പത്തികസ്ഥിതിയും തുടങ്ങി എല്ലാ കാര്യങ്ങളും പരിഗണനയിലെടുക്കണം. അങ്ങനെയെങ്കില്‍ 3,287,263 ച. കി.മീ. അധികമുള്ള ഇന്ത്യാ മഹാരാജ്യത്ത് എത്രയോ കോടി ജനങ്ങളെക്കൂടി സുഖമായി താമസിക്കാവുന്നതേയുള്ളൂ. ജനപ്പെരുപ്പം ഗര്‍ഭച്ഛിദ്രത്തിന് ഒരു കാരണമായി പരിഗണിക്കാന്‍ ഒരിക്കലും കഴിയില്ല. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തി ഇഷ്ടമില്ലെങ്കില്‍ നശിപ്പിക്കുക, രോഗനിര്‍ണ്ണയം നടത്തി നല്ല ആരോഗ്യമില്ലെങ്കില്‍ കൊല്ലുക, കൃത്രിമ ബീജസങ്കലനം വഴി അനേകം ഭ്രൂണത്തെ സൃഷ്ടിച്ച് മെച്ചമായതിനെ തിരഞ്ഞെടുക്കുക, ചില രോഗങ്ങളുടെ ചികിത്സക്കായി കോശങ്ങള്‍ എടുത്തിട്ട് ഭ്രൂണത്തെ നശിപ്പിക്കുക എന്നിവയെല്ലാം ഗര്‍ഭച്ഛിദ്രത്തിന്റെ മറ്റു ചില മുഖങ്ങളാണ് CCC 2274 – 75, Donum Vitae 1, 3-6). ഇത് മനുഷ്യജീവന്റെ മേല്‍ മനുഷ്യന്‍ നടത്തുന്ന അതിക്രമമാണ്.

ചിലര്‍ ഇന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നത് ബലാത്സംഗത്തിന്റെ പേരിലാണ്. ഒരു സ്ത്രീയെ സംന്ധിച്ചിടത്തോളം ബലാത്സംഗത്തിനു ശേഷം ബീജസങ്കലനം നടത്താതിരിക്കാനുള്ള ധാര്‍മ്മികമായ അവകാശമുണ്ട്. കാരണം തന്റെ സമ്മതത്തിന് എതിരായിട്ടുള്ള ഒരു പ്രവൃത്തിയാണിത്. എന്നാല്‍ ബീജസങ്കലനം നടന്നുകഴിഞ്ഞാല്‍ അത് മനുഷ്യജീവനാണ്. ഒരിക്കലും ഒരു മനുഷ്യവ്യക്തി നശിപ്പിക്കപ്പെടാന്‍ പാടില്ല. ഇവിടെ ഒരു സ്ത്രീയുടെ സാമൂഹികവശവും ഒരു മനുഷ്യവ്യക്തിയുടെ ജീവിക്കാനുള്ള അവകാശവുമാണ് താരതമ്യപ്പെടുത്തുന്നത്. ഗര്‍ഭച്ഛിദ്രം എന്ന തിന്മ ബലാത്സംഗത്തിന് എതിരെയുള്ള ഒരു പരിഹാരമാര്‍ഗ്ഗമായി കാണാന്‍ സാധിക്കില്ല (Cf. National Conference of Catholic Bishops, Ethical and Religious Directives for Catholic Health Care Facilities (1995) No. 36). ഒരു സാമൂഹ്യതിന്മയ്‌ക്കെതിരെ അതിലും വലിയ മറ്റൊരു സാമൂഹ്യതിന്മ ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാവും?

ഗര്‍ഭച്ഛിദ്രം: സഭ എന്തു പഠിപ്പിക്കുന്നു?

വിശുദ്ധ ഗ്രന്ഥവും സഭാപിതാക്കന്മാരുടെയും സഭയുടേയും പ്രബോധനങ്ങളും ഗര്‍ഭച്ഛിദ്രത്തെ ഗൗരവമായ പാപമായിട്ടാണ് കരുതുന്നത്. ഗര്‍ഭച്ഛിദ്രം നടത്തുന്ന വ്യക്തി ‘നീ കൊല്ലരുത്’ എന്ന ദൈവികനിയമത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത് (പുറപ്പാട് 20:13). കൂടാതെ, ഗര്‍ഭസ്ഥശിശുവിനെ സംരക്ഷിക്കണമെന്ന ആശയം ബൈബിളില്‍ പല സ്ഥലങ്ങളിലും കാണാന്‍ സാധിക്കും (പുറപ്പാട് 21,22-25; ഏശയ്യ 49,15,44,2; ജറെമിയ 1,5; സങ്കീര്‍ത്തനങ്ങള്‍ 51,5; 127,3; 139,13-14; ജോബ് 31,15; ലൂക്കാ 1,15; ഗലാ 1,15).

ഡിഡാക്കെ (പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പ്രബോധനങ്ങള്‍ 2,1-2) എന്ന ഗ്രന്ഥത്തില്‍, ഗര്‍ഭച്ഛിദ്രത്തിന്റെ സംശയാസ്പദമായ ന്യായീകരണ വാദങ്ങളെ തള്ളിക്കളഞ്ഞു. പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പ പറഞ്ഞു: “നേരിട്ടുള്ള എല്ലാ ഗര്‍ഭച്ഛിദ്ര ശ്രമങ്ങളും തെറ്റാണ്” (Cf. AAS 43 (1951) P. 838)). ആരംഭം മുതലേ ദൈവത്തിന്റെ സര്‍ഗാത്മക പ്രവൃത്തി ഉള്‍ക്കൊള്ളുന്നതാകയാല്‍ മനുഷ്യജീവന്‍ പവിത്രമാണെന്ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു (Mater et Magistra, AAS 53 (1961) 447). രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ‘സഭ ആധുനികലോകത്തില്‍’ എന്ന പ്രമാണരേഖയില്‍ (No. 15) ഗര്‍ഭച്ഛിദ്രവും ശിശുഹത്യയും പറയാന്‍പോലും പാടില്ലാത്ത കുറ്റങ്ങളായാണ് കരുതുന്നത്.

സഭയുടെ കാനോനിക ശിക്ഷണക്രമം പരിശോധിക്കുമ്പോള്‍, ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ക്ക് ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ ശിക്ഷ നല്‍കിയിരുന്നു എന്നു കാണുന്നു. 1917-ലെ കാനോന്‍ നിയമസംഹിത, ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ക്ക് സഭ ഭ്രഷ്ട് കല്പിച്ചിരുന്നു (Latin code No. 2350/1). പുതുക്കിയ കാനോന്‍ നിയമം ഈ നിലപാട് തന്നെ തുടരുന്നു. (Latin code 1329, Eastern code 1417) സഭ നല്‍കുന്ന ശിക്ഷയുടെ ഉദ്ദേശ്യം ഗര്‍ഭച്ഛിദ്രം എന്ന പാപത്തിന്റെ ഗൗരവത്തെപ്പറ്റി ഒരു വ്യക്തിയെ പൂര്‍ണ്ണമായി ബോധ്യപ്പെടുത്തുകയും മാനസാന്തരവും അനുതാപവും വളര്‍ത്തുകയും ചെയ്യുക എന്നതാണ്.

ഗര്‍ഭച്ഛിദ്രം നടത്തിയവരോട് ജോണ്‍ പോള്‍ മാര്‍പാപ്പ പറയുന്നു: “തീര്‍ച്ചയായും സംഭവിച്ചതു തെറ്റാണ്. തെറ്റായി തുടരുകയും ചെയ്യും. എന്നാലും അധൈര്യമാവുകയോ, പ്രത്യാശ നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. മറിച്ച്, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് മനസിലാക്കുകയും സത്യസന്ധതയോടെ അതിനെ നേരിടുകയും ചെയ്യുക. വിനയത്തോടും വിശ്വാസത്തോടും കൂടെ അനുതപിക്കുക. കാരുണ്യത്തിന്റെ പിതാവ് കുമ്പസാരം എന്ന കൂദാശയിലൂടെ തന്റെ മാപ്പും സമാധാനവും നിങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണ്. ഒന്നും സുനിശ്ചിതമായി നഷ്ടപ്പെട്ടില്ലെന്നു നിങ്ങള്‍ മനസിലാക്കും. ഇപ്പോള്‍ കര്‍ത്താവില്‍ ജീവിക്കുന്ന നിങ്ങളുടെ കുട്ടിയോടു മാപ്പ് ചോദിക്കാനും കഴിയും” (ജീവന്റെ സുവിശേഷം 99).

ഉപസംഹാരം

പ്രത്യക്ഷമായ ഗര്‍ഭച്ഛിദ്രം തെറ്റാണെന്ന് സഭ പഠിപ്പിക്കുന്നു. ഇവിടെ ലക്ഷ്യവും മാര്‍ഗ്ഗങ്ങളും ഒരു വ്യക്തിയെ നശിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു. അതുകൊണ്ട് ഇത് ധാര്‍മ്മികമായും തെറ്റാണ്. മനുഷ്യജീവനെ സേവിക്കുന്ന ഒരു ജനമായാണ് നാം വളരേണ്ടത്. ഇത് എല്ലാ വ്യക്തികളുടെയും ഉത്തരവാദിത്വമാണ്. മനുഷ്യജീവനെക്കുറിച്ച് സഭയുടെ വ്യക്തമായ ഒരു കാഴ്ചപ്പാട് സഭാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കണം. വിശ്വാസപരിശീലനത്തില്‍, മതപ്രസംഗങ്ങളുടെ വിവിധ രൂപങ്ങളില്‍, വ്യക്തിപരമായ സംഭാഷണത്തില്‍, വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഈ കാഴ്ചപ്പാട് വളര്‍ത്താന്‍ സാധിക്കും.

അവിഹിത ഗര്‍ഭം, കുട്ടികള്‍ കൂടുതല്‍, ജനപ്പെരുപ്പം, അംഗവൈകല്യമുള്ള കുഞ്ഞ് തുടങ്ങിയ ചിന്തകളുമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ പോകുന്ന വ്യക്തികളെ അതില്‍നിന്നും നാം പിന്തിരിപ്പിക്കണം. കൂടാതെ അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും നാം സഹായിക്കണം. ഇന്ന് ജീവനെ നശിപ്പിക്കുന്ന ഒരു സംസ്‌കാരമല്ല ആവശ്യം. മറിച്ച്, മനുഷ്യജീവനെ സംരക്ഷിക്കുന്ന – ജീവനെ സ്‌നേഹിക്കുന്ന – വളര്‍ത്തുന്ന ഒരു സംസ്‌കാരമണ് ആവശ്യം.

ഫാ. ഡോ. സ്കറിയ കന്യാകോണിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.