ഫാ. ജോസഫ് പൊട്ടംപറമ്പിലിന്റെ വേർപാടിൽ ഓർമ്മകൾ പങ്കുവച്ച് ഒരു വൈദികൻ

ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

പത്താം ക്ലാസ് പഠനവും കഴിഞ്ഞ് മാതാപിതാക്കളോടും സഹോദരരോടും യാത്ര പറഞ്ഞ് സെമിനാരി മുറ്റത്തെത്തുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെ മുമ്പിലും ഒരു ആകാംക്ഷയുണ്ടാകും. ജീവിതത്തിന്റെ ഒരു പ്രധാന വഴിത്തിരിവിലെത്തുന്ന ഏതൊരാളെയും പോലെയല്ല, അതിലുപരിയായ ഒരു ഉത്തരമന്വേഷിക്കല്‍.

അന്നൊരു ദിവസം ഉയര്‍ന്ന ഗേറ്റും അതിവിശാലമായൊരു തെങ്ങിന്‍തോപ്പും കടന്ന് ഉയര്‍ന്നുനില്‍ക്കുന്ന പരിയാരം സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയുടെ മുമ്പിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോക്കു മുമ്പില്‍ നില്‍ക്കുമ്പോഴും എന്റെ മനസിലും ഇതേ ചോദ്യമുണ്ടായിരുന്നു. അന്നത്തെ ആ ചോദ്യത്തിനു മുമ്പില്‍ ഉത്തരം നല്‍കാന്‍ അതേപോലെ തന്നെ ഉയര്‍ന്നുനില്‍ക്കുന്ന ഒരാളുണ്ടായിരുന്നു, മൂന്നു വര്‍ഷം അവിടെ ഞങ്ങളുടെ റെക്ടര്‍ ആയിരുന്ന സണ്ണിയച്ചന്‍.

ബഹുമാനപ്പെട്ട സണ്ണി പൊട്ടംപറമ്പിലച്ചന്‍ ദൈവത്തിന്റെ സന്നിധിയിലേക്ക് യാത്രയായെന്ന വാര്‍ത്ത ബഹുമാനപ്പെട്ട ജനറലച്ചന്റെ അറിയിപ്പിലൂടെയാണ് അറിഞ്ഞത്. ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണെന്ന സന്ദേശം വന്ന് അല്‍പസമയം കഴിഞ്ഞപ്പോഴായിരുന്നു മരണവിവരവും എത്തിയത്.

സെമിനാരിയില്‍ ചേരാന്‍ വരുമ്പോള്‍ ആദ്യം കണ്ട മുഖം സണ്ണിയച്ചന്‍റേതാണ്. ആദ്യത്തെ മൂന്നു വര്‍ഷം റെക്ടറായി. ദേഷ്യപ്പെടുമായിരുന്നു, ഒരു ഹൈറേഞ്ചുകാരന്റെ ധൈര്യവും ആത്മാര്‍ത്ഥതയുമുള്ള ഒരാളായിരുന്നു. എംസിബിഎസ് സഭയുടെ ആദ്യകാല അംഗങ്ങള്‍ അനുഭവിച്ച ദാരിദ്ര്യവും ഇല്ലായ്മയും അറിയുന്നത് അച്ചനില്‍ നിന്നാണ്. ഇന്ന് കെട്ടിടങ്ങളുടെ രൂപത്തിലുള്ള പല ഭവനങ്ങളും അന്ന് ചെറുകുടിലുകള്‍ മാത്രമായിരുന്ന കാലത്തെക്കുറിച്ച് ആദ്യം അറിയുന്നത് ആ ക്ലാസ് മുറികളില്‍ നിന്നാണ്. കര്‍ണാടകയും രാജസ്ഥാനും അവിടെയുള്ള മനുഷ്യരും അവരോടൊപ്പം സേവനം ചെയ്യുന്ന വൈദികരും ചിന്തയില്‍ കയറിയത് സണ്ണിയച്ചന്റെ വാക്കുകളിലൂടെയാണ്. എംസിബിഎസ് സഭ വളര്‍ച്ച നേടിയിട്ടുണ്ടെങ്കില്‍ അതിനു വേണ്ടി അലഞ്ഞ് തീര്‍ത്തും തീര്‍ന്ന് നിശബ്ദരായവർ ഒരുപാടു പേരുണ്ടാകണമെന്ന് തോന്നിപ്പിക്കുന്ന ജീവിതങ്ങളിലൊന്നായി സ്വയം മാറുകയായിരുന്നിരിക്കണം.

ആദ്യകാലങ്ങളിലെ ദേഷ്യവും പൊട്ടിത്തെറികളും പില്‍ക്കാലത്ത് സ്നേഹത്തിന് വഴിമാറുന്നത് കണ്ടിട്ടുണ്ട്. “അന്നൊക്കെ ഞാന്‍ കണ്ടമാനം ദേഷ്യപ്പെടുമായിരുന്നെടോ. അല്ലെങ്കിലും നിങ്ങളെയൊക്കെ ഒന്ന് മെരുക്കിയെടുക്കാനുള്ള പെടാപ്പാട് ദൈവംതമ്പുരാനു മാത്രമല്ലേ അറിയൂ” എന്ന് തമാശയായി എപ്പോള്‍ എവിടെ വച്ചായാലും കണ്ട് സംസാരിച്ച് പിരിയുമ്പോള്‍ ഒരു ആത്മഗതം പോലെ പറയുമായിരുന്നു. അപ്പോഴൊക്കെ ഒരു മനുഷ്യന്റെ ഉള്ളിലിരിക്കുന്ന സ്നേഹം എത്രയധികമായിരുന്നെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

കര്‍ണാടകത്തിലേക്ക് മാറുന്നതിനു മുമ്പ് ഇരിട്ടി ആശ്രമത്തിലായിരിക്കുന്ന സമയത്താണ് അവസാനമായി സണ്ണിയച്ചന്‍ വിളിക്കുന്നത്. “എനിക്ക് വയ്യാതായെടോ. അധികം കാര്യങ്ങള്‍ ചെയ്യാനുമാകില്ല. കുറച്ചു നാള്‍ സ്വസ്ഥമായി ജീവിക്കണം. താന്‍ ഇരിട്ടിയില്‍ ഉണ്ടെങ്കില്‍ ഞാന്‍ കുറച്ചു നാള്‍ അങ്ങോട്ടേക്ക് വരാം. കുറച്ചു ദിവസം അവിടെ താമസിക്കാം.” വി. പൗലോസ് ശ്ലീഹ ഉറ്റസുഹൃത്തായ ഫിലെമോനുള്ള കത്തില്‍ എഴുതിച്ചോദിക്കുന്നതു പോലെയൊരു ആവശ്യം, “എനിക്ക് നീ താമസസൗകര്യം ഒരുക്കിത്തരണം. എന്തെന്നാല്‍, നിന്റെ പ്രാര്‍ത്ഥനകള്‍ മൂലം ദൈവം എന്നെ നിന്റെ അടുക്കല്‍ എത്തിക്കുമെന്നാണ് എന്റെ പ്രത്യാശ” (ഫിലേമോൻ 1:22). പിന്നീട് വി. പൗലോസ് ഫിലെമോന്റെയരികില്‍ പോയിരുന്നോ, താമസിച്ചിരുന്നോ, എത്ര നാള്‍ താമസിച്ചിരിക്കണം എന്നത് വ്യക്തമല്ല. വിശുദ്ധ ബൈബിളിലെ ഒരു സസ്പെന്‍സ് ആയി ആ വിശേഷം ഇന്നും അവശേഷിക്കുന്നു.

സണ്ണിയച്ചാ, വിട. നാം ഇനിയും കാണും. ഹെര്‍മ്മോന്‍ മലയിലേതു പോലെ തുഷാരം പെയ്യുന്ന ആ നാട്ടില്‍, മാലാഖമാരുടെ സംഗീതമുയരുന്ന ഒരു ദിവസം ദൈവംതമ്പുരാന്‍ നമുക്കെല്ലാവര്‍ക്കുമായി പണിതുയര്‍ത്തിയിരിക്കുന്ന ആ വീട്ടില്‍ നാം ഒരുമിക്കും. വന്ദ്യഗുരുവേ, ദൈവസന്നിധിയിലേക്ക് മടങ്ങുക, മാലാഖമാരും വിശുദ്ധരും അങ്ങയോടൊപ്പം അണിചേരട്ടെ. കടപ്പാടുകളെല്ലാം ചേര്‍ത്തുവച്ച് ഈ ഭൂമിയിൽ ഒരു കുഞ്ഞുദൈവാലയത്തില്‍ ഒരു കുര്‍ബാന അങ്ങേക്കായി ഞാനും അര്‍പ്പിക്കട്ടെ.

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.