റെജിൻ അച്ചനെക്കൊണ്ട് സ്വർഗത്തിന് ഇത്ര അടിയന്തര ആവശ്യമോ?

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

മരണമടഞ്ഞ കൊച്ചി രൂപതാ ചാൻസിലർ ഫാ. റെജിൻ ജോസഫ് ആലുങ്കലിനെക്കുറിച്ച് ഫാ. ജോഷി മയ്യാറ്റിൽ എഴുതുന്ന ഓർമ്മകുറിപ്പ്.

കൊച്ചി രൂപതാ ചാൻസിലർ, ബഹുമാനപ്പെട്ട ഫാ. റെജിൻ ജോസഫ് ആലുങ്കൽ (41) നവംബർ ആറിന് രാത്രി ഏഴു മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി. കിഡ്നിസംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഇന്ന് രാവിലത്തെ യാമപ്രാർത്ഥനയിലെ സങ്കീർത്തനശകലം ഇതായിരുന്നു: “ഞങ്ങളുടെ ആയുഷ്‌കാലം എഴുപതു വര്‍ഷമാണ്‌; ഏറിയാല്‍ എണ്‍പത്‌. എന്നിട്ടും അക്കാലമത്രയും അദ്ധ്വാനവും ദുരിതവുമാണ്‌. അവ പെട്ടെന്നു തീര്‍ന്ന് ഞങ്ങള്‍ കടന്നുപോകും” (സങ്കീ. 90:10). പട്ടം കിട്ടി രണ്ടു വർഷം മാത്രമായ റെജിനച്ചനെ പാതിപ്രായത്തിൽ സ്വർഗം തിരികെ വിളിച്ചതിൽ സ്തബ്ധരായി നിൽക്കുകയാണ് ഞങ്ങൾ! ചന്തിരൂർ ആലുങ്കൽ വീട്ടിൽ അപ്പൻ ജോസഫിനും അമ്മ ത്രേസ്യാമ്മക്കും  സഹോദരനും സഹോദരിക്കുമുള്ള സങ്കടം ഊഹിക്കാവുന്നതേയുള്ളൂ.

മാതാപിതാക്കളുടെ മൂത്ത മകനായി 1981 ആഗസ്റ്റ് 29- ന് ജനിച്ച റെജിൻ, പട്ടണക്കാട് പബ്ലിക്ക് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവണ്മെന്റ് എഞ്ചിനീയിറിംഗ് കോളേജ് അധ്യാപകനായി ജോലി ചെയ്തിരുന്നു. അക്കാലത്താണ് ജീസസ് യൂത്തിലെ സജീവാംഗവും മതബോധന മേഖലയിൽ സർഗ്ഗാത്മക സൃഷ്ടികളുടെ കർത്താവുമായിരുന്ന റെജിൻ, പിഒസി- യിൽ ബുധനാഴ്ചകളിൽ നടക്കുന്ന സായാഹ്ന ബൈബിൾ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. ആയിടെയാണ് വൈദികനാകാനുള്ള ഉൾവിളി അദ്ദേഹത്തിൽ പ്രബലമായത്. ഒരു ബുധനാഴ്ച ബൈബിൾ ക്ലാസിനു ശേഷം അദ്ദേഹം എന്നെ കാണാൻ ഓഫീസിലെത്തി തന്റെ ആഗ്രഹം പങ്കുവയ്ക്കുകയായിരുന്നു. ആ നിമിഷങ്ങൾ ഇപ്പോഴും തെളിമയോടെ എന്റെ മനസിലുണ്ട്.

തന്റെ ദൈവവിളി തിരിച്ചറിഞ്ഞതിനു ശേഷം, ജോലി ഉപേക്ഷിച്ച് കൊച്ചി രൂപതയിലെ സെമിനാരിയിൽ പ്രവേശിച്ചു. പൂനെ പേപ്പൽ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. ഉത്തരവാദിത്വബോധവും കഠിനാദ്ധ്വാനവും ദൈവാശ്രയവും റെജിനച്ചന്റെ മുഖമുദ്രയായിരുന്നു. ലോഗോസ് ക്വിസിന്റെ ഭാരമേറിയ നടത്തിപ്പിൽ അദ്ദേഹത്തിന്റെ സാങ്കേതികജ്ഞാനം എനിക്ക് പലപ്പോഴും വലിയ തുണയായിരുന്നിട്ടുണ്ട്.

2020- ൽ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം എന്റെ ഇടവകയായ വൈപ്പിൻ പ്രത്യാശാമാതാ പള്ളിയിലാണ് കൊച്ചച്ചനായി ആദ്യം സേവനം ചെയ്തത്. ഇടവകജനത്തിന്റെ സ്നേഹത്തിനും പ്രശംസക്കും പെട്ടെന്നു തന്നെ പാത്രീഭൂതനായ അദ്ദേഹത്തിനു പക്ഷേ, ഒരു വർഷത്തിനുള്ളിൽ സ്ഥലംമാറ്റമുണ്ടായി. റെജിനച്ചന്റെ ചികിത്സക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെയും അദ്ദേഹത്തിന്റെ സാങ്കേതികപരിജ്ഞാനം പ്രയോജനപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് കൊച്ചി രൂപതാ മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ഒരു വർഷം മുമ്പ് റെജിനച്ചനെ മെത്രാസന മന്ദിരത്തിൽ ചാൻസലറായി നിയമിച്ചത്. ഒരു വർഷം മാത്രം പൗരോഹിത്യശുശ്രൂഷാ പരിചയമുള്ള ഒരു കൊച്ചച്ചനെ രൂപതാ ചാൻസലർ ആക്കാൻ അഭിവന്ദ്യ പിതാവ് എടുത്ത തീരുമാനം അന്ന് പലരുടെയും നെറ്റിചുളിയാൻ ഇടയാക്കിയെങ്കിലും അത് പരിശുദ്ധാത്മ പ്രചോദിതമായിരുന്നെന്ന് കാലം തെളിയിച്ചു. ഒപ്പം, ഫോർട്ടു കൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പലായും അദ്ദേഹം നിസ്തുല സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

ചുരുങ്ങിയ കാലത്തെ റെജിനച്ചന്റെ ഔദ്യോഗികസേവനം ദൈവജനത്തിന് വലിയ മുതൽക്കൂട്ടായി മാറി. മാത്രമല്ല, അദ്ദേഹത്തിന്റെ ചുരുങ്ങിയ പൗരോഹിത്യശുശ്രൂഷയെ ഇതിനേക്കാളധികമായി നമുക്ക് എങ്ങനെ മാനിക്കാൻ കഴിയുമായിരുന്നു!

എപ്പോഴൊക്കെ അച്ചൻ എറണാകുളം പരിസരത്ത് വന്നിട്ടുണ്ടോ അപ്പോഴൊക്കെ എന്നെ സന്ദർശിക്കാനും അദ്ദേഹം മനസ് കാണിച്ചിരുന്നു. സൗഹൃദത്തിന്റെയും നിഷ്കളങ്കതയുടെയും എളിമയുടെയും പര്യായമായിരുന്ന റെജിനച്ചന് സ്നേഹത്തോടും ആദരത്തോടും പ്രത്യാശയോടും കൂടെ വിട ചൊല്ലുന്നു.

സംസ്കാരശുശ്രൂഷ എട്ടിന് (ചൊവ്വാഴ്ച) ഉച്ചക്കു ശേഷം മൂന്നു മണിക്ക് ഇടവക പള്ളിയായ ചന്തിരൂർ സെൻ്റ് മേരീസ് പള്ളിയിലും അടക്കം ചെയ്യൽ എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലും നടക്കും. അച്ചന്റെ ആത്മശാന്തിക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.