“ഗോദാവരി, നിനക്ക് ജീവന്‍ അപഹരിക്കാനേ കഴിയൂ…”: ഫാ. ടോണി കപ്പൂച്ചിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ്

ഗോദാവരി, നിനക്ക് അവന്റെ ജീവന്‍ അപഹരിക്കാനേ കഴിയൂ. അവന്‍ ഞങ്ങള്‍ക്ക് തന്ന സ്നേഹവും മാതൃകയും സംഗീതവും ഒന്നും ഒഴുക്കിക്കളയാന്‍ കഴിയില്ല.

Though Godavari swept away
Your life
But Tony it can’t sweep away the Love, Memories and the Music
that you have left with us;
The music that yet to be played
The love that yet to be sung
The friendship that yet to be shared.
But Love that you have searched
with your whole life
Love that your inheritance, is taken back to Him.

‘പുല്ലാടാ’ എന്നു വിളിക്കുമ്പോൾ ‘എന്നാടാ’ എന്ന് മധുരസ്വരത്തിൽ പ്രതികരിക്കാൻ ഇനി നീ ഞങ്ങളുടെ കൂടെ ഇല്ലല്ലോ ടോണി. പുല്ലാട്ടുകാലായിൽ എന്ന വീട്ടുപേര് ചുരുങ്ങി പുല്ലാടൻ ആയതിനിടയിൽ ഒരു പുല്ലു പോലും അറിയാതെ ഈ ഭൂമിക്ക് മുകളിലൂടെ തന്റെ പദചലനം നടത്തിയ ടോണി നിശബ്ദനായി കടന്നുപോകുന്നു.

വി. ഫ്രാൻസിസിന്റെ വഴിയേ ചരിക്കാൻ കപ്പൂച്ചിൻ സഭയിൽ ചേർന്ന് ഭരണങ്ങാനം സെറാഫിക് സെമിനാരിയിൽ എത്തിയപ്പോൾ അനുകരിക്കാൻ തോന്നിയ ഒരാൾ ടോണി ആയിരുന്നു. വളരെ നിശബ്ദനായി, ഏറ്റവും നിസ്സാരമായ ജോലികൾ ഏറ്റെടുക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു. പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും വഴിയിലൂടെ ഈശോയോട് കൂട്ടു കൂടിയിരുന്ന ടോണി എല്ലാവർക്കും കൂട്ടുകാരനായിരുന്നു.

പിന്നീട് ഒരുമിച്ച് പരിശീലനം നടത്തുമ്പോൾ ഫ്രാൻസിസ്കൻ സാഹോദര്യത്തിന്റെ മാധുര്യം പകർന്ന് ടോണിയുടെ സാന്നിധ്യം കൂടെയുണ്ടായിരുന്നു. ആരോഗ്യകാരണങ്ങളാൽ തൊട്ടുപിന്നാലെയുള്ള ബാച്ചിലേക്കു മാറിയെങ്കിലും സൗഹൃദവും സാഹോദര്യവും എന്നും കാത്തുസൂക്ഷിച്ചിരുന്നു. ഏതൊരു കാര്യവും മറയില്ലാതെ ടോണിക്കു മുമ്പിൽ തുറന്നുവയ്ക്കാമായിരുന്നു. ആരോടും പരിഭവപ്പെട്ടു  കണ്ടിട്ടില്ല, ആരോടും പരിഭവം സൂക്ഷിച്ചിരുന്നുമില്ല. കണ്ണിൽ ഒളിപ്പിച്ച പുഞ്ചിരിയും കള്ളദേഷ്യവും ഒക്കെയായി ടോണി സഹോദരങ്ങൾക്കിടയിലെ പ്രിയപ്പെട്ടവനായി.

തൃശ്ശൂർ കാല്‍വരി സെമിനാരിയില്‍ ഫിലോസഫി പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ രണ്ടും പേരും കൂടി ഒരു പത്രം നടത്തിയിരുന്നു. സെമിനാരിയിലെ സംഭവങ്ങള്‍ ഹാസ്യത്തിന്റെ രൂപത്തിൽ ചെയ്തിരുന്ന അതിൽ പറയുന്ന ആശയങ്ങള്‍ക്ക് ചേര്‍ന്ന ചിത്രങ്ങള്‍ വരയ്ക്കുകയും നല്ല കൈയ്യക്ഷരത്തില്‍ എഴുതുകയും ചെയ്തിരുന്നത് അദ്ദേഹമായിരുന്നു.

സംഗീതം എന്നോർക്കുമ്പോൾ ടോണിയെ ഓർമ്മ വരും. നന്നായി പാടുന്ന, പാട്ടു പഠിപ്പിക്കാൻ കഴിവുള്ള, ഏതൊരു സംഗീതോപകരണവും അനായാസം വഴങ്ങുന്ന ടോണി സംഗീതം മനുഷ്യരൂപം എടുത്തതു പോലെയായിരുന്നു.

ഇനിയും പാടിത്തീർക്കാത്ത ഗാനങ്ങളും മീട്ടിത്തീരാത്ത ഈണങ്ങളും പകർന്നുതീരാത്ത സൗഹൃദങ്ങളും ബാക്കിവച്ച് യാത്രയാകുമ്പോൾ ടോണി, നീ മുമ്പേ പോകുന്നു എന്നേയുള്ളൂ എന്ന് ഞങ്ങൾ അറിയുന്നു. വേദനകൾ നിരന്തരം കൂടയുണ്ടായിരുന്നിട്ടും അങ്ങനെ ഒരു സംഭവമേ ഇല്ല എന്ന മട്ടിൽ നടന്നിരുന്ന ടോണിയെ വേദനകൾ ഇല്ലാത്ത ലോകത്തിലേക്ക് തന്റെ പ്രിയൻ കൂട്ടിക്കൊണ്ടു പോകുന്നു. ഇനി ഞങ്ങളിൽ നീ നല്‍കിയ സ്നേഹവും ഓർമ്മകളും സംഗീതവും മാത്രം ബാക്കി.

ഗോദാവരി, നിനക്ക് അവന്റെ ജീവന്‍ അപഹരിക്കാനേ കഴിയൂ; അവന്‍ ഞങ്ങള്‍ക്ക് തന്ന സ്നേഹവും മാതൃകയും സംഗീതവും ഒന്നും ഒഴുക്കിക്കളയാന്‍ കഴിയില്ല.

ഫാ. റോണി കപ്പൂച്ചിൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.